കൊറോണ സമയത്തെ ഷൂട്ടിംഗ്, ക്രൂ പത്ത് പേര്‍ മാത്രം ; മെയ്ഡ് ഇന്‍ കാരവാന്‍ ഒരു ട്രാവല്‍ മൂഡിലെ സിനിമയെന്ന് സംവിധായകന്‍ ജോമി കുര്യാക്കോസ്

കൊറോണ സമയത്തെ ഷൂട്ടിംഗ്, ക്രൂ പത്ത് പേര്‍ മാത്രം ; മെയ്ഡ് ഇന്‍ കാരവാന്‍ ഒരു ട്രാവല്‍ മൂഡിലെ സിനിമയെന്ന് സംവിധായകന്‍ ജോമി കുര്യാക്കോസ്

നവാഗതനായ ജോമി കുര്യാക്കോസ് തിരക്കഥയെഴുതി അന്നു ആന്റണി, മിഥുന്‍ രമേശ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മെയ്ഡ് ഇന്‍ കാരവാന്‍. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഒരു ഫീല്‍ഗുഡ് ട്രാവല്‍ സിനിമയാണെന്ന് സംവിധായകന്‍ ജോമി കുര്യാക്കോസ് പറയുന്നു. കൊറോണ ഫസ്റ്റ് വേവ് വന്ന സമയത്തായിരുന്നു ഷൂട്ടിംഗ്. ദുബായ് നിയമമനുസരിച്ച് പത്ത് പേര്‍ മാത്രമേ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ആ സമയം അനുവദനീയമായിരുന്നുള്ളൂ. ആളുകളെക്കുറച്ചും ജോലികള്‍ മറ്റുള്ളവര്‍ ഏറ്റെടുത്തുമെല്ലാമായിരുന്നു ഷൂട്ടിംഗ് എന്നും ജോമി പറയുന്നു. മെയ്ഡ് ഇന്‍ കാരവാനെക്കുറിച്ച് ജോമി കുര്യാക്കോസ് ക്യു സ്റ്റുഡിയോയോട്.

യാത്രയിലൂടെ പോകുന്ന കഥാപരിസരം

ഇതൊരു ട്രാവല്‍ മൂഡില്‍ പോകുന്ന സിനിമയാണ്. ജോലി അന്വേഷിച്ചു ദുബായിയില്‍ വരുന്ന നായകനും നായികയും ഒരു പ്രത്യേക സാഹചര്യത്തില്‍ രണ്ടു കുട്ടികള്‍ അവരുടെ കൈയ്യില്‍ എത്തുന്നതും അവരെല്ലാവരും ഒന്നിച്ചുളള ഒരു യാത്രയുമാണ് സിനിമ.

കൊവിഡിലെ ടീം വര്‍ക്ക്

റാസല്‍ഖൈമയില്‍ ഷൂട്ട് നടക്കുമ്പോള്‍ അവിടെ കൊറോണ ഫസ്റ്റ് വേവ് വന്ന ഒരു സമയം ആയിരുന്നു. അപ്പോള്‍ അവിടത്തെ ഗവണ്മെന്റിന്റെ നിയമം അനുസരിച്ചു പത്തു പേര്‍ മാത്രമേ ഷൂട്ടിങ് ലൊക്കേഷനില്‍ അനുവദിനീയമായിരുന്നുള്ളു. പല ലൊക്കേഷന്‍സിലും പബ്ലിക്കിന്റെ ഇടയില്‍ ഷൂട്ട് ചെയ്യാനൊക്കെ റെസ്ട്രിക്ഷന്‍സ് ഉണ്ടായിരുന്നു. ആ സമയത്തു സിനിമയുടെ യൂണിറ്റ്, കോസ്ട്യും , ആര്ട്ട് ഇങ്ങനെയുള്ള കുറെ കാര്യങ്ങള്‍ ചുരൂക്കിച്ചുരുക്കി നമ്മള്‍ തന്നെ സ്വന്തം ആയി കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെ വളരെ ലിമിറ്റഡ് ക്രൂവില്‍ ആണ് ഈ സിനിമ ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്. നമ്മള്‍ തന്നെ സ്വയം എല്ലാ കാര്യങ്ങളും ചെയ്യുന്നു എന്നത് ഒരു വെല്ലുവിളി ആയിരുന്നു. എഡിറ്റര്‍ക്ക് സ്പോട്ട് എഡിറ്റ് പോലും ചെയ്യാന്‍ പറ്റിയില്ല കാരണം പുള്ളി നമ്മളെ അസ്സിസ്റ്റ് ചെയ്യുകയായിരുന്നു. അങ്ങനെ മൊത്തത്തില്‍ ഇതൊരു ടീം വര്‍ക് കൊണ്ടുണ്ടായ സിനിമ ആയിരുന്നു.

ബാദുഷ എന്ന നിര്‍മാതാവ്

കൊറോണയൊക്കെ തുടങ്ങുന്നതിനു മുന്നേ ബാദുക്ക ദുബായില്‍ വന്ന സമയത്തു പുള്ളിയോട് ഈ കഥ പറഞ്ഞിരുന്നു. അപ്പോള്‍ അദ്ദേഹം നോക്കാം എന്ന് പറഞ്ഞു വിട്ടു. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം കൊറോണ വന്നു തുടങ്ങിയ സമയത്ത് ഞാന്‍ ആലപ്പുഴയില്‍ ഒരു പരസ്യചിത്രം ചെയ്തു. അത് ഞാന്‍ ബാദുക്കാക്ക് ഷെയര്‍ ചെയ്തിരുന്നു. അത് കണ്ടിട്ട് അദ്ദേഹം പിറ്റേ ദിവസം തിരിച്ചു വിളിച്ചു. അന്ന് പറഞ്ഞ കഥ ഒന്നുകൂടെ പറയാന്‍ പറഞ്ഞു. ആ സമയത്തു കൊറോണ ഉള്ളതുകൊണ്ട് നാട്ടില്‍ ഷൂട്ട് പറ്റാത്ത അവസ്ഥ വന്നു. പക്ഷെ ദുബായില്‍ കുറച്ചൂടെ എളുപ്പമായിരുന്നു അങ്ങനെ അവിടെ തന്നെ ഷൂട്ട് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു.

ബാദുഷ പ്രൊഡക്ഷന്‍സ് പോലെ വലിയൊരു നിര്‍മാണ കമ്പനിയുടെ ഭാഗമായി വര്‍ക്ക് ചെയ്യുമ്പോള്‍ ഭയങ്കര പേടി ആയിരുന്നു. പക്ഷെ പുള്ളി ഞങ്ങള്‍ക്ക് നല്ല ഫ്രീഡം തന്നിട്ടുണ്ടായിരുന്നു. ബാദുക്ക ഷൂട്ട് സമയം നാട്ടില്‍ ആയിരുന്നു. പക്ഷെ നാട്ടില്‍ നിന്നുകൊണ്ട് അദ്ദേഹം എല്ലാ സഹായങ്ങളും ചെയ്തു തന്നു. ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ തന്നെ ഷൂട്ട് പൂര്‍ത്തിയായി.

വെറുതെ വന്ന് പോകുന്ന പാട്ടുകളല്ല

സിനിമയില്‍ മൊത്തം ആറ് ഗാനങ്ങള്‍ ഉണ്ട്. അതില്‍ അഞ്ചു പാട്ടുകള്‍ ചെയ്തത് വിനു തോമസാണ് . ചിത്രത്തിലെ ഒരു ടൈറ്റില്‍ സോങ് ചെയ്തിരിക്കുന്നത് ഷഫീഖ് റഹ്‌മാന്‍ എന്ന പുതിയ സംഗീത സംവിധായകന്‍ ആണ്. അദ്ദേഹം തന്നെയാണ് സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറും കൈകാര്യം ചെയ്തിരിക്കുന്നത്. പാട്ടുകള്‍ സിനിമയില്‍ വെറുതെ വന്നു പോകുന്നവയല്ല എല്ലാ പാട്ടുകള്‍ക്കും കഥയില്‍ പ്രാധാന്യമുണ്ട്. പാട്ടിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

പുതിയൊരു ദുബായ് കാണാനാകും

ഈ സിനിമ കൂടുതലും ഷൂട്ട് ചെയ്തിരിക്കുന്നത് റാസല്‍ഖൈമയിലെ കുറച്ച് ഉള്ളിലേക്ക് ചെന്നാലുള്ള സ്ഥലത്താണ്. ഞങ്ങള്‍ സിറ്റിയിലേക്ക് പോയിട്ടേയില്ല. അങ്ങനെ ഒരു ലാന്‍ഡ്സ്‌കേപ്പില്‍ അധികം മലയാള സിനിമകള്‍ വന്നിട്ടില്ല. മലയാളത്തില്‍ ഗള്‍ഫില്‍ ഷൂട്ട് ചെയ്യുമ്പോഴെല്ലാം ടൗണില്‍ സെറ്റ് ചെയ്ത പ്രാരാബ്ദങ്ങളും പ്രശ്നങ്ങളും നിറഞ്ഞ കഥാപരിസരം ആണല്ലോ കൂടുതലും കണ്ടിട്ടുള്ളത്. പക്ഷെ ഈ സിനിമ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.

കഥാപാത്രത്തിന് അനുയോജ്യമായവരെ മതി എന്ന് തീരുമാനിച്ചു

ഞങ്ങള്‍ ബാദുക്കയോട് ഈ സിനിമയെ പറ്റി സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് ഏതു ആര്‍ടിസ്റ്റിനെ വേണമെങ്കിലും എത്തിക്കാന്‍ ഉള്ള സൗകര്യം ഉണ്ടായിരുന്നു. പക്ഷെ ഇതൊരു കുഞ്ഞു സിനിമയാണ് അപ്പോള്‍ കഥാപാത്രത്തിന് അനുയോജ്യമായ ആളെത്തന്നെ വച്ച് കംഫേര്‍ട്ട് ആയി പോകാനായിരുന്നു ശ്രമിച്ചത്. അങ്ങനെ നോക്കിയപ്പോള്‍ അന്നു ആന്റണി, പ്രിജില്‍, മിഥുന്‍, ഇന്ദ്രന്‍സേട്ടന്‍ എന്നിവര്‍ എല്ലാവരും ആ കഥാപാത്രത്തിന് യോജിച്ചവരാണെന്നു തോന്നി. ഇപ്പോള്‍ വേറൊരു സ്റ്റാര്‍ വാല്യൂ ഉള്ള ആള്‍ വന്നാലും നമുക്കൊരു സംതൃപ്തി ഉണ്ടാവണമെന്നില്ല. കൂടാതെ ഈ കഥയില്‍ കുറെയേറെ വിദേശി അഭിനേതാക്കളുണ്ട്. ഒരു അറബ് മോഡല്‍, പോളണ്ടില്‍ നിന്നുള്ള ഒരു കുട്ടി, ഫിലിപ്പീന്‍സ് സ്വദേശിയായ ഒരാള്‍. അങ്ങനെ പല തരത്തിലുള്ള ആള്‍ക്കാരുടെ കൂടെ കഥ പോകുന്ന സിനിമ ആയതിനാല്‍ ഇവര്‍ക്കെല്ലാവര്‍ക്കും സിനിമയില്‍ പ്രാധാന്യവുമുണ്ട്.

തിയ്യറ്ററില്‍ എത്തുമ്പോള്‍ ഒരു മാജിക് സംഭവിക്കും

ഈ സിനിമ പ്രാവര്‍ത്തികമാക്കാന്‍ ഒന്നര വര്‍ഷത്തോളം സമയമെടുത്തു. ഈ സമയം കൊണ്ട് സിനിമ എങ്ങനെയുണ്ട് എന്നൊരു ജഡ്ജ്‌മെന്റ് നമുക്ക് ഊഹിച്ചെടുക്കാന്‍ പ്രയാസമാണ്. ഇനി സിനിമ ഏപ്രില്‍ പതിനാലിന് റിലീസ് ചെയ്തു കഴിഞ്ഞ് പ്രേക്ഷകരുടെ അഭിപ്രായം അറിയുമ്പോള്‍ മാത്രമാണ് ശരിക്കും ഈ സിനിമ വര്‍ക്ക് ആയോ ഇല്ലയോയൊന്ന് മനസിലാക്കാന്‍ സാധിക്കുക. എല്ലാവരും സിനിമ ചെയ്യുന്നത് വിജയിക്കും എന്ന കോണ്‍ഫിഡന്‍സിലാണ് പക്ഷേ തിയ്യേറ്ററില്‍ വരുമ്പോള്‍ അവിടൊരു മാജിക് സംഭവിക്കും. അവിടെയാണ് സിനിമയുടെ വിധി തീരുമാനമാകുന്നത്. നമുക്കൊന്നും മുന്‍കൂട്ടി പറയാന്‍ പറ്റത്തില്ല. സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ കാണാന്‍ വരും. ഇപ്പോള്‍ രോമാഞ്ചമൊക്കെ അതുപോലെ ഒന്നുമില്ലാതെ വന്ന് വലിയ വിജയം ആയ സിനിമയാണല്ലോ. ഈ സിനിമയും പ്രേക്ഷകര്‍ക്ക് ഇഷ്ടപെടും എന്ന പ്രതീക്ഷയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in