'പൊളിറ്റിക്സിന് എതിരായുള്ള സിനിമയല്ല തീപ്പൊരി ബെന്നി' ; സംവിധായകർ ജോജി തോമസ്, രാജേഷ് മോഹൻ അഭിമുഖം

'പൊളിറ്റിക്സിന് എതിരായുള്ള സിനിമയല്ല തീപ്പൊരി ബെന്നി' ; സംവിധായകർ ജോജി തോമസ്, രാജേഷ് മോഹൻ അഭിമുഖം

വെള്ളിമൂങ്ങ, ജോണി ജോണി യെസ് പപ്പാ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജോജി തോമസും വെള്ളിമൂങ്ങയുടെ സഹ സംവിധായകനായിരുന്ന രാജേഷ് മോഹനും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തീപ്പൊരി ബെന്നി'. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കറാണ് സിനിമയുടെ നിർമ്മാണം നിര്‍വ്വഹിക്കുന്നത്. അടിയും വയലൻസും ഒന്നുമില്ലാത്ത ചെറിയ നർമങ്ങളോടെ ശാന്തമായി സമാധാനത്തിൽ പറഞ്ഞു പോകുന്നൊരു കഥയാണെന്നും ചിത്രത്തിലൂടെ രാഷ്ട്രീയക്കാരെ കളിയാക്കുന്ന രീതി ബ്രേക്ക് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും സംവിധായകരിൽ ഒരാളായ ജോജി തോമസ്. പൊളിറ്റിക്സിന് എതിരായിട്ടുള്ള സിനിമയല്ല തീപ്പൊരി ബെന്നി എന്നാൽ സമകാലിക രാഷ്ട്രീയം സിനിമ ചർച്ച ചെയ്യുന്നുണ്ടെന്നും ജോജി തോമസ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തീപ്പൊരി ബെന്നി

ഒരു ശരാശരി മലയാളി യുവാവിന്റെ കഥയാണ് തീപ്പൊരി ബെന്നി. അയാൾക്കൊരു കുടുംബമുണ്ട്, പ്രണയമുണ്ട്, വഴക്കുകൾ ഉണ്ടാകുന്നുണ്ട്, ആഗ്രഹങ്ങളുണ്ട് അങ്ങനെ ഒരു മനുഷ്യന് എന്തൊക്കൊയുണ്ടോ അതെല്ലാം തീപ്പൊരി ബെന്നി എന്ന സിനിമയിലുണ്ട്. ഒരുപാട് രാഷ്ട്രീയം ഈ സിനിമ ചർച്ച ചെയ്യുന്നില്ല പക്ഷെ ഒരു പൊളിറ്റിക്കൽ പശ്ചാത്തലത്തിൽ ആണ് ഈ കഥ പറയുന്നത്. എന്ത് കഥ പറയണമെങ്കിലും ഒരു ബേസ് വേണം. എനിക്ക് ഏറ്റവും എളുപ്പമായുള്ളത് പൊളിറ്റിക്സ് ആയതുകൊണ്ടാണ് ഞാനതിനെ കഥയിൽ പ്ലേസ് ചെയ്തത്. രാഷ്ട്രീയം വളരെ ഇഷ്ടമുള്ളൊരു അപ്പൻ, വട്ടകുട്ടേൽ ചേട്ടായി എന്ന ജഗദീഷേട്ടന്റെ കഥാപാത്രം ഒപ്പം രാഷ്ട്രീയത്തോട് പൂർണ വിയോജിപ്പുള്ള മകൻ ബെന്നി ഇവർ തമ്മിലുള്ള കോൺഫ്ലിക്റ് വളരെ തമാശരൂപേണ കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. പക്ഷെ അത് മാത്രമല്ല ബെന്നിക്ക് കൂട്ടുകാരുണ്ട്, അയാൾക്ക് പി എസ് സി പാസ്സായി ഒരു ഗവണ്മെന്റ് ജോലിക്കാരൻ ആകണമെന്ന സ്വപ്നങ്ങളുണ്ട്, ചെറിയ പ്രണയമുണ്ട്.

സിനിമയിലെ രാഷ്ട്രീയം

സമകാലികമായ പൊളിറ്റിക്സ് തന്നെയാണ് സിനിമ സംസാരിക്കുന്നത്. വെള്ളിമൂങ്ങ ആളുകളെ ചിരിപ്പിച്ച സിനിമയാണ് പക്ഷെ എന്നോട് പല രാഷ്ട്രീയ പ്രവർത്തകരും പറഞ്ഞത് ഞങ്ങൾ ചെയ്ത നല്ല കാര്യങ്ങളും കൂടെ സിനിമയിൽ പറയാമായിരുന്നു എന്നാണ്. അവർ ചെയ്യുന്നത് എല്ലാം പൊട്ടത്തരം അല്ലെങ്കിൽ കള്ളത്തരം എന്നാണ് രാഷ്ട്രീയക്കാരെക്കുറിച്ച് നമ്മൾ വിചാരിക്കുന്നത്. അതൊക്കെ ബ്രേക്ക് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് കൃത്യമായി ഇങ്ങനെയൊരു കഥ വരുകയും ആ പശ്ചാത്തലത്തിൽ എഴുതാൻ പറ്റുകയും ചെയ്തത്. കളിയാക്കാൻ വേണ്ടി മാത്രം ഉള്ളവരല്ല രാഷ്ട്രീയക്കാർ അതിനപ്പുറം അവർ ഇന്ത്യയുടെ രാഷ്ട്രീയപരമായ മുന്നേറ്റത്തിന് അനിവാര്യമായ ആളുകളാണ്. ഒരു രാഷ്ട്രീയക്കാരനെ മാത്രം എടുത്തു കളിയാക്കുക എന്നൊരു സാധനം ഈ സിനിമയിൽ ചെയ്തിട്ടില്ല. പൊളിറ്റിക്സിന് എതിരായിട്ടുള്ള സിനിമയല്ലിത്. ഇനി അങ്ങോട്ടുള്ള കാലമത്രെയും പൊളിറ്റിക്സ് ഉണ്ടെങ്കിലേ രാജ്യം നിലനിൽക്കുകയുള്ളൂ എന്നൊരു ചെറിയ ആശയം സിനിമയിലൂടെ പങ്കുവച്ചിട്ടുണ്ട്.

രാജേഷ് മോഹനുമായുള്ള കോമ്പിനേഷൻ

വെള്ളിമൂങ്ങയുടെ സമയം തൊട്ടേ ഒരു സിനിമ ഒരുമിച്ച് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞങ്ങൾ എറണാകുളത്ത് താമസമൊക്കെ അടുത്തായിരുന്നു. അതിനാൽ ഓരോ കഥകൾ അങ്ങോട്ടുമിങ്ങോട്ടും ഇപ്പോഴും പറയുമായിരുന്നു. അങ്ങനെ അവൻ എന്നോടൊരു കഥ പറഞ്ഞു അതിലൊരു എലമെന്റ് ഉണ്ട് അതാണീ സിനിമയുടെ ഇന്റർവെൽ ബ്ലോക്ക്. പക്ഷെ അതിന് മുന്നോട്ടും പിന്നോട്ടും കഥയില്ല. അതുകൊണ്ടാണ് അവൻ എന്റെയടുത്ത് വന്നതെന്ന് പറഞ്ഞു. ഞാൻ രാജേഷിനോട് നേരത്തെ പറഞ്ഞൊരു കഥയുണ്ടായിരുന്നു. ആ കഥ ഇതിൽ ബ്ലെൻഡ് ആകും എന്ന ആശയത്തിൽ മുന്നോട്ട് പോയി. ആദ്യം രാജേഷ് തന്നെ എഴുതി സംവിധാനം ചെയ്യാം എന്ന ആശയത്തിലാണ് വന്നത്. പക്ഷെ പിന്നീട് എഴുത്തും സംവിധാനവും ഒരുമിച്ച് ചെയ്‌താൽ കുഴപ്പമുണ്ടോയെന്ന് അവൻ എന്നോട് ചോദിച്ചു. എനിക്ക് അത് കുഴപ്പമില്ലാത്തത്കൊണ്ട് ഞങ്ങൾ അങ്ങനെ മുന്നോട്ട്പോയി. അങ്ങനെ എടുത്ത തീരുമാനമാണിത്. ഇതിന് മുൻപ് ഒരു നാലഞ്ച് കഥകൾ ചർച്ച ചെയ്തിരുന്നു. പക്ഷെ അതൊക്കെ ഒരു പോയിന്റിൽ ഇടിച്ചു നിന്നു. അങ്ങനെ അതെല്ലാം മാറ്റിവച്ചു. ഒടുവിൽ ഞങ്ങൾ ഡിസ്‌കസ് ചെയ്ത നാലാമത്തെയോ അഞ്ചാമത്തെയോ കഥയാണ് തീപ്പൊരി ബെന്നി.

ഷെബിൻ ബെക്കർ എന്ന നിർമാതാവ്

തീപ്പൊരി ബെന്നിയുടെ കഥ ആദ്യമായി പറയുന്നത് നിർമാതാവ് ഷെബിൻ ചേട്ടനോടാണ്. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു ആരെ നായകനായി വേണമെന്ന് ചോദിച്ചു. ഞങ്ങൾ അർജുൻ അശോകനെന്ന് പറഞ്ഞു. നാളെ അർജുൻ അശോകനെ കാണാമെന്ന് പറഞ്ഞു കണ്ടു. അത്തരത്തിൽ ഒരു താമസം ഒന്നിനും ഉണ്ടായിരുന്നില്ല. കഥയെഴുതാൻ മാത്രമേ കാലതാമസം ഉണ്ടായിരുന്നുള്ളു, പ്രൊജക്റ്റ് പെട്ടെന്ന് തന്നെ ഓൺ ആയി. അത് തീർച്ചയായും ഷെബിൻ ബെക്കർ എന്ന നിർമാതാവിന്റെ കഴിവും സപ്പോർട്ടും ഉള്ളത് കൊണ്ട് തന്നെയാണ് അത് സംഭവിച്ചത്.

കാസ്റ്റിംഗിലേക്ക്

അർജുൻ അശോകൻ തന്നെ നായകനായി മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ മറ്റു കഥാപാത്രങ്ങൾ എഴുതുമ്പോൾ ആരും മനസ്സിൽ ഇല്ലായിരുന്നു. എഴുതി കഴിഞ്ഞു ആരാണ് ഓരോ റോളും ചെയ്യേണ്ടതെന്ന ചോദ്യം വരുമല്ലോ അവിടെ ഞങ്ങൾ ഓപ്ഷൻസ് വച്ചിരുന്നു. അതിൽ ഫസ്റ്റ് ഓപ്ഷൻ ആയിരുന്നു ജഗദീഷേട്ടൻ. അങ്ങനെ ഓരോ കഥാപാത്രങ്ങൾക്കും ഞങ്ങളൊരു രണ്ട്, മൂന്ന് ഓപ്ഷൻസ് വച്ചിട്ടുണ്ടായിരുന്നു.

സംവിധായന്റെ ഉറപ്പ്

അടിയും. വയലൻസും ഒന്നുമില്ലാത്ത വളരെ സുഖത്തിൽ ഏത് സമയവും ഇരുന്നു കാണാൻ പറ്റിയ സിനിമയാണ് തീപ്പൊരി ബെന്നി. ചെറിയ നർമങ്ങളോടെ ശാന്തമായി സമാധാനത്തിൽ പറഞ്ഞു പോകുന്നൊരു കഥയാണിത്. പക്ഷെ കഥയുടെ ഒഴുക്കിനനുസരിച്ചുള്ള ട്വിസ്റ്റുകളും ടെൻഷനുകളും ഉണ്ടാകും പക്ഷെ ഈ സിനിമ നിങ്ങൾ മറ്റൊരാൾക്ക് സജസ്റ്റ് ചെയ്യുകയാണെങ്കിൽ അവർ ഒരിക്കലും നിങ്ങളെ അടിക്കുകയില്ല. അതാണ് ഞങ്ങൾക്ക് തരാനുള്ള ഉറപ്പ്.

പ്രേക്ഷകരോട്

പ്രേക്ഷകരോട് പറയാനുള്ളത് വെള്ളിമൂങ്ങയാണെങ്കിലും പതിയെ പതിയെ കേറിവന്ന് ഹിറ്റടിച്ച സിനിമയാണ്. ആ ഒരു പേസ് ആണ് ഞാൻ ഈ സിനിമക്കും പ്രതീക്ഷിക്കുന്നത്. കാണുന്നവർ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം നല്ലതാണെന്ന് അടുത്തയാളോട് പറയണം. അങ്ങനെ പറഞ്ഞാൽ മാത്രമേ ഈ സിനിമ കൂടുതൽ ആളുകളിലേക്ക് എത്തുകയുള്ളൂ. എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അത് ക്ഷമിക്കണം കാരണം അത് നമുക്ക് സാധാരണ പറ്റുന്ന തെറ്റുകൾ ആണ്. അത്തരം തെറ്റ് വരാനുള്ള സാഹചര്യങ്ങൾ ഞങ്ങൾ കഴിവതും ഉണ്ടാക്കിയിട്ടില്ല കാരണം ഞങ്ങൾ രണ്ടു പേരും രണ്ട് ആംഗിളിൽ നിന്ന് ചിന്തിച്ച് ആണ് ഓരോ കാര്യങ്ങളും ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in