തെലുങ്കിനും കന്നഡയ്ക്കും മാത്രമല്ല, മലയാളത്തിനും പാന്‍ ഇന്ത്യന്‍ സിനിമ ചെയ്യാം, 'ഹൈവേ 2' ബിഗ് ബജറ്റ് മിസ്റ്ററി ത്രില്ലറെന്ന് ജയരാജ്

തെലുങ്കിനും കന്നഡയ്ക്കും മാത്രമല്ല, മലയാളത്തിനും പാന്‍ ഇന്ത്യന്‍ സിനിമ ചെയ്യാം, 'ഹൈവേ 2' ബിഗ് ബജറ്റ് മിസ്റ്ററി ത്രില്ലറെന്ന് ജയരാജ്

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് 1995ല്‍ റിലീസ് ചെയ്ത ചിത്രമാണ് 'ഹൈവേ'. 27 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു പ്രഖ്യാപനം. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗത്തിലും ആക്ഷന് പ്രാധാന്യമുണ്ടെന്ന് ജയരാജ് ദ ക്യുവിനോട് പറഞ്ഞു. മിസറ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'ഹൈവേ 2'. ചിത്രം പാന്‍ ഇന്ത്യന്‍ തലത്തില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ജയരാജ് പറയുന്നു.

ഹൈവേ 2 ഒരു പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം

ഒരു 2019ല്‍ എഴുതിയ തിരക്കഥയാണ്. പിന്നെ കൊവിഡ് സാഹചര്യം മൂലം ചിത്രീകരണത്തിന് പറ്റുന്ന അവസ്ഥയായിരുന്നില്ല. അതുകൊണ്ട് ഞാന്‍ ചെറിയ സിനിമകളാണ് ചെയ്തിരുന്നത്. കണ്‍ട്രോളില്‍ നില്‍ക്കുന്ന സിനിമകള്‍, അല്ലെങ്കില്‍ നമുക്ക് ഒരുപാട് ആള്‍ക്കൂട്ടം ഇല്ലാതെ ചെയ്യാന്‍ സാധിക്കുന്ന സിനിമകളാണ് ചിത്രീകരിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ ഷൂട്ടിംഗിന് പറ്റിയ സാഹചര്യമാണ്. ഹൈവേ പേര് പോലെ തന്നെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ചെയ്യേണ്ട സിനിമയാണ്. ഒരു മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ആക്ഷന്‍ ഓറിയന്റഡ് സിനിമയാണ്. അപ്പോള്‍ അത്രയും അധ്വാനം ചെയ്ത് ഷൂട്ട് ചെയ്യേണ്ടതും പിന്നെ യാത്ര ചെയ്ത് മറ്റ് സംസ്ഥാനങ്ങളില്‍ പോയി ചിത്രീകരിക്കേണ്ട ഒരു ബിഗ് ബജറ്റ് പ്രൊജക്റ്റാണ് ഹൈവേ 2. പിന്നെ പഴയ ആര്‍ട്ടിസ്റ്റുകള്‍ ആരൊക്കെയുണ്ടാകും എന്നത് തീരുമാനം ആയിട്ടില്ല. കാരണം കാസ്റ്റിംഗും അണിയറപ്രവര്‍ത്തകര്‍ ആരൊക്കെയെന്നും തീരുമാനിക്കുന്നേ ഉള്ളു. ഒരു ആഴ്ച്ചക്കുള്ളില്‍ അതില്‍ തീരുമാനം ആകും.

തെലുങ്കിനും കന്നടയ്ക്കും മാത്രമല്ല മലയാളത്തിനും മാസ് പാന്‍ ഇന്ത്യന്‍ സിനിമകള്‍ ചെയ്യാം

കേരളത്തില്‍ പണ്ട് കൂടുതലും തമിഴ് സിനിമകളാണ് അന്യഭാഷയില്‍ നിന്ന് റിലീസ് ചെയ്തിരുന്നത്. വളരെ അപൂര്‍വമായാണ് ഒരു തെലുങ്ക് സിനിമ റിലീസ് ചെയ്യുക. പക്ഷെ ഇപ്പോള്‍ ഒരു തെലുങ്ക്, കന്നട, തമിഴ് സിനിമകള്‍, പ്രത്യേകിച്ച് ആക്ഷന് പ്രാധാന്യമുള്ള സിനിമകള്‍ ഇന്ത്യ മുഴുവന്‍ അല്ലെങ്കില്‍ ആഗോള തലത്തില്‍ എന്ന നിലയില്‍ ലക്ഷ്യമാക്കിയാണ് അതിന്റെ പ്രൊഡക്ഷന്‍ തന്നെ ആരംഭിക്കുന്നത്. കാരണം അത്രയും വലിയ റീച്ച് കിട്ടി തുടങ്ങിയിരിക്കുന്നു. അതൊരു വലിയ സൂചനയാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഹിന്ദി മാത്രം നിലനിന്നിരുന്ന ഇടത്ത് ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ ഭാഷകള്‍ പാന്‍ ഇന്ത്യന്‍ സിനിമ എന്ന നിലയിലേക്ക് വന്നിരിക്കുകയാണ്. അത് വന്നതോട് കൂടി ഹിന്ദി സിനിമ മേഖല പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ഓരോ പ്രാദേശീക ഭാഷയില്‍ വന്നിട്ടുള്ള സിനിമകളുടെ വലിപ്പവും കളക്ഷനും സാങ്കേതിക മികവുമെല്ലാം വളരെ വലുതാണ്. അപ്പോള്‍ അത്തരം സിനിമകളില്‍ മലയാളവും കുറച്ചുകൂടി വളരേണ്ടതുണ്ട്. അത് മനസില്‍ വെച്ചാണ് ഹൈവേ 2 ഒരു പാന്‍ ഇന്ത്യന്‍ തലത്തില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

കാരണം തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് സിനിമകള്‍ വരുന്നു. അതുപോലെ ഇവിടെ നിന്ന് അങ്ങോട്ടും പോകാമല്ലോ. ആ ഒരു തോന്നലില്‍ നിന്നാണ് ഹൈവേ 2 ഇപ്പോള്‍ ചെയ്യാമെന്ന തീരുമാനത്തിലെത്തുന്നത്. കാരണം അതിന് അത്രയും വലിയ സാധ്യതയുണ്ട്. അത് സാധിക്കുമെന്ന് മനസിലായി. പണ്ട് മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുകയോ, അല്ലെങ്കില്‍ റീമേക്ക് ചെയ്യപ്പെടുകയോ ഒക്കെയാണ് ഉണ്ടാകുന്നത്. അതല്ലാതെ നമുക്കും പാന്‍ ഇന്ത്യന്‍ തലത്തില്‍ വലിയ സിനിമകള്‍ ചെയ്യാന്‍ സാധിക്കും. അങ്ങനെയൊരു ആഗ്രഹം എന്റെ മനസിലുണ്ട്. ഹൈവേ 2ന്റെ തിരക്കഥയ്ക്കും പേരിനും അത്തരമൊരു സാധ്യത തീര്‍ച്ചയായും ഉണ്ട്.

ബാഹുബലിയല്ല അതിശയിപ്പിച്ചത് കെജിഎഫ്

27 വര്‍ഷം മുന്‍പ് ഹൈവേ ചെയ്യുമ്പോള്‍ അന്നത്തെ പരിമിതികള്‍ വെച്ചാണ് ചിത്രീകരിച്ചത്. അത് കേരളത്തില്‍ ഹിറ്റ് സിനിമയായിരുന്നു അന്ന്. പിന്നെ തെലുങ്കില്‍ ഡബ്ബ് ചെയ്ത് അവിടെയും ഹിറ്റായ സിനിമയാണ്. പക്ഷെ ഇന്നത്തെ സാഹചര്യം മാറിയിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണം കന്നടയില്‍ നിന്ന് വന്ന കെജിഎഫാണ്. അതാണ് ഏറ്റവും വലിയ വിജയ സിനിമയായി എനിക്ക് തോന്നിയിട്ടുള്ളത്. പണ്ടും തെലുങ്ക് സിനിമകള്‍ എംജിആറിന്റെയൊക്കെ പുരാണ സിനിമകളിലൂടെ പല അത്ഭുതങ്ങളും കാണിച്ച് നമ്മളെ ഞട്ടിച്ചിട്ടുള്ളതാണ്. അതുകൊണ്ട് ഇപ്പോള്‍ വരുന്ന ബാഹുബലി പോലുള്ള തെലുങ്ക് സിനിമകള്‍ കാണുമ്പോള്‍ നമുക്ക് വലിയ അതിശയം തോന്നുന്നില്ല. പക്ഷെ അതിശയം തോന്നിയത് കെജിഎഫിലാണ്. കെജിഎഫ് 1ഉം 2ഉം ശരിക്കും ഏറ്റവും കൂടുതല്‍ പരിമിതികള്‍ ഉള്ള ഒരു ഭാഷയില്‍ നിന്ന് ഇത്രയും വലിയ ചിന്തയും സാങ്കേതിക മികവും നമ്മള്‍ പ്രതീക്ഷിച്ചില്ല. അത് ഇവിടെ തിയേറ്ററിലും എല്ലാവരും സ്വീകരിച്ചപ്പോള്‍ അത് നമുക്കും വലിയൊരു ഉണര്‍വാണ്.

ഇന്ന് മലയാള സിനിമ മത്സരിക്കുന്നത് അന്യ ഭാഷ ബിഗ് ബജറ്റ് സിനിമകളോട്

കുറച്ച് കാലം മുന്നെ വരെ നമുക്ക് മലയാള സിനിമകള്‍ തമ്മിലായിരുന്നു മത്സരം. ഇന്ന് ഈ ചെറിയ ബജറ്റില്‍ എടുക്കുന്ന മലയാള സിനിമകള്‍ മത്സരിക്കേണ്ടത് വലിയ ബജറ്റില്‍ ഒരുങ്ങുന്ന തെലുങ്ക്, കന്നട, തമിഴ് ചിത്രങ്ങളോടാണ്. അതുകൊണ്ടാണ് നമ്മള്‍ ബുദ്ധിമുട്ടുന്നത്. അത്തരത്തില്‍ മാസ് ഫീലുള്ള സിനിമകള്‍ക്ക് നല്ല ഇനീഷ്യല്‍ കിട്ടുന്നുണ്ട്. അതിന് തിയേറ്ററില്‍ ആളുകള്‍ വരുന്നുണ്ട്. പക്ഷെ ഒരു സ്ലോ പേസില്‍ പോകുന്ന സിനിമകള്‍ക്ക് വേണ്ടത്ര സ്പേസ് കിട്ടുന്നില്ല. ഒന്നോ രണ്ടോ ആഴ്ച്ച കൊണ്ട് നല്ല അഭിപ്രായങ്ങള്‍ കൊണ്ട് വലിയ വിജയമാകേണ്ട സിനിമകള്‍ പെട്ടന്ന് നമുക്ക് മിസ് ചെയ്ത് പോകുന്നു. അത് ഒടിടിയിലേക്ക് പെട്ടന്ന് വരുന്നു. അതിന് കാരണം ഈ മാസ് ഫീല്‍ ഭയങ്കരമായി തിയേറ്ററില്‍ പിടിച്ചിരുത്താന്‍ ആവശ്യമാണ്. ഇപ്പോള്‍ ഹോളിവുഡില്‍ സൂപ്പര്‍ ഹീറോ സിനിമകളെല്ലാം അതേ പോലെ ഇവിടെ റിലീസ് ചെയ്യുന്നു. ഞാന്‍ എന്റെ മക്കള്‍ക്കൊപ്പം സിനിമ കാണാന്‍ തിയേറ്ററില്‍ പോകുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ട് പോകും.

Related Stories

No stories found.
logo
The Cue
www.thecue.in