'കൊറോണ ധവാനിൽ സീരിയസ് ലെയർ ഇല്ല, മുഴുനീള കോമഡി സിനിമ' ; സംവിധായകൻ സി സി അഭിമുഖം

'കൊറോണ ധവാനിൽ സീരിയസ് ലെയർ ഇല്ല, മുഴുനീള കോമഡി സിനിമ' ; സംവിധായകൻ സി സി അഭിമുഖം

ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊറോണ ധവാൻ. ജെയിംസ് & ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്ന് നിർമിക്കുന്ന സിനിമ ഓഗസ്റ്റ് നാലിന് തിയറ്ററുകളിലെത്തും. ചെറുപ്പത്തിൽ സിദ്ദിഖ് ലാലിന്റെ സിനിമകൾ ആയിരുന്നു കൂടുതലും ഇഷ്ടമായിരുന്നത്. അതുകൊണ്ടാണ് ആദ്യ സിനിമ കോമഡിയിലൂടെ തുടങ്ങിയെന്നും സംവിധായകൻ സി. സി. കൊറോണ ധവാനിൽ സീരിയസ് ലെയർ ഒന്നുമില്ലെന്നും ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി ആയി ആണ് സിനിമ ഒരുങ്ങുന്നതെന്ന് സി സി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

കൊറോണ ധവാനിലേക്ക്

കൊറോണ സമയത്ത് ലോക്ക്ഡൗൺ വന്ന് എല്ലാവരും വീടിനുള്ളിൽ ജോലി ഒന്നും ഇല്ലാതെ ഇരിക്കുന്ന സമയത്ത് നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ട ഒരുപാട് ട്രോൾസ് ഉണ്ടല്ലോ, ഡ്രോൺ വന്നപ്പോൾ ആളുകൾ ഓടുന്നതും, അരിഷ്ടം വാങ്ങി കുടിക്കുന്നതും, സാനിറ്റൈസർ കുടിക്കുന്നതൊക്കെ അതിൽ നിന്നാണ് ഐഡിയ കിട്ടുന്നത്. കൊറോണ ഒരുപാട് പേർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്, ഒരുപാട് പേർക്ക് സാമ്പത്തിക നഷ്ടങ്ങൾ സംഭവിച്ചു, മരണങ്ങൾ സംഭവിച്ചു, പക്ഷെ അതിലെ ഒരു ലെയർ മാത്രമാണ് ഞങ്ങൾ എടുത്തിരിക്കുന്നത്. ബേസിൽ ജോസഫ് സംവിധായകനായി അരങ്ങേറിയ കുഞ്ഞിരാമായണം സൽസ എന്ന മദ്യത്തിന്റെ ബേസ് വച്ചാണ് കഥ പറഞ്ഞു പോയത്. ലാലേട്ടന്റെ സിനിമയായ ഹലോയിലും അങ്ങനെയൊരു മദ്യത്തിന്റെ ബാക്ക്ഡ്രോപ്പ് ഉണ്ടായിരുന്നു പക്ഷെ അതെല്ലാം ഫാമിലി ഓഡിയൻസ് ഏറ്റെടുത്ത സിനിമകളാണ്. ആ സമയത്ത് ഒരുപാട് നർമങ്ങൾ കിട്ടിയപ്പോൾ സിനിമയുടെ റൈറ്റർ ആയ സുജയ് മോഹൻരാജിനോട് ഒരു ഫൺ പരിപാടിയായി പിടിക്കാൻ പറഞ്ഞു. സിനിമക്ക് നർമം മാത്രം ഉണ്ടായാൽ പോരല്ലോ ഒരു തുടക്കവും ഒടുക്കവും ഒക്കെ വേണ്ടേ. അപ്പോൾ എന്നോട് അവൻ ജവാനെ വച്ച് ഒരു കഥ പറഞ്ഞു. എനിക്കത് കണക്ട് ആയി അവനോട് എഴുതിക്കോളാൻ പറഞ്ഞു. അങ്ങനെയാണ് ജവാനെ കോൺടെന്റ് ആക്കി സിനിമയെടുക്കാം എന്ന ആശയത്തിലേക്ക് എത്തുന്നത്.

ഫൺ എന്റെർറ്റൈനെർ

ഈ സിനിമയിൽ സീരിയസ് ലെയർ ഒന്നുമില്ല. ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി ആണ് ഉപയോഗിച്ചിരിക്കുന്നത്. കൊറോണ പശ്ചാത്തലമാക്കി നിരവധി സിനിമകൾ വന്നു അതിൽ ഫൺ ആയി ട്രീറ്റ് ചെയ്തത് ജോ ആൻഡ് ജോ മാത്രമാണ്. ജോ ആൻഡ് ജോയിൽ സെക്കന്റ് ലോക്ക് ഡൗൺ ആണ് കാണിച്ചിരിക്കുന്നത്. നമ്മൾ ഫസ്റ്റ് ലോക്ക്ഡൗണിൽ മദ്യം കിട്ടാതെയുള്ള ആളുകളുടെ പരക്കം പാച്ചിലാണ് കാണിക്കുന്നത്. ഇരിങ്ങാലക്കുടക്കും ചാലക്കുടിക്കും ഇടയിൽ ആനത്തടം എന്നൊരു ഗ്രാമമുണ്ട് അവിടെ നടക്കുന്ന കഥയാണ് നമ്മൾ ഫോളോ ചെയ്യുന്നത്. എന്റെ നാടും അതാണ്. ഞാൻ ജനിച്ചു വളർന്ന നാട് ആയത് കൊണ്ട് എനിക്ക് കഥയായി കുറച്ചുകൂടെ കണക്ട് ആയി.

ജൂനിയർ ആർടിസ്റ്റുകളെ വിളിക്കേണ്ടി വന്നില്ല

ഈ സിനിമയിൽ നമുക്കറിയാവുന്ന താരങ്ങൾ ഒരുപാട് പേരുണ്ട്. ശ്രീനാഥ് ഭാസി, ലുക്മാൻ, ധർമജൻ, സുനിൽ സുഖദ, ഇർഷാദ്, ശ്രുതി അങ്ങനെ. അറിയുന്ന മുഖങ്ങളോടൊപ്പം തന്നെ ആ നാട്ടിലെ ഒരുപാട് പേർ സിനിമയിൽ ചെറിയ വേഷങ്ങളിൽ എത്തുന്നുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകളെ സിനിമയിലേക്ക് വിളിക്കേണ്ട ആവശ്യം വന്നിട്ടില്ല. കാരണം എന്റെ നാട്ടിലെ സിനിമയായതുകൊണ്ടും എനിക്ക് അറിയാവുന്ന ആളുകൾ ആയതുകൊണ്ടും അവർ തന്നെയായിരുന്നു സിനിമ മുഴുവൻ. ഒരു കല്യാണത്തലേന്ന് സീൻ ഷൂട്ട് ചെയ്യുമ്പോൾ വെളുപ്പിന് ആറ് മണിവരെ ഷൂട്ട് ഉണ്ടെങ്കിലും നാട്ടിലെ ആളുകൾ നന്നായി സഹകരിച്ചു. എന്നെക്കാളും ഈ സിനിമക്ക് സപ്പോർട്ട് അവർ കാണിച്ചു. അവിടത്തെ ആളുകൾ ചെറുപ്പം മുതലേ എന്നെ കണ്ടു വളരുന്നത് കൊണ്ട് ഞാൻ പറയുമ്പോൾ അവർ എളുപ്പം ചെയ്യും. പുറത്തുനിന്നൊരു സംവിധായകൻ ആണെങ്കിൽ സ്റ്റാർട്ട് ആക്ഷൻ കട്ട് എന്ന് പറയുമ്പോൾ അവർ പേടിച്ചേനെ. ക്യാമറ എന്താണെന്നോ അവിടെ എന്താണ് പറയേണ്ടതെന്നോ അവർക്കറിയില്ല. പക്ഷെ ഞാൻ തുടങ്ങിക്കോളാൻ പറയുമ്പോൾ വളരെ നാച്ചുറൽ ആയി അവർ അത് ചെയ്യും.

ജവാൻ ധവാനായത്

കൊറോണ ജവാൻ എന്നത് ധവാൻ ആയത് ജനങ്ങൾ അറിയണമെന്ന് ഉണ്ടെങ്കിൽ നമ്മൾ അത് അവരിലേക്ക് എത്തിക്കണം. കുറെ പേര് കൊറോണ ജവാൻ എന്ന് തന്നെ വിചാരിച്ച് ഇരിക്കുന്നുണ്ട് അപ്പോൾ കൊറോണ ധവാൻ ആകുമ്പോൾ അവർക്കുമൊരു കൺഫ്യൂഷൻ ഉണ്ടാകും. ഒരു ഹാസ്യരൂപേണ ആ കത്ത് എഴുതിയപ്പോൾ അത് എല്ലാവരിലേക്ക് എത്തി മാത്രമല്ല ഒരുവിധം റീച്ചും കിട്ടി. അതുകൊണ്ട് ഇപ്പോൾ പ്രേക്ഷകർക്ക് ജവാൻ എന്തുകൊണ്ട് ധവാനായി എന്ന് പെട്ടെന്ന് മനസ്സിലായി.

കോമഡി സിനിമ ചെയ്യാനുള്ള കാരണം

പുലിമുരുഗൻ, ടേക്ക് ഓഫ്, സ്വർണ്ണക്കടുവ, റൺ ബേബി റൺ തുടങ്ങിയ സിനിമകളിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. കോമഡി സിനിമയിലേക്ക് വരുന്നതെങ്ങനെയെന്ന് വച്ചാൽ‌ ചെറുപ്പകാലത്ത് സിനിമകൾ കാണുമ്പോൾ റാംജിറാവ് സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി ഒക്കെയാണ് കാണാൻ ഇഷ്ട്ടം. സിദ്ദിഖ് ലാൽ സാറിന്റെ സിനിമകൾ ആയിരുന്നു എന്റെ ഇഷ്ട ചിത്രങ്ങൾ. അത്തരത്തിൽ ചെറുപ്പത്തിലേ കോമഡി സിനിമ കണ്ടുവളർന്നത് കൊണ്ട് കോമഡി തന്നെ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ടു തന്നെയാണ് കൊറോണ ധവാൻ എന്ന കോമഡി സിനിമ ആദ്യ ചിത്രമായി തിരഞ്ഞെടുത്തത്.

പ്രേക്ഷകരോട്

എല്ലാവരും തിയറ്ററിൽ പോയി സിനിമ കാണണം. ഇതൊരു കന്നി സംരംഭം ആണ്. തിയറ്ററിൽ കണ്ടു ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് എന്തുകൊണ്ടാണെന്ന് തുറന്നുപറയുക. കാരണം ഇനി മുന്നോട്ട് സിനിമകൾ ചെയ്യുമ്പോൾ എനിക്ക് പറ്റിയ പാളിച്ചകൾ എന്താണെന്ന് എനിക്ക് മനസ്സിലാകണം, അത് തിരുത്തികൊണ്ട് എനിക്ക് മുന്നോട്ട് യാത്ര ചെയ്യാൻ പറ്റണം. പക്ഷെ ഇഷ്ടമായെങ്കിൽ കാണുന്നവർ അവരുടെ ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ സിനിമയെ പറ്റി രണ്ടു വരിയെങ്കിലും എഴുതണം. ഉള്ളിൽ നിന്ന് വരുന്ന രണ്ടു വരി എഴുതുക മറ്റുള്ളരെ സിനിമ കാണാൻ പ്രേരിപ്പിക്കുക. നമുക്കെല്ലാവർക്കും സിനിമ ഇഷ്ട്ടപെടണമെന്നില്ല. ഇഷ്ടപ്പെടുന്നവർ സിനിമയെ സപ്പോർട്ട് ചെയ്യുക ഇഷ്ടപെടാത്തവർ എന്താണ് കാരണമെന്ന് എഴുതി അറിയിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in