ഫഹദിന്റെ ആ ചോദ്യത്തിൽ നിന്ന് ധൂമം ഉണ്ടായി, പുതുമുഖ നടനെപ്പോലെ എനിക്കൊപ്പം സഹകരിച്ചു: പവൻകുമാർ അഭിമുഖം

Dhoomam director Pawan Kumar Interview
Dhoomam director Pawan Kumar Interview

'യൂ ടേൺ', 'ലൂസിയ' തുടങ്ങി കന്നഡ സിനിമയിൽ സർ​ഗാത്മക വഴിത്തിരിവ് തീർന്ന സിനിമകളൊരുക്കിയ പവൻ കുമാർ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ധൂമം. ഫഹദ് ഫാസിലാണ് കേന്ദ്രകഥാപാത്രം. ദക്ഷിണേന്ത്യയിലെ വമ്പൻ നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യ സിനിമയുമാണ് ധൂമം. ഹൊംബാലേ ഫിലിംസ് ഒരു സിനിമക്ക് വേണ്ടി ഫഹദിനെ സമീപിച്ചപ്പോഴാണ് ഈ പ്രൊജക്ട് തന്നിലേക്കെത്തിയതെന്ന് പവൻ കുമാർ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറ‍ഞ്ഞു.

ചിത്രം സാധാരണ ത്രില്ലർ സിനിമകളുടെ പേസിൽ ഉള്ളതല്ലയെന്നും, ഡ്രാമ കൂടെ കലർന്ന, കഥാപാത്രങ്ങളുടെ വൈകാരിക നിമിഷങ്ങളെല്ലാം പകർത്തുന്ന ഒരു ചിത്രമാണ് എന്നും പവൻ കുമാർ.

ഡ്രീം പ്രൊജക്ടാണ് ധൂമം, മലയാളത്തിലേക്ക് വരാനുള്ള കാരണം

'ധൂമം' ആദ്യം എഴുതിയത് ഒരു കന്നഡ സിനിമയെന്ന നിലക്കായിരുന്നു. വർഷങ്ങൾക്ക് മുൻപ് തന്നെ എഴുതി വച്ചതുമാണ്. പക്ഷെ പിന്നീട് ഇതൊരു കന്നഡ സിനിമയായി കാണാൻ കഴിഞ്ഞില്ല. നായക കഥാപാത്രമായി ഒരാളെ എനിക്ക് കണ്ടെത്താനുമായില്ല. പിന്നീട് പല ഭാഷകളിലും ഈ സിനിമ പിച്ച് ചെയ്തു നോക്കി. ഇതൊരു അർബൻ കഥയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഏത് നഗരത്തിൽ വേണമെങ്കിൽ ധൂമത്തെ പ്ലേസ് ചെയ്യാം.

ഫഹദ് ഫാസിലും ഞാനും ‍ഞങ്ങൾ അതുവരെ ചെയ്ത സിനിമകളെക്കുറിച്ച് പരസ്പരം അറിയുന്നവരും ചർച്ച ചെയ്യാറുള്ളവരുമായിരുന്നു. ഞങ്ങൾ ഒരുമിച്ചൊരു സിനിമ ആലോചിക്കുകയും ചെയ്തിരുന്നു. ആ സമയത്താണ് ഹോംബാലെ പ്രൊഡക്ഷൻസ് ഫഹദിനോട് ഒരു പ്രൊജക്ട് ചെയ്യാൻ സമീപിക്കുന്നത്. ഫഹദ് എന്നെ വിളിച്ച് പവൻ ഇപ്പോൾ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു. എന്റെ കയ്യിൽ ഈ സ്ക്രിപ്റ്റ് ഉണ്ട് എന്ന്

ഞാൻ മറുപടി നൽകി.ഫഹദ് അത് വായിച്ചു. ഇഷ്ടമായെന്നും അത് നമ്മുക്ക് ചെയ്യാമെന്നും പറഞ്ഞു. അങ്ങനെയാണ് ധൂമം മലയാളം സിനിമയായി മാറിയത്. എഴുതിയത് കന്നഡ സിനിമയായി ആണെങ്കിൽ തന്നെയും, ഭാഷ ഈ സിനിമയിൽ ഒരു പ്രധാന ഘടകമേയല്ല. കഥ നടക്കുന്നത് ബാംഗ്ലൂരിൽ ആണ്. കഥാപാത്രങ്ങൾ മലയാളം സംസാരിക്കുന്നവർ ആണെന്നേ ഉള്ളു.

ഫാസ്റ്റ് പേസ്ഡ് ത്രില്ലർ അല്ല 'ധൂമം'

ത്രില്ലർ സിനിമയാണ് ധൂമം. പക്ഷെ ഡ്രാമ കൂടെ കലർന്നിട്ടുണ്ട്. മൂന്നോ നാലോ. മിനിറ്റുകൾ ഒക്കെ നീണ്ടുനിൽക്കുന്ന കഥാപാത്രങ്ങൾ പരസ്പരമുണ്ടാകുന്ന വൈകാരിക നിമിഷങ്ങളുണ്ട് ചിത്രത്തിൽ. കഥാപാത്രങ്ങളെ ആഴത്തിൽ അറിഞ്ഞു പോകുന്ന കാരക്ടർ എക്‌സ്‌പ്ലൊറേഷൻസ് ഉണ്ട്. ത്രില്ലർ സിനിമയുടെ ഫാസ്റ്റ് പേസ്ഡ് സ്വഭാവത്തിലല്ല ചിത്രം നീങ്ങുന്നത്. കഥ ആവശ്യപ്പെടുന്ന വേഗതയെ ചിത്രത്തിനുള്ളു. പ്രേക്ഷകന് മറ്റൊരാളുടെ കഥയാണ് കാണുന്നത് എന്ന തോന്നലുണ്ടാകില്ല, അവർ കൂടെ ഉൾപ്പെട്ട ലോകത്തെ കഥായാണ് എന്നെ തോന്നുകയുള്ളൂ.

ഹോംബാലെക്കൊപ്പം മലയാളത്തിലേക്ക്

പുനീത് രാജ്കുമാറിനൊപ്പം ചേർന്ന് ഹോംബാലെ ഫിലിംസും ഞാനും ഒരു ചിത്രം ചെയ്യാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഹൊംബാലേക്ക് വേണ്ടി പ്രൊക്ടിന്റെ പണിപ്പുരയിലായിരുന്നു. സിനിമകളുടെ കാര്യത്തിൽ വളരെ പ്രൊഫെഷണൽ ആണ് അവർ. അവരുടെ പിന്തുണയും എടുത്ത് പറയേണ്ടതാണ്. പ്രത്യേകിച്ചും ഒരു പോപ്പുലർ മാസ്സ് സ്വഭാവമില്ലാത്ത, 'ധൂമം' പോലെ ഒരു കൊൺസെപ്റ്റ് ബേസ്ഡ് സിനിമയ്ക്ക് അവർ നൽകിയ പിന്തുണ. വിനീത്, അപർണ ബാലമുരളി, റോഷൻ മാത്യു, അനു മോഹൻ തുടങ്ങി ചിത്രം ആവശ്യപ്പെട്ട അഭിനേതാക്കളെ അങ്ങനെയാണ് ഇതിന്റെ ഭാ​ഗമാക്കിയത്. ഞാനെഴുതിയ കഥ ഒരു വലിയ ബഡ്ജറ്റ് ആവശ്യപ്പെടുന്നതായിരുന്നു.

അവർ എന്നിൽ അർപ്പിച്ച വിശ്വാസം കൂടെയായിരുന്നു ധൂമത്തിന് നൽകിയ പിന്തുണ

ഫഹദ് ഒരു സ്റ്റാർ ആയത് പെർഫോർമൻസ് ഡ്രിവൻ റോളുകളിലൂടെയാണ്. പക്ഷെ അതിനപ്പുറത്തേക്ക് ഒരു മനുഷ്യനെന്ന നിലക്ക്, ഒരു ബോയ്-നെക്സ്റ്റ്-ഡോർ ഇമേജാണ് ഫഹദിന്റേത്. നമുക്ക് എത്രയോ കാലമായി അറിയാവുന്ന ആളാണ് എന്ന തോന്നലുണ്ടാക്കാൻ ഫഹദിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കമ്മ്യൂണിക്കേഷൻ വളരെ ഈസിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ സിനിമകളാണ് ഫഹദ് ചെയ്യുന്നത്. ഒരു നവാഗതനായ അഭിനേതാവ് എങ്ങനെയാണോ അതേപോലെ ആയിരുന്നു അദ്ദേഹം ലൊക്കേഷനിലും ക്യാമറക്ക് മുന്നിലുമെത്തിയത്. അത്രത്തോളം എന്റെ ശൈലികളെയും സമീപനത്തെയും ഫഹദ് സപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്റെ കാഴ്ചപ്പാടിൽ ഫഹദിന് പൂർണ വിശ്വാസമുണ്ടായിരുന്നു എന്ന് കരുതാൻ. കൂടുതൽ ചോദ്യങ്ങളൊന്നുമില്ലാതെ ഫ​ഹദ് ധൂമത്തിന്റെ ഓരോ ഘട്ടത്തിലും കൂടെ നിന്നു.

ഫഹദിന്റെ അഭിനയത്തെക്കുറിച്ച് ഞാൻ പറയേണ്ടതില്ലല്ലോ. 'പാച്ചുവും അത്ഭുതവിളക്കും' ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെയാണ് 'ധൂമ'വും ഷൂട്ട് ചെയ്തുകൊണ്ടിരിരുന്നത്. രണ്ടും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങൾ. വളരെ ടാലന്റഡ് ആയ ഒരാൾക്ക് മാത്രമേ ഒരേ സമയം വൈവിധ്യതയുള്ള രണ്ട് കാരക്ടേഴ്സിനെ മികവോടെ കൈകാര്യം ചെയ്യാനാകൂ.

റോഷൻ മാത്യുവിന്റെയും ഡേറ്റ്‌സ് തുടക്കത്തിൽ കിട്ടിയിരുന്നില്ല. മറ്റ് പ്രൊജക്ടുകൾ കാരണം റോഷന് പകരം വേറൊരാളിലേക്ക് പോകേണ്ടി വരുമെന്ന് കരുതി. പക്ഷെ റോഷൻ ഡേറ്റ്‌സ് അഡ്ജസ്റ്റ് ചെയ്‍തത് ഞങ്ങൾക്ക് വേണ്ടി എത്തി. റോഷൻ അല്ലാതെ മറ്റാരെയും ആ കഥാപാത്രത്തിലേക്ക് ആലോചിക്കാൻ കഴിയുമായിരുന്നില്ല. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പൂർണ്ണചന്ദ്രയാണ്. കഴിഞ്ഞ പത്തു വർഷമായി ഞങ്ങളൊരുമിച്ചാണ് ജോലി ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രീത ജയരാമനാണ്. ഞങ്ങൾ ഒരുപാട് കാലമായി ഒരുമിച്ച് ജോലി ചെയ്യണമെന്നാഗ്രഹമുള്ളവരായിരുന്നു. എന്നാൽ ഇപ്പോഴാണ് അവസരം ലഭിച്ചത്. ഒരു ഡ്രാമ ത്രില്ലർ ഒരു സ്ത്രീ ഷൂട്ട് ചെയ്യുന്നത് ഞങ്ങൾക്ക് അഭിമാനമുള്ള കാര്യമാണ്. ഛായാഗ്രഹണം പുരുഷാധിപത്യമുള്ള മേഖലയാണ്. അതും ഈ ഒരു ഴോണറിൽ. ഇത് കൂടുതൽ സ്ത്രീകളെ ഈ മേഖലയിലേക്ക് വരാൻ പ്രേരിപ്പിക്കട്ടെ.

പുക, പുകയില, പുകവലി

തീർച്ചയായും പുകയിലയും പുകവലിയും തീമിന്റെ ഭാ​ഗമാണ്. പക്ഷെ അതുകൊണ്ട് സിനിമ എന്താണെന്ന് ഈ ഘട്ടത്തിൽ പിടികിട്ടണമെന്നില്ല.

കണ്ടാൽ മാത്രമേ ആ തീമിലേക്ക് കടക്കാനാകൂ. ഞാൻ എന്റെ സിനിമകളിൽക്കൂടെ നിങ്ങൾ ഒരു കാര്യം ചെയ്യരുത് എന്ന് പറയാറില്ല, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെ നിങ്ങളെക്കൊണ്ട് തന്നെ ചോദ്യം ചെയ്യിപ്പിക്കും. 'ധൂമം' പുകയിലയെ ബേസ് ചെയ്തു തന്നെയാണ്. ആളുകളെ അത് ശരിയായ ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിക്കുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു.

അഭിനയം തന്നെയാണ് ആളുകൾ സംസാരിക്കുന്ന ഭാഷ

മലയാളം ഒരു തടസം ആയിരുന്നില്ല എനിക്ക്. അഭിനേതാക്കളോട് ഞാൻ ഇംഗ്ലീഷിൽ തന്നെയാണ് സംസാരിച്ചിരുന്നത്. സപ്പോർട്ടിങ് കാസ്റ്റിനോട് സംസാരിച്ചിരുന്നത് എന്റെ അസിസ്റ്റന്റ്സും, സ്ക്രിപ്റ്റ് സൂപ്പർവൈസറും ചേർന്നാണ്. അവർ എല്ലാം മലയാളം സിനിമയിൽ നിന്ന് ഉള്ളവർ തന്നെയാണ്. ചിത്രീകരണം തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോഴേ ഭാഷ ഒരു തടസ്സമല്ല എന്ന് മനസ്സിലായി. അഭിനയം തന്നെയാണ് ആളുകൾ സംസാരിക്കുന്ന ഭാഷ. ഡയലോഗ് നോക്കാൻ ഒരാൾ ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. ഇനിയെനിക്ക് കൊറിയനോ, ഇറാനിയണോ ഏത് ഭാഷ വേണമെങ്കിലും നോക്കാമെന്ന ആത്മാവിശ്വാസമായി. കാരണം എനിക്ക് മലയാളം അത്രത്തോളം അന്യമായിരുന്നു. ഇപ്പോൾ എന്റെ സിനിമയിലെ ഓരോ ഡയലോഗിന്റെയും അർത്ഥം എനിക്കറിയാം. ഓരോ അഭിനേതാവും എങ്ങനെയാണ് സംസാരിക്കുന്നത് എന്നതനുസരിച്ചാണ് ഞാൻ ഡയറക്റ്റ് ചെയ്യുന്നുണ്ടായിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in