വിചിത്രത്തില്‍ ചലഞ്ചിംഗ് ക്ലൈമാക്‌സായിരുന്നു : ജുബൈര്‍ മുഹമ്മദ് അഭിമുഖം

വിചിത്രത്തില്‍ ചലഞ്ചിംഗ് ക്ലൈമാക്‌സായിരുന്നു : ജുബൈര്‍ മുഹമ്മദ് അഭിമുഖം

ഷൈന്‍ ടോം ചാക്കോ, ജോളി ചിറയത്ത്, ബാലു വര്‍ഗീസ്, കനി കുസൃതി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് അച്ചു വിജയന്‍ സംവിധാനം ചെയ്ത വിചിത്രം. ഹൊറര്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജൂബൈര്‍ മുഹമ്മദാണ്. 12 വര്‍ഷമായി സംഗീത രംഗത്തുണ്ടെങ്കിലും ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത വ്യക്തിയാണ് ജുബൈര്‍. ചങ്ക്‌സിലെ പ്രമോ സോംഗാണ് ജുബൈര്‍ ആദ്യമായി ചെയ്യുന്നത്. പീസ് എന്ന ചിത്രത്തിന്റെ സംഗീതവും ജുബൈറായിരുന്നു. വിചിത്രത്തിലെ ഏറ്റവും ചലഞ്ചിംഗ് ആയിട്ടുള്ള പോര്‍ഷന്‍ അതിന്റെ ക്ലൈമാക്‌സ് തന്നെയാണെന്ന് ജുബൈര്‍ പറയുന്നു. വിചിത്രത്തെക്കുറിച്ചും സംഗീതവഴികളെക്കുറിച്ചും ജുബൈര്‍ ദ ക്യുവിനോട് സംസാരിക്കുന്നു.

അച്ചുചേട്ടന്റെ കട്ടുകള്‍ക്ക് അതിന്റേതായ താളം ഉണ്ടായിരുന്നു.

വിചിത്രത്തില്‍ ഇലക്ട്രാണിക്ക് സൗണ്ടിംഗ് ആണ് കൂടുതല്‍ ഉപയോഗിട്ടിച്ചുള്ളത്. വിചിത്രത്തിന്റെ വര്‍ക്ക് ചെയ്യുമ്പോള്‍ ഉണ്ടായ ഗുണം എന്താണെന്ന് ചോദിച്ചാല്‍ സംവിധായകന്‍ എഡിറ്റര്‍ കൂടെയായതു കൊണ്ട്, നമുക്ക് കിട്ടുന്ന വിഷ്വല്‍സ് പിന്നീട് പാച്ച് വര്‍ക്ക്‌സ് ഒന്നും ചെയ്യാനില്ലാത്ത വിഷ്വല്‍സായിരിക്കും. അതിനൊപ്പം ആ കട്ടുകള്‍ക്ക് അതിന്റേതായ ഒരു താളവും ഉണ്ടായിരുന്നു. സാധാരണ നമുക്ക് കിട്ടുന്ന റീല്‍സില്‍ മാറ്റങ്ങള്‍ വരാറുണ്ട്. അത് പിന്നീട് നമുക്ക് റീ അറേഞ്ച് ചെയ്യേണ്ടി വരും. വിചിത്രത്തിനെ സംബന്ധിച്ചടുത്തോളം അങ്ങനെയുള്ള കറക്ഷന്‍സ് ഒന്നും വന്നിട്ടില്ല. വിചിത്രത്തിലെ വര്‍ക്ക് അതുകൊണ്ട് തന്നെ കുറച്ചുകൂടെ ഈസിയായിരുന്നു. അല്ലാതെ ഒരു വിഷ്വല്‍ കിട്ടിക്കഴിഞ്ഞാല്‍ നമ്മള്‍ ചെയ്തു കഴിഞ്ഞതിന് ശേഷം നിറയെ പാച്ച് വര്‍ക്ക്‌സ് വരും. അപ്പോള്‍ മ്യൂസിക്ക് മൊത്തത്തില്‍ മാറ്റേണ്ടി വരും. വിചിത്രത്തില്‍ അങ്ങനെയൊരു പ്രശ്‌നമുണ്ടായില്ല. കൃത്യം ഫൂട്ടേജുകള്‍ കിട്ടിയതുകൊണ്ട് വര്‍ക്ക് ചെയ്യാന്‍ എളുപ്പമായിരുന്നു. അവസാനത്തെ 20 ദിവസം കൊണ്ടാണ് വിചിത്രത്തിലെ മ്യൂസിക്കും, പാട്ടുകളും ചെയ്ത് പൂര്‍ത്തിയാക്കിയത്.

മ്യൂസിക്ക് കൊണ്ട് മൂഡ് തന്നെ മാറ്റാന്‍ സാധിക്കും

മ്യൂസിക്ക് കൊണ്ട് ഒരു സീനിന്റെ ഒരു മൂഡ് തന്നെ നമുക്ക് മൊത്തത്തില്‍ മാറ്റാന്‍ സാധിക്കും. ഒരു സീന്‍ ലിഫ്റ്റ് ചെയ്യാനും, നശിപ്പിക്കാനും മ്യൂസിക്ക് മാത്രം മതി. ഗംഭീര ആക്ഷന്‍ നടക്കുന്ന സമയത്ത് കോമിക്കല്‍ ആയിട്ടുള്ള മ്യൂസിക്ക് ചെയ്താല്‍ സീന്റെ മൂഡ് തന്നെ മാറിപ്പോവും. മ്യൂസിക്ക് വര്‍ക്കാവുന്നത് അതിന്റെ പ്ലേസ്‌മെന്റിലാണ്. എവിടെ മ്യൂസിക്ക് പ്ലേസ് ചെയ്യുന്നു എന്നതിനെ അനുസരിച്ചാണ് സിനിമയുടെ മൂഡ് ഉള്ളത്. പ്ലേസ്‌മെന്റ് മാറിപ്പോയാല്‍ അതുവരെ എടുത്ത എല്ലാ എഫേര്‍ട്ടും വെറുതെയാകും.

വിചിത്രത്തിലെ ഏറ്റവും ചലഞ്ചിംഗ് ആയിട്ടുള്ള പോര്‍ഷന്‍ അതിന്റെ ക്ലൈമാക്‌സാണ്

വിചിത്രത്തിലെ ഏറ്റവും ചലഞ്ചിംഗ് ആയിട്ടുള്ള പോര്‍ഷന്‍ അതിന്റെ ക്ലൈമാക്‌സ് തന്നെയാണ്. ഒരുപാട് സംഭവങ്ങള്‍ അപ്പോള്‍ നടക്കുന്നുണ്ട്, ഡയലോഗ്‌സ് വളരെ കുറവും. ആ പോര്‍ഷന്‍ ചെയ്യുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. നമ്മള്‍ മ്യൂസിക്ക് ആഡ് ചെയ്ത് കഴിഞ്ഞാലും ഭൂരിഭാഗം സമയത്തും കറക്ഷന്‍സ് വരും, അത് അങ്ങനെയാണ്. ക്ലൈമാക്‌സ് റീല്‍ അയച്ച് തന്നിട്ട് ഞാനതില്‍ മ്യൂസിക്ക് ആഡ് ചെയ്ത് കൊടുത്തു. മ്യൂസിക്ക് കേട്ടിട്ട് എല്ലാം ഓക്കേ ആണെന്നാണ് അച്ചു ചേട്ടന്‍ പറഞ്ഞത്. ഞാന്‍ വീണ്ടു വീണ്ടും ചോദിച്ചു ചേട്ടാ ഓക്കെയല്ലേ എന്ന്. എല്ലാം ഓക്കെയാണ്, മിക്‌സിന് വിട്ടോളാന്‍ പറഞ്ഞു.

റഫറന്‍സ് ട്രാക്ക് കിട്ടും

നമ്മള്‍ മ്യൂസിക്ക് ചെയ്യുന്ന സമയത്ത് വിഷല്‍സ് കാണുമല്ലോ, അപ്പോള്‍ തന്നെ കുറേ കാര്യം നമുക്ക്

മനസ്സിലാകും. അതിനൊപ്പം സംവിധായകന്‍ സിനിമ എന്താണ്, ഏതാണ് സാഹചര്യം, കഥാപാത്രങ്ങളുടെ മാനസികാവസ്ഥ എന്നൊക്കെ പറഞ്ഞു മനസ്സിലാക്കി തരും. ഇപ്പോള്‍ സാധാരണയായി റഫറന്‍സ് ട്രാക്ക് കിട്ടും. ആ ട്രാക്ക് കേട്ടു കഴിയുമ്പോള്‍ മൊത്തം ജോണര്‍ പിടികിട്ടും. അങ്ങനെയാണ് നമ്മള്‍ വര്‍ക്ക് ചെയ്യുന്നത്.

ട്യൂണ്‍ ചെയ്തിട്ട് മ്യൂസിക്ക് ചെയ്യുന്നതാണ് എളുപ്പം എന്നേ ഞാന്‍ പറയൂ.

ലിറിക്‌സ് വെച്ച് മ്യൂസിക്ക് ചെയ്യുമ്പോള്‍ നമുക്ക് അതിന്റേതായ ലിമിറ്റേഷന്‍സ് ഉണ്ട്. വരികളുടെ മീറ്റര്‍ ശരിയായിട്ട് കിട്ടണം, ഉദ്ദേശിച്ച പാറ്റേണില്‍ വരികള്‍ വരണം അതൊരു വലിയ പണിയാണ്. വരികള്‍ക്ക് സംഗീതം കൊടുക്കാന്‍, നമുക്ക് വരികളില്‍ എന്താണെന്ന് പറയുന്നതെന്ന് മനസ്സിലാക്കി, അതിന്റെ ആഴം മനസ്സിലാക്കി സംഗീതം ചിട്ടപ്പെടുത്തുന്നത് ഒരു ജീനിയസ് പ്രോസസ് ആണ്. ട്യൂണ്‍ ചെയ്തിട്ട് മ്യൂസിക്ക് ചെയ്യുന്നതാണ് എളുപ്പം എന്നേ ഞാന്‍ പറയൂ. വിചിത്രത്തിന്റെ സിഗനേച്ചര്‍ മ്യൂസിക്ക് ബാന്‍ജോ എന്ന ഇന്‍സ്ട്രുമെന്റ് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് സുമേഷ് പരമേശ്വരനാണ് ബാന്‍ജോയും , ഗിറ്ററും സിനിമയില്‍ പ്ലേ ചെയ്തിരിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ സോംഗിന്റെ തുടര്‍ച്ചയാണ് ആ മ്യൂസിക്ക്

അജിത്ത്ജോയ് സര്‍ തന്ന പിന്തുണ പ്രത്യേകം തന്നെ എടുത്ത് പറയണം.

വിചിത്രം സിനിമയുടെ പ്രൊഡക്ഷന്‍ തന്ന സപ്പോര്‍ട്ട് വളരെ വലുതാണ്. ജോയ് മൂവി പ്രൊഡക്ഷന്റെ ആദ്യത്തെ വര്‍ക്കാണിത്. നിര്‍മ്മാതാവ് ആയിട്ടുള്ള അജിത്ത്‌ ജോയ് സര്‍ തന്ന പിന്തുണ പ്രത്യേകം തന്നെ എടുത്ത് പറയണം. മാത്രവുമല്ല ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് നാഷണല്‍ അവാര്‍ഡ് ജേതാവായ വിഷ്ണു ഗോവിന്ദാണ്. വിചിത്രത്തിന്റെ ജോണറിനെ സംബന്ധിച്ചടുത്തോളം സൗണ്ട് വളരെ പ്രധാനപ്പെട്ടതാണ്. സൗണ്ട് ഡിസൈന്‍ കൂടെ ഗംഭീരമായി വന്നത് കൊണ്ടാണ് മ്യൂസിക്ക് വര്‍ക്ക് ആയത്.

പാട്ടുകാരന്‍ ആവണം എന്ന ആഗ്രഹത്തോടെയാണ് സംഗീതത്തിലേയ്ക്ക് വരുന്നത്

പാട്ടുകാരന്‍ ആകണം എന്ന ആഗ്രഹത്തോടെയാണ് സംഗീതത്തിലേയ്ക്ക് വരുന്നത്. സംഗീതം എവിടെ നിന്നും എങ്ങനെ ഉണ്ടാകുന്നു എന്ന അറിയുമ്പോള്‍ നമുക്ക് കാര്യമായ ആകാംക്ഷ വരും .ആ ആകാംക്ഷയില്‍ നിന്നാണ് സംഗീതം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. സംഗീത സംവിധാനം ചെയ്യാന്‍ കാര്യമായ സാങ്കേതികജ്ഞാനം വേണം. പണ്ടു ചെയ്തിരുന്ന സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള സംഗീതമാണ് ഇപ്പോള്‍ കൂടുതലായും ചെയ്യുന്നത്. ഞാന്‍ ആരുടെയും അസിസ്റ്റന്റ് ആയിട്ടാന്നും വര്‍ക്ക് ചെയ്തിട്ടില്ല. പീസ് സിനിമയുടെയും സംഗീത സംവിധാനം ഞാനായിരുന്നു. ആ സിനിമ ഒരു സറ്റയര്‍ കോമഡി ത്രില്ലറാണ്. റെട്രോ റെഡ്ഗേ ജോണറിലുള്ള മ്യൂസിക്കാണ് അതില്‍ കൂടുതലും ഉപയോഗച്ചിട്ടുള്ളത്. എല്ലാ ജോണറിലും ഉള്ള മ്യൂസിക്ക് ട്രൈ ചെയ്യണം എന്നാണ് എന്റെയും ആഗ്രഹം

Related Stories

No stories found.
logo
The Cue
www.thecue.in