പൂര്‍ണമായും ഐ ഫോണില്‍, ഫോണ്‍ ക്യാമറയില്‍ നിന്ന് മികച്ച ഛായാഗ്രാഹകന്‍; ചന്ദ്രു ശെല്‍വരാജ് അഭിമുഖം

പൂര്‍ണമായും ഐ ഫോണില്‍, ഫോണ്‍ ക്യാമറയില്‍ നിന്ന് മികച്ച ഛായാഗ്രാഹകന്‍; ചന്ദ്രു ശെല്‍വരാജ് അഭിമുഖം

51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരത്തിന് ചന്ദ്രു ശെല്‍വരാജാണ് അര്‍ഹനായത്. കയറ്റം എന്ന ചിത്രത്തിനാണ് ചന്ദ്രുവിന് പുരസ്‌കാരം ലഭിച്ചത്. പൂര്‍ണ്ണമായും ഐ ഫോണ്‍ ഉപയോഗിച്ചാണ് കയറ്റം ചിത്രീകരിച്ചിരിക്കുന്നത്. ഫോണ്‍ ക്യാമറയില്‍ നിന്നും മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം അപ്രതീക്ഷിതമായിരുന്നു എന്ന് ചന്ദ്രു ദ ക്യുവിനോട് പ്രതികരിച്ചു.

എനിക്കും സിനിമക്കും ലഭിച്ച വലിയ അംഗീകാരം

കയറ്റം എന്റെ ആദ്യത്തെ സിനിമയാണ്. ഞാന്‍ ഛായാഗ്രാഹകനായ തിരു സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു. ഞാന്‍ ഛായാഗ്രഹണത്തെ കുറിച്ച് പഠിച്ചതെല്ലാം അദ്ദേഹത്തില്‍ നിന്നാണ്. സിനിമ ഐ ഫോണില്‍ ചിത്രീകരിച്ചതിനാല്‍ ആപ്പിളില്‍ നിന്ന് എന്തെങ്കിലും അംഗീകാരം ലഭിക്കുമെന്ന് ഞങ്ങള്‍ കരുതിയിരുന്നു. ഞങ്ങള്‍ അവരുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ഒന്നും ലഭിച്ചിരുന്നില്ല. പക്ഷെ സംസ്ഥാന പുരസ്‌കാരം ലഭിക്കുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. ഇത് പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരമാണ്. അതില്‍ വലിയ സന്തോഷമുണ്ട്. എനിക്ക് സിനിമക്കും ലഭിച്ച വലിയ അംഗീകാരമാണ് ഈ പുരസ്‌കാരം.

ഐ ഫോണില്‍ ചിത്രീകരിച്ചത് പരീക്ഷണമെന്ന നിലക്കാണ്

സിനിമ മുഴുവനായും ഐ ഫോണില്‍ ചിത്രീകരിക്കുന്നതിനായി കുറച്ച് അധികം റിസേര്‍ച്ച് നടത്തേണ്ടി വന്നിരുന്നു. എങ്ങനെയായിരിക്കണം ചിത്രീകരിക്കേണ്ടത്, എന്തൊക്കെയായിരിക്കും പരിമിതികള്‍ എന്നതിനെ കുറിച്ചെല്ലാം റിസേര്‍ച്ച് നടത്തിയിരുന്നു. കാരണം ഐ ഫോണില്‍ ചിത്രീകരിക്കുന്നത് ചിത്രത്തിന്റെ ക്വാളിറ്റിയെ ബാധിക്കരുത് എന്നതിനാല്‍ വ്യക്തമായ പഠനത്തന് ശേഷമാണ് ഷൂട്ടിങ്ങ് ചെയ്തത്.

ഒരുപാട് പാറക്കെട്ടുകളുള്ള ഭൂപ്രദേശത്താണ് ഞങ്ങള്‍ ചിത്രീകരണം നടത്തിയത്. അവിടെ വലിയ ഭാരമുള്ള ക്യാമറയൊന്നും കൊണ്ട് പോകാന്‍ സാധിക്കില്ല. കാരണം ആ പ്രദേശത്ത് വെച്ച് ക്യാമറ ചാര്‍ജ് ചെയ്യാനൊന്നും കഴിയില്ല. പിന്നെ വലിയ ക്യാമറയെല്ലാം എടുത്ത് നടക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയാണ് ഐഫോണ്‍ ഉപയോഗിച്ച് ചിത്രീകരിക്കാമെന്ന് തീരുമാനിക്കുന്നത്.

സിനിമ ഐ ഫോണില്‍ ചിത്രീകരിക്കാം എന്നത് സനലിന്റെ ഐഡിയയായിരുന്നു. ആദ്യം ഞാന്‍ അതിനോട് യോജിച്ചില്ല. എന്റെ ആദ്യത്തെ സിനിമയായത് കൊണ്ട് വിഷ്വല്‍ ക്വാളിറ്റിയില്‍ കുറവ് ഉണ്ടാവരുതെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. പക്ഷെ സനല്‍ ഐഫോണ്‍ പരീക്ഷിക്കാമെന്ന് പറയുകയും ലൊക്കേഷനും അങ്ങനെ ആയത് കൊണ്ട് ഞാന്‍ സമ്മതിക്കുകയായിരുന്നു. പിന്നെ ഐഫോണ്‍ ഉപയോഗിച്ചത് ഒരു എക്‌സ്പിരിമെന്റ് എന്ന നിലക്കാണ്. ലൊക്കേഷനില്‍ ചെറിയ ഡിഎസ്എല്‍ആറോ, റെഡോ കൊണ്ടുപോകാമായിരുന്നു. പക്ഷെ ഞങ്ങള്‍ ഐഫോണില്‍ ഷൂട്ട് ചെയ്താല്‍ എങ്ങനെയുണ്ടാവുമെന്ന് പരീക്ഷിച്ചതാണ്.

ഞങ്ങള്‍ സിനിമയില്‍ ഉടനീളം ഒരു എക്‌സ്‌റ്റേണല്‍ ലെന്‍സ് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. 16 എംഎം ലെന്‍സാണ് ഉപയോഗിച്ചിത്്. പിന്നെ ചിത്രീകരിച്ചത് മുഴുവനും ഹാന്‍ഡ് ഹെല്‍ഡായാണ്.

ഐ ഫോണില്‍ ചിത്രീകരിച്ചിട്ടും മഞ്ജു ചേച്ചി അഭിനയിച്ചു

കയറ്റത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മുതല്‍ എക്യുപ്‌മെന്റ്‌സ് വരെ എല്ലാം വളരെ ലിമിറ്റഡായിരുന്നു. അതുകൊണ്ട് തന്നെ ക്രൂവിലുള്ള എല്ലാവരുടെയും സഹായം ആവശ്യമായി വന്നിരുന്നു. സെറ്റില്‍ എല്ലാവരും എല്ലാ ജോലിയും ചെയ്തിരുന്നു. വളരെ ചെറിയ എല്‍ഇടി ലൈറ്റുകളാണ് ഞങ്ങള്‍ ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്നത്. പെട്ടന്ന് റിഫ്‌ലക്റ്റര്‍ ആവശ്യമായി വന്നാല്‍ കൂട്ടത്തിലെ ആര് വേണമെങ്കിലും സഹായിച്ചിരുന്നു. സനലും എന്താണ് വേണ്ടതെന്ന് വ്യക്തമായി തന്നെ പറഞ്ഞു. പിന്നെ ഇത്ര വലിയ സ്റ്റാറായ മഞ്ജു ചേച്ചിയും ഐഫോണിലാണ് ചിത്രീകരിക്കുന്നതെന്ന് അറിഞ്ഞിട്ടും സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായി.

വരാനിരിക്കുന്ന സിനിമകള്‍

ഞാന്‍ എന്റെ രണ്ടാമത്തെ ചിത്രവും സനലിനൊപ്പമാണ് ചെയ്തത്. ടൊവിനോ നായകനായ വഴക്കാണ് ചിത്രം. പിന്നെ എബ്രിഡ് ഷൈനിനൊപ്പം മഹാവീര്യറിലും ഞാനാണ് ഛായാഗ്രഹണം. നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. നാലമാത്തേത് ഒരു തമിഴ് ചിത്രമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in