ഇതാണോ ശരിക്കും മമ്മൂട്ടി 2.0?, ഭ്രമയു​ഗത്തിൽ പ്രതീക്ഷിക്കുന്നത് ഭാവങ്ങളാൽ ഭയപ്പെടുത്തുന്നൊരു മമ്മൂട്ടിയെ

ഇതാണോ ശരിക്കും മമ്മൂട്ടി 2.0?, ഭ്രമയു​ഗത്തിൽ പ്രതീക്ഷിക്കുന്നത് ഭാവങ്ങളാൽ ഭയപ്പെടുത്തുന്നൊരു മമ്മൂട്ടിയെ

നാനൂറിനടുത്ത് സിനിമകൾ ഈ മനുഷ്യൻ ചെയ്തു, ഇത് പോലൊരു പൈശാചിക ഭാവവും കൊലച്ചിരിയും ഇന്നേ വരെ കണ്ടിട്ടില്ലല്ലോ. ഭ്രമയു​ഗം ടീസർ വന്നപ്പോൾ വന്ന പ്രധാന കമന്റുകളിലൊന്ന് ഇങ്ങനെയായിരുന്നു. എഴുപത്തിരണ്ടാമത്തെ വയസിൽ, കരിയറിൽ അമ്പതാം വർഷത്തിൽ ഇത് പോലൊരു ആശ്ചര്യവും പ്രതീക്ഷയും ഒരു ഇന്ത്യൻ ആക്ടർക്ക് മേൽ ചൊരിയുന്നത് അപൂർവതയാകാം. ഭീഷ്മപർവം മുതൽ കാതൽ വരെ- മമ്മൂട്ടി തന്നിലെ നടനെയും താരത്തെയും പുതുക്കിയും മിനുക്കിയും മുന്നേറുമ്പോൾ അവിടൊന്നും കണ്ടിട്ടില്ലാത്ത തരം പുതുമ ആസ്വാദകരിൽ പലരും ഭ്രമയു​ഗത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ആക്ടിം​ഗ് കരിയറിലെ പുതിയ ഘട്ടമെന്ന് വാഴ്ത്തുന്ന നൻപകൽ നേരത്ത് മയക്കത്തിലെയും റോഷാക്കിലെയും കാതലിലെയുമൊക്കെ പെർഫോർമൻസിനെ വെല്ലുന്ന പ്രകടനങ്ങളും അഭിനയ ഭാവങ്ങൾ അമ്പത് കൊല്ലത്തിനിടെ പലവട്ടം മലയാളി കണ്ടിട്ടുണ്ട്. ഭ്രമയു​ഗത്തിലെത്തുമ്പോൾ ഇതുവരെ കാണാത്തൊരു മമ്മൂട്ടി പ്രകടനമാണോ മുന്നിലെത്തുകയെന്ന് പലരും ചിന്തിക്കുന്നുണ്ട്.

പഴക്കം ചെന്നൊരു മന അതിന്റെ പടിപ്പുരയിലായി തീപ്പന്തവുമായി ഒരു മനുഷ്യ രൂപം. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയാൽ മനയുടെ മുകളിലായി മറ്റ് ചില രൂപങ്ങളെയും കാണാനാകും. എന്നാൽ ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ആരുടെയും കണ്ണിൽ പെടാത്ത ഒരു മുഖം അതിൽ മറഞ്ഞിരിക്കുന്നുണ്ട്. ഭ്രമയു​ഗം എന്ന രാഹുൽ സദാശിവൻ ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് പോസ്റ്റർ ഇങ്ങനെയാണ്. ആദ്യ കാഴ്ചയിൽ തന്നെ നിഗൂഢതകൾ ഒളിപ്പിച്ചു വച്ച, ഭയത്തിന്റെ കൺകെട്ടുകളുടെ മായാലോകത്തേക്ക് കൊണ്ടുപോകാൻ തയ്യാറായി നിൽക്കവണ്ണം ആരെയും ആകർഷിക്കുന്ന ഒന്ന്. എന്റെ മനക്കലേക്ക് സ്വാഗതം എന്ന് കാഴ്ചക്കാരെ സ്വാഗതം ചെയ്തുകൊണ്ട് ബ്ലാക്ക് മാജിക്കിന്റെയും, നാടോടിക്കഥയുടെയും ഭയത്തിന്റെയും ലോകത്തേക്ക് ഭ്രമയു​ഗം നമ്മളെ കൊണ്ടുപോകുകയാണെന്ന് ഏതാണ്ട് ഉറപ്പായി.

ഡെവ്ളിഷ് ലുക്കിൽ, അധികാരത്തിന്റെയും പൈശാചികതയുടെയും ഭാവങ്ങളെ മിക്സ് ചെയ്ത് മമ്മൂട്ടിയുടെ കഥാപാത്രം പടിപ്പുരയിൽ നിവർന്ന് നിൽക്കുമ്പോൽ, ഭ്രമയു​ഗം ടീസറിന്റെ അവസാന ഭാ​ഗത്ത് വിളക്കൂതിയ ശേഷം ചുണ്ടുകോട്ടി ചിരിച്ച് കൊണ്ട് നോക്കുമ്പോൾ മമ്മൂട്ടിയല്ല ഭാവപ്പെരുമയാൽ പുതിയൊരു ദൂരവും ഉയരവും താണ്ടാനിരിക്കുന്ന പുതിയൊരാളെയാണ് പ്രേക്ഷകർക്ക് കണ്ടെത്താനാകുന്നത്. മമ്മൂട്ടിയെന്ന അഭിനയകുലപതിയുടെ വേഷപ്പകർച്ചക്കപ്പുറം ഭ്രമയുഗം മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷ രാഹുൽ സദാശിവൻ എന്ന പേരിലാണ്. ആ പേര് ചേർത്ത് പിടിക്കാൻ കാരണവും അയാളിലെ കഥപറച്ചിലുകാരൻ മലയാളികളെ മുൻപും അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നത് തന്നെയാണ്. ആദ്യ സിനിമയായ റെഡ് റൈൻ വലിയ പ്രേക്ഷക സ്വീകാര്യത നേടാതെ പോയ പരീക്ഷണമായിരുന്നെങ്കിൽ രണ്ടാം സിനിമയായ ഭൂതകാലം കാഴ്ചക്കാരെ ഒരു വീടിനുള്ളിലേക്ക് ആകർഷിച്ച് ഭയപ്പെടുത്തിയ അനുഭവമായിരുന്നു. ഗിമ്മിക്കുകളുടെ സഹായമോ കാതടപ്പിക്കുന്ന സ്ഥിരം ശബ്ദ കോലാഹലങ്ങളുടെ അകമ്പടിയോ ഇല്ലാതെ അഭിനേതാക്കളുടെ മാനസിക പിരിമുറുക്കങ്ങളെ ഉപയോഗിച്ച് കാഴ്ചക്കാരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി ഭൂതകാലം. ജമ്പ് സ്‌കെയറുകൾ മുഖ്യധാരാ ഹൊറർ സിനിമകളുടെ പ്രധാന ആയുധമായടത്തുനിന്ന് ഭയമെന്ന വികാരം കാഴ്ചക്കാരന്റെ ഉള്ളിൽ നിറച്ച് എന്തും സംഭവിക്കാം എന്ന തരത്തിലായിരുന്നു ഭൂതകാലത്തെ ഒരുക്കിയത്. അതുതന്നെയാണ് കണ്ടുമടുത്ത സ്ഥിരം പേടിപ്പെടുത്തലുകൾക്കും അപ്പുറം മറ്റൊരു ലോകത്തേക്ക് ബ്രഹ്മയുഗം നമ്മെ കൂട്ടികൊണ്ടുപോകും എന്ന് ഉറപ്പിക്കാനുള്ള കാരണവും.

കൊവിഡ് കാലത്ത് മിനിമലിസ്റ്റിക് അവതരണം കൊണ്ട്, പെർഫോർമൻസ് ഡ്രിവൻ ആയ അവതരണ രീതി കൊണ്ട് അമ്പരപ്പിച്ച സിനിമകളിലൊന്നുമായിരുന്നു ഭൂതകാലം. വഴി തെറ്റി വന്ന ഏതോ ഒരു മനുഷ്യൻ ഒരു മനയിലെത്തുന്നതും അയാളിലെ സംഘർഷത്തെയും ഭയത്തെയും ആ മന കാർന്നു തിന്നുന്നതുമാകാം ഭ്രമയുഗം നമ്മുക്കായി ഒരുക്കിയിരിക്കുന്നത്, ഒപ്പം മനയ്ക്കലെ കാരണവരായ ആളാവാം മമ്മൂട്ടിയുടെ കഥാപാത്രം അതോ കാലങ്ങൾക്ക് മുമ്പേ അതുപോലെ അവിടെ വന്ന് പെട്ടുപോയൊരാളോ. അയാൾ മനുഷ്യനോ ആത്മാവോ പൈശാചിക ശക്തിയോ ആരുമാകാം. ഈ മനയ്ക്കലെ പടിപ്പുര കടന്നു കഴിഞ്ഞാൽ പാടവും പുഴയുമൊക്കെ ഇതുതന്നെയാ എന്ന് ടീസറിൽ പറയുമ്പോൾ ആ മനയും അതിനുള്ളിലെ മനുഷ്യനും എന്തോ നിഗൂഢതകൾ ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്നത് ഉറപ്പ്.

നരച്ച താടിയും മുടിയും, കറപുരണ്ട പല്ലുകൾ, നിഗൂഢത നിറഞ്ഞ ചിരിയുമായി ഒരു ചാരുകസേരയിൽ മുന്നോട്ടാഞ്ഞു ഇരിക്കുന്ന മമ്മൂട്ടിയുടെ ആദ്യ പോസ്റ്റർ വന്നതുമുതൽ സമൂഹമാധ്യമങ്ങളിൽ ചർച്ച മറ്റൊരു പട്ടേലറോ, മറ്റൊരു മുരിക്കും കുന്നത് അഹമ്മദ് ഹാജിയോ ആകാം പെർഫോർമൻസിലെ മമ്മൂട്ടിയെന്നതാണ്. മമ്മൂക്ക ഒരിക്കലും ആ കഥാപാത്രം ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല, അദ്ദേഹത്തിന്റെ ആ ജഡ്ജ്മെന്റ്റ് അതിശയിപ്പിച്ചു എന്ന് ആസിഫ് അലി പറയുമ്പോൾ വരാനിരിക്കുന്നത് മറ്റൊരു ഞെട്ടിപ്പിക്കുന്ന കൂടുമാറ്റം ആണെന്ന് ഉറപ്പിക്കാം. നെഗറ്റീവ് വേഷപ്പകർച്ചക്ക് പുതിയൊരു തലം ഭ്രമയുഗത്തിലൂടെ മമ്മൂട്ടി അവതരിപ്പിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടിവരും. ഒപ്പം അർജുൻ അശോകന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയും ചിത്രത്തിൽ പ്രതീക്ഷിക്കാമെന്ന് ടീസർ ഉറപ്പ് നൽകുന്നു.

പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ പുറത്തുവരുന്ന ചിത്രവുമാണ് ഭ്രമയു​ഗം. പുറത്തുവന്ന സിനിമയുടെ പോസ്റ്ററും ടീസറുമെല്ലാം അതിനെ ഊട്ടിയുറപ്പിക്കുന്നതാണ്. ഭാർഗ്ഗവീനിലയവും യക്ഷിയുമൊക്കെ കണ്ടു ശീലിച്ച മലയാളികളുടെ ഇടയിലേക്ക് കാലങ്ങൾക്ക് ശേഷം മറ്റൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമെത്തുകയാണ്. ക്രിസ്റ്റോ സേവിയർ ഒരുക്കിയ ഭ്രമയുഗത്തിലെ പാട്ടുകൾ ഇതിനോടകം സംസാരവിഷയമായിരിക്കുന്നു. ചിത്രത്തിന്റെ മൂഡും ഭാവവും മനസ്സിലാക്കി ഒരു നിഗൂഢത നിറച്ചാണ് സൗണ്ട്ട്രാക്ക് ക്രിസ്റ്റോ ഒരുക്കിയിരിക്കുന്നത്. ആഭിചാര ക്രിയകളെയും മന്ത്ര തന്ത്രങ്ങളുടെ ഫോക്ക് ഫീലീനെയും ഓർമ്മിപ്പിക്കുന്ന വരികൾക്കൊപ്പമാണ് സിനിമയുടെ പുറത്തുവന്ന സൗണ്ട് ട്രാക്ക്. സിനിമയുടെ ​ടാ​ഗ് ലൈൻ തീം ആക്കിയ ദ ഏജ് ഓഫ് മാഡ്നെസ് എന്ന സോം​ഗ് തിയറ്ററിൽ ഭയം പെരുപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അസാധ്യ ട്രാക്ക് കൂടിയാണ് ആദിത്യനില്ലാതെ എന്ന് തുടങ്ങുന്ന ദ ഏജ് ഓഫ് മാഡ്നെസ്.

മിത്തും, നാടോടിക്കഥകളും, ദുർമന്ത്രവാദവും ആത്മാവും, യക്ഷിയൊന്നും മലയാളികൾക്ക് അപരിചിതമല്ല. ശ്രീകൃഷ്ണ പരുന്തും, അഥർവവും, അനന്തഭദ്രവും എല്ലാം മലയാളികളെ അത്തരമൊരു ലോകത്തേക്ക് പ്രേക്ഷകരുടെ കൈപിടിച്ച ചലച്ചിത്രങ്ങളാണ്. കേരളത്തിന്റെ മണ്ണിൽ വേരുറച്ച് കിടക്കുന്ന ആഭിചാരക്രിയകളുടെ കഥകളും, പുള്ളുവൻ പാട്ടും യക്ഷികഥകളും എന്നും മലയാളികൾക്ക് കൗതുകം ഉണർത്തുന്നവയാണ്. ആ നിരയിലേക്കാണ് ഭ്രമയുഗവും കടന്നു ചെല്ലുന്നത്. ദുർമന്ത്രവാദിയായി മമ്മൂട്ടി തന്നെ എത്തിയ അഥർവ്വം വീണ്ടും ചർച്ചയാകുന്നതും ഭ്രമയുഗത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ്. ഭ്രമയുഗത്തിന്റെ പുറത്തുവന്ന ഒരു പോസ്റ്ററിൽ നിറയെ മണികൾ കെട്ടിയിരിക്കുന്ന ഒരു മുറിയിൽ തന്റെ ആരാധനാമൂർത്തിക്ക് മുന്നിലായി ഇരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെ കാണാം. അയാൾ ഒരു ദുര്മന്ത്രവാദി ആണോ ? എന്നോ ആ മനക്കൽ വന്ന് പെട്ട പ്രായമോ കാലമോ ബാധിക്കാത്ത ഒരാളാണോ, ആ ആഭിചാരിയുടെ വേട്ടയാകുമോ ഈ സിനിമയുടെ തീം. തിയറ്ററിൽ തന്നെ കണ്ടറിയാം.

Related Stories

No stories found.
logo
The Cue
www.thecue.in