മലയാളത്തിന്റെ മാസ്സ് സിനിമകളുടെ ​ഗ്രാമറും ​ഗ്ലാമറും തിരിച്ചിട്ട ബിഗ് ബി

2017 നവംബർ 17 ലെ ഒരു ഫേസ്ബുക് പോസ്റ്റ്, ഒരു സിനിമയുടെ അപ്രതീക്ഷിത അന്നൗൺസ്‌മെന്റ് സിനിമാലോകത്തെയും സിനിമാ പ്രേക്ഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. സംവിധായകൻ അമൽ നീരദായിരുന്നു ആ ഫേസ്ബുക് പോസ്റ്റിന്റെ ഉടമ. തീക്ഷ്ണമായ ഒരു കണ്ണും മുഖത്തിൻറെ പാതി മാത്രം റിവീൽ ചെയ്തുകൊണ്ട് മമ്മൂട്ടിയുടെ ഒരു ഫോട്ടോ.ആ ഫോട്ടോക്ക് താഴെ ബിലാൽ എന്ന ടൈറ്റിൽ. 'കമിങ് സൂൺ, ബ്ലഡി സൂൺ' എന്നായിരുന്നു ആ പോസ്റ്റിന്റെ ക്യാപ്ഷൻ.

അതെ 2007 ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന സ്റ്റൈലിഷ് ഗ്യാങ്സ്റ്റർ ചിത്രം. പിന്നീട് കൾട്ട് സ്വഭാവത്തിലെത്തിയ സിനിമ. മലയാളത്തിന്റെ മാസ് സിനിമകളുടെ ​ഗ്രാമറും ​ഗ്ലാമറുമെല്ലാം തിരിച്ചിട്ടൊരു സിനിമയുടെ സീക്വൽ പ്രഖ്യാപനം. 20 വർഷത്തിനകത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും ഉയർന്ന ഹൈപ്പിന്റെ മറുപേര് കൂടിയായി ബിലാൽ.

സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ​ഗ്രാജ്വേഷൻ പൂർത്തിയാക്കി, രാജ്യാന്തര ശ്രദ്ധ നേടിയ ഡിപ്ലോമ ഫിലിം ഒരുക്കിയ ശേഷം സിനിമാട്ടോ​ഗ്രാഫറായി ബോളിവുഡിലെത്തിയ അമൽ നീരദ് സംവിധായകനായി മലയാളത്തിൽ സ്വയം പരീക്ഷിച്ച ആദ്യ സിനിമയായിരുന്നു ബി​ഗ് ബി. ബി​ഗ് ബി തുടങ്ങുന്നതിന് മുമ്പ് ഈ സിനിമയെക്കുറിച്ചുള്ള സൂചനകൾ നൽകുന്നൊരു ഫോട്ടോ ഷൂട്ട് സിനിമാ മാഗസിനുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ കോട്ടും സ്യൂട്ടും കൂളിം​ഗ് ​ഗ്ലാസും ധരിച്ചൊരു ഡോണിനെ ഇരുട്ടിനൊപ്പം അവതരിപ്പിച്ചൊരു ഫസ്റ്റ് ലുക്ക് മലയാള സിനിമയുടെ മാസ് ഹീറോ പതിവുകളോട് മുഖം തിരിക്കുന്നതായിരുന്നു. അന്നുവരെ മലയാളത്തിലെ പോപ്പുലർ മാസ് സി​നി​മ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗ്ലാ​മ​ർ കോ​ഷ്യ​ൻസി​ൽ ആ​യി​രു​ന്നി​ല്ല ബി​ഗ് ബി ചിത്രീകരിച്ചിരുന്നതെന്ന് അമൽ നീരദ് പറഞ്ഞിട്ടുണ്ട്. ഒരു സൂപ്പർ സ്റ്റാർ മാസ് സിനിമയുടെ സെറ്റപ്പുകളൊക്കെ പൊളിച്ചടുക്കി തറയിൽ വച്ചൊരു ചിത്രം. ക്യാമറാ ചലനങ്ങളിലും കഥാപാത്ര വിവരണത്തിലും നെടുനീളൻ പഞ്ച് ഡയലോ​ഗുകളെ പടിയടച്ച് പറമ്പിലാക്കിയ പഞ്ച് വൺലൈനറുകളിൽ വരെ മലയാളത്തിന് പുതുമ നൽകുകയായിരുന്നു ബി​ഗ് ബി. വിഷ്വൽ ഡിസൈനിലും കഥ പറച്ചിലും സംഭാഷണങ്ങളിലും നടപ്പിലും ഇരിപ്പിലും നിൽപ്പിലും കാരക്ടർ ഇൻട്രോഡക്ഷനിലും എഡിറ്റിം​ഗിലും അടിമുടി മലയാളത്തിന്റെ പോപ്പുലർ സിനിമയുടെ ​ഗ്രാമർ പൊളിച്ചെഴുതിയ സിനിമ.

ബോക്സ് ഓഫീസിൽ കൂറ്റൻ റെക്കോർഡുകൾ സൃഷ്ട്ടിക്കുകയോ മെ​ഗാവിജയങ്ങളുടെ കണക്കുപട്ടികയിൽ ഇടം പിടിക്കുകയോ ചെയ്ത ഒരു ചിത്രമല്ല ബിഗ് ബി. എന്നിട്ടും രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് അന്നൗൻസ് ചെയ്ത് 5 വർഷങ്ങൾക്കിപ്പുറവും തുടരുന്നു. ഓരോ അപ്ഡേറ്റിനായും പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്നു. എന്തുകൊണ്ടാണത് ? വിജയ ചേരുവകളുടെ ഫോർമുലകളിൽ തെറ്റിച്ച ഒരു ചിത്രത്തിനായി എന്തിനാണിത്ര കാത്തിരിപ്പ് ? അതിനുള്ള ഉത്തരം ആ ചോദ്യത്തിൽ തന്നെയുണ്ട്. ഫോർമുലകൾ തച്ചുടച്ച കണ്ടു ശീലിച്ച നായക സങ്കല്പങ്ങളെ അപ്പാടെ പൊളിച്ചെഴുതിയ സിനിമയാണ് ബിഗ് ബി. ഫോർ ബ്രോതെര്സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ മലയാളം പകർപ്പ് ആണ് ബി​ഗ് ബി എന്ന വാദം നിലനിൽക്കെ തന്നെ സംവിധായകൻ അമൽ നീരദ് മലയാളത്തിലെ പോപ്പുലർ സിനിമയെ പുതുക്കുന്നതിൽ നൽകിയ സംഭാവനകൾക്കൊപ്പം ബി​ഗ് ബി എന്ന ​ഗെയിം ചെയ്ഞ്ചറിന് മുന്നിൽ തന്നെ പ്രതിഷ്ഠിക്കേണ്ടി വരും.

സിനിമാസ്വാദനത്തിന്റെ നിലവാരം എന്നത് തലമുറകൾ കഴിയുംതോറും മാറിക്കൊണ്ടേയിരിക്കും കാലങ്ങൾക്ക് മുന്നേ വന്നൊരു ചിത്രം ചിലപ്പോൾ ചർച്ചകൾക്ക് വിധേയമാകുന്നത് തലമുറകൾ കഴിഞ്ഞാകാം..ഒരു സ്റ്റൈൽ സ്റ്റെമെന്റിന്റെ കൂടെ വരവറിയിച്ച ചിത്രമാണ് ബിഗ് ബി. മുണ്ടു മടക്കി കുത്തിയും മീശ പിരിച്ചും നെടുനീളൻ സംഭാഷങ്ങൾ പറഞ്ഞും വളരെ ലൗഡ് ആയ, പൗരുഷത്തിന്റെ പ്രതീകം എന്നോണം കണ്ടു ശീലിച്ച നായക സൃഷ്ട്ടികളും, പൊള്ളാച്ചിയിലെ സ്ഥിരം സെറ്റിട്ട തടുപൊളിപ്പൻ സിനിമകളും ആവർത്തന വിരസതയായിടത്താണ് ബിലാൽ ജോൺ കുരിശിങ്കലും സംഘവും മിനിമലിസം കൊണ്ട് കൾട്ട് ആയത്.

അമൽ നീരദിന്റെ ഭാഷയിൽ ഏകാകിയാണ് ബിലാൽ. തന്തക്ക് പിറന്ന നായകൻമാരുടെ മഹത്വങ്ങൾക്കിടയിൽ തള്ളക്ക് പിറന്ന പിള്ളേരുടെ കഥയാണ് ബി​ഗ് ബി. പൊള്ളാച്ചിയിൽ നിന്നും വരിക്കാശേരിയിൽ നിന്നും മട്ടാഞ്ചേരിയിലേക്കും ഫോർട്ട് കൊച്ചിയിലേക്കും അവിടത്തെ തല തെറിച്ച മേരി ടീച്ചർ എടുത്ത വളർത്തിയ പിള്ളേരിലേക്കും അമലിന്റെ സൂപ്പർ സിക്സ്റ്റീൻ ക്യാമറ ഓടി നടന്നു. അമൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്- അ​ന്ന​ത്തെ സി​നി​മ​ക​ളി​ൽ നാ​യ​ക​നും വി​ല്ല​നും ക​ണ്ടു​മു​ട്ടു​മ്പോ​ൾ നാ​യക​ൻ വി​ല്ല​ന്റെ അ​പ്പൂ​പ്പ​ന്റെ​യും അ​മ്മൂ​മ്മ​യു​ടെ​യും അ​ട​ക്കം ക​ഥ​ക​ൾ പ​റ​യു​ന്ന രീ​തി ഉ​ണ്ടാ​യി​രു​ന്നു. അ​വ​ർ ഡ​യ​ലോ​ഗ് പ​റ​യാ​ൻ തു​ട​ങ്ങി ഒ​രു പോ​യ​ന്റ് ക​ഴി​യു​മ്പോ​ൾ അ​വ​ർ എ​ന്തി​നെ​ക്കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത് എ​ന്ന് ന​മ്മ​ൾ ത​ന്നെ മ​റ​ന്നു​പോ​കും. നാ​യക​ന്മാ​ർ ഒ​രു​പാ​ടു സം​സാ​രി​ക്ക​രു​ത് എ​ന്ന നി​ർബ​ന്ധം ഞ​ങ്ങ​ൾക്ക് ഉ​ണ്ടാ​യി​രു​ന്നു. കു​ടും​ബ മാ​ഹാ​ത്മ്യ​ങ്ങ​ളും കു​ടും​ബ പേ​രു​ക​ളും പ​റ​ഞ്ഞാ​യി​രു​ന്നു അ​വ​ർ സ്വ​യം വ​ലു​താ​യ​ത്. അ​ങ്ങ​നെ ഒ​ന്നും പ​റ​യാ​നി​ല്ലാ​ത്ത അ​നാ​ഥ​ർ ആ​യി​രു​ന്നു 'ബി​ഗ്‌ ബി'​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ. ''ബി​ലാ​ലി​ക്ക...​മു​രു​ക​നി​ക്ക​യും ഉ​ണ്ട​ല്ലോ..'' എ​ന്ന​ത​ര​ത്തി​ലു​ള്ള കോ​മ​ഡി​ക​ളി​ൽ ആ​യി​രു​ന്നു ഞ​ങ്ങ​ൾക്ക് താ​ൽ​പ​ര്യം. അ​തി​ലെ ചെ​റി​യ അ​നി​യ​നെകൊ​ണ്ട് ചാ​യ എ​ടു​പ്പി​ക്കു​മ്പോ​ൾ ''എ​ന്താ​ടാ... പെ​ണ്ണ് കാ​ണ​ലാ​ണോ?'' എ​ന്ന് ചോ​ദി​ക്കു​ന്ന സ​​ട്ടി​ൽ ആ​യ കോ​മ​ഡി​ക​ൾ മാ​ത്ര​മേ 'ബി​ഗ്‌ ബി​'യി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അതേ ആ സ്വാഭാവികത, അതിനൊപ്പമുള്ള തച്ചുടക്കൽ അത് മലയാള സിനിമയിലെ പിന്നിങ്ങോട്ടുള്ള മാസ് സിനിമകളുടെ തച്ചുശാസ്ത്രമായി മാറി.

സ്റ്റോൺ ഫേസ് ആക്ടിം​ഗ്, ബാലൻമാഷിനെയും അച്ചൂട്ടിയെയും വിദ്യാധരനെയും ജോസഫ് അലക്സിനെയും മുഖ പേശീ ചലനങ്ങളിൽ ഭാവ ഭദ്രമാക്കിയ മമ്മൂട്ടിയെന്ന മലയാളത്തിന്റെ ​ഗ്രേറ്റ് ആക്ടർ, ബിലാൽ ജോൺ കുരിശിങ്കലായി സ്റ്റോൺ ഫേസിൽ ഉറച്ചുനിന്നു. അണ്ടർ പ്ലേ ആക്ടിം​ഗിലൂടെ ബിലാലിലെ കാറും കോളും കടലിരമ്പവും നിറഞ്ഞ മനുഷ്യനെ മലയാളി കാലങ്ങളോളം കൂടെ നിർത്തുന്നു. മമ്മൂട്ടിയുടെ ​എവർ​ഗ്രീൻ പെർഫോർമൻസിന്റെ ഷോ കോസിലേക്ക് മേരി ജോൺ കുരിശിങ്കലിന്റെ മകനും തലനിവർത്തി നിന്നു. എഡ്ഡിയെയും മുരുകനെയും ബിജോയെയും പതിനാറ് കൊല്ലത്തിനിപ്പുറവും മലയാളി ഫോർട്ട് കൊച്ചിയിൽ തിരയാറുണ്ട്.

2011ൽ ട്രാഫിക്കും ചാപ്പാക്കുരിശും സോൾട്ട് ആൻഡ് പെപ്പറും ഉൾപ്പെടെ നരേറ്റീവിലും വിഷ്വൽ സ്റ്റൈലിലുമെല്ലാം ഡിജിറ്റൽ ഷിഫ്റ്റിനൊപ്പം ലോക സിനിമയുടെ അവതരണ രീതിയിലെ മാറ്റങ്ങളെ പിൻപറ്റിയപ്പോൾ അമൽ നീരദ് എന്ന ഛായാ​ഗ്രാഹകനും സംവിധായകനും വീണ്ടും ചർച്ചകളിലേക്കെത്തി. ഇതിനിടയിൽ അമൽ നീരദ് എന്ന സംവിധായകൻ വളർന്നു. സിനിമാക്കാഴ്ചകൾക്ക് പുത്തൻ അനുമാനങ്ങൾ സമ്മാനിച്ചു മനോഹര വിഷ്വലുകളുടെ അകമ്പടിയോടെ അയാൾ കഥകൾ മെനഞ്ഞു. അൻവറും, ബാച്‌ലർ പാർട്ടിയും, ഇയ്യോബിന്റെ പുസ്തകവുമെല്ലാം അയാളിലെ സ്റ്റൈലിഷ് സംവിധായകനെയും ഛായാഗ്രാഹകനെയും പ്രേക്ഷകരുടെ ഇടയിൽ സ്വീകാര്യത ഉണ്ടാക്കി കൊടുത്തവയായിരുന്നു.

ബിലാൽ എന്ന ചിത്രത്തിനെ പ്രേക്ഷകർ കാത്തിരിക്കുന്നത് ഇതേ സംവിധായകനിലുള്ള പ്രതീക്ഷകൊണ്ട് കൂടിതന്നെയാണ്. പതിനഞ്ചു വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയും അമൽ നീരദും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിച്ചപ്പോൾ ആ സിനിമക്കുണ്ടായ പ്രീ റിലീസ് ഹൈപ്പും റിലീസിന് ശേഷം സിനിമ കൈവരിച്ച വിജയവുമൊക്കെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിന് ആക്കം കൂടിയിട്ടുണ്ട്. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയെ വളരെ സ്റ്റൈലിഷ് ആയി വീണ്ടും അമൽ നീരദ് ഭീഷ്മയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു.

ബിഗ് ബി അവസാനിക്കുന്നത് അബുവിലൂടെയാണ്. ടീച്ചറെ അന്വേഷിച്ചു വീട്ടിലെത്തിയ അബുവിനെ ടീച്ചറുടെ ആഗ്രഹപ്രകാരം തന്റെ കുടുംബത്തിലേക്ക് ക്ഷണിക്കുന്ന ബിലാലിനെ സിനിമയുടെ അവസാനം കാണാനാകും. രണ്ടാം ഭാഗം എത്തുമ്പോൾ അബു ആരായിരിക്കും എന്ന ചോദ്യം വളരെ റെലെവെൻറ് ആയി സിനിമ സർക്കിളുകളിൽ ചർച്ചചെയ്യപെടുന്നുണ്ട്. ചിത്രത്തിൽ അബു ആയി ദുൽഖർ സൽമാൻ എത്തുന്നു, ദുൽഖറും മമ്മൂട്ടിയും ബിലാലിലൂടെ ആദ്യായി ഒന്നിച്ചഭിനയിക്കുന്നു എന്ന വാർത്ത സമൂഹമാധ്യങ്ങളിൽ പ്രചരിച്ചതോടെ ബിലാലിന്റെ പ്രതീക്ഷകൾ പിന്നെയും വാനോളം ഉയർന്നു.

ദി ക്യു നടത്തിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറയുന്നുണ്ട് ഇത്രയും പരുക്കനായ ബിലാൽ എന്ന കഥാപാത്രം കരയുന്ന രീതി തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന്. അത്തരത്തിൽ കഥാപാത്രങ്ങളിലെ വൈവിധ്യതകൾ കൂടെ മനോഹരമായി അമൽ നീരദ് ബിഗ് ബിയിലൂടെ കാണിച്ചുവക്കുന്നുണ്ട്. ബിലാൽ എന്ന ചിത്രം പഴം തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ്. ഒന്നാം ഭാഗത്തിന് വൈകിയാണ് പ്രേക്ഷക പ്രശംസ കിട്ടിയതെങ്കിൽ രണ്ടാം ഭാഗം കളക്ഷൻ റെക്കോർഡുകൾ ഭേദിക്കാൻ കെല്പുള്ള തരത്തിലാകും പ്രേക്ഷകർ ആഘോഷിക്കുക. കാരണം ബിലാൽ ജോൺ കുരിശിങ്കലിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളുടെ എണ്ണം ഇന്ന് വളരെ വലുതാണ്. സമീർ താഹിർ ആയിരുന്നു ബി​ഗ് ബിയുടെ ക്യാമറ. ​സംഗീതം അൽഫോൻസ് ജോസഫ്. ഗോപിസുന്ദറായിരുന്നു പശ്ചാത്തല സം​ഗീതം.അമൽ നീരദിന്റെ തന്നെയായിരുന്നു സ്ക്രിപ്റ്റ്. ഡയലോ​ഗ് എഴുതിയത് ഉണ്ണി ആർ. എഡിറ്റിം​ഗ് വിവേക് ഹർഷനും.

അമൽ നീരദിന്റെ ഭാഷയിൽ ബിലാൽ ഏ​​കാ​​കി​​യും ട്രാ​​വ​​ല​​റും ആ​​ണ്. അ​​യാ​​ളു​​ടെ ആ​​ക്സ​​സ​​റീ​​സ് പോ​​ലും അ​​ത്ത​​രത്തിലാണ്. അ​​യാ​​ൾ ചി​​ക്ക​മ​ഗ​ളൂ​രു​വി​​ൽ നി​​ന്നാ​​ണ് ഫോർട്ട് കൊച്ചിക്ക് വന്ന​​ത്. ബി​​ലാ​​ൽ ഒ​​രു ജി​​പ്സി ആ​​ണ്. അ​​തി​​ന്റെ സോ​​ഫി​​സ്റ്റി​​ക്കേ​​ഷ​​നും അ​​യാ​​ൾക്ക് ഉ​​ണ്ട് എന്നാണ് സംവിധായകൻ പറഞ്ഞിരിക്കുന്നത്. ബിലാൽ എന്നത് ബി​ഗ് ബിയുടെ സീക്വൽ ആണോ അതോ പഴയ ബിലാലും എഡ്ഡിയും മാർക്ക് ചെയ്ത കൊച്ചിയിലൂടെയുള്ള പ്രീക്വൽ ആണോ എന്നതിന് സംവിധായകൻ ഇനിയും ഉത്തരം നൽകിയിട്ടില്ല. പ്രീക്വലോ സീക്വലോ എന്ത് തന്നെയായായാലും മമ്മൂട്ടിയുടെ അപ്കമിം​ഗ് പ്രൊജക്ടുകളിൽ ബിലാലിനോളം ഹൈപ്പ് ഉയർത്താൻ മറ്റൊരാൾക്കുമാകില്ല.

Related Stories

No stories found.
logo
The Cue
www.thecue.in