Caste, Oppression & Power: The Unexplored Side of Narayaneente Moonnanmakkal
എന്നെ പൊട്ടൻ എന്ന് വിളിക്കരുത് എന്ന് പറയുന്ന സേതുവിനെ നിങ്ങൾ കേട്ടിരുന്നോ? അയാൾ തിളച്ചാൽ ഓഫ് ചെയ്തേക്കണേ എന്ന് പറഞ്ഞ് പാകമാക്കിപ്പോയ ചെമ്മീൻ കറി പോലെ, അയാൾ വീണ്ടെടുക്കാൻ ശ്രമിക്കുന്ന കുടുംബവും വിശ്വന്റെയും, ഭാസ്കരന്റെയും തല്ല് കാരണം അടിയിൽ പിടിച്ച് കരിഞ്ഞ് പോകുകയാണ്. ജാതിയിലും മതത്തിലും, അധികാരഭാവത്തിലും, ഉരുകി മരിക്കുന്ന മനുഷ്യർ. ഇൻസസ്റ്റ് തെറ്റാണ്, അതിൽ മറുവാദമൊന്നുമില്ല. അതിലേക്ക് മാത്രം ചർച്ച ചുരുങ്ങുന്നതിലാണ് പ്രശ്നമിരിക്കുന്നത്
അഞ്ചും അഞ്ചും ഗുണിക്കാൻ അറിയാത്ത 'പൊട്ടൻ' ചേർത്ത് തുന്നാൻ ശ്രമിക്കുന്ന പൊട്ടിപ്പോയ കണ്ണാടി പോലുള്ള കുടുംബബന്ധം. ആത്മബന്ധവും, രക്തബന്ധവും രണ്ടും രണ്ടാണെന്ന് ഇന്നും മലയാളി തിരിച്ചറിയാഞ്ഞിട്ടോ മറ്റോ, ചർച്ചകൾ കെട്ടിക്കിടക്കുന്നത് ഇവിടുള്ള സദാചാരബോധത്തിൽ മാത്രമാണ്. നാരായണീന്റെ മൂന്നാന്മക്കൾ എന്നതിന് പകരം നാരായണീന്റെ മൂന്ന് മക്കൾ എന്ന പേരിൽ വിശ്വനെയോ, ഭാസ്കരനെയോ ഒരു പെണ്ണാക്കിയിരുന്നുവെങ്കിൽ ഈ ചർച്ച ഇവിടെ ഉണ്ടാകുമായിരുന്നോ എന്ന ന്യായമായ ചോദ്യം ചോദിച്ചു തുടങ്ങാം.
അമ്മയെ കൊല്ലാൻ തുനിയുന്ന മക്കളോ, ജാതിവെറിയിൽ വെന്ത തലമുറകളോ, മതചിന്തയിൽ നിന്ന് മാത്രം ഉറപൊട്ടി വന്ന വിദ്വേഷമോ, ഇരട്ടത്താപ്പോ, ഡിസ്ലെക്സിക് ആയ ഒരു മനുഷ്യനെ ജീവിതകാലം മുഴുവൻ ബുള്ളി ചെയ്ത സഹോദരങ്ങളോ നിങ്ങളുടെ കണ്ണിൽപ്പെട്ടില്ല എങ്കിൽ നോക്കൂ, ഏറ്റവും എളുപ്പത്തിൽ പറഞ്ഞാൽ ഇങ്ങനെ തന്നെയാണ് പാട്രിയാർക്കി നിങ്ങളിലും പൊതുവെ സമൂഹത്തിലും പ്രവർത്തിക്കുന്നത്.
പാഠം ഒന്ന്
ഇൻസെസ്റ്റ്. ശാസ്ത്രീയ വശം മാത്രമെടുത്ത് പറഞ്ഞാൽ യാതൊരു വിധത്തിലും അംഗീകരിക്കാൻ സാധിക്കാത്ത ബന്ധമാണ് ബ്ലഡ്ലൈനിൽ ഉള്ള സഹോദരങ്ങൾ തമ്മിലുള്ളത്. കൾച്ചറൽ ടാബൂ അല്ലത്. ചിത്രം അതിനെ ന്യായീകരിക്കുന്നുണ്ടോ എന്നത് ചോദ്യമാണ്. ഇല്ല, എന്ന് അണിയറപ്രവർത്തകർ വാദിക്കുന്നുണ്ട് എങ്കിൽ തന്നെയും ആർക്കെങ്കിലും അത് ഗ്ലോറിഫൈഡ് ആയോ, നോർമലൈസ്ഡ് ആയോ തോന്നിയെങ്കിൽ ഈ വാദത്തിന് പ്രസക്തിയില്ല. ആളുകൾക്ക് അവർ തമ്മിലുള്ള ബന്ധം അരോചകമായി തോന്നിയെങ്കിൽ, അത് ഡിസ്റ്റർബിങ് ആകാൻ തന്നെയാണ് ചിത്രീകരിച്ചത് എന്ന് സംവിധായകൻ പറയുന്നുണ്ട്. എങ്കിൽ തന്നെയും ചിത്രം യാതൊരു തരത്തിലും ആതിരയും - നിഖിലും തമ്മിലുള്ള ബന്ധം തെറ്റാണ് എന്ന് പറഞ്ഞു വയ്ക്കുന്നില്ല, അതിന്റെ അക്കൗണ്ടബിലിറ്റി ഏറ്റെടുക്കുന്നുമില്ല. കാണുന്നയാളുടെ ബോധ്യത്തിൽ മാത്രം അധിഷ്ഠിതമാണ് ആ പറഞ്ഞത് എന്ന് പറയാം.
ചെറിയമ്മയുടെ മകൾ മുറപ്പെണ്ണല്ല എന്ന തിരിച്ചറിവ് ഇല്ലാതെ പ്രേമിച്ചപ്പോൾ നാട് വിട്ട് പോയ മൈക്കിന്റെ മേനോനെ ഓർക്കുന്നുണ്ടോ? അയാൾ റെയിൽവേ പാലത്തിൽ മേനോൻ കാത് നിൽക്കുമ്പോൾ അവൾ കിണറ്റിൽ അവൾ മുങ്ങിത്താഴുകയായിരുന്നു എന്നയാൾ പറയുന്നുണ്ട്.
ആ ബന്ധത്തെ ന്യായീകരിക്കാൻ ഈ വിഡിയോ ശ്രമിക്കുന്നില്ല. പക്ഷെ സോഷ്യൽ മീഡിയയിൽ മുറവിളി കൂട്ടുന്നവർ എത്രയോ വരുന്ന മുറപ്പെണ്ണ് - മുറചെറുക്കൻ ബന്ധങ്ങൾ കണ്ട് പ്രേമസുരഭിലമായ സ്വപ്നങ്ങൾ കണ്ടിരിക്കുന്നു? ബയോളജിക്കലി/ജനെറ്റിക്കലി രണ്ടും ഒന്ന് തന്നെയാണ്. അങ്ങനെ വരുമ്പോൾ ഈ ബഹളം വയ്ക്കുന്നവർ അതേ പറ്റി കൂടെ ആലോചിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
പാഠം രണ്ട്
ജാതീയത - വർഗീയത
തലമുറ തലമുറകളായി കൈമാറി വന്ന മണ്ണ് തിരികെപ്പിടിക്കാനായി വരുന്ന ഒരു മുത്തശ്ശനെ നിങ്ങൾക്ക് വേണമെങ്കിൽ കരുണയോടെ കാണാം, വിശ്വൻ അവരുടെ അച്ഛന് നൽകുന്ന കാവ്യനീതിയാണ് അതിനോടുള്ള എതിർപ്പ് എന്നും നിങ്ങൾക്ക് ചിന്തിക്കാം. ഇതിൽ ഏത് തട്ടിലാണ് നിങ്ങൾ എന്നത് നിങ്ങളുടെ രാഷ്ട്രീയത്തെ കാണിക്കുമെന്ന് മാത്രം. ലെഫ്റ്റ് ഒരു റൈറ്റ് എന്നതിനുള്ള ഉത്തരം അവിടെയുണ്ട്. വിശ്വൻ നിഖിലിനെ കുറിച്ച് ആദ്യം ചോദിക്കുന്നത് അവൻ ഹിന്ദു ആണോ എന്നാണ്. അയാൾ തന്നെ തന്റെ പൂർവികർ നേരിട്ട വിവേചനം തിരിച്ചറിയുന്നുണ്ട്. പക്ഷെ നോക്കൂ, എല്ലാവരിലുമുള്ള, 'നമ്മുടെ കൂട്ടരാ' ചിന്ത വില്ലനാണ്.
അയാൾക്ക് മണ്ണിനോട് വല്ല ഇമോഷണൽ അറ്റാച്മെന്റും കാണും എന്ന് വാദിക്കുന്ന, പഴയ കാര്യങ്ങൾ മറക്കാൻ ആവശ്യപ്പെടുന്ന ഭാസ്കരൻ ആണ്, 'ചെറ്റ വർത്താനം പറയരുത്' എന്ന് പറയുന്നത്. വേരറുത്ത് കളയാത്ത ഒരു കളയും വീണ്ടും മുളപൊട്ടി വരില്ല എന്ന ഉറപ്പു നൽകാനാകില്ല.
പാഠം മൂന്ന്
സേതു
നാരായണീന്റെ മൂന്നാന്മക്കൾ അവസാനിക്കുമ്പോൾ എന്നിൽ ബാക്കിയായത് സേതുവാണ്. അമ്മയെ അത്ര കാലം നോക്കിയത് അയാളാണ്. അയാൾ എന്ന മനുഷ്യൻ അനുഭവിച്ചതും, ചെയ്തതും, നിരാകരിച്ചു കൊണ്ട് സഹോദരങ്ങൾ രണ്ട് പേരും ബുള്ളി ചെയ്യുന്ന സേതുവിനെ നിങ്ങൾ എന്താണ് കാണാത്തത്? ചർച്ച ചെയ്യാത്തത്? ഡിസ്ലെക്സിക് ആയ അയാളെ ചെറുപ്പം മുതൽ സഹോദരങ്ങൾ രണ്ട് പേരും ഉപദ്രവിക്കുന്നുണ്ട്. അയാളെ പൊട്ടനെന്ന് വിളിക്കുന്നത് സമൂഹം മുഴുവനാണ്. സേതു അമ്മയെ പറഞ്ഞയക്കുന്നത് അറ്റുപോയ ബന്ധങ്ങൾ ഏച്ചുകെട്ടാൻ ആണെന്നെങ്കിലും വിശ്വസിക്കാം.
പാഠം നാല്
‘ജോയിന്റ്’ ഫാമിലി
ചിത്രത്തോട് എതിർപ്പുള്ളത് ഈ കാര്യത്തിലാണ്. ലഹരി സമൂഹത്തെ ബാധിക്കുന്നു, സിനിമയാണ് അതിന് കാരണം എന്നെല്ലാം പറയുന്നിടത്ത്, വളരെ നോർമലൈസ്ഡ് ആയി, ഒരു ചെറിയ പരിധിവരെയെങ്കിലും ഗ്ലോറിഫൈ, അത് കാണിക്കുന്നുണ്ട് . പക്ഷേ നമ്മൾ ഇൻസസ്റ്റിന് പിന്നാലെയാണല്ലോ.
സമൂഹ്യശാസ്ത്രത്തിൽ ക്ലാസ് എടുക്കാനോ, സമൂഹത്തെ ഒന്നടങ്കം പ്രതിസ്ഥാനത്ത് നിർത്താനോ അല്ല ഇത്രയും പറഞ്ഞു വച്ചത്. ഒരു സിനിമ എന്ന നിലയിൽ well crafted ചിത്രമാണ് നാരായണീന്റെ മൂന്നാന്മക്കൾ. ഇൻസെസ്റ്റ് എന്നതിന് അപ്പുറത്തേക്ക് ചർച്ചകൾക്കുള്ള വാതിലുകൾ ചിത്രം തുറന്നിടുന്നുണ്ട്. ജോജു ജോർജ് സേതുവായി പരിണമിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പെർഫോർമൻസുകളിൽ ഒന്നായി മാറുന്നുണ്ട്. മരിക്കാൻ കിടക്കുന്ന അമ്മ നന്മയുടെയും, ത്യാഗത്തിന്റെയും പ്രതീകമാകാതെ ആ കുടുംബത്തിന്റെ ഡിസോറിയേന്റേഷനുള്ള ഉത്തരമാകുന്നുണ്ട്. കേവലം മനുഷ്യനാകുന്നുണ്ട്. സംഗീതവും ഛായാഗ്രഹണവും സംഭാഷണങ്ങളും ചിത്രത്തിന് താളവും ഇമ്പവും നിറങ്ങളും നൽകുന്നുണ്ട്. കേവലം ഇൻസെസ്റ്റ് എന്നതിലേക്ക് ചുരുക്കി ചിത്രത്തെ, അത് പറയുന്ന ആശയങ്ങളെ, അതിന്റെ ക്രാഫ്റ്റിനെ, ആ ബന്ധങ്ങളുടെ ഇട്ടാൽ പൊട്ടുന്ന ശേഷിയില്ലായ്മയെ കൂടെ കണക്കിലെടുക്കൂ. ചർച്ച ചെയ്യൂ.