ബാർബിയും പിങ്കും പെണ്ണുങ്ങളുടേത് മാത്രമല്ല, ഓപ്പൺഹൈമറിന് ഒപ്പം തന്നെയാണ്

'100% തീർച്ചയായും ഞാൻ ബാർബി കാണാൻ പോകും - അത് കാണാൻ എനിക്ക് കാത്തിരിക്കാനാവില്ല, അത്ഭുതകരമായ ചലച്ചിത്ര പ്രവർത്തകരുടെ രണ്ട് അതിശയകരമായ ചിത്രങ്ങൾ ഒരേ ദിവസം പുറത്തിറങ്ങുന്നത് വ്യവസായത്തിനും പ്രേക്ഷകർക്കും വളരെ മികച്ചതാണെന്ന് ഞാൻ കരുതുന്നു'. നടൻ കിലിയൻ മർഫി ഒരു അന്താരാഷ്ട്ര മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണിത്. ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിത രേഖയായ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിനൊപ്പം തിയറ്റർ റിലീസിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ഗ്രേറ്റ ഗെർവിക്കിന്റെ 'ബാർബി' എന്ന ചിത്രം. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ലോകത്തെ കളിപ്പാട്ട വിപണി അടക്കിവാഴുന്ന പാവയാണ് ബാർബി.

പിങ്ക് പൂശിയ വർണ്ണശബളമായ പെൺ ലോകമാണ് ബാർബിയുടേത്. അവിടെ ബാർബിക്ക് ഏത് ജോലിയും ചെയ്യാൻ കഴിയും ഏത് മേഖലയിലും സാന്നിധ്യം അറിയിക്കാൻ കഴിയും. ബാർബിയുടെ ലോകത്തിലൂടെ പെൺകുട്ടികൾക്ക് ബാർബി നൽകുന്ന കാഴ്ചപ്പാട് തങ്ങളുടെ സ്വാതന്ത്രത്തെക്കുറിച്ചുള്ള ഇച്ഛയ്‌ക്കൊത്ത് സഞ്ചരിക്കാനുള്ള സ്വാതന്ത്ര ബോധത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ്. എന്നാൽ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി തന്നെ മാറ്റലിന്റെ ബാർബി ഡോൾ ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളുടെ വിമർശനത്തിന് വിധേയമാകുന്നുണ്ട്. എന്നാൽ ഗ്രെറ്റ ഗെർവിക്കിലേക്ക് വരുമ്പോൾ ബാർബിക്ക് സംഭവിക്കാൻ പോകുന്ന മാറ്റമാണ് ഓപ്പൺഹൈമർ എന്ന ചിത്രത്തിനൊപ്പം ബാർബിയുടെ സിനിമ മാർക്കറ്റിനെ വളർത്തുന്നത്.

അമേരിക്കൻ ബഹുരാഷ്ട്ര കളിപ്പാട്ട കമ്പനിയായ മാറ്റലിന്റെ സഹസ്ഥാപകരിലൊരാളായ റൂത്ത് ഹാൻഡലർ ഒരിക്കൽ മകൾ ബാർബറ കടലാസ് പാവകളുമായി കളിക്കുന്നത് കാണുകയും പ്രായപൂർത്തയായ പാവകളെ ഒരുക്കുന്നതിലും പുതിയ വേഷങ്ങൾ നൽകുന്നതിലും അവൾക്ക് സന്തോഷം നൽകുന്നതായി കണ്ടെത്തുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കിയ ഹാൻഡലറിന്റെ മനസ്സിലാണ് ആദ്യമായി കുട്ടികൾക്ക് വേണ്ടി പ്രായപൂർത്തിയായ ഒരു പാവ എന്ന ആശയം ഉദിക്കുന്നത്. സീബ്ര വരകളുള്ള ഒരു സ്വിമ്മിങ്ങ് സ്യൂട്ടിൽ പോണിടെയ്ൽ മുടി കെട്ടി നിൽക്കുന്ന ബാർബിയാണ് ലോകത്തിലെ ആദ്യത്തെ ബാർബി. മകൾ ബാർബറയുടെ പേരിൽ നിന്നാണ് ഹാൻഡ്‌ലർ തന്റെ പാവയ്ക്ക് ഈ പേര് കണ്ടെത്തുന്നത്. കളിപ്പാട്ട വിപണി ബാർബിയെ ഏറ്റെടുത്തു. ബില്ല്യണിലധികം പാവകളെ കമ്പനി വിറ്റഴിച്ചു. ബാർബിക്ക് ഫ്രാഞ്ചൈസികൾ ഉണ്ടായി, മർച്ചന്റെസുകൾ ഉണ്ടായി എന്നാൽ യാഥാർത്ഥ്യബോധമില്ലാത്ത സൗന്ദര്യ നിലവാരം പുലർത്തുന്ന പാവയാണ് ബാർബി എന്ന വിമർശനം ബാർബിക്ക് എതിരെ വന്നു.

പെൺശരീരം ഇങ്ങനെയായിരിക്കണം എന്ന സ്റ്റീരിയോ ടൈപ്പ് സെറ്റ് ചെയ്യപ്പെട്ടു എന്നതായിരുന്നു ആദ്യം. ബാർബിയെ പോലെയാകുക എന്നത് കുട്ടികളിൽ രൂപപ്പെടുത്തിയത് ഈറ്റിം​ഗ് ഡിസോർഡ‍ർ അടക്കമുള്ള പ്രശ്നങ്ങളായിരുന്നു. പിങ്ക് പെൺകുട്ടികളുടെയും നീല ആൺകുട്ടികളുടെയും നിറങ്ങളെന്നൊരു ജെൻഡർ ഡിവിഷൻ പോപ്പുലറൈസ് ചെയ്തതിലും ബാർബിക്ക് ഉത്തരവാദിത്തമുണ്ട്. അത് ആൺപെൺ വസ്ത്രങ്ങളിലേക്കും, കളിപ്പാട്ടങ്ങളിലേക്കും, അവരുപയോ​ഗിക്കുന്ന വസ്തുക്കളിലേക്കുമെല്ലാം കടന്ന് ചെന്ന് ജൻഡർ സ്റ്റീരിയോടെെപ്പുകൾ സെറ്റ് ചെയ്തു. വിമർശനങ്ങൾക്കും എതിർപ്പുകൾക്കും ശേഷം കാലങ്ങൾ പിന്നിട്ടാണ് മാറ്റൽ ഇത് തിരുത്തുന്നത്. ബാർബിയുടെ നിറത്തിലും റേസിലുമെല്ലാം മാറ്റമുണ്ടായതും ആ തിരുത്തലിന്റെ ഭാ​ഗമായിട്ടാണ്.

പക്ഷേ സെറ്റ് ചെയ്യപ്പെട്ട ജൻഡർ സ്റ്റീരിയോടൈപ്പുകൾ പൂർണമായും അവസാനിക്കാത്ത കാലഘട്ടത്തിലാണ് ബാർബി സിനിമയെത്തുന്നത്. അതുകൊണ്ട് തന്നെ ആദ്യം ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ പുരുഷന്മാർക്ക് വേണ്ടിയുള്ളതും ഗ്രെറ്റയുടെ ബാർബി സ്ത്രീകൾക്ക് വേണ്ടിയുള്ള സിനിമയാണെന്നും എന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നത്. ബാർബിയും പിങ്കുമെല്ലാം പുരുഷന്മാർക്ക് വേണ്ടിയുള്ളതല്ലെന്നോ, അല്ലെങ്കിൽ അതിഷ്ടപ്പെടുന്ന പുരുഷന്മാർക്ക് സോ കോൾഡ് പൗരുഷം ഉണ്ടാവില്ലെന്ന ജൻഡർ സ്റ്റീരിയോ ടൈപ്പ് നിലനിൽക്കുന്ന തരത്തിൽ തന്നെയായിരുന്നു ആ ചർച്ചകളുടെ തുടക്കം.

എന്നാൽ റിലീസടുക്കുന്തോറം ആ വാദങ്ങളും കമന്റുകളുമെല്ലാം പൊളിക്കപ്പെടുന്നുണ്ട്. അതിന് കാരണം ബാർബി ക്രിയേറ്റ് ചെയ്ത സ്റ്റീരിയോടൈപ്പുകളുടെ അവശേഷിപ്പുകൾ നിലനിൽക്കുമ്പോഴും അതെല്ലാം പൂർണമായും തള്ളിക്കളയുന്ന വിധത്തിൽ, തിരുത്തുന്ന വിധത്തിൽ പുതിയ കാലഘട്ടത്തോട് ചേർന്ന് നിൽക്കുന്ന പൊളിച്ചെഴുത്തായിരിക്കും ​ഗ്രേറ്റ ഗെർവി​ഗിന്റെ ബാർബി എന്ന പ്രേക്ഷകർക്കുള്ള പ്രതീക്ഷയാണ്. സത്രീ ഡോമിനേറ്റഡായ ബാർബിയുടെ ലോകത്ത് നിന്നും യഥാർത്ഥ ലോകത്തേക്ക് വരാൻ നിർബദ്ധിക്കപ്പെടുന്ന സിനിമയിലെ ബാർബി മെയിൽ ഡോമിനേറ്റഡായ ഈ ലോകത്ത് എന്താണ് കണ്ടെത്താൻ പോകുന്നത് എന്ന ചോദ്യമാണ് രണ്ടാമത്തേത്, ബാർബി സെറ്റ് ചെയ്ത സ്റ്റീരിയോടൈപ്പുകളിൽ ആദ്യം മുതലെ പൊളിക്കപ്പെട്ടത് സ്ത്രീ എന്ത് ചെയ്യണം എന്ന സമൂഹത്തിന്റെ കണ്ടീഷണിം​ഗായിരുന്നു. അവിടെ ഡോക്ടറായും, വക്കീലായും എന്തിന് ആദ്യമായൊരു പുരുഷൻ സ്പേസിലെത്തുന്നതിന് മുന്നേ ബാർബി ആസ്ട്രോണറ്റുമായിരുന്നു. അതിരുകളില്ലാതെ വളർന്ന ബാർബി സ്ത്രീയ്ക്ക് അതിരുള്ള യഥാർഥ ലോകത്തെ ബാർബിയുടെ തിയറി ഉപയോ​ഗിച്ച് പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാട്ടപ്പെടും എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. സിനിമയുടെ ട്രെയ്ലറും പോസ്റ്ററുമെല്ലാം കാണുമ്പോൾ നിറഞ്ഞു നിൽക്കുന്ന പിങ്ക് നിറം പോലും സിനിമയിൽ വിമർശകാത്മകമായി സമീപിക്കുമെന്ന് കരുതേണ്ടതുണ്ട്.

ഈ പ്രതീക്ഷയ്ക്ക് എല്ലാം കാരണം സംവിധായികയുടെ പേരാണ്. മികച്ച സംവിധായികയ്ക്കുള്ള ഓസ്‌കാർ നോമിനേഷൻ ലഭിച്ച ചുരുക്കം ചില വനിതകളിലൊരാളാണ് ഗ്രേറ്റ ഗെർവിക്. തന്റെ അമ്മ ഫെമിനിസ്റ്റ് പരമായ കാഴ്ചപ്പാടുകൾ കൊണ്ടു തന്നെ ബാർബി പാവകൾക്ക് എതിരായിരുന്നു എന്ന് ഗ്രേറ്റ പറയുന്നുണ്ട്. എന്നാൽ തനിക്ക് ബാർബിയുമായി കളിക്കാൻ ഇഷ്ടമായിരുന്നു. സൗന്ദര്യാത്മകമായ ലോകം സൃഷ്ടിച്ച് ബാർബി കുട്ടികൾക്ക് മുന്നിൽ തുറന്ന് വയ്ക്കുന്ന സൗന്ദര്യ സങ്കൽപ്പം എങ്ങനെയായിരിക്കും ഗ്രെറ്റ പൊളിച്ചെഴുതാൻ പോകുന്നതെന്ന കൗതുകം അത്ര കണ്ട് പ്രേക്ഷകരിൽ ചെറുതല്ല. ​ഗ്രേറ്റയുടെ മുൻ ചിത്രങ്ങൾ തന്നെയാണ് അതിന് കാരണം. സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിലനിൽക്കാത്ത ലേഡിബേർഡും, പാട്രിയാർക്കിയെയും, സിസ്റ്റത്തെയുമെല്ലാം പൊളിക്കുന്ന ലിറ്റിൽ വിമനുമെല്ലാം തന്നെയാണ് പ്രേക്ഷകർക്ക് മുന്നിൽ പ്രതീക്ഷ സെറ്റ് ചെയ്യുന്നത്.

ഹീൽസ് ധരിച്ച് നടക്കുന്ന ബാർബിയുടെ കാലിൽ നിന്നാണ് ബാർബിയുടെ ട്രെയിലറിന്റെ ഫസ്റ്റ് ഷോട്ട് ആരംഭിക്കുന്നത്. ഹീൽസ് മാറ്റി നഗ്ന പാദങ്ങളോടെ നടക്കുന്ന ബാർബിയുടെ കാലുകൾ അപ്പോഴും നിലത്തുറയ്ക്കുന്നില്ല. എന്നാൽ ട്രെയിലറിനിടയിൽ അവളുടെ കാലുകൾ നിലത്ത് പതിയുന്നു മനുഷ്യരുടെ കാലുകൾ പോലെ പാദങ്ങൾ നിലത്തുറയ്ക്കുന്നു. യാഥാർത്ഥ്യ ലോകത്തേക്ക് പോകാൻ നിർബന്ധിക്കപ്പെട്ട ബാർബിക്ക് തന്റെ ശരീരത്തിൽ അനുവാദമില്ലാതെ തൊടുന്ന ഒരു പുരുഷന്റെ മുഖം നോക്കി ഇടിക്കേണ്ടി വരുന്നു. സൂപ്പർ ഹീറോകൾ ഡോമിനേറ്റ് ചെയ്യപ്പെടുന്ന ഒരിടത്തേക്കാണ് ബാർബി എന്നൊരു പാവ പെൺ അഭിലാഷങ്ങളുമായെത്തി ആഗോള വിപണിയെ കീഴടക്കുന്നത്. ഒരു പെണ്ണിന് എഴുത്തുകാരിയാവാൻ പണവും സ്വന്തമായൊരു മുറിയും വേണമെന്ന് വെർജീനിയ വൂൾഫ് പറയും പോലെ യഥാർത്ഥ ലോകത്ത് സ്ത്രീ സ്വപ്‌നങ്ങൾക്ക് കിട്ടാതെ പോകുന്ന പല തരത്തിലുമുള്ള ഇല്ലായ്മകളെ കാട്ടിത്തരുന്ന ബാർബി സ്ത്രീക്ക് മാത്രമുള്ള സിനിമയവില്ലല്ലോ, ലിറ്റിൽ വിമണിൽ ഗ്രെറ്റ തന്റെ പ്രേക്ഷകനോട് പറയുന്നപോലെ 'The World Is Hard On Ambitious Girls.' എന്നത് യാഥാർത്ഥ്യമാകുമോ എന്നും പ്രേക്ഷകർ കാത്തിരിക്കുന്നു.

അണിയറപ്രവർത്തകരുടെ കാര്യമെടുത്താൽ ബാർബി ഒരു നിലയ്ക്കും താഴെയല്ല, മികച്ച സംവിധായികയ്ക്കുള്ള ഓസ്‌കാർ നോമിനേഷൻ ലഭിച്ച വനിതകളിലൊരാളാണ് ​ഗ്രേറ്റ ഗെർവിക്. ബാർബിയായി മാർ​ഗരറ്റ് റോബിയും കെൻ ആയി റയാൻ ​ഗോസ്ലിങ്ങും. ബ‍ഡ്ജറ്റിലും ഓപ്പൺഹൈമറിനോട് കിടപിടിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന രണ്ട് ഹോളിവുഡ് ക്ലാഷ് റിലീസായി തന്നെയാണ് രണ്ട് സിനിമകളും വിലയിരുത്തപ്പെടുന്നത്. അല്ലെങ്കിൽ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ചിത്രമായി തന്നെ ബാർബി പൂർണമായും മാറിക്കഴിഞ്ഞിട്ടുണ്ട്. ഓപ്പൺഹൈമർ ലോകത്തെ ഏറ്റവും വലിയ കൂട്ടക്കൊല സൃഷ്ടിച്ച ആറ്റം ബോംബിനെ എങ്ങനെ അവതരിപ്പിക്കുന്നു, എന്തിനോടായിരിക്കും ആ ചരിത്രം നീതിപുലർത്തുക എന്നതിനൊപ്പം തന്നെ ബാർബി ഏത് തരത്തിലാണ് ബാർബിയുടെ തന്നെ ചരിത്രത്തെയും സൊസൈറ്റിയെയും അടയാളപ്പെടുത്തുക എന്നും എന്താണ് അതിൽ ബാക്കിയാക്കുക എന്നും പ്രേക്ഷകർ കാത്തിരിക്കുകയാണ്, ബാർബി പൊളിറ്റിക്കൽ സിനിമയാകുന്നതും ആ പ്രതീക്ഷയിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in