'പ്രേക്ഷകർ പ്രതീക്ഷിക്കാത്ത വഴിയിലൂടെയാണ് അസ്ത്ര അവരെ കൊണ്ട് പോകുന്നത് : ആസാദ് അലവിൽ അഭിമുഖം

'പ്രേക്ഷകർ പ്രതീക്ഷിക്കാത്ത വഴിയിലൂടെയാണ് അസ്ത്ര അവരെ കൊണ്ട് പോകുന്നത് : ആസാദ് അലവിൽ അഭിമുഖം

അമിത് ചക്കാലക്കലും സന്തോഷ് കീഴാറ്റൂരും പ്രധാന റോളിലെത്തി ആസാദ് അലവിൽ സംവിധാനം ചെയ്ത ചിത്രമാണ് അസ്ത്ര. വനമേഖലയിൽ അരങ്ങേറുന്ന കൊലപാതകം കേന്ദ്രീകരിച്ചാണ് സിനിമ. സിനിമയിലെ ഇൻവെസ്റ്റിഗേഷന്റെ കാര്യങ്ങളും അതിന്റെ മേക്കിങ് ആയാലും കഥ ആയാലും നല്ല രീതിയിലാണ് ഞങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന രീതിയിലല്ല മറ്റൊരു വഴിയിലേക്കാണ് ഞങ്ങൾ അവരെ കൊണ്ട് പോകുന്നത്. അതൊക്കെ പലരും നന്നയിട്ടുണ്ട് എന്ന് പറയുന്നുണ്ട്. കുറച്ച് റിവ്യൂസ് മാത്രമേ ഞാൻ നോക്കാറുള്ളു. ഞാൻ സോഷ്യൽ മീഡിയയിൽ സജീവമല്ല അതുകൊണ്ട് കാര്യങ്ങളൊക്കെ നോക്കുന്നത് എന്റെ മകനാണ്. അവൻ പ്രേക്ഷകർ മോശം പറയുന്നതും നല്ലത് പറയുന്നതും എന്നെ വിളിച്ച് പറയാറുണ്ട്. പക്ഷെ പൊതുവെ നോക്കിയാൽ നല്ലൊരു ശതമാനം ആളുകളും നല്ല അഭിപ്രായം പറയുന്നുണ്ട്. രണ്ടു മണിക്കൂറാണ് സിനിമയുള്ളത് ആ സമയം കടന്ന് പോകുന്നത് അറിഞ്ഞിട്ടില്ല എന്നാണ് റെസ്പോൻസുകൾ വരുന്നത്.

കാസ്റ്റിങ്

അമിത് ചക്കാലക്കൽ അല്ലായിരുന്നു ആദ്യം പരിഗണനയിൽ ഉണ്ടായിരുന്നത് മറ്റൊരു നടനെയായിരുന്നു നോക്കിയിരുന്നത്. പക്ഷെ അദ്ദേഹത്തിന് സിനിമക്കായി മേക്ക് ഓവർ ചെയ്യുമ്പോൾ ബുദ്ധിമുട്ടുണ്ടായിരുന്നു കാരണം മറ്റു സിനിമകളെ അത് ബാധിക്കും അതുകൊണ്ട് കുറച്ച് നീട്ടി കിട്ടുകയാണെങ്കിൽ ചെയ്യാമെന്ന് പറഞ്ഞു. പക്ഷെ അപ്പോഴേക്കും നമ്മുടെ സെറ്റ് വർക്ക് കഴിഞ്ഞ് ടെക്‌നിഷ്യൻസിന് അഡ്വാൻസ് കൊടുത്തതിനാൽ അത് ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. അങ്ങനെ അമിത്തിനോട് പോയി കഥ പറഞ്ഞ് കേൾക്കിപ്പിച്ച് ഇഷ്ടമായി ആണ് പുള്ളി സിനിമ കമ്മിറ്റ് ചെയ്യുന്നത്. വളരെ ബുദ്ധിപൂർവം നീങ്ങുന്ന ഒരു പോലീസ് കഥാപാത്രമാണ് അമിത് ചക്കാലക്കലിന്റേത്. സന്തോഷ് കീഴാറ്റൂർ എസ് പി ആയി ആണ് സിനിമയിലെത്തുന്നത്.

സിനിമയിലേക്ക്

ഞാൻ എം എ ക്ക് പഠിക്കുമ്പോൾ 1999 ൽ മാക്ട ഒരു കോഴ്സ് നടത്തി. അതിൽ മുന്നിലെത്തുന്ന അഞ്ച് പേർക്ക് മാക്ട ഒരു സ്പോൺസർഷിപ്പ് നടത്തിയിരുന്നു അതിൽ എന്റെ സ്പോൺസർ സുരേഷ് ഗോപി ചേട്ടനായിരുന്നു. പുതിയ ക്രീയേറ്റീവ് ആയ ആളുകളെ കണ്ടെത്താനായി നടത്തിയ ഒരു മാസത്തെ കോഴ്സ് ആയിരുന്നു അത്. ജോഷി സാർ, എസ് എൻ സ്വാമി സാർ തുടങ്ങി അന്ന് മലയാള സിനിമയിൽ നിന്നിരുന്ന എല്ലാവരും അതിൽ പങ്കാളികളായിരുന്നു. അതിലൂടെയായിരുന്നു സിനിമയിൽ ചുവടുറപ്പിക്കാം എന്ന ധൈര്യം കിട്ടുന്നത്. എന്നിട്ട് 8 വര്ഷം കഴിഞ്ഞ് 2005 ലാണ് ഞാൻ ഈ ഫീൽഡിലെത്തുന്നത്. അതിന് ശേഷം സുരേഷ് ഗോപി ചേട്ടനൊപ്പം ലാപ്ടോപ്പ് എന്ന സിനിമയിൽ വർക്ക് ചെയ്തു, അമൽ നീരദ് സാറിന്റെ കൂടെ അൻവറിൽ വർക്ക് ചെയ്തു. പിന്നെ അസ്സോസിയേറ്റ് ആയിട്ട് രമേശ് പിഷാരടിയുടെ ഗാനഗന്ധർവൻ, പഞ്ചവർണ്ണതത്തയിൽ ഭാഗമായിരുന്നു. തുടർന്ന് സന്തോഷ് നായരുടെ സച്ചിൻ, സക്കറിയയുടെ ഹലാൽ ലവ് സ്റ്റോറി തുടങ്ങിയവ അവസാനം അസ്സോസിയേറ്റ് ചെയ്ത സിനിമകളാണ്. അസ്ത്രയുടെ റിലീസിന്റെ ഇടയിലും ഓഫ്‌റോഡ് എന്ന സിനിമയിൽ കോ ഡയറക്ടർ ആയി പ്രവർത്തിച്ചു.

അടുത്ത സിനിമ

അടുത്തൊരു സിനിമ പ്ലാനിൽ ഉണ്ട് പക്ഷെ സ്ക്രിപ്റ്റ് പൂർത്തിയായിട്ടില്ല. മഞ്ജു വാര്യരെ മനസ്സിൽ വച്ചാണ് നീങ്ങുന്നത് പക്ഷെ പുള്ളിക്കാരിയുടെ മുൻപിൽ എത്തിപ്പെട്ടിട്ടില്ല, ഒരു ഫാമിലി സബ്ജെക്ട് ആണത്. നിർമാതാവും സ്ക്രിപ്റ്റും റെഡി ആയി വരുകയാണെങ്കിൽ പെട്ടെന്ന് തന്നെ ചെയ്യാവുന്ന സിനിമയാണത്. നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്നാണ് ഞാൻ നോക്കുന്നത്, അസ്ത്രയും ചെറിയൊരു പ്രൊജക്റ്റ് ആയിരുന്നു ആദ്യം പക്ഷെ പിന്നീട് സ്ക്രിപ്റ്റ് മാറ്റിമറിച്ച് എഴുതിയപ്പോൾ വലിയ സിനിമ ആയതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in