'മിഥുൻ മാനുവൽ​ ​ഗരുഡനെ നല്ലൊരു ത്രില്ലറും എന്റെർറ്റൈനെറും ആക്കി മാറ്റി' - അരുൺ വർമ്മ അഭിമുഖം

'മിഥുൻ മാനുവൽ​ ​ഗരുഡനെ നല്ലൊരു ത്രില്ലറും എന്റെർറ്റൈനെറും ആക്കി മാറ്റി' - അരുൺ വർമ്മ അഭിമുഖം

നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്ത് സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗരുഡൻ. ഒരു ലീഗൽ ത്രില്ലർ ആയി ഒരുങ്ങുന്ന സിനിമയുടെ തിരക്കഥയെഴുതുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ബ്രാൻഡ് വാല്യൂവിനേയോ സ്റ്റാർഡത്തെയോ നോക്കി വർക്ക് ചെയ്യുന്ന ഒരാളല്ല സുരേഷ് ഗോപിയെന്നും അത്കൊണ്ടാണ് ഈ സിനിമ ഇങ്ങനെ തന്നെ തിയറ്ററിലെത്തിക്കാൻ സാധിച്ചതെന്ന് സംവിധായകൻ അരുൺ വർമ്മ. മിഥുൻ മാനുവൽ തോമസ് തങ്ങളുടെ കഥയെ നല്ലൊരു എന്റെർറ്റൈനെറും ത്രില്ലറും ആക്കി മാറ്റിയെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ അരുൺ വർമ്മ പറഞ്ഞു.

ഗരുഡന്റെ അഭിപ്രായങ്ങൾ

വളരെ ഹാപ്പിയാണ്, നമ്മൾ പ്രതീക്ഷിച്ച റിസൾട്ട് കിട്ടുന്നു എന്നറിയുമ്പോൾ വളരെ സന്തോഷമുണ്ട്. എല്ലാവരും കൈയ്യടിക്കുന്നു. ഞങ്ങളുടെ മീറ്റർ ഓക്കേ ആയിരുന്നു എന്നറിയുമ്പോൾ ഇനി അടുത്തൊരു സിനിമ ചെയ്യാനുള്ള കോൺഫിഡൻസ് കിട്ടി.

സിനിമയിലേക്കുള്ള യാത്ര

ഇൻഡസ്ട്രിയിൽ വന്നിട്ട് 18 വർഷമായ ആളാണ് ഞാൻ, വളരെ ടഫ് ആയിട്ടുള്ള ഒരു യാത്ര തന്നെയായിരുന്നു സിനിമയിലേത്. എന്റെ യാത്ര മാത്രമാണ് ബുദ്ധിമുട്ടേറിയത് എന്ന് ഞാൻ പറയില്ല, കാരണം സിനിമ ചെയ്യാനിറങ്ങുന്ന ഏതൊരു സംവിധായകനും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഫിലിം മേക്കിങ് എന്നത് വളരെ ശ്രമകരമായിട്ടുള്ള ഒരു ജോലിയാണ്. ആദ്യ സിനിമക്ക് മാത്രമല്ല, രണ്ടാം സിനിമയോ മൂന്നാം സിനിമയോ ആയിക്കൊള്ളട്ടെ ഒരേ പെയിനും സഫറിങ്ങും നേരിട്ടാണ് ഓരോ സിനിമയും എടുക്കുന്നത്.

മിഥുൻ മാനുവൽ തോമസിലേക്ക്

ഈ സിനിമയുടെ കഥ എഴുതിയിരിക്കുന്നത് ജിനേഷ് എന്ന അഡ്വക്കേറ്റായ എന്റെ ഒരു സുഹൃത്താണ്. 2015 മുതലാണ് ഞങ്ങൾ ഇതിന്റെ സ്ക്രിപ്റ്റിംഗ് പ്രോസസ്സ് തുടങ്ങുന്നത്. ശേഷം 2019 ലാണ് കഥ പറയാൻ മാജിക് ഫ്രെയിംസിൽ എത്തുന്നത്. ബൗണ്ട് സ്ക്രിപ്റ്റുമായിട്ട് തന്നെയാണ് ഞങ്ങളവിടെ ചെന്നത്. അതിന് ശേഷം ആർട്ടിസ്റ്റുകളുടെ ഡേറ്റും മറ്റുമൊക്കെ ചെക്ക് ചെയ്ത് വന്നപ്പോൾ ഒരുപാട് താമസം വന്നു. അപ്പോൾ കഥയുടെ പുതുമ നഷ്ട്ടപ്പെട്ടു. ഒരു സമയം കഴിഞ്ഞാൽ എല്ലാ കഥയുടെയും മീറ്റർ മാറുമല്ലോ. ആ സമയത്ത് സ്ക്രിപ്റ്റിനെ ഒന്ന് നവീകരിക്കേണ്ട ആവശ്യം ഞങ്ങൾക്കുണ്ടായി. ലിസ്റ്റിൻ ഞങ്ങൾക്ക് ഈ ഇൻഡസ്ട്രിയിൽ ഉള്ള ഒരുപാട് വലിയ എഴുത്തുകാരുമായി സിറ്റിംഗ് ഒക്കെ തയ്യാറാക്കി തന്നിരുന്നു. അങ്ങനെയായിരുന്നു മിഥുന്റെ അടുത്തേക്ക് എത്തുന്നത്. മിഥുൻ കഥ കേട്ടു, വളരെ പോസിറ്റീവ് ആയിതന്നെ അദ്ദേഹം ‍ഞങ്ങളുടെ കഥയിൽ കോട്രിബ്യൂട്ട് ചെയ്തു. മിഥുൻ മാനുവൽ ഞങ്ങളുടെ കഥയെ നല്ലൊരു എന്റെർറ്റൈനെറും ത്രില്ലറും ആക്കി മാറ്റി. സിനിമയുടെ ബേസ് കഥാപാത്രങ്ങളായ സുരേഷ് ഗോപിയുടെ ഹരീഷും ബിജു മേനോന്റെ നിഷാന്തും തമ്മിലുള്ള പ്രശ്നങ്ങളും ലീഗൽ പരിപാടികളുമെല്ലാം ഞങ്ങളുടെ സ്ക്രിപ്റ്റിൽ ആദ്യമേ ഉണ്ടായിരുന്നു.

സുരേഷ് ഗോപി എന്ന നടൻ

ഒരു ഇൻവിൻസിബിൾ ആയ ഹീറോ, അയാളെ ജയിക്കുന്ന വില്ലൻ എന്ന് പറയുമ്പോൾ ഓപ്പോസിറ്റ് അത്രയും വലിയൊരാൾ തന്നെ വേണം. ബിജുവേട്ടനാണ് ആദ്യം ഒക്കെയാവുന്നത്. ബിജുവേട്ടന്റെ ഓപ്പോസിറ്റ് നിൽക്കാൻ, ആ പെർഫോർമൻസിന് ഒപ്പം അല്ലെങ്കിൽ അതിനും മുകളിൽ കൊടുക്കാൻ പറ്റുന്നൊരാൾ കൂടെ വേണം. അങ്ങനെയാണ് സുരേഷേട്ടനിലേക്ക് എത്തുന്നത്. സുരേഷേട്ടൻ കഥ കേട്ടയുടൻ ചെയ്യാമെന്ന് സമ്മതിച്ചു. സിനിമക്ക് എന്ത് വേണമോ അതിനാണ് സുരേഷേട്ടൻ എപ്പോഴും വർക്ക് ചെയ്യുന്നത്. അല്ലാതെ പുള്ളിയുടെ ബ്രാൻഡ് വാല്യൂവിനേയോ സ്റ്റാർഡത്തെയോ നോക്കി വർക്ക് ചെയ്യുന്ന ഒരാളല്ല അദ്ദേഹം. അങ്ങനെ ആയതുകൊണ്ടാണ് ഈ സിനിമ എനിക്ക് ഇങ്ങനെ തന്നെ തിയറ്ററിലെത്തിക്കാൻ സാധിച്ചത്. കാരണം അദ്ദേഹം ഒരുതരത്തിലും എന്നോട് ഇല്ല ഇത് ചെയ്യാൻ പറ്റില്ല എന്നോ, ഞാൻ തളരുന്നത് ശരിയല്ല, ഞാൻ തോൽക്കുന്നത് ശരിയല്ല എന്നോ പറഞ്ഞിട്ടില്ല. അദ്ദേ​ഹത്തിന് അതിനെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. എവിടെ തോറ്റാൽ എവിടെ ജയിക്കുമെന്ന് അദ്ദേഹത്തിനറിയാം അതാണ് അദ്ദേഹത്തിന്റെ എക്സ്പീരിയൻസ്. തോൽവികൾ വലിയൊരു ജയത്തിന്റെ ഭാഗമാണെന്നു അദ്ദേഹത്തിന് മനസ്സിലാകും.

ഫസ്റ്റ് ഹാഫ് ആൻഡ് സെക്കന്റ് ഹാഫ്

റിവ്യൂയിങ് ഒക്കെ ഹെവി ആയതിന് ശേഷമാണ് ഫസ്റ്റ് ഹാഫ് സെക്കന്റ് ഹാഫ് എന്നൊക്കെ വേർതിരിക്കാൻ തുടങ്ങിയത്. ശരിക്കും ഫസ്റ്റ് ഹാഫ് കൂടി ചേരുന്നതാണ് സെക്കന്റ് ഹാഫ് ആയി മാറുന്നത്. നിങ്ങൾക്ക് സെക്കന്റ് ഹാഫ് ഫാസ്റ്റ് ആയി തോന്നുന്നതിന്റെ കാരണം ഫസ്റ്റ് ഹാഫിൽ പല ഡീറ്റൈലിംഗും ഉള്ളതുകൊണ്ടാണ്. ഒരു ക്രൈം ത്രില്ലറിൽ ഒരുപാട് ബ്രെയിൻ ഗെയിം കഥയിൽ ഉണ്ടാകും. സിനിമയിലെ കഥാപാത്രങ്ങൾ മാത്രമല്ല, കാണുന്ന പ്രേക്ഷകരും ഞങ്ങൾ സിനിമാക്കാരും തമ്മിലുള്ള മൈൻഡ് ഗെയിമും വളരെ സ്ട്രോങ്ങ് ആയിട്ടുണ്ട്. ഇത് സംഭവിക്കുന്നത് നമ്മൾ ഓരോ കാര്യങ്ങളും ഓരോ സ്ഥലത്ത് പ്ലേസ് ചെയ്യുന്നത് കൊണ്ടാണ്. ഫസ്റ്റ് ഹാഫിൽ കുറെ വിവരങ്ങൾ കൊടുത്താലേ രണ്ടാം പകുതി വേഗത്തിൽ നീങ്ങു. ഞങ്ങൾ ഈ സിനിമയെ ഫസ്റ്റ് ഹാഫ് സെക്കന്റ് ഹാഫ് എന്ന് വേർതിരിച്ച് കണ്ടിട്ടില്ല. ഫസ്റ്റ് ഹാഫിൽ കുറെ എലെമെന്റുകൾ ഞങ്ങൾ ഇട്ട് പോയിട്ടുണ്ട്, അതെല്ലാമെന്ന് രണ്ടാം പകുതിയിൽ ചുരുൾ അഴിയുന്നത്. ഈ രണ്ട് പകുതികളും പരസ്പരം ഡിപെൻഡഡ്‌ ആണ്.

റിവ്യൂ ബോംബിങ്ങിനെപ്പറ്റി

ഇതുവരെയും ഞങ്ങൾക്ക് നെഗറ്റീവ് റിവ്യൂ ഒന്നും കേൾക്കേണ്ടി വന്നിട്ടില്ല. പത്ത് മുന്നൂറ് പേര് ചേർന്ന് ഒരു സംഭവം ഉണ്ടാക്കുമ്പോൾ ഒരുപാട് പേരുടെ അന്നം കൂടിയാണ് ഈ സിനിമ. ആരുടേയും സഹായമില്ലാതെ വീടും നോക്കണം സിനിമ ഉണ്ടാക്കാനുള്ള സ്വപ്നവും നോക്കി നടത്തണം എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടാണ്. ചില ദിവസങ്ങളിൽ റോഡിൽ വരെ കിടന്നുറങ്ങിയിട്ടുണ്ട്. അങ്ങനെയൊക്കെയാണ് ഒരു സിനിമ നമ്മൾ ചെയ്യുന്നത്. അതിന് ശേഷം ഒരു നിർമാതാവിനെ കാണുന്നു, ആർട്ടിസ്റ്റുകളെ കാണുന്നു ആരെങ്കിലും ഒരാളെ ഓക്കെ ആക്കാൻ ശ്രമിക്കുന്നു. അവരുടെ ഡേറ്റ്സ് കിട്ടിയാൽ സിനിമ ഷൂട്ട് ചെയ്യുന്നു. വളരെ ബുദ്ധിമുട്ടിയാണ് ഓരോ സിനിമയും തിയറ്ററിൽ എത്തിക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾ റിവ്യൂ ചെയ്യുന്നവർക്ക് ചെയ്യാം പക്ഷെ കുറച്ച് കൈൻഡ് ആയിട്ട് ചെയ്യണമെന്നാണ് എനിക്ക് പറയാൻ ഉള്ളത്. ആരെയും നോവിച്ചുകൊണ്ട് റിവ്യൂ ചെയ്യേണ്ട കാര്യമില്ല. സിനിമ ചെയ്യുന്ന ആളും മനുഷ്യരാണ് എന്ന കാര്യം മനസ്സിൽ വച്ചിട്ട് റിവ്യൂ ചെയ്‌താൽ നന്നായിരിക്കും. സിനിമയുടെ നിലവാരം കുറവാണെങ്കിൽ അത് തീർച്ചയായിട്ടും പറയാം പക്ഷെ അതിനെ മാന്യതയോട് പറയാമല്ലോ. റിവ്യൂ ചെയ്യുന്ന ആളുകളുടെ വരുമാനവും ഈ സിനിമയിലൂടെ തന്നെയാണല്ലോ. ഒപ്പം ഇൻഡസ്ട്രിയും സർവൈവ് ചെയ്യണം.

ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമാതാവ്

ലിസ്റ്റിൻ സ്റ്റീഫൻ ഇല്ലെങ്കിൽ ഈ സിനിമയില്ല. ഒരുപാട് സ്ഥലങ്ങളിൽ ഈ സിനിമ നിന്ന് പോയി ഇതിനപ്പുറം മുന്നോട്ട് പോകില്ല എന്ന ഘട്ടത്തിലും എനിക്ക് ഊർജം തന്ന് എനിക്ക് സപ്പോർട്ടായി നിന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. ഒരു സഹോദരനും മുകളിലാണ് അദ്ദേഹത്തിന് സ്ഥാനം. വളരെയധികം എഫൊർട്ട് ഇട്ട്, കെയർ എടുത്താണ് അദ്ദേഹം ഈ സിനിമയുടെ കൂടെ നിന്നത്. ഞാൻ പതിനെട്ട് വർഷമായി ഇൻഡസ്ട്രിയിൽ വന്നിട്ട്, അതിനാൽ ഒരുപാട് നിർമാതാക്കളെയും ഞാൻ കണ്ടിട്ടുണ്ട് പക്ഷെ പുള്ളിയെപ്പോലെ ഒരു ആളെ ഞാൻ കണ്ടിട്ടില്ല. അതുകൊണ്ടാണ് ഇന്ന് അദ്ദേഹം ടോപ്പിൽ നിൽക്കുന്നത്. വളരെയധികം നന്ദിയുണ്ട് എനിക്ക് അദ്ദേഹത്തോട്.

പ്രേക്ഷകരോട്

വളരെ ഓപ്പൺ മൈൻഡഡ്‌ ആയിട്ട് പ്രേക്ഷകർ ഈ സിനിമ കാണാൻ വരുക തീർച്ചയായും ഈ ചിത്രം നിങ്ങളെ എൻഗേജ് ചെയ്യിപ്പിക്കും. നിങ്ങൾക് ഹാപ്പി ആയിട്ട് സിനിമ കണ്ട് പുറത്തിറങ്ങാം ഗരുഡൻ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നാണ് എന്റെ വിശ്വാസം.

Related Stories

No stories found.
logo
The Cue
www.thecue.in