
കാലിക പ്രസക്തിയുള്ള വിഷയങ്ങൾ അവതരിപ്പിക്കുന്ന അനവധി ചിത്രങ്ങൾ മലയാള സിനിമയിൽ കഴിഞ്ഞ കാലത്ത് അസംഭവിച്ചിട്ടുണ്ട്. ആക്ഷേപ ഹാസ്യത്തിലൂടെ സമൂഹത്തെ വ്യക്തമായി വിമർശിച്ചുകൊണ്ടാണ് അങ്ങനെയുള്ള സിനിമകൾ ചർച്ചയാകാറുള്ളത്. പഞ്ചവടിപ്പാലവും സന്ദേശവും ഉൾപ്പെടെയുള്ള പൊളിറ്റിക്കൽ സറ്റയറുകൾ കൂടാതെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ജയ ജയ ജയ ഹേ പോലെയുള്ള കുടുംബ വ്യവസ്ഥിതികളെ പൊളിച്ചെഴുതുന്ന സിനിമകളും പ്രേക്ഷകരിലെത്തിയിട്ടുണ്ട്. അർജുൻ അശോകൻ നായകനായി എത്തുന്ന അൻപോട് കണ്മണിയും അത്തരത്തിൽ ഒരു വിഷയമാണ് സംസാരിക്കുന്നത്. സറ്റയറിലൂടെ ഗൗരവമുള്ള ഒരു വിഷയം പറയാൻ 'അൻപോട് കണ്മണി' എത്തുമ്പോൾ ചിത്രത്തിന്റെ സംവിധായകൻ ലിജു തോമസ് ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
വിവാദമല്ല, സിനിമ ജീവിത യാഥാർഥ്യങ്ങളുടെ അടയാളപ്പെടുത്തൽ
സെൻസിറ്റിവായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ് അൻപോട് കണ്മണി. അതിനർത്ഥം വിവാദമുണ്ടാക്കാൻ പോകുന്ന ഒരു സിനിമ എന്നല്ല. ചില കുടുംബങ്ങളിൽ ആളുകൾ അനുഭവിക്കുന്ന പ്രശ്നത്തെ അഡ്രെസ്സ് ചെയ്യാൻ ശ്രമിക്കുന്നു എന്നേയുള്ളു. ഡോക്യുമെന്ററി സ്വഭാവമുള്ള ഒരു വിഷയമാണ് സിനിമയിൽ പറഞ്ഞു പോകുന്നത്. അതിനെ സറ്റയർ രീതിയിൽ പറയാനാണ് ശ്രമിച്ചിട്ടുള്ളത്. കുട്ടികളില്ലാത്ത പ്രശ്നമാണ് സിനിമയിൽ പറയുന്നത് എന്ന് നേരത്തെ തന്നെ പുറത്തുവിട്ട കാര്യമാണ്. ഈ പ്രശ്നം അനുഭവിക്കുന്നവർക്ക് എങ്ങനെ ഇത് വീട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കണമെന്നും തന്റെ കൂടെ ആരുണ്ടാകുമെന്നും അറിയുന്നുണ്ടാകില്ല. ഈ ബുദ്ധിമുട്ടിന് ആര് മുൻകൈ എടുത്ത് ഉത്തരം കണ്ടെത്തും എന്നതും അവർക്ക് ചോദ്യമാണ്. ചില കുടുംബങ്ങളിൽ മാത്രമാണ് തുറന്ന സംസാരങ്ങൾ സാധ്യമാകുന്നുള്ളു. അങ്ങനെയല്ലാത്തവർക്ക് ഒരു ഗൈഡൻസായിരിക്കും സിനിമ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പോകേണ്ട ഒരു വഴി ഈ സിനിമയിലൂടെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കല്യാണം കഴിച്ച് ഒരു പെൺകുട്ടി വീട്ടിൽ വന്നു കഴിയുമ്പോൾ അമ്മമാരുടെ മാനസികാവസ്ഥയിൽ ഉണ്ടാകുന്ന ഒരു വ്യത്യാസം കൂടെയുണ്ട്. എത്ര നല്ല ബന്ധമാണെങ്കിലും ഇതുവരെ സ്വന്തമായിരുന്ന മകന് പുതിയ അവകാശി വരുന്നു എന്ന ചിന്ത അവർക്ക് ഉണ്ടാകുന്നുണ്ട്. അവിടെ ചെറിയ ഒരു 'കോൺഫ്ലിക്റ്റ്' നു സാധ്യതയുണ്ട്. ഇക്കാര്യം എല്ലാ അമ്മമാരിലും ഉണ്ടാകും എന്നാണ് തോന്നുന്നത്. അമ്മയാണോ ഭാര്യയാണോ വലുത് എന്ന ചോദ്യം കല്യാണം കഴിഞ്ഞ പുരുഷനും നേരിടും. അതൊരു റിയാലിറ്റിയാണ്. അതിനെ എല്ലാവരും അഭിമുഖീകരിച്ചെ പറ്റൂ. നകുലൻ എന്ന അർജുൻ അശോകന്റെ കഥാപാത്രം സിനിമയിൽ അനുഭവിക്കുന്ന പ്രശ്‌നം അതാണ്.
സൊസൈറ്റി എത്രത്തോളം ഒരു മനുഷ്യന്റെ ജീവിതത്തിൽ ചുഴിഞ്ഞു നോക്കുന്നു എന്ന കാര്യവും സിനിമയിൽ സംസാരിക്കുന്നുണ്ട്. ആളുകൾക്ക് ചിലപ്പോൾ ഒരു വൺ ടൈം ചോദ്യമായിരിക്കാം. പക്ഷെ പലപ്പോഴും പല സമയത്തും ചോദിക്കുന്ന ചോദ്യങ്ങൾ അത് കേൾക്കേണ്ടി വരുന്നവരെ അസ്വസ്ഥരാക്കുന്നുണ്ട്. നാട്ടിലെത്തുമ്പോൾ അടുത്ത സിനിമ എടുക്കുന്നില്ലേ എന്ന് എന്നോട് ആളുകൾ ചോദിക്കാറുണ്ട്. ചോദിക്കുന്ന ആൾ അത് ഒരു തവണയേ ചോദിക്കുന്നുള്ളു. പക്ഷെ നമ്മൾ ഇതേ ചോദ്യം തന്നെ കേൾക്കുന്നത് നൂറാളിൽ നിന്ന് നൂറ് തവണയായിരിക്കും. അത് അവസാനം അസ്വസ്ഥതയാകും. സിനിമയുടെ കാര്യം പറയുന്നത് പോലെ തന്നെയാണ് ദൈനം ദിന കാര്യങ്ങളെ കുറിച്ചുള്ള സമൂഹത്തിന്റെ ചോദ്യങ്ങളും. അത് തുടർന്നുകൊണ്ടേയിരിക്കും. സമൂഹം എന്നത് നമ്മളും ഉൾപ്പെടുന്നതാണ്. നമ്മളും ചിലപ്പോൾ അറിഞ്ഞോ അറിയാതെയോ ഈ ചോദ്യം ചെയ്യലിന്റെ ഭാഗമാകും.
അൻപോട് കണ്മണിയിലേക്ക് അർജുനും അനഘയും വരുമ്പോൾ
അർജുൻ അശോകനെയാണ് അൻപോട് കൺമണിയിൽ ആദ്യം കാസ്റ്റ് ചെയ്യുന്നത്. അടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജുള്ള ആളെയായിരുന്നു വേണ്ടിയിരുന്നത്. അർജുനെ സമീപിക്കാനും അന്ന് എളുപ്പമായിരുന്നു. ഫസ്റ്റ് നരേഷനിൽ തന്നെ അർജുന് കഥ ഇഷ്ടപ്പെട്ടു. കഥാപരിസരം തലശ്ശേരിയിലുള്ള ചില പ്രദേശങ്ങളാണ്. അവിടെയുള്ള ഒരു നാടൻ അന്തരീക്ഷത്തിലാണ് കഥ മുന്നോട്ട് പോകുന്നത്.
നായികയായി ആദ്യം ആലോചിച്ചത് അനഘയെ തന്നെയായിരുന്നു. പക്ഷെ ആദ്യം സ്ക്രിപ്റ്റ് അയച്ചുകൊടുക്കുമ്പോൾ അനഘ തിരക്കുകളിലായിരുന്നു. പിന്നീട് മലയാളത്തിലെ കുറച്ച് നടിമാരോട് കഥ പറഞ്ഞു. കഥ ഇഷ്ടമായെങ്കിലും ഡേറ്റിന്റെ അസൗകര്യങ്ങൾ വന്നപ്പോൾ അവർക്കും വരാൻ കഴിഞ്ഞില്ല. അതിന് ശേഷം അർജുന്റെ ഡേറ്റും വൈകി. കുറെ കാലത്തിന് ശേഷം വീണ്ടും കോൺടാക്റ്റ് ചെയ്തപ്പോഴാണ് അനഘ അൻപോട് കണ്മണിയിലേക്ക് എത്തുന്നത്. ആദ്യം ആലോചനയിൽ ഉണ്ടായിരുന്ന ആൾ തന്നെ കുറച്ചു കറങ്ങി തിരിഞ്ഞ് ആ വേഷത്തിലേക്ക് എത്തുകയാണുണ്ടായത്. അനഘയുടെ സ്ലാങ്ങിന്റെ കാര്യത്തിലും ഒരു സംഭവമുണ്ട്. കാഞ്ഞങ്ങാടുകാരിയാണ് അനഘ. സിനിമയിൽ മുഴുവൻ കണ്ണൂർ ശൈലി നോക്കിയിട്ടുണ്ട്. അതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.
സിനിമയിൽ സംഭവിച്ച ഇടവേള
സിനിമയിൽ നിന്ന് ഇടവേള എടുത്തതല്ല. അങ്ങനെ സംഭവിച്ചു പോയതാണ്. രമണ്യേച്ചിയുടെ നാമത്തിൽ എന്ന ഷോർട്ട് ഫിലിം കഴിഞ്ഞപ്പോൾ തന്നെ മനസ്സിൽ ഒരു സബ്ജക്റ്റ് ഉണ്ടായിരുന്നു. കുറച്ച് വലിയ ഒരു സിനിമയായിരുന്നു അത്. രമണ്യേച്ചി റിലീസായപ്പോൾ വന്ന ചില കമന്റുകളിൽ ഒന്ന് മലയാളത്തിലെ മെൽഗിബ്‌സൺ ആകാൻ പോകുന്ന ആളാണ് എന്നായിരുന്നു. മെൽ ഗിബ്സന്റെ 'അപ്പൊകാലിപ്റ്റോ' എന്ന സിനിമയെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആ രീതിയിലുള്ള ഒരു കഥ എന്റെ കയ്യിൽ ആ സമയത്ത് ഉണ്ടായിരുന്നു. അതിന്റെ വൺലൈൻ ആർട്ടിസ്റ്റുകളോട് പറഞ്ഞെങ്കിലും പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. ആ കഥ എഴുതി പൂർത്തിയാക്കാൻ തന്നെ കുറച്ചു സമയം എടുത്തിരുന്നു. ആ കഥയിൽ മാത്രം സമയം കളയേണ്ടതില്ല എന്ന് തോന്നിയപ്പോഴാണ് മറ്റ് സ്ക്രിപ്റ്റുകൾ കേൾക്കാൻ തുടങ്ങിയത്. അങ്ങനെയാണ് യാദൃശ്ചികമായി അൻപോട് കൺമണിയുടെ കഥ കേൾക്കുന്നത്. പെട്ടെന്ന് ചെയ്യാൻ കഴിയുന്നതും കാലിക പ്രസക്തിയുള്ള ഒരു വിഷയം ആയതുകൊണ്ടുമാണ് ഈ സിനിമയിലേക്ക് തിരിഞ്ഞത്. പിന്നീടുള്ള വർഷങ്ങളിൽ അൻപോട് കണ്മണിക്ക് വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു.
പ്രേക്ഷകരോട്
അൻപോട് കണ്മണി ഒരു ബ്രഹ്‌മാണ്ഡ സിനിമയൊന്നുമല്ല. ഒരു സിംപിൾ സിനിമയാണ്. ഒരു 'ക്യൂട്ട് മൂവി' എന്നാണ് സിനിമയെ വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. വലിയ ഒരു കാമറ മൂവ്‌മെന്റോ മേക്കിങ് വെറൈറ്റികളോ ഒന്നുമില്ല. പക്ഷെ നിങ്ങളുടെ ജീവിതവുമായി റിലേറ്റ് ചെയ്യാൻ എന്തെങ്കിലും ഒരു ഘടകം ഈ സിനിമയിലുണ്ടാകും. നിങ്ങൾക്ക് പരിചയമുള്ള ആളുകൾക്കോ നിങ്ങൾക്കോ ഏതെങ്കിലും ഘട്ടത്തിൽ റിലേറ്റ് ചെയ്യാൻ കഴിയുന്ന ജീവിത സന്ദർഭങ്ങൾ നിറഞ്ഞ ഒരു സിനിമയാണിത്.