തിരൈ തീ പിടിപ്പിക്കുന്ന അനിരുദ്ധ് മാജിക്
സ്ഥലം നെഹ്‌റു ഇൻഡോർ സ്റ്റേഡിയം, നടക്കുന്നത് ജെയ്ലർ ഓഡിയോ ലോഞ്ച്. രജനികാന്ത് ഉൾപ്പടെ സിനിമയുടെ താരങ്ങളും അണിയറപ്രവർത്തകരും വേദിയിലുണ്ട്. പ്രോഗ്രാമിൽ അടുത്തതായി പാട്ടു പാടാനായി ഒരാളുടെ പേര് അനൗൺസ് ചെയ്യുന്നു. അയാൾ വേദിക്ക് ഒത്ത നടുവിൽ കയറി പാട്ട് തുടങ്ങി. ജനങ്ങൾ അയാളുടെ കൂടെ അതേറ്റുപാടി. ഹര്ഷാരവങ്ങൾ മുഴക്കി നിമിഷ നേരം കൊണ്ടയാൾ ഒരു സ്റ്റേഡിയത്തെ മുഴുവൻ കയ്യിലെടുത്തു. ഒരു സിനിമയുടെ വിധി തന്നെ മാറ്റിമറിച്ച ഒരുപക്ഷെ സിനിമയിൽ പ്രതീക്ഷയില്ലാതിരുന്ന പ്രേക്ഷകനെ ഒരുപരിധിവരെ തിയറ്ററിലേക്ക് എത്തിച്ച മാജിക്. ഹുക്കും എന്ന പാട്ട് ജയിലറിന് ഉണ്ടാക്കികൊടുത്ത മൈലേജ് ചെറുതല്ല. രജനിയുടെ സ്റ്റൈലും സ്വാഗും പോകില്ലെന്ന് പ്രേക്ഷകരെ വീണ്ടും ആവർത്തിച്ച് അനുഭവിച്ച് കൊടുത്തത് അയാളുടെ മ്യൂസിക്കായിരുന്നു. മ്യൂസിക് കൊണ്ട് മാജിക് തീർത്ത റോക്‌സ്റ്റാർ അനിരുദ്ധ് രവിചന്ദർ.
രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് ഒരു സിനിമ ചെയ്യാൻ തയ്യാറെടുക്കുന്നു, അതും ഒരു പ്രണയകഥ പേര് 3. യുവൻ ശങ്കർ രാജ, എ ആർ റഹ്മാൻ, ഹാരിസ് ജയരാജ് പോലെ മെലഡികൾക്ക് പേര് കേട്ട മ്യൂസിഷ്യൻസ് അടക്കി വാണിരുന്ന തമിഴ് സിനിമയിൽ പക്ഷെ ഐശ്വര്യ സംഗീത സംവിധായകനായി തെരഞ്ഞെടുത്തത് തന്റെ കസിനും കൂടെയായിരുന്നു അനിരുദ്ധിനെ ആയിരുന്നു. ചിത്രത്തിലെ ആദ്യ ഗാനം, വേൾഡ് വൈഡ് ട്രെൻഡിങ് ആയി. ധനുഷ് പാടിയ കൊലവെറി എന്ന ആ ഗാനത്തിന് പല വേർഷൻസ് ഉണ്ടായി.പക്ഷേ അതൊരു വൺടൈം വണ്ടറായിരിക്കുമെന്ന് അന്ന് പലരും കരുതിയിരുന്നു. പക്ഷേ പിന്നീട് തമിഴ് സിനിമ കണ്ടത് അതായിരുന്നില്ല.
വെറുമൊരു വൺ സോങ് വണ്ടർ ആയിരുന്നില്ല അനിരുദ്ധ്. ഇതഴിൻ ഓഴം, നീ പാർത്ഥ വിഴികൾ, കണ്ണനഴകാ, പോ നീ പോ തുടങ്ങി ഒരാൽബം നിറയെ ചാർട്ട്ബസ്റ്റർ സോങ്‌സ് ഉണ്ടാക്കി അയാൾ തന്റെ വരവ് ഗംഭീരമാക്കി. സിനിമ വേണ്ടത്ര വിജയമായില്ലെങ്കിലും അനിരുദ്ധിന്റെ പാട്ടുകൾ യുവതലമുറ ഏറ്റെടുത്തു. ഐശ്വര്യ രജനികാന്ത് കസിൻ ആയതുകൊണ്ടും രജനികാന്ത് അങ്കിൾ ആയതുകൊണ്ട് ഒരുപക്ഷെ അയാൾക്ക് സിനിമാപ്രവേശനം എളുപ്പമായിരുന്നിരിക്കാം. പക്ഷെ ഒരു സംഗീത സംവിധായകനെ നിലനിർത്തുന്നത് അയാളുടെ കൺസിസ്റ്റന്സിയും പാട്ടുകളുടെ നിലവാരവുമാണ്. അത് അനിരുദ്ധിന് കൃത്യമായി സാധിച്ചു.
അനിരുദ്ധിനെ തമിഴ് സിനിമയിലെ ഹിറ്റ് മേക്കേഴ്സിൽ മുന്നിൽ എത്തിക്കുന്നതിൽ ഒഴിച്ചുകൂടാനാകാത്ത പങ്കുവഹിച്ച രണ്ടു സിനിമകളാണ് വേലൈയില്ലാ പട്ടധാരിയും വിജയ്‌യുടെ കത്തിയും. വളരെ റിലേറ്റബിൾ ആയ കഥ പറഞ്ഞ വി ഐ പി യിൽ സിറ്റുവേഷൻ മനസ്സിലാക്കി ബാക്ക്ഗ്രൗണ്ട് സ്കോറും സോങ്ങും അനിരുദ്ധ് ചെയ്തു. വി ഐ പി തീം മ്യൂസിക് എപ്പോൾ കേട്ടാലും ഹൈ തരുന്ന സ്കോറുകളിൽ ഒന്നാണ്. വിരഹത്തിന്റെ സ്നേഹത്തിന്റെ സ്പർശമുള്ള 'അമ്മ 'അമ്മ എന്ന ഗാനം അനിരുദ്ധിന്റെ മികച്ച പാട്ടുകളിൽ ഒന്നാണ്. ഒരു സൂപ്പർതാര സിനിമക്ക് സ്കോർ ചെയ്യുമ്പോൾ കഥക്ക് മാത്രമല്ല ആ താരത്തിന്റെ ഇമേജ് കൂടെ ലിഫ്റ്റ് ചെയ്യുന്ന തരത്തിലായിരിക്കണം സംഗീതം. കതിരേശന്റെയും ജീവനന്ദത്തിന്റെയും വ്യത്യസ്ത തലങ്ങളെയും പോരാട്ടങ്ങളുടെയും കഥ പറഞ്ഞ കത്തിയുടെ ബാക്ക്ഗ്രൗണ്ട് സ്കോറിലും അനിരുദ്ധ് പിന്നോട്ട് പോയില്ല,. വളരെകാലത്തിന് ശേഷം തമിഴ്നാട്ടിലെയും കേരളത്തിലെയും യുവതയുടെ റിങ്ടോൺ മാറ്റിയ തീം മ്യൂസിക് ആയിരുന്നു കത്തിയുടേത്. കൂടാതെ സെൽഫി പുള്ളെ പോലൊരു ട്രെൻഡിങ് സോങ് കൂടി വന്നതോടെ അനിരുദ്ധിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
How did Anirudh became a brand എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു അയാളുടെ കൺസിസ്റ്റൻസി. ബീറ്റുകൾക്ക് പ്രാധാന്യമുള്ള, വളരെ എളുപ്പം ആർക്കും പാടാവുന്ന, പാടിയാൽ ആടാൻ തോന്നിപ്പിക്കുന്ന പാട്ടുകളാണ് അനിരുദ്ധിന്റേത്. യൂത്തിന് ഏറ്റവും ഇഷ്ടപ്പെടുന്ന രീതിയിൽ സിറ്റുവേഷൻ മനസ്സിലാക്കി അനിരുദ്ധ് മ്യൂസിക് സൃഷ്ട്ടിക്കുന്നു. ആളുമാ ഡോളുമാ, സോഡക്ക് മേലെ, വാത്തി കമിങ് പോലെ ലിറിക്‌സിന് പ്രാധാന്യം കൊടുക്കാതെ മ്യൂസിക്കും ബീറ്റ്സും കൊണ്ടും അനിരുദ്ധ് ട്രെൻഡിങ്ങുകൾ സൃഷ്ട്ടിക്കുന്നു. കാലത്തിനനുസരിച്ചുള്ള കൃത്യമായ ട്രെൻഡ് അനിരുദ്ധിനറിയാം. അറബിക് കുത്തു പോലെ റീലുകളിൽ ട്രെൻഡിങ് ആകാനും ആക്ടര്സിനെ സെലിബ്രേറ്റ് ചെയ്യാൻ ഉള്ള തരത്തിലുള്ള ഹുക്കും പോലെയുള്ള പാട്ടുകളും അനിരുദ്ധിന്റെ കൈയ്യിലുണ്ട്.
യൂത്തിന്റെ പൾസ് കൃത്യമായി മനസ്സിലാക്കി അവർക്ക് ആഘോഷിക്കാക്കാനുള്ള വക അനിരുദ്ധ് ഓരോ ആൽബത്തിലും ഇട്ട് കൊടുക്കാറുണ്ട്. പാട്ടിന്റെ സിറ്റുവേഷൻ മനസ്സിലാകുന്നതിനോടൊപ്പം തന്നെ അത് ആ താരത്തിന്റെ സ്റ്റാർഡമിനേയും ഇമേജിനും എങ്ങനെ വർക്ക് ആകുന്നു എന്ന് കൂടി ഡിപെൻഡ് ചെയ്താണ് അനിരുദ്ധ് മ്യൂസിക് നിർമിക്കാറ്. മാസ്സ് സിനിമകളിൽ ഇന്ന് അയാൾക്ക് അപ്പുറം തമിഴിൽ മറ്റൊരു പേരില്ലെന്ന് പോലും അയാൾ തെളിയിച്ചിട്ടുണ്ട്.
കൊമേർഷ്യൽ സിനിമകളിൽ ആണ് അനിരുദ്ധ് തുടക്കം മുതൽ കൂടുതലും ഭാഗമായിട്ടുള്ളത്. സിനിമയുടെ സ്വഭാവം കൊമേർഷ്യൽ ആണെങ്കിലും അതിൽ വ്യത്യസ്ത ഇമോഷൻസിലുള്ള സോങ്ങുകൾ അനിരുദ്ധിന്റെ വേർസറ്റാലിറ്റിയെ എടുത്തു കാണിച്ചു. കത്തിയിലെ യാർ പെട്ര മകനോ, തീർത്തുമൊരു കോമഡി സിനിമയായ നാനും റൗഡി താനിലെ നീയും നാനും എന്ന മെലഡി, തങ്കമേ, പേട്ടയിലെ ഇളമൈ തിരുമ്പുതേ, പേട്ട പരാക് തുടങ്ങിയ അവയിൽ ചിലത് മാത്രം.
കൂടാതെ തന്റെ മ്യൂസിക്കിൽ മറ്റു സംഗീത സംവിധായകരെ പാടിക്കാനും അനിരുദ്ധ് മടികാണിച്ചില്ല. മാസ്റ്ററിൽ സന്തോഷ് നാരായണനും എതിർനീച്ചലിൽ യോ യോ ഹണി സിംഗിനെ കൊണ്ടുവന്നതും, കത്തിയിലൂടെ ഹിപ് ഹോപ് തമിഴക്ക് ബ്രേക്ക് കൊടുത്തതെല്ലാം അനിരുദ്ധ് തന്നെ. തമിഴിനൊപ്പം തെലുങ്കിലും അനിരുദ്ധിന് തിരക്കേറി, ജേർസി, ഗാംഗ്‌ലീഡർ, അഗ്ന്യാതവാസി തുടങ്ങിയ ഹിറ്റ് ആൽബങ്ങൾ അയാൾ അവിടെയും സൃഷ്ട്ടിച്ചു.
മികച്ചൊരു ഗായകനും കൂടിയാണ് അനിരുദ്ധ്. നഷ്ട്ടപ്രണയത്തിന്റെ ദുഃഖം തന്റെ ശബ്ദത്തിലൂടെ പുറത്തെത്തിച്ച കനവെ കനവെയും, പേട്ടയിലെ മരണ മാസ്സും ഡോക്ടറിലെ ചെല്ലമ്മയെല്ലാം അനിരുദ്ധിന്റെ ശബ്ദത്തിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നിവാസ് പ്രസ്സനയുടെ സംഗീതത്തിൽ സിറോയിലെ ഉയിരേ,സാം സി എസിന്റെ സംഗീതത്തിൽ വിക്രം വേദയിലെ യാഞ്ചി, ഡി ഇമ്മാൻറെ സംഗീതത്തിൽ നമ്മ വീട്ടു പിള്ളയിലെ ഗാന്ധകണ്ണഴകി എല്ലാം അനിരുദ്ധ് പാടി ഹിറ്റാക്കിയവയാണ്.
അനിരുദ്ധിനെ പീപ്പിൾ'സ് ഫേവറൈറ്റ് ആക്കിയത് അയാളുടെ ബാക്ക്ഗ്രൗണ്ട് സ്‌കോറുകൾ ആണ്. An Anirudh Musical എന്ന ടാഗ്‌ലൈൻ കാണുമ്പോൾ അതിലെ ബി ജി എമ്മുകൾ ആഘോഷിക്കപ്പെടേണ്ടതാണെന്ന ബോധ്യം പ്രേക്ഷകർക്ക് ഉണ്ടാകുന്നു. ജേഴ്സിയിൽ ക്രിക്കറ്റ് ടീമിൽ സെലക്ട് ആയി എന്ന വാർത്ത അറിഞ്ഞു അർജുൻ റെയിൽവേ സ്റ്റേഷനിൽ വന്നു തന്റെ ഉള്ളു തുറക്കുന്ന സീനിൽ അനിരുദ്ധ് നൽകുന്നൊരു സ്കോർ ഉണ്ട്. കഥയിലുടനീളം നാനിയുടെ കഥാപാത്രത്തിന്റെ സംഘർഷങ്ങളിലൂടെ സഞ്ചരിച്ച നമ്മളിൽ അയാളുടെ വിജയത്തിന്റെ തീവ്രത എത്രയെന്ന് കാണിച്ചുതരാൻ അനിരുദ്ധിന് ആകുന്നുണ്ട്. കൂടാതെ വില്ലന്മാർക്ക് തമിഴ് സിനിമ നൽകിയിരുന്ന കേട്ടുമടുത്ത ലൗഡ് ആയ ബി ജി എമിൽ നിന്ന് നായകന്മാരെ പോലെ വില്ലന്മാർക്കും സ്വന്തമായി ഒരു മ്യൂസിക് ക്രീയേറ്റ് ചെയ്യാനും അനിരുദ്ധിനായി. മാസ്റ്ററിലെ ഭവാനിയും കത്തിയിലെ കോർപ്പറേറ്റ് വില്ലൻ ചിരാഗും പേട്ടയിലെ സിംഗാരവും സ്‌ക്രീനിലെത്തിയത് അനിരുദ്ധിന്റെ സ്കോറിന്റെ അകമ്പടിയോടെയായിരുന്നു. താരങ്ങളുടെ ആരാധകർ പോലും ഇന്നാഗ്രഹിക്കുന്നത് അനിരുദ്ധ് മ്യൂസിക് ചെയ്യുന്ന ഒരു മാസ്സ് പടത്തിൽ അവരിഷ്ടപ്പെടുന്ന നടന്മാർ അഭിനയിക്കണമെന്നാണ്, അത്രമേൽ സീനുകൾ ഇലവേറ്റ് ചെയ്യുമെന്നും മാസ്സ് അഡ്രിനാലിൻ റഷ് അവർക്ക് തരാൻ അനിരുദ്ധിന് കഴിയുമെന്നും പ്രേക്ഷകർ വിശ്വസിക്കുന്നു. വിക്രത്തിൽ അനിരുദ്ധിന്റെ സംഗീതമില്ലെങ്കിൽ കമൽഹാസന്റെ ആരംഭിക്കളാങ്കലയ്ക്ക് അത്ര കുലുക്കമുണ്ടാവുമായിരുന്നില്ല, റോളക്സിനും ജയിലറിനും അയാൾ സ്കോർ ചെയ്ത് വരുമ്പോഴേക്കും തിയറ്റർ അലറിവിളിക്കുകയാണ്. ഇരിപ്പുറക്കാത്ത പോലെ പ്രേക്ഷകർ ആവേശക്കൊടുമുടിയിലാണ്.
താരങ്ങളുമായി നല്ലൊരു കോമ്പിനേഷൻ സെറ്റ് ചെയ്യുന്നതിൽ മിടുക്കൻ ആണ് അനിരുദ്ധ്. 'അനിരുദ്ധ് ഇല്ലെങ്കിൽ ശിവകാർത്തികേയൻ ഇല്ല എന്ന് ട്വിറ്ററിൽ ഒരുപാട് പേർ പോസ്റ്റ് ചെയ്യുന്നത് കണ്ടു. അതിൽ എനിക്ക് സന്തോഷമേയുള്ളൂ. അനിരുദ്ധ് തന്റെ സോങ്‌സ് വച്ച് എന്നെ ഹിറ്റ് ആക്കുന്നുണ്ടെങ്കിൽ അതിലും സന്തോഷം എനിക്കൊന്നുമില്ല'. ഇത് ശിവകാർത്തികേയന്റെ വാക്കുകളാണ്. കാരണം അയാളുടെ കരിയറിൽ അനിരുദ്ധ് എന്ന സംഗീത സംവിധായകന് അത്രത്തോളം പ്രധാന്യമുണ്ട്. ആ കോമ്പിനേഷനിൽ പിറന്ന ഗാനങ്ങൾക്ക് എന്നും പ്രേക്ഷക പ്രീതിയുണ്ട്. അതുപോലെ വി ഐ പി യിൽ തുടങ്ങി തിരുച്ചിത്രമ്പലം വരെയുള്ള ധനുഷ് അനിരുദ്ധ് കോമ്പിനേഷൻ, വിജയ് - അനിരുദ്ധ് കോംബോ ഒക്കെയും പ്രേക്ഷകർ അംഗീകരിച്ചവയാണ്. തമിഴിലെ എല്ലാ മുൻ നിര താരത്തിനൊപ്പവും അനിരുദ്ധ് വർക്ക് ചെയ്തിട്ടുണ്ട് അവയെല്ലാം ഹിറ്റ് ആവുകയും ചെയ്തു.
ഒരു സിനിമ മോശം ആയാലും അനിരുദ്ധാണ് മ്യൂസിക് എങ്കിൽ അതിലെ ഗാനങ്ങളും ബി ജി എമ്മും മോശമാകില്ലെന്ന് ഇന്ന് പ്രേക്ഷകർക്ക് വിശ്വാസമുണ്ട്. ഒരു ആവറേജ് സിനിമയെപ്പോലും തന്റെ മ്യൂസിക് കൊണ്ട് അയാൾ താങ്ങി നിർത്തും. അനിരുദ്ധ് ഇന്നൊരു ബ്രാൻഡ് ആണ്, ഹിറ്റ് ചാർട്ടുകളിൽ ഒന്നാമതെത്താൻ മത്സരിക്കുന്നത് അയാളുടെ തന്നെ പാട്ടുകളാണ്. പ്ലേലിസ്റ്റുകളിൽ ഭൂരിഭാഗവും അനിരുദ്ധ് കയ്യടക്കികഴിഞ്ഞു. തമിഴും തെലുങ്ക് കടന്നു സാക്ഷാൽ ഷാരുഖ് ഖാൻ ചിത്രം ജവാനിൽ വരെയെത്തി നില്കുന്നു അനിരുദ്ധ് മാജിക്. മാസ്സ് സിനിമകളാണെങ്കിൽ അനിരുദ്ധ് മ്യൂസിക്കൽ എന്ന ടെെറ്റിൽ കാർഡിന് അർത്ഥം ആൻ അനിരുദ്ധ് മാസ്സ് ബിജിഎം വർക്ക്സ് എന്നാണെന്ന് അവർ ഉറപ്പിക്കുന്നു.