'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം
Published on

മോഹൻലാലിന്റെ മകൾ വിസ്മയ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തുടക്കം. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പിന്നാലെ പോസ്റ്ററിൽ ഒളിപ്പിച്ചുവെച്ചിരുന്ന പല ബ്രില്യൻസുകളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറി. ഇപ്പോഴിതാ 'തുടക്കം' എന്ന സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുകയാണ് സിനിമയുടെ പോസ്റ്റർ ഡിസൈനേഴ്‌സായ യെല്ലോ ടൂത്ത് ഡിസൈൻസിന്റെ ക്രിയേറ്റീവ് ഹെഡും സ്ഥാപകനുമായ അനീഷ് ഗോപാൽ.

'തുടക്ക'ത്തിന്റെ തുടക്കം

ഞങ്ങൾക്ക് ഏറെ എക്സൈറ്റ്മെന്റ് നൽകിയ പോസ്റ്റർ തന്നെയാണ് ഇത്. 'തുടരും' ഞങ്ങളായിരുന്നു ചെയ്തിരുന്നത്. ലാലേട്ടനും ആന്റണി ചേട്ടനും (ആന്റണി പെരുമ്പാവൂർ) അത് ഇഷ്ടമായിട്ടുണ്ട്. അതുപോലെ ജൂഡ് ആന്റണി ജോസഫ് വർഷങ്ങളോളമായി എന്റെ സുഹൃത്താണ്. അദ്ദേഹത്തിനും യെല്ലോ ടൂത്തിനെ ഏറെ വിശ്വാസമാണ്. ആ വിശ്വാസം കൊണ്ടാണ് ഈ സിനിമയുടെ പോസ്റ്ററുകൾ ഞങ്ങളെ ഏൽപ്പിച്ചത്. അത് വൃത്തിയായി ചെയ്തു എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

പോസ്റ്ററിലെ ബ്രില്യൻസുകൾ

തുടരും, ജോജി, വാഴ, പൊൻമാൻ തുടങ്ങിയ സിനിമകൾ എടുത്ത് നോക്കിയാൽ മനസിലാകും, എല്ലാ സിനിമകളുടെ ഫോണ്ടിലും ഞങ്ങൾ ആ സിനിമയുടെ ഴോണർ എന്താണെന്ന് ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും. ഈ സിനിമയിലും അത് ഉണ്ട്. അതിനെ ഡീകോഡ് ചെയ്‌താൽ മതി. ഈ സിനിമയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ റിവീൽ ചെയ്യാൻ കഴിയുന്ന ഒരവസ്ഥയല്ല.

തുടക്കം എന്ന ടൈറ്റിലിന് പിന്നിൽ

'തുടരും' കഴിഞ്ഞ് ഇനി ഒരു 'തുടക്കം' എന്നത് ചിലപ്പോൾ ലാലേട്ടന്റെ ഐഡിയ ആയിരിക്കും. ചിലപ്പോൾ അത് ജൂഡ് ബ്രില്യൻസുമാകാം. അത് ആരുടെ ഐഡിയ ആണെന്ന് ഞാൻ ചോദിച്ചില്ല. ജൂഡ് ആന്റണി ജോസഫ് വളരെ ബ്രില്യന്റായ സംവിധായകനാണ്. ആ മികവ് സിനിമയിലുണ്ടാകും എന്നാണ് നാൻ കരുതുന്നത്.

മോഹൻലാലിന്റെ സാന്നിധ്യം

'ഹൃദയപൂർവ്വം' എന്ന സിനിമയുടെ പോസ്റ്ററുകളും ഞങ്ങൾ തന്നെയാണ് ഡിസൈൻ ചെയ്തത്. ആ സിനിമയുടെ ടൈറ്റിൽ ഫോണ്ട് ലാലേട്ടന്റെ കയ്യക്ഷരം തന്നെയാണ്. അതുപോലെ തുടക്കം എന്ന സിനിമയുടെ പോസ്റ്ററിലെ 'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെയാണ്. ലാലേട്ടന് ഗംഭീര ഡിസൈനിങ് വിഷനുണ്ട്. അദ്ദേഹം ടൈപ്പോഗ്രഫിയുടെ കാര്യത്തിലൊക്കെ വളരെ അപ്ഡേറ്റഡാണ്. 'ഹൃദയപൂർവ്വം മോഹൻലാൽ' എന്ന് എഴുതിയിരിക്കുന്നത് ഞങ്ങൾ ഇവിടെ ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ട്. ഞങ്ങൾക്ക് കിട്ടിയ അനുഗ്രഹമാണത്.

പ്രേക്ഷകർ 'ഹൃദയപൂർവ്വം' ഏറ്റെടുക്കുമോ?

സത്യൻ അന്തിക്കാട്-മോഹൻലാൽ കോംബോ എന്ന് പറയുമ്പോൾ അത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിന്റെ സിനിമ എന്ന് കേൾക്കുമ്പോൾ എന്തായിരിക്കും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് അത് ഈ സിനിമയിൽ നിന്ന് ലഭിക്കും.

ഈ 'തുടക്ക'ത്തിലെ പ്രതീക്ഷകൾ

2018 എന്ന സിനിമയിലൂടെ മലയാളികൾക്ക് ഞെട്ടിച്ച ജൂഡ് മോഹൻലാലിന്റെ മകൾക്കൊപ്പം ഒരു സിനിമ ചെയ്യുന്നു എന്നത് എല്ലവരെയും സർപ്രൈസ് ചെയ്ത കാര്യമാണ്. അത് ഒരു ഗംഭീര സിനിമയാകും എന്ന് തന്നെ പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in