ആടുജീവിതവുമായി രാസ്‌തയ്ക്ക് ബന്ധമില്ല ; അനീഷ് അൻവർ അഭിമുഖം

ആടുജീവിതവുമായി രാസ്‌തയ്ക്ക് ബന്ധമില്ല ; അനീഷ് അൻവർ അഭിമുഖം

റുബൽ ഖാലി എന്ന് കേട്ടിട്ടില്ലാത്ത ആരും തന്നെ ഉണ്ടാവില്ല, പ്രത്യേകിച്ചും പ്രവാസികൾ. ലോകത്തെ ഏറ്റവും അപകടം നിറഞ്ഞതും, ഏറ്റവും വലിപ്പമേറിയതുമായ മരുഭൂമിയാണ് റുബൽ ഖാലി. റൂബൽ ഖാലിയെ പശ്ചാത്തലമാക്കി അനീഷ് അൻവർ സംവിധാനം ചെയ്ത ചിത്രമാണ് രാസ്ത. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി അഞ്ചിന് പ്രദർശനത്തിനെത്തും. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന രാസ്തയിൽ ഒരു മുഴുനീളൻ കഥാപാത്രത്തെയും അനീഷ് അവതരിപ്പിക്കുന്നുണ്ട്. രാസ്തയുടെ ട്രെയിലർ പുറത്തു വന്നതിന് പിന്നാലെ ബ്ലെസിയുടെ ആടുജീവിതവുമായി രാസ്തയ്ക്ക് ബന്ധമുണ്ടോയെന്ന തരത്തിലുള്ള സോഷ്യൽ മീഡിയയിൽ ചർച്ചകൾ വന്നിരുന്നു. എന്നാൽ ഇരു കഥകളിലും മരുഭൂമിയും, അതിലകപ്പെട്ടു പോകുന്ന മനുഷ്യരുടെ അതിജീവനവും മാത്രമാണ് സാമ്യമുള്ളതെന്നും ആടുജീവിതവും രാസ്തയും തമ്മിൽ ബന്ധമില്ലെന്നും അനീഷ് അൻവർ പറയുന്നു. റൂബൽ ഖാലി എന്ന അപടകരമായ മരുഭൂമിയെക്കുറിച്ചും അവിടുത്തെ ശ്രമകരമായ സിനിമ ചിത്രീകരണത്തെക്കുറിച്ചും ക്യു സ്റ്റുഡിയോയോട് സംസാരിക്കുകയാണ് സംവിധായകൻ അനീഷ് അൻവർ.

ആടുജീവിതവുമായുള്ള താരതമ്യം

ആടുജീവിതം എന്ന് പറയുന്നത് വലിയൊരു റേഞ്ചിലുള്ള സിനിമയാണ്. പ്രൊട്ട​ഗോണിസിസ്റ്റ് മരുഭൂമിയിൽ അകപ്പെടുന്നൊരു പശ്ചാത്തലമാണ് രാസ്തയ്ക്കും ആടുജീവിതത്തിനും എന്നുള്ളതിനാലാണ് ഇത്തരത്തിലുള്ളൊരു താരതമ്യം വന്നത്. കഥാപരിസരം എന്നത് മരുഭൂമിയുമായി ബന്ധപ്പെട്ട് നടക്കുന്നു എന്നതിനാലും സർവ്വെെവൽ ത്രില്ലറുമായിരുന്നതിനാലുമാണ് ആളുകൾ അങ്ങനെ ചോദിക്കുന്നത്. ആടുജീവിതവുമായിട്ട് രാസ്തയ്ക്ക് ബന്ധമുണ്ടാവില്ല. ആടുജീവിതം എന്ന നോവൽ വായിച്ച ഒരാളാണ് ഞാൻ. അങ്ങനെ നോക്കുമ്പോൾ ആടുജീവിതവും രാസ്തയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് എനിക്ക് പറയാൻ കഴിയും.

ത്രൂ ഔട്ട് ത്രില്ലറല്ല രാസ്ത

ഒരു ത്രൂ ഔട്ട് ത്രില്ലർ സിനിമയല്ല രാസ്ത. സിനിമയുടെ ഒരു ഘട്ടത്തിൽ മാത്രമാണ് ത്രില്ലിം​ഗ് മൊമെന്റിലേക്ക് സിനിമ പോകുന്നത്. ഞാൻ മുമ്പ് ചെയ്ത മറ്റു സിനിമകളപ്പോലെ ഇമോഷണലി കണക്ടാവുന്ന ഒരു സിനിമ തന്നെയാണ് രാസ്തയും. ഇതൊരു സർവെെവൽ ത്രില്ലറാണ് എന്നുള്ളതാണ് ഈ സിനിമയിൽ ആകെയുള്ള വ്യത്യാസം. സിനിമ തുടങ്ങുന്നത് തന്നെ ഒരു ഇമോഷണൽ ട്രാക്കിലാണ്. പക്ഷേ സിനിമയുടെ ഒരു മെയിൻ പോയിൻ്റായ സർവെെവൽ ത്രില്ലിം​ഗിലേക്ക് വരുന്നത് ഒരു പകുതിയോട് കൂടിയിട്ടാണ്.

റുബൽ ഖാലിയിലെ ചിത്രീകരണം

ഈ സിനിമയുടെ തിരക്കഥാകൃത്തുക്കൽ രണ്ട് പേരും ഓമാനിലുള്ളവരാണ്. അവർ കണ്ട് പരിചയിച്ചതും കേട്ട് പരിചയമുള്ളതുമായ ഒരു യഥാർത്ഥ സംഭവത്തിൽ നിന്നാണ് ഈ സിനിമയുടെ കഥയുണ്ടാവുന്നത്. റുബൽ ഖാലിയെ പറ്റി കേൾക്കുമ്പോഴാണ് ഒരു മരുഭൂമിയുടെ ഭീകരത എത്രത്തോളമുണ്ടെന്ന് ഞാൻ പോലും അറിയുന്നത്. ഇത്രയും ഭീകരമാണ് അവിടുത്തെ കാര്യങ്ങൾ എന്നും, ഇത്രയും അപകടങ്ങൾ മരുഭൂമിയിൽ സംഭവിക്കാം എന്നതും ഞാൻ ഇതിന്റെ കഥ കേട്ടപ്പോഴും അവിടെ നടന്ന റിയൽ ഇൻസിഡന്റിന്റെ വിഷ്വലുകളും അതിന്റെ ന്യൂസ് കട്ടിം​ങ്ങുകളും കാണുമ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. ഒരു മരുഭൂമിയിൽ പോയാൽ എന്ത് സംഭവിക്കും? ചിലപ്പോൾ നമുക്ക് സഹിക്കാൻ പറ്റാത്ത ചൂട് ഉണ്ടാവാം പിന്നെ ഭക്ഷണവും വെള്ളവും കിട്ടുന്നതിന്റെ ബുദ്ധിമുട്ട് ഉണ്ടാവാം. എന്നാൽ അതിന്റെ ഒരു ഭീകരത എത്രവരെയാണെന്ന് നമ്മൾ ചിലപ്പോഴൊക്കെ ഊഹിക്കാറുണ്ടല്ലോ? ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ എനിക്ക് മനസ്സിലായത് ഒരുപാട് പേർ അവിടെ മരുഭൂമിയിൽ ലോക്കായി പോവുകയും പിന്നെ മരണപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ്. അതിൽ എന്നെ ഏറ്റവും അമ്പരപ്പിച്ച കാര്യം എന്തെന്നാൽ ഈ സിനിമയെപ്പറ്റി നമ്മൾ ചർച്ച ചെയ്യുന്നതിന്റെ 5, 8 മാസം മുമ്പ് വർഷങ്ങളായിട്ട് മരുഭൂമിയെപ്പറ്റി ​ഗവേഷണം നടത്തുന്ന ആളുകൾ, അതായത് ഈ മരുഭൂമിയെക്കുറിച്ചും അതിലെ അപകടങ്ങളെക്കുറിച്ചും അറിയാമായിരുന്നിട്ടും അവിടെ അകപ്പെട്ട് മരണപ്പെട്ട് പോയിട്ടുണ്ട് എന്നുള്ളതാണ്. അവിടെയാണ് എനിക്ക് ഹുക്കിം​ഗ് പോയിന്റ് തോന്നിയത്. നമുക്ക് പ്രെഡിക്ട് ചെയ്യാൻ കഴിയില്ല അവിടെ എന്ത് സംഭവിക്കും എന്ന്. അങ്ങനെയുള്ള ചില കാര്യങ്ങളാണ് നമ്മൾ ഈ സിനിമയിൽ ക്യാപ്ച്ചർ ചെയ്തിട്ടുള്ളത്. റുബൽ ഖാലി എന്ന് ​ഗൂ​ഗിൽ ചെയ്ത് നോക്കി കഴിഞ്ഞാൽ നമ്മൾ സങ്കൽപ്പിക്കുന്നതിനെക്കാൾ വലുതും അതേപോലെ അപകടകരവുമായ മരഭൂമിയാണ് അത് എന്ന് കാണാൻ കഴിയും. അത് കൃത്യമായി നമ്മുടെ സിനിമയിൽ പറയുന്നുണ്ട്.

സർവെെവലായ ഷൂട്ടിം​ഗ്

ഷൂട്ടിം​ഗ് വളരെ പ്രയാസകരമായിരുന്നു. എന്റെ ആറാമത്തെ സിനിമയാണ് രാസ്ത. രാസ്ത കൂടാതെ പത്ത് ഇരുപത്തിയഞ്ചോളം പടങ്ങളിൽ ഞാൻ അസിസ്റ്റന്റായി അസോസിയേറ്റ് ചെയ്തിട്ടുണ്ട്. ജോഷി സാറിനൊപ്പവും ഭദ്രൻ സാറിനൊപ്പവും ഞാൻ അസിസ്റ്റ് ചെയ്തിട്ടുണ്ട്. പത്തിരുന്നൂറ് പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. അത് മുൻ നിർത്തി നോക്കുമ്പോൾ പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് ഇത് ഒരു ചെറിയ സിനിമയായിട്ട് തോന്നുമെങ്കിലും നല്ല പോലെ എഫർട്ട് ഇട്ട് ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ച് എടുത്ത സിനിമയാണ് രാസ്ത. ഷൂട്ടിം​ഗിന്റെ പത്ത് പതിനാല് ദിവസം നമ്മൾ സർവെെവ് ചെയ്യുകയായിരുന്നു ശരിക്കും. ഈ ചൂടും കാറ്റും മുഴുവൻ സമയവും ഞങ്ങൾ സർവെെവ് ചെയ്തു. സിനിമയിൽ ഒരു മൂന്നോ നാലോ ദിവസം കാണിക്കുന്നത് നമ്മൾ ഒരു പതിനാലോ പതിനഞ്ചോ ദിവസം കൊണ്ട് ഷൂട്ട് ചെയ്തതാണ്. ഇവിടുത്തെ ഏറ്റവും ചൂടുള്ള ഒരു സമയത്താണ് ഞങ്ങൾ അവിടെ ചെല്ലുന്നതും ഷൂട്ട് ചെയ്യുന്നതുമൊക്കെ. അതുകൊണ്ട് തന്നെ ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകളും ശാരീരികവും മാനസികവുമായിട്ടുള്ള പ്രശ്നങ്ങളും എല്ലാവരിലും ഉണ്ടായിരുന്നു. നമ്മുടെ ​ഗവൺമെന്റിനെ പോലെയല്ല ഒമാനിലെ ​ഗവൺമെന്റ്. അവർ അവിടെ നടക്കുന്ന നെ​ഗറ്റീവായിട്ടുള്ള ന്യൂസുകൾ അധികം പുറത്തു വിടില്ല. അതുകൊണ്ട് തന്നെ അവിടെ ജീവിക്കുന്നവർക്ക് മാത്രം അറിയാവുന്ന ഒരുപാട് പ്രശ്നങ്ങൾ ഈ സിനിമയിൽ പറഞ്ഞു പോകുന്നുണ്ട്.

ഷൂട്ടിങ്ങിനിടയിലെ അപകടസാധ്യതകൾ

റുബൽ ഖാലിയിലും ബിബിയ എന്ന സ്ഥലത്തുമായാണ് രാസ്ത ഷൂട്ട് ചെയ്തത്. ഹോസ്പിറ്റലെെസ്ഡാവുകയായിരുന്നു പല ആളുകളും. ഞാൻ ഈ സിനിമ സംവിധാനം ചെയ്തത് കൂടാതെ ഇതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ഇരുപത്തിനാലാമത്തെ വർഷമാണ് സിനിമയിൽ. ഒരു ആക്ടർ എന്ന നിലയിൽ ഞാൻ ത്രൂ ഔട്ട് അഭിനയിക്കുന്ന ആദ്യത്തെ സിനിമയാണ് രാസ്ത. അത് വലിയൊരു എക്സ്പീരിയൻസായിരുന്നു. എല്ലാത്തിനെയും ഓവർ കം ചെയ്ത് പോവുകയായിരുന്നു ഞാൻ എന്ന് തോന്നുന്നു. നമ്മൾ എല്ലാം സഹിക്കുന്നുണ്ട്, ഷൂട്ട് നടക്കുന്നുണ്ട് എന്നാൽ ഷൂട്ട് കഴിഞ്ഞ് വന്നപ്പോഴാണ് കൃത്യമായിട്ട് എന്റെ ഫിസിക്കൽ കണ്ടീഷനിലും മെന്റൽ കണ്ടീഷനിലും ഉണ്ടായ മാറ്റങ്ങൾ എനിക്ക് തന്നെ മനസ്സിലാക്കുന്നത്. ഒരുപാട് ഹെൽത്ത് ഇഷ്യൂസ് വന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് അതിന്റെ ഒരു സ്പിരിറ്റിൽ ആരോ​ഗ്യത്തെ വേണ്ട രീതിയിൽ കൺസിഡേർ ചെയ്തിരുന്നില്ല, തത്ക്കാലം ഡോക്ടറെ കാണിക്കുന്നു മരുന്ന് തരുന്നു എന്നല്ലാതെ ഷൂട്ട് നിർത്തി വയ്ക്കാൻ പറ്റില്ലല്ലോ? അവിടെ പെർമിഷന്റെയും മറ്റും കാര്യങ്ങളുണ്ട്. അപ്പോൾ താത്ക്കാലികമായി മെഡിസിൻ എടുത്തിട്ട് ഷൂട്ട് പൂർത്തിയാക്കി. നമ്മൾ‌ പ്രതീക്ഷിച്ചതിൽ കൂടുതൽ പ്രശ്നങ്ങൾ ഫേസ് ചെയ്യേണ്ടി വന്നപ്പോഴും നമുക്ക് ഇത് ഷൂട്ട് ചെയ്യണം എന്നുള്ളത് കൊണ്ട് അത് ചെയ്തു പോവുകയായിരുന്നു. എന്റെ ബോഡിക്ക് താങ്ങുന്നതിൽ കൂടുതലാണ് എടുത്തോണ്ടിരിക്കുന്നത് എന്ന് മനസ്സിലായത് സിനിമയൊക്കെ കഴിഞ്ഞ് ഇവിടെ തിരിച്ചു വന്നപ്പോഴാണ്.

വിഷ്ണു മോഹൻസിതാരയുമായുള്ള കോമ്പിനേഷൻ

എല്ലാ സിനിമകളിലും വിഷ്ണു വരുന്നത് യാഥർച്ഛികമായി സംഭവിച്ചു പോകുന്നതാണ്. ഇതിലെ മൂന്ന് പാട്ടുകൾ ഇതിനകം ഇറങ്ങി കഴിഞ്ഞിട്ടുണ്ട്. ഒന്ന് വിനീതും മൃദുലയുമാണ് പാടുന്നത്. മറ്റ് രണ്ടെണ്ണം അൽഫോൺസും സൂരജും. രണ്ട് പാട്ടുകൾ എന്നത് മൊണ്ടാഷ് സോങ്ങാണ്. ചില സീൻസുകൾ പറഞ്ഞു പോകുന്ന പാട്ടുകളാണ് അവ രണ്ടും. ഒരു പാട്ട് മാത്രമാണ് സാധാരണ പാട്ടുകളെ പോലെ പ്ലേസ് ചെയ്തിരിക്കുന്നത്. ബാക്കി രണ്ടും സിനിമയുടെ കഥ പറയാനാണ് ഉപയോ​ഗിച്ചിരിക്കുന്നത്. എന്തായാലും രാസ്ത കാണുന്ന പ്രേക്ഷകനെ സിനിമ നിരാശരാക്കില്ല. എല്ലാരും സിനിമ തിയറ്ററിൽ തന്നെ പോയി കാണണം എന്നാണ് എനിക്ക് പറയാനുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in