ബോളിവുഡിന്റെ ആംഗ്രി യങ് മാൻ

1968 ൽ അന്നൗൺസറുടെ തസ്തിക തേടി ചെന്ന ഒരു യുവാവിനെ ആകാശവാണിയിൽ നിന്ന് തിരിച്ചയച്ചു. അയാളുടെ ശബ്ദവും ഉച്ചാരണവും പ്രക്ഷേപണയോഗ്യമല്ല എന്നതായിരുന്നു കാരണം. എന്നാൽ പിൻകാലത്ത് ആ ഗാംഭീര്യമുള്ള ശബ്ദം ഷോഭിക്കുന്ന, ഷുഭിത യവ്വനത്തിന്റെതായി, പ്രതിനായകനായകന്റേതായി, കാമുകന്റെയും, അച്ഛന്റെയും, സാധാരണക്കാരന്റെ പ്രതിഷേധത്തിന്റേതുമായി മാറി. ഇന്ത്യൻ സിനിമ കണ്ട ഇതിഹാസ നായകന്റെതായി. ഓരോ കാൽവെപ്പുകളിലും ഓരോ ഘട്ടത്തിലും പരാജയം പതുങ്ങിയിരിപ്പുണ്ടായിരുന്നിട്ടും തിരിച്ചടികളെ വകഞ്ഞുമാറ്റി ബോളിവുഡ് സിംഹാസനത്തിൽ ചക്രവർത്തിയായി അയാൾ കയറിയിരുന്നു. ബോളിവുഡിന്റെ സ്വന്തം ഷഹൻഷായായി ബിഗ് ബി ആയി.

ഇംക്വിലാബ് സിംദാബാദ് എന്ന സ്വാതന്ത്ര്യ സമരകാലത്ത് മുഴങ്ങിക്കേട്ട വാക്കുകളിൽ പ്രചോദനം ഉൾക്കൊണ്ട് കവി ഹരിവൻഷ് റായ് ബച്ചനും തേജി ബച്ചനും തങ്ങളുടെ മകന് ഇൻക്വിലാബ് എന്നായിരുന്നു ആദ്യം പേരിടാൻ തീരുമാനിച്ചത്. എന്നാൽ കവി സുമിത്രാനന്ദൻ പന്തിന്റെ നിർദ്ദേശപ്രകാരം അവർ അമിതാഭ് എന്നാക്കിയത് മാറ്റി.

1969 ൽ ഭുവൻ ഷോം എന്ന സിനിമയിലൂടെ വോയിസ് നറേറ്റർ ആയി ബച്ചൻ സിനിമയിലേക്ക് കാൽവെപ്പ് നടത്തി. എന്നാൽ ബച്ചന് സിനിമയുടെ വെള്ളിത്തിരയിൽ ആദ്യമായി മുഖം കാണിക്കാൻ ആയത് സാത് ഹിന്ദുസ്ഥാനി എന്ന സിനിമയിലൂടെയായിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഏഴ് പേരിൽ ഒരാളായി അങ്ങനെ അമിതാഭ് ബച്ചൻ തന്റെ അഭിനയ പാടവം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. തുടർന്ന് രാജേഷ് ഖന്നയ്ക്കൊപ്പം 1971 ൽ ആനന്ദ് എന്ന ചിത്രത്തിലൂടെ മികച്ച സപ്പോർട്ടിങ് ആക്ടറിനുള്ള ആദ്യ ഫിൽംഫെയർ അവാർഡ്. അവിടന്ന് പർവാണ എന്ന ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രമായി ബച്ചനെത്തി.

തുടക്ക കാലങ്ങളിൽ ബച്ചൻ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല അതുകൊണ്ട് തുടക്കവും അത്ര ശോഭിച്ചില്ല. എന്നാൽ 70 കളുടെ തുടക്കം കണ്ടത് അമിതാഭ് ബച്ചൻ എന്ന സൂപർ താരത്തിന്റെ ഉദയമായിരുന്നു. അന്നത്തെ കാലത് നിലനിന്നിരുന്ന അരക്ഷിതാവസ്ഥയും, പട്ടിണിയും, തൊഴിലിലായ്മയും കേന്ദ്രമാക്കി സാധാരണക്കാരെ പ്രതിനീകരിച്ച് ബച്ചൻ സ്‌ക്രീനിലെത്തി. ഏതൊരു സാധാരണക്കാരന്റെയും പ്രതിരൂപമായ, തെറ്റുകളെ കയർകുന്ന, സാമൂഹിക അനീതികളെ ചോദ്യം ചെയ്ത് തിരിച്ചടിക്കുന്ന ബച്ചന്റെ നായകന്മാരെ സിനിമ കൊട്ടകയിൽ പ്രേക്ഷകർ ആർപ്പുവിളികളോടെ സ്വീകരിച്ച് അവരിൽ ഒരാളാക്കി മാറ്റി. ഹിന്ദി സിനിമ കണ്ട angry young man എന്ന ടാഗ്‌ലൈൻ അതോടെ അമിതാഭ് ബച്ചന് സ്വന്തമായി. അതിന് തുടക്കം കുറിച്ചതാകട്ടെ 1973 ൽ സലിം ജാവേദ് തിരക്കഥയെഴുതിയ സഞ്ജീർ ആയിരുന്നു.

അന്നത്തെ കാലത്ത് ബോളിവുഡിൽ നിലനിന്നിരുന്ന റൊമാന്റിക് ഹീറോ അല്ലെങ്കിൽ റൊമാന്റിക് സിനിമകളുടെ ട്രെൻഡിൽ നിന്ന് മാറി സിസ്റ്റത്തിനെതിരെ ആഞ്ഞടിക്കുന്ന വയലന്റ്റ് നായക കഥാപാത്രത്തെയായിരുന്നു സലിം ജാവേദ് സൃഷ്ട്ടിച്ചത്. അതുകൊണ്ട് തന്നെ പല നായകന്മാര് സ്ക്രിപ്റ്റിനെ കൈയ്യൊഴിഞ്ഞു. ഒടുവിൽ അതെത്തിയത് ബച്ചന്റെ പക്കൽ. ചിത്രം ബ്ലോക്ബ്സ്റ്റർ ആയി ഒപ്പം അമിതാഭ് ബച്ചന്റെ താര പദവിക്കും സഞ്ജീർ തുടക്കം കുറിച്ചു. അവിടന്ന് സലിം ജാവേദിന്റെ തിരക്കഥയിൽ അമിതാഭ് ബച്ചനെ നായകനാക്കി നിരവധി ഹിറ്റ് ചിത്രങ്ങൾ പിറന്നു. എല്ലാം ബച്ചന് ഗുണകരവുമായി. ദീവാർ, കാലാ പത്ഥർ, ത്രിശൂൽ, ഷോലേ തുടങ്ങിയ സിനിമകളിലൂടെ ബച്ചൻ സാധാരക്കാരന്റെ ശബ്ദമായി അവർക്കിടയിലേക്ക് തന്റെ angry young man ഭാവങ്ങളുമായി ഇറങ്ങിച്ചെന്നു. ഇതിൽ ഷോലയിലെ ജൈയ്യും ദീവാറിലെ വിജയ്‍യും ബച്ചന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമകളാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 25 അഭിനയ പ്രകടനങ്ങൾ എന്ന ഫോർബസ്സിന്റെ പട്ടികയിലും ചിത്രത്തിലെ ബച്ചന്റെ പ്രകടനം ഇടംപിടിച്ചു. ഷോലയാകട്ടെ 1999-ൽ ബിബിസി ഇന്ത്യ "ഫിലിം ഓഫ് ദ മില്ലേനിയം" ആയി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഒരികലുമൊരു ആക്ഷൻ താരമായി മാത്രം ഒതുങ്ങി പോകാതിരിയ്ക്കാൻ ബച്ചനെപ്പോഴും ശ്രമിച്ചിരുന്നു. ചുപ് ചുപ് കെ, മിലി, കഭി കഭി, അമർ അക്‌ബർ ആന്റണി, മൻസിൽ തുടങ്ങിയ കോമഡി റൊമാന്റിക് സിനിമകളും അദ്ദേഹം ചെയ്തിരുന്നു.

1978 ൽ അണ്ടർവേൾഡ് രാജാവായ ഡോണായും അയാളുടെ രൂപസാദൃശ്യമുള്ള വിജയ് ആയും ബച്ചൻ സ്‌ക്രീനിലെത്തിയപ്പോൾ മികച്ച നടനുള്ള രണ്ടാമത്തെ ഫിൽംഫെയർ അവാർഡും ബച്ചനെ തേടിയെത്തി. ഇതിനൊപ്പം 1979 ൽ മിസ്റ്റർ നട്വർലാൽ എന്ന സിനിമയിലൂടെ ഗായകനായും ബച്ചൻ അരങ്ങേറി. സലിം ജാവേദ്, മൻമോഹൻ ദേശായി, യഷ് ചോപ്ര, മുകുൾ ആനന്ദ്, ടിനു ആനന്ദ് തുടങ്ങിയവരുടെ സിനിമകളിലൂടെ ബച്ചൻ ബോളിവുഡിന്റെ മന്നനായി മാറി.

എന്നാൽ ആ വിജയകുതിപ്പിന് അടിയേൽക്കുന്നത് 1982 ൽ കൂലി എന്ന സിനിമക്കിടയിലാണ്. ചിത്രത്തിൽ നടൻ പുനീത് ഇസ്സാറുമായുള്ള ഫൈറ്റ് സീനിനിടെ വയറിന് ഗുരുതരമായി പരുക്കേറ്റ് മാസങ്ങളോളം ബച്ചൻ ആശുപത്രിയിലായി. ആരാധകർ പ്രാർത്ഥനയിലായി. ഒടുവിൽ നാളുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ബച്ചൻ സെറ്റിൽ തിരികെയെത്തി കൂലി പൂർത്തിയാക്കി. ചിത്രം ബോക്സ് ഓഫീസിൽ ബ്ലോക്കബ്സ്റ്റർ ആയി. ഇതിനിടെ തനിക്ക് മയസ്തീനിയ ഗ്രാവിസ് എന്ന അസുഖം ബാധിച്ചെന്ന കണ്ടെത്തൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ ബച്ചനെ പ്രേരിപ്പിച്ചു. അടുത്ത സുഹൃത്തായ രാജീവ് ഗാന്ധിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രീയത്തിലേക്ക് ബച്ചൻ ചുവടുമാറ്റി. 1984 മുതൽ 1987 വരെ അലഹബാദ് എം പിയായി ബച്ചൻ സേവനം അനുഷ്ട്ടിച്ചു. എന്നാൽ തന്റെ പാത രാഷ്ട്രീയമല്ല സിനിമയാണെന്ന തിരിച്ചറിവ് അമിതാബ് ബച്ചനെ തിരികെ സിനിമയിലേക്ക് എത്തിച്ചു. ഒടുവിൽ മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ബച്ചൻ സിനിമയിലേക്ക് മടങ്ങിയെത്തി ടിനു ആനന്ദ് ചിത്രം ഷെഹൻഷായിലൂടെ. ചിത്രം റെക്കോർഡുകൾ സൃഷ്ട്ടിച്ചു, ബ്ലോക്കബ്സ്റ്റർ ആയി. തുടർന്ന് അഗ്നീപഥ്, ഹം തുടങ്ങിയ വിജയ ചിത്രങ്ങൾ.വീണ്ടും അഞ്ച് വർഷം സിനിമയിൽ നിന്ന് ഗ്യാപ്. ഇതിനിടെ അമിതാഭ് ബച്ചൻ കോർപറേഷൻ ലിമിറ്റഡ് എന്ന നിർമാണ കമ്പനിയുമായി ബച്ചൻ തിരിച്ചെത്തി. എന്നാൽ അവിടെ ഫലം പരാജയമായിരുന്നു. എ ബി സി എൽ നിർമിച്ച സിനിമകൾ ഒന്നൊന്നായി പരാജയപ്പെട്ടു, ഒപ്പം 1996 മിസ് വേൾഡ് മത്സരത്തിന്റെ സ്പോൺസർ ആയതിന്റെ പേരിൽ വലിയ നഷ്ടവും നേരിട്ടു.

2000 ത്തിൽ കോൻ ബനേഗാ ക്രോർപതി എന്ന ടെലിവിഷൻ ഷോ അമിതാഭ് ബച്ചന് പുതിയൊരു ആരംഭമായിരുന്നു. ടി വി പ്രേക്ഷകരിലൂടെ വീണ്ടും ബച്ചൻ ജനഹൃദയങ്ങളിലേക്ക് കുടിയേറി. പരിപാടിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അവിടങ്ങോട്ട് വീണ്ടും ബച്ചന്റെ കാലമായിരുന്നു. സിനിമയുടെ മാറ്റവും പ്രായത്തിന്റെ തിരിച്ചറിവുകളും മനസ്സിലാക്കിയ ബച്ചൻ തനിക്ക് ഇണങ്ങിയ വേഷങ്ങൾ തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെ ഒരു തിരിച്ചുപോക്ക് ഉണ്ടായിട്ടില്ല. ഷാരൂഖ് ഖാനൊപ്പം മൊഹബത്തീൻ, കഭി കുശി കഭി ഘം, വീർ സാര, കഭി അൽവിധ നാ കേഹനാ തുടങ്ങിയ ചിത്രങ്ങളിൽ ബച്ചൻ പ്രത്യക്ഷപ്പെട്ടു. അവിടങ്ങോട്ട് കഥാപാത്രത്തിലും ലുക്കിലും അടിമുടി മാറ്റം വരുത്തി അമിതാഭ് ബച്ചൻ ജനങ്ങൾക്ക് മുന്നിലെത്തി. തുടർന്ന് ബ്ലാക്ക്, സർക്കാർ, ഭൂത്നാഥ്, പാ തുടങ്ങി അഭിനയത്തിന്റെ പുതിയൊരു ചാപ്റ്റർ ബച്ചൻ പ്രേക്ഷകർക്ക് മുന്നിൽ തുറന്നിട്ടു. നരവീണ മുടിയെയും താടിയെയും തന്റെ ഐഡന്റിറ്റിയാക്കി മാറ്റി ബച്ചൻ. ഹിന്ദി സിനിമയിൽ മാത്രം ഒതുങ്ങി നിന്നില്ല അദ്ദേഹം. ഭോജ്‌പുരിയിലും, മറാഠിയിലും,കന്നടയിലും, തെലുങ്കിലും, മലയാളത്തിലും എന്തിനേറെ ഡി കാപ്രിയോ നായകനായ ദി ഗ്രേറ്റ് ഗാറ്റ്സ്ബി എന്ന ഇംഗ്ലീഷ് ചിത്രത്തിലും ബച്ചൻ തന്റെ പ്രകടനമികവ് തെളിയിച്ചു.

ഇന്ന് തന്റെ എൺപതുകളിലൂടെ പോകുമ്പോഴും അമിതാബ് ബച്ചനെന്ന അഭിനേതാവ് മികച്ച വേഷങ്ങൾ തേടി യാത്ര തുടരുകയാണ്. അഭിനയജീവിതത്തിൽ വര്ഷങ്ങളുടെ കണക്കുകൾ പിന്നിടുമ്പോഴും അദ്ദേഹം ഇന്നും ബോളിവുഡിന്റെ ബിഗ് ബി ആണ്. ഇന്നും ബച്ചനെ കാത്തിരിക്കുന്നത് വലിയ സിനിമകളും മികച്ച വേഷങ്ങളുമാണ്. തിരിച്ചടികൾ എല്ലാവരുടെ ജീവിതത്തിലും സംഭവിക്കും. ആരുടെയും ജീവിതം തടസ്സങ്ങളില്ലാതെ പോകില്ല അവ ഉറപ്പായും സംഭവിക്കും. എന്നാൽ ഒരു തിരിച്ചടി വരുമ്പോൾ അതിൽ നിന്ന് എന്തെങ്കിലും പഠിക്കാനുള്ള അവസരം ലഭിക്കുമോ എന്നാണ് ഞാൻ നോക്കുന്നത്.ഇത് ബച്ചന്റെ വാക്കുകളാണ്. തന്റെ പരാജയങ്ങളിൽ തളരാതെ തന്നെ തന്നെ പുതിയതായി പൊളിച്ചെഴുതികൊണ്ട് അമിതാഭ് ബച്ചൻ ഇന്നും വിജയഗാഥ തുടർന്നുകൊണ്ടിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in