ഇതൊക്കെയാണ് ഇതുവരെ ഉള്ള മോളിവുഡ് റെക്കോർഡ്‌സ്

മലയാള സിനിമയിൽ നിന്ന് ഒരു 500 കോടി സിനിമയുണ്ടാകുമോ? ഈ ചോദ്യം 2024ൽ ചോദിക്കുമ്പോൾ അൽപ്പം ഓവറാണെന്നും ഓവർ കോൺഫിഡൻസാണെന്നും തോന്നാം. എന്നാൽ ദൃശ്യം പോലൊരു ഫാമിലി ഡ്രാമ കം ത്രില്ലർ സിനിമ കേരളത്തിന് പുറത്തുണ്ടാക്കിയ ഇംപാക്ട് മുതൽ 2024ൽ മഞ്ഞുമ്മൽ ബോയ്സും പ്രേമലുവും തമിഴിലും തെലുങ്കിലും നേടിയെടുത്ത സ്റ്റാൻഡിം​ഗ് ഒവേഷനും കണക്കിലെടുത്താൽ എല്ലാ അസാധ്യതകളെയും സാധ്യതകളാക്കി മാറ്റിയ നമ്മുടെ ഇൻഡസ്ട്രിക്ക് 500 കോടി ക്ലബ്ബും മൂന്നും നാലും ഭാഷയിലെ സിനിമാ പ്രേമികളെ കയ്യിലെടുക്കുന്ന നേട്ടവും വിദൂരത്തല്ലെന്ന് മനസിലാകും. ഇന്ത്യൻ വാണിജ്യ സിനിമകളുടെ നിലവിലെ മാസ്റ്ററായ രാജമൗലിയും ബോളിവുഡിനെ കോസ്റ്റ്യൂം ഡ്രാമകളിൽ നിന്ന് ഔട്ട് ഓഫ് ദ ബോക്സ് ചിന്തയിലെ വഴിതിരിച്ച അനുരാ​ഗ് കശ്യപിനയും ഒരു പോലെ അസൂയപ്പെടുത്തുന്ന സിനിമകളും അഭിനേതാക്കളും മലയാളത്തിലാണ്. ഒരൊറ്റ ജോണറിൽ ചുറ്റിത്തിരിയാതെ ഒരേ മാസത്തിൽ തന്നെ പ്രേമലുവും ഭ്രമയു​ഗവും മഞ്ഞുമ്മൽ ബോയ്സും സൃഷ്ടിച്ച് തിയറ്ററിൽ ആരവമുണ്ടാക്കാൻ മലയാളത്തിന് സാധിക്കുന്നുണ്ട്. പെട്ടിക്കടവുഡ് എന്നും പ്രകൃതിപ്പടങ്ങളുടെ കേന്ദ്രമെന്നും അകത്തുനിന്നും പുറത്തുനിന്നും പരിഹസിക്കപ്പെടുന്ന ഒരു ഇൻഡസ്ട്രി ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകളുടെയും ഏറ്റവും മികച്ച ആക്ടേഴ്സിന്റെയും ഇടമായി പിന്നെയും മാറുകയാണ്.

ഒരു ഫ്ളാഷ് ബാക്കിലേക്ക് പോയാൽ - 1991ൽ റിലീസ് ചെയ്ത് 405 ദിവസം തിയറ്ററിൽ ഓടിയ ചിത്രം നമ്മുക്കുണ്ട്. അത് സിദ്ദീഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന ​ഗോഡ്ഫാദറാണ്. മലയാള സിനിമയുടെ സർവകാല റെക്കോർഡിനുടമയായ സിനിമ. ഇനി ഒരിക്കലും ഒരു സിനിമക്കും തകർക്കാൻ പറ്റാത്ത റെക്കോർഡ്. മോഹൻലാൽ പ്രിയദർശൻ സിനിമയായ ചിത്രവും 365 നാൾ തിയറ്ററിൽ ഓടി റെക്കോർഡ് സൃഷ്ട്ടിചിരുന്നു. വൈഡ് റിലീസും ടെലിവിഷൻ പ്രിമിയറും പിന്നീട് ഒടിടി റിലീസും വന്നതോടെ 100 നാൾ ഓട്ടം സിനിമകളുടെ കാര്യത്തിൽ നൊസ്റ്റാൾജിയ മാത്രമായി. നാലാഴ്ച തികക്കുക എന്നതാണ് ഒടിടിക്ക് മുന്നേയുള്ള തിയറ്റർ സാധ്യത. അതേ സമയം തന്നെ അന്നത്തെക്കാൾ പത്തിരട്ടി സാധ്യതകളിലേക്ക് മലയാളം റിലീസ് മാറി. കേരളത്തിൽ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖ കേന്ദ്രങ്ങളിലും ഇന്ത്യക്ക് പുറത്ത് ജിസിസിയിലും യുകെയിലും യുഎസിലും ഓസ്ട്രേലിയയിലുമെല്ലാം മലയാളം സിനിമ ഒന്നിച്ചെത്തുകയാണ്. വൈഡ് റിലീസിന് മുമ്പുള്ള കാലത്തേക്ക് പോയാൽ കേരളത്തിലെ തിയേറ്ററുകളെ മൂന്നായി തരം തിരിച്ചിരുന്നു. എ ക്ലാസ്, ബി ക്ലാസ്, സി ക്ലാസ് എന്ന് ഇങ്ങനെയായിരുന്നു ആ വിഭജനം. എ ക്ലാസ് തിയറ്ററുകളെന്നാൽ റിലീസിംഗ് സെന്ററുകൾ ആയിരുന്നു. മെയിൻ സിറ്റികളിൽ സ്ഥിതി ചെയ്തിരുന്ന ഇവയിലാണ് എല്ലാ മലയാള സിനിമകളും ആദ്യം എത്തിയിരുന്നത്. തൊട്ടുപിന്നിൽ ബി ക്ലാസ് തിയറ്ററുകൾ. ഷിഫ്റ്റിംഗ് ക്ലാസ് എന്നായിരുന്നു ഇവ അറിയപ്പെട്ടുകൊണ്ടിരുന്നത്. എ ക്ലാസ്സിൽ വരുന്ന സിനിമകൾ ഇരുപത്തഞ്ചോ അമ്പതോ ദിവസങ്ങൾക്ക് ശേഷമായിരുന്നു ഈ തിയയറ്ററുകളിൽ എത്തുക. പിന്നെയുള്ളത് സി ക്ലാസ് തിയറ്ററുകൾ ആണ്. കൂടുതലും ഗ്രാമപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ തിയറ്ററുകളിൽ എ യിലും, ബി യിലും കളിച്ചു കഴിഞ്ഞു 100 ദിവസങ്ങൾക്ക് മേലെയാകുമ്പോൾ ഇവിടെ പ്രദർശനത്തിനെത്തുക. സോഷ്യൽ മീഡിയയും ഇന്റർനെറ്റും പ്രാബല്യത്തിൽ ഇല്ലാത്ത കാലമായതിനാൽ ഈ സി സെന്ററുകളിലും പ്രേക്ഷകർ കൂട്ടത്തോടെ സിനിമ കാണാൻ എത്തിയിരുന്നു.അതിനാൽ തന്നെ ഒരു സിനിമ ഹിറ്റായെന്ന് വാർത്തകൾ അറിഞ്ഞാൽ അവ മാസങ്ങൾക്കിപ്പുറം സി സെന്ററിലെത്തിയാലും തിരക്ക് ആദ്യ ദിവസങ്ങളിൽ എന്നപോലെ തുടരും. അതുകൊണ്ട് തന്നെ പലപ്പോഴും ഒരു സിനിമയുടെ തിയറ്ററിക്കൽ എക്സ്പയറി ഡേറ്റ് വളരെ കൂടുതൽ ആയിരുന്നു.

ഇന്നത്തെ പോലെ മുന്നൂറും സ്ക്രീനുകൾ അന്ന് മലയാള സിനിമയ്ക്ക് അപ്രാപ്യമായിരുന്നു. വളരെ കുറച്ച് സ്‌ക്രീനുകളും തിയറ്ററുകളും ഉണ്ടായിരുന്നതിനാൽ ഒരു വൈഡ് റിലീസ് എന്ന കോൺസെപ്റ്റ് ഒരുകാലം വരെ മലയാള സിനിമയിൽ ഇല്ലായിരുന്നു. 30 മുതൽ അൻപത് അവരെ റിലീസിംഗ് സെന്ററുകളിലായിരുന്നു പല സിനിമളുടെയും മാക്സിമം റിലീസ് എന്നത്. എന്നാൽ വൈഡ് റിലീസ് പ്രാബല്യത്തിൽ വന്നതോടെ മലയാള സിനിമയും കളക്ഷൻ റെക്കോർഡുകളുടെ പട്ടികയിലേക്ക് മുന്നോട്ടെത്തി. മുൻപ് മുപ്പതും അൻപതും സെന്ററുകളിൽ നിന്ന് നേടിയ കളക്ഷന്റെ ഇരട്ടി എഴുപതും നൂറും തിയറ്ററുകളിൽ നിന്ന് മലയാള സിനിമ നേടാൻ തുടങ്ങിയതോടെ മലയാള സിനിമയുടെ മാർക്കറ്റും വർധിച്ചു. അണ്ണൻ തമ്പിയും, ട്വന്റി-ട്വന്റി, പഴശ്ശിരാജയും, കാസനോവയുമൊക്കെ നൂറും കടന്ന് റെക്കോർഡ് സ്‌ക്രീനുകളിൽ റിലീസ് ചെയ്തതോടെ ഒരു സിനിമ അൻപതും നൂറും ദിനങ്ങൾ കൊണ്ട് നേടിയിരുന്ന കളക്ഷൻ ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് തിരിച്ചുപിടിക്കാൻ സാധിച്ചു. ഇതിൽ ട്വന്റി ട്വന്റി, പഴശ്ശിരാജാ എന്നിവ നൂറിലേറെ തിയറ്ററിൽ റിലീസ് ചെയ്ത് റെക്കോർഡ് സൃഷ്ട്ടിച്ചവയാണ്. ഒപ്പം ടിക്കറ്റ് നിരക്കും ഇതിൽ വലിയൊരു ഭാഗമായിരുന്നു എ, ബി, സി യിൽ വ്യത്യസ്തമായ ടിക്കറ്റ് നിരക്കുകൾ ആയിരുന്നു ഈടാക്കിയിരുന്നത്. തിയറ്ററുകളും റിലീസിംഗ് സെന്ററുകളും വര്ധിച്ചതോടെ ടിക്കറ്റിങ് നിരക്കിലും കാര്യമായ മാറ്റമുണ്ടായി.

വൈഡ് റിലീസിംഗ് സാധ്യമായതോടെ മലയാള സിനിമക്ക് ആവശ്യക്കാരേറെയായി. ഇന്ത്യക്ക് പുറത്തും ഗൾഫ് കണ്ട്രീസിലും മലയാള സിനിമ തങ്ങളുടെ മാർക്കറ്റ് വലുതാക്കി. തമിഴ് സിനിമ എക്കാലവും തങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റ് ആയി കണക്കാക്കിയിരിക്കുന്ന മലേഷ്യ പോലെ മലയാളികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങൾ മലയാള സിനിമക്ക് ഒരു മുൻനിര മാർക്കറ്റ് ആയി മാറാൻ തുടങ്ങി. കേരളത്തിൽ റിലീസ് ചെയ്തിരുന്ന സിനിമകൾ മുൻപൊക്കെ ഒരാഴ്ചക്കും രണ്ടാഴ്ചക്കും ശേഷമായിരുന്നു ഇന്ത്യക്ക് പുറത്തും ഗൾഫ് രാജ്യങ്ങളിലും എത്തിയിരുന്നത്. എന്നാൽ കാലക്രമേണ കേരള റിലീസിനോടൊപ്പം തന്നെ ഗൾഫ് മാർക്കറ്റിലും സിനിമ എത്തിത്തുടങ്ങി. വൈഡ് റിലീസിംഗ് എത്തിയതോടെ ആദ്യ ദിനങ്ങളിൽ തിയറ്ററുകൾക്ക് പ്രേക്ഷകർ ഓടിയെത്താൻ തുടങ്ങി. താരമൂല്യമുള്ള സിനിമകൾ വൈഡ് റിലീസിംഗ് സഹായത്തോടെ കോടികൾ വാരി. പതുക്കെപ്പതുക്കെ ബി സി സെന്ററുകൾ എന്ന വേർതിരിവ് അപ്രത്യക്ഷമായി. ബി സെന്ററുകളിലും പതിയെ പതിയെ റിലീസ് സിനിമകൾ എത്തിത്തുടങ്ങിയതോടെ അവയും ആദ്യ ദിനങ്ങളിലെ കളക്ഷൻ സംഭാവന ചെയ്യുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. സി ക്ലാസ് തിയറ്ററുകൾ ആളുകളിലാതെ കൂടുതലും അടച്ചുപൂട്ടലിന്റെ വക്കെത്തിയതും ചിലത് നവീകരിച്ച് എ ക്ലാസ് സെന്ററുകളായി മാറിയതും വൈഡ് റിലീസിംഗിനെ കൂടുതൽ സഹായിച്ചു.

തിയറ്ററുകൾ വർധിച്ചതോടെ സ്വാഭാവികമായും മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകൾക്കും അത് തുടക്കം കുറിച്ചു. 500 വരെ സ്ക്രീനുകളിലേക്ക് കേരളത്തിൽ മാത്രം ബി​ഗ് ടിക്കറ്റ് സിനിമകൾ റിലീസ് ആലോചിച്ചുതുടങ്ങി. ആദ്യ ദിന കളക്ഷൻ റെക്കോർഡുകൾ പ്രേക്ഷകരും ഇന്ടസ്ട്രിയും ശ്രദ്ധിച്ചു തുടങ്ങി. കളക്ഷനുകൾ വെളിപ്പെടുത്താത്ത കാലത്തുനിന്ന് ഇന്ന് സ്വമേധയാ നിർമാതാക്കൾ അവ വെളിപ്പെടുത്താൻ തുടങ്ങി. ആദ്യ ദിന കളക്ഷൻ നമ്പറുകൾ ഒരു ട്രെൻഡ് ആയി മാറാൻ ആരംഭിക്കുന്നു. കൂടുതൽ സ്‌ക്രീനുകളിൽ സിനിമകൾ റിലീസിന് എത്തിയതോടെ കൂടുതൽ ഷോകൾ വഴി ആദ്യ ദിനങ്ങളിൽ മാക്സിമം പ്രേക്ഷകരെ സിനിമക്ക് തിയറ്ററിൽ എത്തിക്കാനായി. മോഹൻലാൽ സിനിമകളും വിജയ് സിനിമകളും ആ സ്ഥാനത്തിൽ മുന്നിട്ട് നിന്നപ്പോൾ പതിയെ മമ്മൂട്ടിയും ദുൽഖർ സൽമാനുമെല്ലാം അതിലേക്ക് ഇടം പിടിക്കാൻ ആരംഭിച്ചു. ഇൻഡസ്ടറി ഹിറ്റുകൾ മലയാള സിനിമയുടെ എല്ലാ കാലത്തെയും ഭാഗമായിരുന്നു. ഒരു സ്റ്റേറ്റിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമകളെയാണ് ഇൻഡസ്ടറി ഹിറ്റ് സിനിമകളെന്ന് വിശേഷിപ്പിക്കുന്നത്. ട്വന്റി- ട്വന്റി, ക്ലാസ്സ്‌മേറ്റ്സ്, രാജമാണിക്യം, നരസിംഹം തുടങ്ങിയ സിനിമകളൊക്കെ മലയാളത്തിന്റെ ഇൻഡസ്ടറി ഹിറ്റ് സ്ഥാനത്തേക്ക് വന്ന സിനിമകളാണ്. എന്നാൽ ആ കൂട്ടത്തിൽ മലയാള സിനിമയുടെ മാർക്കറ്റിനെ പല തലങ്ങളിൽ എത്തിച്ച സിനിമയായിരുന്നു ജീത്തുജോസഫ് മോഹൻലാൽ ചിത്രമായ ദൃശ്യം. ഒരു സാധാരണ കുടുംബ ചിത്രമായ ദൃശ്യം 2013 ഡിസംബർ 19 നാണ്‌ കേരളത്തിലെ തിയറ്ററുകളിൽ എത്തിയത്. തുടക്കത്തിൽ വലിയ ആരവങ്ങളില്ലാതെ എത്തിയ സിനിമ എന്നാൽ അടുത്ത ദിവസങ്ങളിൽ മലയാള സിനിമയെ കൈപിടിച്ച് കയറ്റിയത് ആദ്യ 50 കോടി ക്ലബ് എന്ന അപൂർവ നേട്ടത്തിലേക്കായിരുന്നു. ഇൻഡസ്ടറി ഹിറ്റെന്ന ലേബലിനൊപ്പം 60 കോടി രൂപയോളം നേടിയാണ് ചിത്രം പ്രദർശനം അവസാനിപ്പിച്ചത്. ദൃശ്യത്തിലൂടെ കോടി ക്ലബ്ബ് എന്ന അപൂവ്വമായ നേട്ടത്തിലേക്ക് മലയാള സിനിമയും കാലെടുത്ത് വെക്കുകയായിരുന്നു. ബോക്സ് ഓഫീസിൽ ട്രേഡ് അനലിസ്റ്റുകളുടെ ശ്രദ്ധയിലേക്ക് തമിഴിനും തെലുങ്കിനും ബോളിവുഡിനുമൊപ്പം മലയാള സിനിമയും സംസാരവിഷയമായി. തുടർന്ന് പ്രേമം, എന്ന് നിന്റെ മൊയ്‌തീൻ, ഒപ്പം, ടു കൺട്രീസ് എന്നെ സിനിമകളും 50 കോടിയെന്ന നേട്ടം കൈവരിച്ചതോടെ മലയാള സിനിമക്ക് അതൊരു സ്ഥിരം കാഴ്ചയായി.

വിഷു, ഓണം, റംസാൻ, ക്രിസ്മസ് ഈ നാല് സീസണിലാണ് മലയാള സിനിമയുടെ മാർക്കറ്റ് ഉണരുന്നത്. സൂപ്പർതാര സിനിമകൾ ഉൾപ്പടെ ചെറുതും വലുതുമായി നിരവധി സിനിമകൾ അവധിക്കാല ആഘോഷത്തിനായി തിയറ്ററിൽ എത്തുക പതിവായിരുന്നു. അതുകൊണ്ട് തന്നെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്നതും റെവന്യൂ ഉണ്ടാകുന്നത് ഈ കാലയളവിൽ തന്നെയായിരുന്നു. എന്നാൽ ആ മാതൃകയെ തകർത്തെറിഞ്ഞ് ഒരു നോൺ ഫെസ്റ്റിവ് സീസണിൽ മലയാള സിനിമയുടെ മികച്ച നേട്ടമായിരുന്നു പ്രേമവും, പുലിമുരുഗനും. സ്കൂളുകൾ തുറക്കുന്ന സമയമായ മെയ് 29 ന് തിയറ്ററിലെത്തിയ പ്രേമത്തിന് അന്നുവരെ കാണാത്ത തിരക്കായിരുന്നു അനുഭവപ്പെട്ടത്. ആദ്യ ദിനം 85 സ്‌ക്രീനിൽ റിലീസിനെത്തിയ സിനിമ തിയറ്റർ വിടുമ്പോൾ 75 കോടിയാണ് നേടിയത്. തുടർന്ന് ഒക്ടോബർ ഏഴിന് തിയറ്ററിലെത്തിയ പുലിമുരുഗൻ മലയാള സിനിമയുടെ സർവകാല റെക്കോർഡ് ആയ 100 കോടി ക്ലബ് നമുക്ക് മുന്നിൽ ആദ്യമായി തുറന്നുവച്ചു. 85 തിയറ്ററുകളിലായി 350 ഓളം സ്‌ക്രീനുകളിൽ 630 ഷോ കളിച്ച ചിത്രം കേരളത്തിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ ആയ 4.05 കോടി നേടി റെക്കോർഡിട്ടു. 139.5 കോടിയായിരുന്നു പുലിമുരുകന്റെ ​ഫൈനൽ ഗ്ലോബൽ കളക്ഷൻ. കേരളത്തിൽ മാത്രമല്ല ഓവർ സീസിലും അന്യഭാഷകളിലും പുലിമുരുഗൻ തകർത്തോടി. പിന്നീടൊരു ഇൻഡസ്ടറി ഹിറ്റിനായി മലയാള സിനിമ കാത്തിരിക്കേണ്ടി വന്നത് ഏഴ് വർഷമാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫർ മലയാളത്തിലെ പണംവാരി പടങ്ങളിൽ ഒന്നായി മാറി മറ്റൊരു 100 കോടി ചിത്രമാകുകയും ചെയ്തു. കേരളത്തിൽ മാത്രം 400 ഓളം സ്‌ക്രീനിൽ ഇറങ്ങിയ ചിത്രം മൂവ്വായിരത്തോളം സ്‌ക്രീനുകളിൽ worldwide റിലീസ് ചെയ്ത് ചരിത്രമാകുകയും ചെയ്തു. യു എ ഇ യിൽ 744 സ്‌ക്രീനുകളിൽ എത്തിയ ചിത്രം ആ സമയത്തെ റെക്കോർഡ് റിലീസ് ചിത്രമായിരുന്നു. ലൂസിഫർ അറ്റത്തിന് ചെയ്തത് പോലും മലയാള സിനിമയുടെ 100 പെർസെന്റ് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. 'ലൂസിഫറിന്റെ ഔട്ട്സൈഡ് ഇന്ത്യ റിലീസ് ഞാൻ കണ്ടപ്പോൾ വിചാരിച്ചത് ഇത്രയും സാധ്യത നമുക്ക് ഉണ്ടായിരുന്നോ എന്നതാണ്' - പൃഥ്വിരാജ് സുകുമാരൻ പറഞ്ഞുവച്ച മലയാള സിനിമയുടെ യാഥാർഥ്യ പൊട്ടൻഷ്യൽ ആയിരുന്നു പിന്നീട് ജനം കണ്ടത്.

ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം ഇൻഡസ്ടറി ഹിറ്റായ ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018 ഇവരിവൺ ഈസ് എ ഹീറോ 89 കോടിയുമാണ് കേരളത്തിൽ നിന്ന് മാത്രം നേടിയത്. തിയറ്ററിൽ നിന്ന് വിടുമ്പോൾ 175.60 കോടിയായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയുടെ ​ഗ്രോസ് കളക്ഷൻ. ചിത്രത്തിന്റെ സാറ്റലൈറ്റ് ഉൾപ്പടെ മറ്റു ബിസിനസ്സുകൾ നോക്കുമ്പോൾ 200 കോടിയാണ് കളക്ഷന്റെ ആകെത്തുക..

ഫെബ്രുവരി മാർച്ച് മാസം എന്നത് മലയാള സിനിമക്ക് കൂടുതലും വിജയശതമാനങ്ങൾ കുറയുന്ന സമയമാണ്. പരീക്ഷാ കാലമായതുകൊണ്ട് തന്നെ പലപ്പോഴും വലിയ സിനിമകൾ ഈ ഓഫ് സീസണിൽ റിലീസ് ചെയ്യാൻ മടിച്ചിരുന്നു. എന്നാൽ ആ മിത്തിനെയാണ് ഒരു മാസത്തിൽ രണ്ട് 100 കോടി സമ്മാനിച്ച് മലയാള സിനിമ ഞെട്ടിച്ചത്. 2024 ഫെബ്രുവരി മലയാള സിനിമക്ക് മികച്ചൊരു വർഷമാണ്. ഒരു ഓഫ് സീസണിൽ ഇത്രയും പടങ്ങൾ ഇറങ്ങുകയും അതു നാലും നന്നാവുകയും അതിൽ മൂന്നെണ്ണം ബോക്സ് ഓഫീസിൽ ഞെട്ടിക്കുന്ന പെർഫോമൻസ് നടത്തുകയും ചെയുന്നത് മലയാളത്തിൽ ആദ്യത്തെ സംഭവമായിരിക്കും. അതിവേഗം അൻപത് കോടി ക്ലബ്ബിൽ ഇടം പിടിച്ച പ്രേമലു 19 ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസിൽ 100 കോടി മറികടന്നത്. പ്രേമലു ആണ് ഈ വർഷത്തെ ആദ്യ പകുതിയിലെ പണംവാരിപ്പടമായി മാറിയത്. റിലീസ് ദിനത്തിൽ 90 ലക്ഷം മാത്രം ഓപ്പണിം​ഗ് ​ഗ്രോസ് കളക്ഷൻ ലഭിച്ച ചിത്രം പിന്നീട് ബുക്ക് മൈ ഷോയിലൂടെ മാത്രം പത്ത് ലക്ഷത്തിന് മുകളിൽ ടിക്കറ്റ് വിൽക്കപ്പെട്ട സിനിമയായി. മാർച്ച് എട്ടിന് എസ്.എസ് രാജമൗലിയുടെ മകനും നിർമാതാവുമായ എസ്.എസ് കാർത്തികേയ പ്രേമലു തെലുങ്ക് പതിപ്പെത്തിച്ചപ്പോൾ അവിടെയും ചിത്രം വിജയമായി. മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് ആകട്ടെ അതിവേഗം 100 കോടി ക്ലബ്ബിൽ എത്തിയ മലയാള സിനിമ ആയി മാറി. കേരളത്തിൽ ഒരു സൂപ്പര‍്സ്റ്റാർ സിനിമയുടെ ഓപ്പണിം​ഗ് കളക്ഷനാണ് മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചത്. തമിഴ് നാട്ടിൽ നിന്ന് ആദ്യമായി 50 കോടിക്ക് മുകളിലും കർണാടകയിൽ നിന്ന് 10 കോടിയും നേടുന്ന മലയാള സിനിമയായി മഞ്ഞുമ്മൽ ബോയ്സ് മാറി. ഓവർസീസിൽ നിന്ന് 66 കോടിയും, റസ്റ്റ് ഓഫ് ഇന്ത്യ മാർകെറ്റിൽ നിന്നും 68 കോടിയുമുൾപ്പടെ 200 കോടിയാണ് സിനിമയുടെ ലക്‌ഷ്യം. അതും അന്യഭാഷയിലെ മറ്റു സിനിമകളെയെല്ലാം പിന്തള്ളിക്കൊണ്ട്.

യു എസ്, യു കെ തുടങ്ങിയ വിദേശ - യൂറോപ്പിയൻ രാജ്യങ്ങളെയാണ് ഓവർസീസ് മാർക്കറ്റ് എന്ന് അറിയപ്പെടുന്നത്. മലയാളിയുടെ അന്യരാജ്യത്തേക്കുള്ള മൈഗ്രെഷനും വര്ധിക്കുന്നതിനാൽ ഈകാലയളവിൽ എല്ലാം മലയാളസിനിമക്ക് ഓവർസീസിൽ നിന്ന് സ്റ്റെഡി കളക്ഷൻ ലഭിക്കുന്നുണ്ട്. കാലാകാലങ്ങളായി തമിഴും, ഹിന്ദി സിനിമയും, തെലുങ്ക് കൈയ്യടക്കി വച്ചിരുന്ന ഓവർസീസ് മാര്കെറ്റിലേക്കുള്ള കുതിപ്പാണ് ഇപ്പോൾ മലയാള സിനിമക്കും ലഭിക്കുന്നത്. നോർത്ത് അമേരിക്കയിൽ നിന്ന് ആദ്യമായി ഒരു മില്യൺ നേടിയ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ് ആണ്. മഞ്ഞുമ്മൽ ബോയ്സ്, 2018, ലൂസിഫർ, പ്രേമലു എല്ലാം ഓവർസീസ് മാർകെറ്റിൽ കളക്ഷൻ റെക്കോർഡ് സൃഷ്ട്ടിച്ച മലയാള സിനിമകളാണ്.

'വലിയ ബിഗ് ടിക്കറ്റ് സിനിമകൾ നമ്മുടെ ബൗണ്ടറിസിനെ പുഷ് ചെയ്യുമ്പോൾ അത്രയും സ്പിൻ കിട്ടാത്ത ചെറിയ സിനിമകൾക്ക് പോലുമത് ഗുണകരമായിട്ട് വരും' - പൃഥ്വിരാജ് പറഞ്ഞ ഈ വാക്കുകൾ ഇപ്പോൾ സത്യമാകുകയാണീ. പാൻ ഇന്ത്യൻ എന്ന ലേബലിലേക്ക് ഇപ്പോൾ മലയാള സിനിമയും വിജയകരമായി കാലെടുത്തു വെക്കുന്നു. ഭ്രമയുഗവും, മഞ്ഞുമ്മൽ ബോയ്‌സും, പ്രേമലുവും തമിഴിലും തെലുങ്കിലും കോടികൾ വരുമ്പോൾ ഇനി വരാനിരിക്കുന്ന സിനിമകൾക്കാണ് അത് പ്രതീക്ഷ നൽകുന്നത്. നൂറ് കോടി ക്ലബ് മലയാള സിനിമക്ക് സാധ്യമാകുമോ എന്നിടത്തു നിന്ന് ഇനി ഏത് സിനിമയാണ് ആ നേട്ടം നേടുക എന്ന നിലയിൽ മലയാള സിനിമ വളർന്നിരിക്കുന്നു. പൃഥ്വിരാജിന്റെ ആടുജീവിതവും, എമ്പുരാനുമെല്ലാം കേരള ബോക്സ് ഓഫിസ് ഡൈനാമിക്‌സുകളെ മാറ്റിയെഴുതി ചരിത്രം സൃഷ്ട്ടിക്കാൻ കെൽപ്പുള്ളവയാണ്. എമ്പുരാൻ ഒരു വലിയ സ്കെയിൽ ചിത്രമെന്ന് പൃഥ്വി പറയുമ്പോൾ ലൈക്ക പ്രൊഡക്‌ഷനുമായി ചേർന്ന് ഇന്ന് വരെ കാണാത്ത ഒരു ഓപ്പണിങ് നമ്പറുകളിലേക്കും ഫൈനൽ വേൾഡ്വൈഡ് ഗ്രോസിലേക്കും കൊണ്ടുപോകുമെന്നത് തീർച്ച.

Related Stories

No stories found.
logo
The Cue
www.thecue.in