കളിക്കളം മൂഡില്‍ ഷെര്‍ലോക്ക് - വാട്‌സണ്‍ കോമ്പോ ; പ്രധാനവേഷത്തില്‍ ഉര്‍വശി, കോമഡി ത്രില്ലറുമായി അഖില്‍ സത്യന്‍

കളിക്കളം മൂഡില്‍ ഷെര്‍ലോക്ക് - വാട്‌സണ്‍ കോമ്പോ ; പ്രധാനവേഷത്തില്‍ ഉര്‍വശി, കോമഡി ത്രില്ലറുമായി അഖില്‍ സത്യന്‍

'പാച്ചുവും അത്ഭുതവിളും' എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്നത് ഷെര്‍ലോക്ക് ഹോംസ് മോഡലിലുള്ള ആക്ഷന്‍ ഹ്യൂമര്‍ ത്രില്ലെര്‍ സിനിമ ആയിരിക്കുമെന്ന് സംവിധായകന്‍ അഖില്‍ സത്യന്‍. അച്ഛന്റെ തന്നെ കളിക്കളം സിനിമയുടെ ഒരു മൂഡ് ഈ സിനിമക്കുണ്ടാമെന്നും പാച്ചുവും അത്ഭുതവിളക്കിനെക്കാളും ടെക്നിക്കലി എക്‌സ്പിരിമെന്റ് ചെയ്യുന്ന സിനിമയായിരിക്കും ഇതെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. അഖില്‍ സത്യന്‍ ദ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

ഷെര്‍ലക് ഹോംസ് - വാട്‌സണ്‍ കഥാപാത്രങ്ങള്‍ വച്ചൊരു സിനിമ

'പാച്ചുവും അത്ഭുതവിളക്കും' ചെയ്യാന്‍ മൂന്ന് വര്‍ഷമെടുത്തിരുന്നു. ആ സമയത്തു മറ്റു കഥകള്‍ കൂടെ അന്വേഷിച്ചിരുന്നു. തമിഴ് സംവിധായകന്‍ വസന്തിന്റെ കോ റൈറ്ററായ സായി റാം മിശ്ര എന്റെ ഒരു സുഹൃത്താണ്. സായി പറഞ്ഞ ഒരു ത്രെഡ് എനിക്ക് നന്നായി കണക്ടായി. ഒരു അമ്മായിയമ്മയും മരുമകളും, അതില്‍ മരുമകള്‍ക്ക് ഒരു സിദ്ധിയുണ്ട് എവിടെ കള്ളത്തരം കണ്ടാലും കണ്ടുപിടിക്കും അതായിരുന്നു കഥ. അത് വര്‍ക്ക് ചെയ്തു വന്നപ്പോള്‍ ഷെര്‍ലക് ഹോംസ്‌വാട്‌സണ്‍ കഥാപാത്രങ്ങളുമായി കണക്ട് ചെയ്യാന്‍ തോന്നി. അത് തന്നെ ഒരു ഫീമെയില്‍ രീതിയില്‍ കഥ പറഞ്ഞാല്‍ നന്നായിരിക്കുമെന്നും തോന്നി.

കളിക്കളത്തിലെ ഴോണര്‍ മിക്‌സ്

എനിക്ക് അച്ഛന്റെ കളിക്കളം പോലുള്ള സിനിമകള്‍ വളരെ ഇഷ്ട്ടമാണ്. അച്ഛന്റെ സിനിമകളെ എല്ലാവരും ഫീല്‍ ഗുഡ് സിനിമകള്‍ എന്ന് വിളിക്കുമെങ്കിലും അച്ഛന്‍ അതിനപ്പുറത്തേക്ക് സിനിമ ചെയ്തിട്ടുള്ള ഒരാളാണ്. കളിക്കളം, പിന്‍ഗാമി ഒക്കെ അതിനു ഉദാഹരണമാണ്. കളിക്കളത്തിലെ ഴോണര്‍ മിക്‌സ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുപോലെ ഒരു ഹ്യൂമര്‍ ത്രില്ലര്‍ ആക്ഷന്‍ ഇമോഷന്‍ ഒക്കെയുള്ള ഒരു സിനിമയായിട്ടാണ് വര്‍ക്ക് ചെയ്ത് തുടങ്ങിയത്. കളിക്കളം സിനിമയുടെ ഒരു മൂഡ് ഈ സിനിമയ്ക്കുണ്ടാകും പക്ഷേ റൊമാന്‍സ് കൂടുതല്‍ ഇതില്‍ ഉണ്ടാകും. ഒരുപാട് ഡാര്‍ക്ക് ആകാന്‍ താല്പര്യമില്ല അച്ഛന്റെ സിനിമകളെ പോലെ എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന സിനിമയാകും ഇതും. ചിത്രത്തിന്റെ സ്ട്രക്ച്ചര്‍ ഒരു ഷെര്‍ലക് ഹോംസ് ആണെങ്കിലും എഴുതി വരുമ്പോള്‍ നമ്മളത് ഉപേക്ഷിക്കും. ചിത്രം ഒരു കോപ്പി ഒന്നും ആയിരിക്കില്ല.

ഉര്‍വശി പ്രധാനവേഷത്തില്‍

ഉര്‍വശി ആണ് അമ്മായിഅമ്മ കഥാപാത്രം ചെയ്യുന്നത്. വില്ലന്റെയും പ്രധാന നായികയുടെയും കാസ്റ്റിങ് നടന്നതിന് ശേഷം മാത്രമേ ചിത്രം ഒഫീഷ്യല്‍ ആയി അനൗണ്‍സ് ചെയ്യാന്‍ കഴിയൂ. താരങ്ങളുടെ ഡേറ്റ് ലഭിച്ചില്ലെങ്കില്‍ ഓഡിഷന്‍ നടത്തി പുതുമുഖങ്ങളെ കാസ്റ്റ് ചെയ്യാമെന്ന തീരുമാനവുമുണ്ട്.

വെറുമൊരു ടിപ്പിക്കല്‍ വില്ലനല്ല

ഷെര്‍ലക് ഹോംസിലെ പ്രധാന വില്ലന്‍ ആണല്ലോ മോറിയാര്‍ട്ടി, ഷെര്‍ലോക്ക് ഹോംസിന്റെ തന്നെ മിറര്‍ ഇമേജ് ആയിട്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തെ എനിക്ക് വളരെ ഇഷ്ട്ടമാണ്. പാച്ചുവിലെ ഹംസധ്വനി പോലെ ഈ കഥയില്‍ എനിക്ക് വില്ലനോടാണ് കൂടുതല്‍ ഇമോഷണല്‍ അടുപ്പം തോന്നുന്നത്. നമ്മള്‍ കണ്ടുമടുത്ത ടിപ്പിക്കല്‍ വില്ലന്‍ അല്ല അയാള്‍. റൊമാന്‍സ് പോലും ഉണ്ടയാള്‍ക്ക്. ഞാനും അനൂപും എന്ത് ചെയ്യ്താലും ഒരു സത്യന്‍ അന്തിക്കാട് ടാഗ് വരും പക്ഷെ അത് പേടിച്ചു നല്ല ഇമോഷന്‍ കാണിക്കാതിരുന്നാലും കാര്യമില്ല. ഈ സിനിമയില്‍ ഒരു ഹെവി ഇമോഷണല്‍ സീന്‍ പറയുന്നത് വില്ലന്‍ ആയിരിക്കും. ഹോളിവുഡിലൊക്കെ ചില വില്ലന്‍ കഥാപാത്രങ്ങള്‍ നമ്മളെ വല്ലാതെ ഫീല്‍ ചെയ്യിക്കും. ഇതും അത്തരത്തിലുള്ള ഒരു വില്ലന്‍ ആയിരിക്കും. ഈ കഥാപാത്രത്തിലേക്ക് ഒരു മെയിന്‍ ഹീറോയെ കൊണ്ട് വരാന്‍ തന്നെയാണ് സാധ്യത.

ചിത്രത്തിനായുള്ള എഴുത്തിലേക്ക്

ഈ കഥയില്‍ ഒരുപാട് ഹ്യൂമര്‍ ഉണ്ട് അതുകൊണ്ട് അല്‍ത്താഫ് സലിമും ചിത്രത്തിന്റെ കോ റൈറ്ററില്‍ ഒരാളാണ്. അല്‍ത്താഫുമായി ഒരുമിച്ച് ഇരിക്കുമ്പോള്‍ അച്ഛന്റെയും ശ്രീനിയങ്കിളിന്റെയും ഒരു കോംബോ പോലെ ഫീല്‍ ചെയ്യാറുണ്ടെനിക്ക്. ഭാവിയില്‍ ഞാന്‍ ഒരുപാട് കൊളാബറേറ്റ് ചെയ്യാന്‍ സാധ്യതയുള്ള എഴുത്തുകാരനാണ് അല്‍താഫ്. ഇങ്ങനെ ഒരു ആക്ഷന്‍ ത്രില്ലറില്‍ ഹ്യൂമറിനുള്ള പോസ്സിബിലിറ്റി കൂടെ കണ്ടപ്പോള്‍ അതിലേക്ക് അല്‍ത്താഫിനെ കൊണ്ട് വരുകയായിരുന്നു. മള്‍ട്ടി സ്റ്റാര്‍ പോലെ മള്‍ട്ടി റൈറ്റേഴ്സ് കോളാബോറേറ്റ് ചെയ്യാന്‍ എനിക്കിഷ്ട്ടമാണ്. സായി റാം, അല്‍താഫ് സലിം, ഞാനും കൂടെയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.

സിനിമയുടെ ചിത്രീകരണം

ചിത്രത്തിന്റെ ഷൂട്ട് നവംബര്‍ കഴിഞ്ഞേ തുടങ്ങുകയുള്ളു. ചിത്രത്തിനായി പുറത്തുനിന്നുള്ള ആള്‍ക്കാരെ ഞാന്‍ ട്രൈ ചെയ്യുന്നുണ്ട്. ഛായാഗ്രാഹകനായി ബോളിവുഡില്‍ നിന്നുള്ള ആരെയെങ്കിലും കൊണ്ടുവരണമെന്നുണ്ട്. ഒരു ഫ്രഞ്ച് ആക്ഷന്‍ കൊറിയോഗ്രാഫറെയും കൊണ്ട് വരുന്നുണ്ട്. അപ്പൊ അദ്ദേഹത്തിന്റെ അവൈലബിലിറ്റിയും ബഡ്ജറ്റും മാച്ച് ആകണം. ചിത്രത്തിന് നല്ല ബഡ്ജറ്റ് ആകും, ബജറ്റ് ഡിസൈന്‍ ചെയ്യാനെല്ലാം സമയം ആവശ്യമുണ്ട്. ടെക്നിക്കലി എനിക്ക് ഈ സിനിമയില്‍ എക്‌സ്പിരിമെന്റ്‌റ് ചെയ്യണമെന്നുണ്ട്. പക്ഷേ അതിനകത്ത് ഒരു സത്യന്‍ അന്തിക്കാട് ഫ്‌ളേവര്‍ കൂടെ കൊണ്ട് വരും. ജസ്റ്റിന്‍ പ്രഭാകരന്‍ ചിത്രത്തിന്റെ തീം മ്യൂസിക് ചെയ്തുകൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in