റോക്കി ഭായിയിൽ തുടങ്ങിയ പ്രശാന്ത് നീലിന്റെ മാസ്സ്, ഇനി സലാറിന്റെ കാത്തിരിപ്പ്

'അയാൾ ഒരു മോശം നരേറ്റർ ആണ്. ആദ്യമായി അയാൾ എന്നോട് കഥ പറയാൻ വന്നപ്പോൾ എനിക്കൊന്നും തന്നെ മനസ്സിലായില്ല പക്ഷെ അദ്ദേഹം എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന് എനിക്ക് പിടികിട്ടി'. ഇത് കെജിഎഫ് എന്ന ഒറ്റച്ചിത്രം കൊണ്ട് ഇന്ത്യൻ സിനിമാ വ്യവസായത്തിൽ സൂപ്പർസ്റ്റാർ പദവിയുറപ്പിച്ച യാഷ് പറഞ്ഞതാണ്. യാഷ് മോശം കഥ പറച്ചിലുകാരനെന്ന് വിശേഷിപ്പിച്ചത് കെജിഎഫ് വൺ, ടു എന്നീ ബ്രഹ്മാണ്ഡ സിനിമയിലൂടെ ബോളിവുഡിനെയും ടോളിവുഡ് ഉൾപ്പെടെയുള്ള മുൻനിറ റീജനൽ സിനിമാ വ്യവസായത്തെയും വിറപ്പിച്ച സംവിധായകൻ പ്രശാന്ത് നീലിനെക്കുറിച്ചാണ്. അഭിനേതാക്കൾക്ക് മുന്നിലും നിർമ്മാതാക്കൾക്ക് മുന്നിലും സ്വന്തം തിരക്കഥ മികച്ച രീതിയിൽ പറഞ്ഞു ഫലിപ്പിക്കാനാകാത്ത അതേ പ്രശാന്ത് നീലാണ് തെന്നിന്ത്യയിൽ നിന്ന് ഏറ്റവും വിപണി മൂല്യമുള്ള ഫിലിം മേക്കർമാരിലൊരാളായി മാറിയത്.

സൗത്ത് ഇന്ത്യൻ സിനിമയിൽ സൂപ്പർതാരമില്ലാതെ ഒരു ബ്രഹ്മാണ്ഡ ചിത്രമെടുത്ത് ബ്രഹ്മാണ്ഡ വിജയമാക്കിയ സംവിധായകനെക്കുറിച്ച് പറഞ്ഞാൽ ആദ്യത്തെ പേരാകുന്നത് പ്രശാന്ത് നീൽ ആണ്. കന്നഡ സിനിമയക്ക് രാജ്യമൊട്ടാകെ പ്രേക്ഷകരെ സൃഷ്ടിച്ചയാൾ. പ്രശാന്ത് നീൽ തന്റെ സാമ്രജ്യം കെട്ടിപ്പടുത്തത് തന്റെ നായകൻമാരെപ്പോലെ വെറും വാക്കാൽ കൊണ്ടല്ല പ്രവർത്തിയിലൂടെയാണ്. കെ ജി എഫിലെ റോക്കിക്കായി ജനങ്ങൾ ജീവൻ പോലും നൽകാൻ തയ്യാറായി നിന്നപോലെ ഇന്ന് പ്രശാന്ത് നീലെന്ന സംവിധായകനും ഉണ്ട് ഒരു വലിയൊരു പട. ആ പേരിനു ഇന്നൊരു വിലമതിക്കാനാകാത്ത മൂല്യമുണ്ട്. തന്റെ സിനിമയിലൂടെ അയാൾ നേടിയെടുത്ത, അയാൾ ആരാധകരാക്കി മാറ്റിയ പ്രേക്ഷകർ. പ്രശാന്ത് നീൽ എന്ന സംവിധായകനിലുള്ള പ്രതീക്ഷ തന്നെയാണ് സലാർ എന്ന അയാളുടെ നാലാം ചിത്രത്തിന്റെ ടീസർ കാണാനായി ഉറക്കമുളച്ചിരിക്കാനും അലാറം വച്ചെഴുന്നേൽക്കാനും പ്രേക്ഷകരെയും ആരാധകരെയും ഒരു പോലെ പ്രേരിപ്പിച്ചത്.

അണ്ടർ ​ഗ്രൗണ്ട് ​ഗോഡൗണുകളിലൊന്നിൽ യന്ത്രത്തോക്കുകളുമായി വളഞ്ഞ് തിങ്ങി നിൽക്കുന്നവർക്കിടയിൽ കേടായ പഴഞ്ചൻ കാറിന് മുകളിലിരുന്ന് പ്രായാവശതകളുള്ള ഒരാൾ പറയുന്നത് സിംഹത്തെക്കാൾ ചീറ്റയെക്കാളും ആനയെക്കാളും അപകടകാരിയായ ഒരാളെക്കുറിച്ചാണ്. ടിനു ആനന്ദിന്റെ ശബ്ദ​ഗാംഭീര്യത്തിൽ ജുറാസിക് പാർക്കിലെത്തിയാൽ ആനയും പുലിയും കടുവയുമൊന്നും ഒന്നുമല്ലെന്ന് പറയുന്നതിന്റെ തൊട്ടടുത്ത ഷോട്ടിൽ ഇന്ത്യൻ സിനിമ മുമ്പ് കണ്ടിട്ടില്ലാത്ത വിധം ആക്ഷൻ സീക്വൻസും ​ഗൺഫൈറ്റ്സുമെല്ലാം കാണാം. ഫാക്ടറിയും ​ഗോഡൗണും മൈനിം​ഗ് ഏരിയയുമൊക്കെ കടന്നുവരുന്ന സീക്വൻസുകളിൽ കെജിഎഫ് സീരീസിന്റെ അത്ര തന്നെ പഞ്ച് സലാറിലും കാണാമെന്ന് പ്രേക്ഷകർ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. നെഹ്റു ക്യാപ്പിലുള്ള ടിനു ആനന്ദ് കഥാപാത്രത്തിന് ഡോണിന്റെയോ നായകന്റെ മെന്ററുടെയോ മുഖഛായയും പ്രതീക്ഷിക്കാം.

പ്രശാന്ത് നീലിന്റെ സിനിമകളും നായകൻമാരും ഓവർ ദ ടോപ് ആണ് അല്ലെങ്കിൽ ലാർജർ ദാൻ ലൈഫ് സ്വഭാവത്തിലേക്ക് പ്രതിഷ്ഠിക്കപ്പെട്ടവരാണ്. ഒന്നുമില്ലായ്മയിൽ നിന്ന് വൻസാമ്രാജ്യം കെട്ടിയുയർത്താൻ പുറപ്പെട്ട സാധാരണക്കാരിലൊരുവൻ. വെറുമൊരു മാസ്സ് മസാല ലേബലിനപ്പുറം തന്റെ സിനിമകിൽ കൃത്യമായ സ്റ്റൈലിംഗും ഇമോഷണൽ കണക്റ്റും നൽകാൻ പ്രശാന്തിന് കഴിയാറുണ്ട്. കെ ജി എഫിൽ റോക്കിയെ നിയന്ത്രിച്ചച്ചതും ഓരോ വിജയങ്ങളിലേക്ക് നയിച്ചതും അയാൾ അയാളുടെ അമ്മക്ക് കൊടുത്ത വാക്കായിരുന്നു. ആ അമ്മയുടെ പിടിവാശിയും സ്നേഹവും ഒക്കെയാണ് റോക്കിയെപ്പോലെ നമുക്കും കെ ജി എഫിനോട് ഭ്രമം തോന്നിപ്പിച്ചത്. ഉഗ്രം, കെ ജി എഫ് 1 ,2 വിലൂടെ പ്രശാന്ത് ഉണ്ടാക്കിയെടുത്ത വേൾഡ് ബിൽഡിംഗും നായകന്മാരെ അയാൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന വിധവുമെല്ലാം പ്രശാന്ത് നീൽ എന്ന സംവിധായകന്റെ വിഷനും കഴിവും പ്രേക്ഷകർക്കും ആവോളം മനസ്സിലാക്കികൊടുത്ത ഒന്നായിരുന്നു. കെജി എഫ് വണ്ണിലൂടെ പതിയെ തുടങ്ങി രണ്ടാം ഭാഗത്തിൽ അതിന്റെ എല്ലാ രൗദ്രഭാവങ്ങളും പുറത്തെടുത്ത് കത്തിക്കേറുന്നോരു പ്രശാന്ത് ഉണ്ട്. പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു അവസാനിപ്പിച്ച ക്ലൈമാക്സും മൂന്നാം ഭാഗത്തേക്ക് പ്രശാന്ത് തുറന്നുവച്ച ലീഡും അയാളിലെ ഫിലിം മേക്കറെ കൂടുതൽ പ്രേക്ഷകപ്രീയങ്കരനാക്കി. അയാൾ സിനിമകളിലൂടെ പ്രേക്ഷകർക്ക് നൽകുന്നൊരു റഷ് ഉണ്ട് വളരെ ഫാസ്റ്റ് ആയ കട്ട്സ് നൽകി സീനുകളിൽ ഒരു അഡ്രെനാലിൻ റഷ് ഉണ്ടാക്കിയെടുക്കാൻ പ്രശാന്ത് നീലിനാകുന്നുണ്ട്. സലാറിന്റെ ടീസറിലൂടെ പ്രശാന്ത് ഉറപ്പ് നൽകുന്നതും അത്തരത്തിൽ ഒരു റഷ് ആണ്. പ്രശാന്തിന്റെ ഡാർക്ക് മോഡിലുളള വേൾഡ് ബിൽഡിംഗും നായകനായ പ്രഭാസിനെ അയാൾ എങ്ങനെയാണ് അവതരിപ്പിക്കുന്നതെന്ന് കാണാനും പ്രേക്ഷകർ കാത്തിരിക്കുകയാണ്.

സലാർ എന്നാൽ ലീഡർ അല്ലെങ്കിൽ കമാൻഡർ എന്നാണു അർഥം. തന്റെ ജനങ്ങളെ മുന്നിൽ നിന്ന് നയിക്കുന്ന ആപത്തിൽ കാക്കുന്ന നായകനെ തന്നെയാകും പ്രശാന്ത് നീൽ സലാറിലൂടെയും പ്രേക്ഷകർക്ക് നൽകുക. ദി മോസ്റ്റ് വയലെന്റ് മാൻ എന്നാണു പ്രഭാസിന്റെ സലാറിലെ കഥാപാത്രത്തിന്റെ വിശേഷണം. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും അധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ടീസറും ആ ടാഗ്‌ലൈനെ സത്യമാക്കുന്ന രീതിയിൽ വയലൻസും ആക്ഷനും ചേർത്താണ് ഒരുക്കിയിരിക്കുന്നത്. പ്രഥമദൃഷ്ട്ടിയാൽ കെ ജി എഫ് എന്ന അയാളുടെ തന്നെ സൃഷ്ട്ടിയോട് സാമ്യത ഉണ്ടെങ്കിലും സലാർ പ്രശാന്തിന്റെ ഫിൽമോഗ്രാഫിയിലെ മറ്റൊരു പൊൻതൂവൽ കൂടിയാകും എന്നതിൽ സംശയമില്ല.

ഒരൊറ്റ സിനിമ മതി ഒരു നടന്റെ ജീവിതം മാറിമറിയാൻ, ടോളിവുഡിന്റെ റിബൽ സ്റ്റാറായ പ്രഭാസിന് അത് ബാഹുബലിയായിരുന്നു. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തിയ, വിജയമായ ചിത്രം ഉണ്ടായിരിക്കെത്തന്നെ ബാഹുബലി എന്ന ഒരൊറ്റ സിനിമ അയാളെ തെലുങ്ക് പ്രേക്ഷകർക്കപ്പുറം ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരുടെ പക്കലെത്തിച്ചു. തലയെടുപ്പോടെ പ്രൗഢിയോടെയുള്ള അയാളിലെ രാജാവിനെ പ്രേക്ഷകർ ആഘോഷിച്ചു. എന്നാൽ ബാഹുബലിക്ക് ശേഷം അത്ര നല്ല സമയമല്ല പ്രഭാസിന്. താരമൂല്യത്തിനൊത്ത വലിയ ക്യാൻവാസ് സിനിമകളുടെ പുറകെ അയാൾ പോയപ്പോൾ തെലുങ്ക് പ്രേക്ഷകർക്ക് നഷ്ടപ്പെട്ടത് അവരുടെ സ്വന്തം റിബൽ സ്റ്റാറിനെ, ഡാർലിംഗിനെ ആയിരുന്നു. അയാളിലെ താരത്തിനെയും നടനെയും അതെ പ്രൗഢിയോടെ തിരിച്ചുകിട്ടാൻ കാത്തിരിക്കുന്ന ഒരു വിഭാഗം പ്രേക്ഷകർക്ക് മുന്നിലേക്കാണ് പ്രശാന്ത് നീൽ സലാറുമായി എത്തുന്നത്. യാഷ് എന്ന താരത്തിനെ എങ്ങനെയാണ് പ്രശാന്ത് അവതരിപ്പിച്ചതെന്നും അയാളിലെ താരത്തിനെ എങ്ങനെയൊക്കെയാണ് പ്രശാന്ത് ചൂഷണം ചെയ്തതെന്ന് നമ്മൾ കെ ജി എഫിലൂടെ കണ്ടതാണ്. അയാളുടെ നടപ്പിലും എടുപ്പിലും ഭാവത്തിലും ഡയലോഗ് ഡെലിവറിയിലും കൃത്യമായൊരു മീറ്റർ നൽകി നായക സങ്കല്പങ്ങളുടെ മൂർത്തീഭാവം ആയിട്ടാണ് റോക്കിയെ പ്രശാന്ത് സൃഷ്ട്ടിച്ചത്. അതൊക്കെക്കൂടികൊണ്ടാണ് പ്രഭാസിന്റെ തിരിച്ചുവരവ് സലാറിലൂടെ ഉറപ്പിക്കാം എന്ന് പ്രേക്ഷകർ അടിവരയിട്ട് പറയാൻ കാരണം. ടീസറിൽ അയാളുടെ മുഖം ശരിക്കൊന്നു കാണിക്കാതെയിരുന്നിട്ടും റിബൽ സ്റ്റാർ പ്രഭാസ് എന്ന ടൈറ്റിൽ തെളിയുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.

മലയാളികൾക്ക് സലാർ എന്ന ചിത്രത്തിലെ ഒരു പേര് കൂടി പ്രതീക്ഷ നൽകുന്നുണ്ട് , പൃഥ്വിരാജ് സുകുമാരൻ. ഒരു എപിക് ആക്ഷൻ ചിത്രം ആകും സലാർ എന്നാണു പൃഥ്വിരാജ് ചിത്രത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. സലാറിനെക്കുറിച്ചു പറയുമ്പോഴെല്ലാം അയാളിലൊരു ആവേശമുണ്ട് ആ സിനിമയുടെ ഭാഗമാകാനൊരു തിടുക്കമുണ്ട്. അതെ ആവേശമാണ് വരദരാജ മാന്നാർ എന്ന പ്രിത്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്കും അനുഭവപ്പെട്ടത്. ഒരു ബ്ലാക്ക് ടോണിൽ പേടിതോന്നിക്കുന്ന ലുക്കുമായി പ്രിത്വിരാജ് സലാർ പോസ്റ്ററിൽ അവതരിക്കപ്പെട്ടപ്പോൾ നായകനൊത്ത എതിരാളിയാകും അയാൾ എന്നത് അടിവരയിട്ട് പറയാം. നായകനൊത്ത എതിരാളിയോ നായകന്റെ സ്വന്തം പടനായകനോ ആകാം വരദരാജ മാന്നാർ. കെജിഎഫ് ടീസറിൽ പ്രഭാസ് എന്ന സൂപ്പർസ്റ്റാറിന്റെ ഇൻട്രൊഡക്ഷന് തൊട്ട് പിന്നാലെ അവതരിപ്പിച്ചിരിക്കുന്നത് മലയാളത്തിന്റെ പൃഥ്വിരാജിനെയാണ്. കെ ജി എഫ് ഇത് അധീരക്ക് പ്രശാന്ത് നീൽ നൽകുന്ന ബിൽഡ് അപ് ഉണ്ട്. രണ്ടാം ഭാഗത്തിൽ അധീരയെ റോക്കിക്കൊത്തയൊരാളായി പ്ലേസ് ചെയ്യുന്നുണ്ട് പ്രശാന്ത്. വരദരാജ മന്നരായി പ്രിത്വിരാജ് എത്തുമ്പോൾ അധീരയെപോലെയോ അതിനും മേലയോ നിൽക്കുന്നൊരു പ്രതിനായകനാകും പ്രേക്ഷകർ കാത്തിരിക്കുക.

കെ ജി എഫ് ചാപ്റ്റർ ഒന്നും രണ്ടും, കാന്താരയും ഉൾപ്പടെ ബൗണ്ടറികളെ തകർത്തെറിഞ്ഞു കന്നഡ സിനിമയെ ദക്ഷിനേന്ത്യൻ സിനിമകളുടെ കൂട്ടത്തിൽ മുന്നിലെത്താൻ സഹായിച്ചതിൽ പ്രധാന പങ്കുവഹിച്ച നിർമാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. ആ സമയത്ത് കന്നഡ സിനിമയിലെ ഏറ്റവും മുതല്മുടക്കുള്ള ചിത്രവും അതിലേക്ക് ഒരു സിനിമ മാത്രം പരിചയമുള്ള പ്രശാന്ത് നീലിനെയും വിശ്വാസമർപ്പിച്ചു പാൻ ഇന്ത്യൻ ലെവെലിലേക്ക് ഇറക്കാൻ ഹോംബാലെ കാണിച്ച ധൈര്യം ചെറുതൊന്നുമല്ല. പിന്നീട് കാന്താരയിലും നാം കണ്ടത് കന്നഡ സിനിമയെ മുന്നിലെത്തിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഹോംബലെയെ ആയിരുന്നു. വീണ്ടും പ്രശാന്ത് നീലുമായി ഹോംബാലെ ഒന്നിക്കുമ്പോൾ ബാഹുബലിക്ക് ശേഷം തെലുങ്ക് ഇൻഡസ്ട്രയുടെ യശ്ശസ് വീണ്ടും ഉയർത്താൻ സലാറിലൂടെ ഹോംബാലേക്ക് ആകും എന്നും പ്രതീക്ഷയുണ്ട്. ടീസറിലെ വിഷ്വൽസ് എല്ലാം തന്നെ അത് ഊട്ടിയുറപ്പിക്കുന്നു.

കെ ജി എഫും സലാറും ഒരു യൂണിവേഴ്‌സ് ആണോ ? പ്രശാന്ത് നീൽ സലാറിലൂടെ പ്രശാന്ത് നീൽ സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കം കുറിക്കുകയാണോ എന്നുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുന്നുണ്ട്. സലാറിന്റെ ടീസറിലെ ചില ഷോട്ടുകളും ഫ്രെമുകളും അതിനു ഉത്തരമെന്നോണം ഉള്ളവയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യാനായി തിരഞ്ഞെടുത്ത 5.12 എന്ന സമയം കെ ജി എഫിൽ റോക്കി ഭായ് കടലിൽ അറ്റാക്ക് ചെയ്യപ്പെടുന്ന സമയമാണെന്ന പുതിയ കണ്ടെത്തൽ ഈ സംശയത്തിന്റെ സാധുകരിക്കുന്നതാണ്. എന്തായാലും കാത്തിരിപ്പുകൾക്കും കണ്ടെത്തലുകൾക്കും സെപ്തംബര് 28 വരെ മാത്രമാണ് ആയുസ്സ്. പ്രശാന്ത് നീലിന്റെ ആദ്യ തെലുങ്ക് സംരംഭം മറ്റൊരു റോക്കി ഭായിയെ സൃഷ്ട്ടിക്കുമോയെന്ന് കാത്തിരുന്നു കാണാം.

Related Stories

No stories found.
logo
The Cue
www.thecue.in