'അനന്യയുടെ മരണത്തിന് ശേഷം ആദം സംഭാഷണങ്ങള്‍ സ്വയം മാറ്റിയെഴുതി' ; ബൈനറി എററിനെക്കുറിച്ച് സംവിധായിക അഞ്ജന ജോര്‍ജ്

'അനന്യയുടെ മരണത്തിന് ശേഷം ആദം സംഭാഷണങ്ങള്‍ സ്വയം മാറ്റിയെഴുതി' ; ബൈനറി എററിനെക്കുറിച്ച് സംവിധായിക അഞ്ജന ജോര്‍ജ്

ബൈനറികളില്‍ നിന്നും മാറി എല്ലാത്തരം ഐഡന്റികളെക്കുറിച്ചും നമ്മള്‍ ചിന്തിച്ചു തുടങ്ങുന്ന കാലമാണിത്. എന്നാലും നമ്മുടെ സമൂഹം പൂര്‍ണ്ണമായും ട്രാന്‍സ് സമൂഹത്തെ അംഗീകരിക്കാനോ, അവരുടെ പ്രശ്നങ്ങളെ മനസ്സിലാക്കാനോ ശ്രമിക്കുന്നത് അപൂര്‍വമാണ്. സണ്ണി വെയ്നൊപ്പം ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മെന്‍ പൈലറ്റ് കൂടിയായ ആദം ഹാരിയും പ്രധാനവേഷത്തിലെത്തുന്ന ബൈനറി എറര്‍ സംസാരിക്കാന്‍ ശ്രമിക്കുന്നത് ഈ വിഷയത്തെക്കുറിച്ചാണ്. മാധ്യമപ്രവര്‍ത്തകയായ അഞ്ജന ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചേര്‍ത്തലയില്‍ താമസമാക്കിയ ചലച്ചിത്രകാരന്‍ കൂടിയായ സണ്ണി വെയ്ന്റെ സബ് ഇന്‍സ്പെക്ടര്‍ കഥാപാത്രം നടത്തുന്ന ഒരന്വേഷണത്തെ ചുറ്റിപ്പറ്റിയാണ് ഷോര്‍ട്ട് ഫിലിമിന്റെ കഥ പുരോഗമിക്കുന്നത്. ട്രാന്‍സ് കമ്മ്യൂണിറ്റിയോട് നമ്മുടെ കുടുംബങ്ങളും സമൂഹവും ചെയ്യുന്ന അനീതികളെ കുറിച്ച് ചിത്രം ഒരന്വേഷണത്തിലൂടെ സംസാരിക്കുന്നു.

ഹെട്രോസെക്ഷ്വല്‍ ആയിട്ടുള്ള ഒരാള്‍ എടുക്കുന്ന ഷോര്‍ട്ട് ഫിലിമില്‍ കടന്നു കൂടാവുന്ന പ്രശ്നങ്ങള്‍ ഉണ്ടാകാതെ എമ്പതറ്റിക്കായി സംസാരിക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്ന് അഞ്ജന ദ ക്യുവിനോട് പറഞ്ഞു. ഒരാളെയും കുറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ഇത് വിമര്‍ശനത്തിനു അതീതമാണെന്നുള്ള അവകാശങ്ങളൊന്നുമില്ല. ചിത്രത്തിലെ ചില എലമെന്റസില്‍ പ്രശ്നങ്ങളുണ്ടാകാം, ഉത്തരവാദിത്വപ്പെട്ട ഒരു ആര്‍ട്ടാണ് ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നതെന്നും അഞ്ജന പറഞ്ഞു.

സണ്ണി വെയ്നെപ്പോലെ ഒരു ആക്ടറിനെ ശ്രദ്ധിച്ച് കാസ്റ്റ് ചെയ്തത് തന്നെയാണ്, വലിയ ഒരു ആക്ടറിനെ കൊണ്ടു വരുമ്പോള്‍ ഉണ്ടാകുന്ന ഇംപാക്റ്റ് വലുതായിരിക്കുമെന്ന് അറിയാമായിരുന്നു. ചിത്രത്തിന്റെ ടെക്നിക്കാലിറ്റിയ്ക്ക് അപ്പുറത്തേയ്ക്ക് സെന്‍സിബിളായി സംസാരിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ട്രാന്‍സ് ,ക്വിയര്‍ കമ്മ്യൂണിറ്റികളില്‍ ഷോര്‍ട്ട് ഫിലിമിന് സ്വീകരിക്കപ്പെടുന്നതില്‍ വലിയ സന്തോഷമുണ്ട്. അഞ്ജന ജോര്‍ജ്

ട്രാന്‍സ്ഫോബിയയും, ന്യൂനപക്ഷ പീഡനങ്ങളും ശീലമാക്കിയ നമ്മുടെ സമൂഹത്തിനോട് വളരെ പക്വമായി ,അനാവശ്യമായി ലൗഡ് ആകാതെയാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്. സുനില്‍ ശങ്കറും അഞ്ജന ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു കഥാപാത്രം എഴുതിയ കത്തുകളിലൂടെയാണ് കഥയിലെ മര്‍മപ്രധാനമായ കാര്യങ്ങളക്കുറിച്ച് നമ്മള്‍ അറിയുന്നത്. ആദം ഹാരി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ആദം തന്നെയാണ്. ഒരു ട്രാന്‍സ് വ്യക്തി തന്നെ എഴുതിയ സംഭാഷണം ആയതു കൊണ്ടു തന്നെ അതിന്റേതായ സത്യസന്ധതയും ആഴവും അതിനുണ്ടായിരുന്നു. കാണുന്നവര്‍ക്ക് ആഴത്തില്‍ സ്പര്‍ശിക്കുന്ന ഈ സംഭാഷണങ്ങള്‍ ചിത്രം മുന്നോട്ട് വെക്കുന്ന ആശയങ്ങളെ എളുപ്പം പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.

ഷൂട്ടിനു കുറച്ചു ദിവസം മുന്നെയാണ് ട്രാന്‍സ്ജെന്‍ഡറായ അനന്യ ആത്മഹത്യ ചെയ്യുന്നത്. ഹാരിയെ അത് നല്ല രീതിയില്‍ ബാധിച്ചിരുന്നു. അതിനു ശേഷം ഡയലോഗുകള്‍ ഹാരി മാറ്റി എഴുതുകയായിരുന്നുവെന്ന് അഞ്ജന പറയുന്നു. സിനിമയിലെ ടെക്നീഷ്യന്മാരെല്ലാം ഈ ഷോര്‍ട്ട് ഫിലിമിന്റെ ആവശ്യവും പ്രധാന്യവും അറിഞ്ഞ് സഹകരിച്ചവരാണെന്നും അഞ്ജന കൂട്ടിച്ചേര്‍ത്തു.

അടുത്ത പകല്‍ കാണാന്‍ വേണ്ടി കഷ്ടപ്പെടുന്ന,ജീവിതം തന്നെ പോരാട്ടമാക്കിയ മനുഷ്യര്‍ക്കാണ് ഈ ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്. അശ്വിന്‍ നന്ദകുമാറാണ് ഛായാഗ്രഹണം,ലിജോ പോള്‍ എഡിറ്റിങും,കളറിങ് ലിജു പ്രഭാകറും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം യൂട്യൂബില്‍ ലഭ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in