തമ്പിലെ കോമാളിയില്‍ നിന്ന് ഗോവിന്ദന്‍ കുട്ടിയിലേക്ക്, അവഗണനയുടെ നീണ്ടകാലത്തിനൊടുവില്‍ ദൃശ്യം 2; മലയാളി മറക്കില്ല മേള രഘുവിനെ

Mela Raghu actor Passed away Mela Drisyam Movies
Mela Raghu actor Passed away Mela Drisyam Movies

ദൃശ്യം രണ്ടാം ഭാഗത്തില്‍ നാരായണന്‍കുട്ടി അവതരിപ്പിച്ച സുലൈമാന്റെ ചായക്കടയിലെ സപ്ലയര്‍ റോളിലെത്തിയ ഉയരംകുറഞ്ഞ നടനെ കണ്ടപ്പോള്‍ പ്രേക്ഷകര്‍ മേള എന്ന സിനിമ കൂടി ഓര്‍ത്തുകാണണം. ചുരുങ്ങിയത് ആ സിനിമ കണ്ടവരെങ്കിലും. നാല് പതിറ്റാണ്ട് നീണ്ട സിനിമാസ്വപ്‌നങ്ങളുടെ ഭാരമുണ്ടായിരുന്നു രഘുവിന് ആ റോളിലേക്ക്.

നാല്‍പ്പത് വര്‍ഷത്തിനിടെ മുപ്പതിനടുത്ത് സിനിമകള്‍ മാത്രമായിരുന്നു രഘുവിനെ തേടിയെത്തിയിരുന്നത്. കലയോടുള്ള കമ്പം മൂത്ത് സര്‍ക്കസില്‍ ചേര്‍ന്നൊരു ഭൂതകാലമുള്ളൊരു നടന്‍. പിന്നീട് കാലങ്ങളോടും സിനിമ വിദൂരതയിലാപ്പോഴും പരാതിയോ പരിഭവമോ ഇല്ലാതെ നാട്ടിന്‍പുറത്തെ ചായക്കടയിലും കവലകളിലും സിനിമ തന്നെ സംസാരിച്ച് ജീവിച്ചയാള്‍. മേളയിലെ ഗോവിന്ദന്‍കുട്ടിയെ ആ സിനിമ കണ്ടവരാരും മറക്കില്ല.

തമ്പില്‍ നിന്ന് സിനിമയിലേക്ക്

വീട്ടുകാരറിയാതെ സര്‍ക്കസില്‍ ചേര്‍ന്നൊരു യൗവനം രഘുവിന് ഉണ്ടായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് സ്‌കൂള്‍ നാടകങ്ങളിലും മോണോ ആക്ടിലും സജീവമായിരുന്നു. കോളജിലെത്തിയപ്പോഴും പഠനം രണ്ടാം പരിഗണനയായി. കലയോടായിരുന്നു കമ്പം. പഠനത്തില്‍ പിന്നോട്ടായപ്പോഴാണ് കലാജീവിതം കെട്ടിപ്പടുക്കാന്‍ സര്‍ക്കസ് കൂടാരത്തിലെത്തുന്നതെന്ന് രഘു പറഞ്ഞിട്ടുണ്ട്. വീട്ടുകാരറിയാതെ ഒരു ബ്രോക്കര്‍ വഴി സര്‍ക്കസില്‍ ചേര്‍ന്നു. സര്‍ക്കസ് കൂടാരത്തിലെത്തിയ ആദ്യ ദിവസത്തെ ആഹ്ലാദവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട. വലിയ സന്തോഷമായി. കോമാളികളും ട്രപ്പീസുകളിക്കാരും ഫയല്‍വാനും മോട്ടോര്‍ സൈക്കിള്‍ ജംപറുമൊക്കെ. അന്ന് ഗുരുവിനെ വന്ദിച്ച് ജോക്കറുടെ കുപ്പായത്തിലെത്തിയെന്ന് രഘു. ഭാരത് സര്‍ക്കസില്‍ നല്ലൊരു ജോക്കര്‍ എന്ന പേരെടുത്തതാണ് കലാജീവിതത്തില്‍ ഗുണം ചെയ്്തതെന്നും രഘു. തമ്പിലെ കോമാളിയെ തേടിയാണ് കെ.ജി ജോര്‍ജ്ജിന്റെ സിനിമാ സെറ്റില്‍ നിന്ന് നടന്‍ ശ്രീനിവാസന്‍ അവിടേക്ക് വന്നത്. മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ മേള എന്ന സിനിമ അങ്ങനെ രഘുവിനും വഴിത്തിരിവായി. ആ സിനിമയുടെ പേര് ജീവിതത്തിന്റെ ഭാഗവുമായി.

ശ്രീധരന്‍ ചമ്പാടിന്റെ സര്‍ക്കസ് അനുഭവങ്ങളില്‍ പിറന്ന മേളയില്‍ തമ്പിലെ കോമാളിയായ ഗോവിന്ദന്‍കുട്ടിയെ അവതരിപ്പിക്കാന്‍ ഉയരം കുറഞ്ഞൊരാളെ തേടുകയായിരുന്നു കെ.ജി ജോര്‍ജ്ജ്. പാനൂരിനടുത്ത് ചെണ്ടയാട് നവോദയക്കുന്നിലായിരുന്നു ചിത്രീകരണം.

നസീറും ജയനുമൊക്കെ തിളങ്ങി നില്‍ക്കുന്ന കാലത്ത് ഹീറോയോ എന്നായിരുന്നു തന്റെ സംശയമെന്ന് രഘു. ഇത്രവലിയ ആര്‍ട്ടിസ്റ്റുകളൊക്കെ ഉള്ള സമയത്തോ, താന്‍ വേറെ പണി നോക്ക് എന്നായിരുന്നു ശ്രീനിവാസനോടുള്ള പ്രതികരണം.
remya

അപ്രതീക്ഷിത സിനിമാക്ഷണം

കോഴിക്കോട് സര്‍ക്കസ് ഷോ തകര്‍ത്തുമുന്നേറുന്നതിനിടെയാണ് നടന്‍ ശ്രീനിവാസന്റെ വരവ്. കോമാളികളിലൊരാളായ രഘുവിനെ കാണാനാണ് വന്നത്. ഷോ നടക്കുന്നതിനിടെ നേരിട്ട് കാണാനായില്ല. ഷോ കഴിഞ്ഞപ്പോള്‍ ഒരാള്‍ മാര്‍ഗം ശ്രീനിവാസന്‍ കാണണമെന്നറിയിച്ചു. രഘു ഗേറ്റിന് മുന്നിലെത്തി ശ്രീനിവാസനെ കണ്ടു. അന്ന് ശ്രീനിവാസന്‍ പ്രശസ്തനല്ല. ഒരു പടത്തില്‍ ഹീറോയായി വരാന്‍ താല്‍പ്പര്യമുണ്ടോ എന്നാണ് ശ്രീനിവാസന്‍ രഘുവിനോട് ചോദിച്ചത്.

നസീറും ജയനുമൊക്കെ തിളങ്ങി നില്‍ക്കുന്ന കാലത്ത് ഹീറോയോ എന്നായിരുന്നു തന്റെ സംശയമെന്ന് രഘു. ഇത്രവലിയ ആര്‍ട്ടിസ്റ്റുകളൊക്കെ ഉള്ള സമയത്തോ, താന്‍ വേറെ പണി നോക്ക് എന്നായിരുന്നു ശ്രീനിവാസനോടുള്ള പ്രതികരണം. കളിയല്ല കാര്യമാണെന്ന് ശ്രീനിവാസന്‍ വിശ്വസിപ്പിച്ചപ്പോള്‍ മുതലാളിയോട് അനുവാദം ചോദിക്കണമെന്ന് രഘു പറഞ്ഞു. ഷോകള്‍ നന്നായി നടക്കുമ്പോള്‍ ഒരു കോമാളി പോയാല്‍ സര്‍ക്കസിനെ ബാധിക്കും. ചുരുങ്ങിയത് നഷ്ടപരിഹാരമെങ്കിലും കിട്ടണം അല്ലെങ്കിലും ബുദ്ധിമുട്ടാകുമെന്ന് ഉടമം. ശ്രീനിവാസന്‍ നേരെ സര്‍ക്കസ് ഉടമയെ കണ്ടു. ഒരു ഷോയുടെ ചെലവ് തരണമെന്നായിരുന്നു ആവശ്യം. അങ്ങനെ കൂത്തുപറമ്പിലെ സെറ്റിലേക്ക് രഘുവെത്തി.

പുത്തന്‍വെളി ശശിധരന്‍ എന്ന പേരാണ് കെ.ജി ജോര്‍ജ്ജ് ആണ് രഘുവെന്ന് മാറ്റിയത്. മേളയുടെ കാസ്റ്റിംഗ് കാര്‍ഡില്‍ ആദ്യത്തെ പേരും രഘുവിന്റേതായിരുന്നു.

ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയപ്പോഴും വിശ്വാസം വന്നില്ല. ഇത്ര നടന്‍മാരുള്ളപ്പോള്‍ ഞാന്‍ ഹീറോയോ എന്നായിരുന്നു മനസിലെ സംശയം. കെ.ജി ജോര്‍ജ്ജ് സര്‍ വരുന്നു, കോസ്റ്റിയൂമര്‍ വന്ന് അളവെടുക്കുന്നു. മേക്കപ്പ് മാന്‍ വരുന്നു. ക്യാമറമാന്‍ വന്ന് സ്റ്റില്ലെടുത്തു. പിറ്റേന്നാള്‍ ആണ് ചിത്രീകരണം. കെ.ജി ജോര്‍ജ്ജ് സര്‍ എന്നോട് പറഞ്ഞു. ഈ സിനിമയില്‍ ഗോവിന്ദന്‍കുട്ടിയെ അവതരിപ്പിക്കുന്നത് രഘുവാണ്. രഘുവാണ് ഈ സിനിമയിലെ ഹീറോ. ഏഷ്യയില്‍ ആദ്യമായി പൊക്കം കുറഞ്ഞൊരാളെ നായകനാക്കി പടമെടുക്കുന്നത് താനാണെന്നും കെ.ജി ജോര്‍ജ്ജ് പറഞ്ഞതായി രഘു.

ഒരു പാട് പേരെ പരിഗണിച്ച് പരാജയപ്പെട്ടപ്പോഴാണ് രഘുവിലെത്തിയതെന്ന് ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു പിന്നീട് പറഞ്ഞിരുന്നു. അഭിനയിക്കാന്‍ പ്രത്യേക കഴിവൊന്നും വേണ്ട കഥാപാത്രമായി ബിഹേവ് ചെയ്താല്‍ മതിയെന്നായിരുന്നു ഗോവിന്ദന്‍കുട്ടിയെക്കുറിച്ച് രഘുവിനോട് കെ.ജി ജോര്‍ജ്ജ് പറഞ്ഞിരുന്നതെന്ന് രാമചന്ദ്രബാബു.

പുത്തന്‍വെളി ശശിധരന്‍ എന്ന പേരാണ് കെ.ജി ജോര്‍ജ്ജ് ആണ് രഘുവെന്ന് മാറ്റിയത്. മേളയുടെ കാസ്റ്റിംഗ് കാര്‍ഡില്‍ ആദ്യത്തെ പേരും രഘുവിന്റേതായിരുന്നു. നാട് വിട്ട ശേഷം സര്‍ക്കസിലെത്തി സമ്പാദിച്ച് വീട്ടിലേക്ക് തിരിച്ചെത്തുന്ന രംഗമായിരുന്നു ആദ്യം ഷൂട്ട് ചെയ്തതെന്ന് രഘു.

മേള രഘുച്ചേട്ടന് പറ്റിയ റോള്‍ ഇല്ലെന്നായിരുന്നു പലരും പറഞ്ഞത്. ചെറിയ വേഷത്തിലേക്ക് എങ്ങനെ പരിഗണിക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്.

മേള റിലീസായി ഒരു മാസം വരെയെങ്കിലും ചെറിയ വേഷങ്ങള്‍ ചെയ്യരുതെന്ന് ജോര്‍ജ്ജ് സാര്‍ പറഞ്ഞിരുന്നുവെന്ന് രഘു. കുറച്ചുനാള്‍ കാത്തിരുന്നിട്ടും റോളുകളൊന്നും ലഭിച്ചില്ല. മേള രഘുച്ചേട്ടന് പറ്റിയ റോള്‍ ഇല്ലെന്നായിരുന്നു പലരും പറഞ്ഞത്. ചെറിയ വേഷത്തിലേക്ക് എങ്ങനെ പരിഗണിക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്. ഇതിനിടെ കമല്‍ഹാസനൊപ്പം അപൂര്‍വസഹോദരങ്ങളിലേക്ക് ക്ഷണം. ജീവിക്കാന്‍ വേണ്ടി വീണ്ടും സര്‍ക്കസ് കൂടാരത്തിലേക്ക്. കിട്ടുന്ന ശമ്പളം മതിയെന്ന് കരുതിയാണ് സര്‍ക്കസിലേക്ക് രണ്ടാം വരവ്. സര്‍ക്കസിന്റെ മോശം കാലമായിരുന്നു അത്. ഇന്ത്യയുടെ പല കോണില്‍ സര്‍ക്കസ് നടത്തി. പക്ഷേ ദുരിതകാലമായിരുന്നു. കോമാളി ആളുകളെ ചിരിപ്പിക്കുമ്പോഴും കളക്ഷന്‍ കുറവാണെന്ന് പറഞ്ഞ് ശമ്പളം കൃത്യമായി കിട്ടുമായിരുന്നില്ലെന്ന് രഘു.

സര്‍ക്കസിലെ രണ്ടാമൂഴത്തിന് ശേഷം കെ.പി.എ.സി നാടകങ്ങളിലേക്കെത്തി. 'ഇന്നലെകളിലെ ആകാശം' എന്ന നാടകത്തില്‍ അഭിനയിച്ചു. ഫ്രാന്‍സിസ് ടി മാവേലിക്കരയാണ് നാടകത്തിലേക്ക് കൂടെക്കൂട്ടിയത്.

വിവരങ്ങള്‍ക്ക് കടപ്പാട്- മേള രഘു അഭിമുഖം (സ്റ്റോറി ഓഫ് ഓള്‍ഡ് ലജന്‍ഡ്‌സ്, ഏഷ്യാനെറ്റ് ന്യൂസ് ) മേള രഘുവിന്റെ ഇതരഅഭിമുഖങ്ങള്‍

Related Stories

No stories found.
logo
The Cue
www.thecue.in