നൂറല്ല ഇരുന്നൂറ് കോടി നേടാനുള്ള കരുത്ത് കിം​ഗ് ഓഫ് കൊത്തയ്ക്കുണ്ട് : ​ഗോകുൽ സുരേഷ് അഭിമുഖം

നൂറല്ല ഇരുന്നൂറ് കോടി നേടാനുള്ള കരുത്ത് കിം​ഗ് ഓഫ് കൊത്തയ്ക്കുണ്ട് : ​ഗോകുൽ സുരേഷ് അഭിമുഖം

നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. ഈ വർഷത്തെ മലയാള സിനിമ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായ ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ​ഗോകുൽ സുരേഷാണ്. പാപ്പന് ശേഷം ​ഗോകുലിന്റേതായി തിയറ്ററിലെത്തുന്ന മാസ്സ് ചിത്രം കൂടിയാണ് കിം​ഗ് ഓഫ് കൊത്ത. ഒരു നവ സംവിധായകൻ മലയാള സിനിമയിൽ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ചിത്രമാണ് കിംഗ് ഓഫ് കൊത്ത എന്ന് ഗോകുൽ സുരേഷ് പറയുന്നു. ഇതുവരെ ഒരു സിനിമയിലും വന്നിട്ടില്ലാത്ത ഒരു രൂപമാറ്റത്തിലാണ് ചിത്രത്തിൽ താനെത്തുന്നതെന്നും ദുൽഖറിനെ പോലെ വലിയ സ്റ്റാറുള്ള ചിത്രമായിരുന്നിട്ടും തനിക്ക് അർഹിക്കുന്ന വില തരുന്ന ചിത്രം കൂടിയാണ് കിം​ഗ് ഓഫ് കൊത്തയെന്നും ​ഗോകുൽ പറയുന്നു. ​ഗോകുൽ സുരേഷ് ദ ക്യുവിനോട്.

എല്ലാ ക്യാരക്ടേഴ്സിനും ലെയറുകൾ

ഒരു നവസംവിധായകൻ മലയാള സിനിമയിൽ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ചിത്രമാണ് കിംഗ് ഓഫ് കൊത്ത. വേഫറർ ഫിലിംസിന്റെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രവും ദുൽഖർ സൽമാൻ എന്ന നടന്റെ റീ റൈസും ആയിരിക്കും ഈ ചിത്രം. കിങ് ഓഫ് കൊത്തയിൽ ഒരു മുഴു നീളൻ റോളാണ് എനിക്ക്. ദുൽഖർ ചെയ്തിട്ടുള്ള ഇതുവരെയുള്ള ചിത്രങ്ങളെ വച്ച് നോക്കുകയാണെങ്കിൽ വളരെ ഡിഫറന്റായ ഒരു ക്യാരക്ടർ അപ്രോച്ച് തന്നെയുള്ള ചിത്രമാണ് കൊത്ത. എല്ലാ ക്യാരക്ടേഴ്‌സിനും അതിന്റേതായ ഒരു ലെയറുകൾ ഉള്ള ഒരു പടമാണ് ഇത്. ഞാൻ പാപ്പൻ ചെയ്ത സമയത്ത് വിചാരിച്ചിരുന്നു അതിലെ കഥാപാത്രങ്ങൾക്ക് മാത്രമായിരിക്കും ഇത്രയും ലെയർ ഉള്ളതെന്ന്. പക്ഷേ കൊത്ത വന്നപ്പോഴാണ് എനിക്ക് ആ ചിന്ത മാറിയത്. കുറേക്കൂടി ഡീറ്റെയിൽഡായിട്ടുള്ളതാണ് ഇതിലെ ഒരോ കഥാപാത്രവും. വെറുതേ പാസ് ചെയ്തു പോകുന്ന ഒരാൾക്ക് വരെ വളരെ ഡീറ്റെയ്‌ലിങ്ങ് ഉള്ള ഒരു പടമാണിത്. സേഫ് ഴോണറിൽ അല്ലാത്ത ദുൽഖർ വളരെ റിസ്‌ക്ക് എടുത്ത് തന്നെ ചെയ്തിട്ടുള്ള പടമാണ് കിങ് ഓഫ് കൊത്ത. ഫിനാൻഷ്യലി ആയാലും അല്ലാതെ ഒരു ആക്ടേഴ്‌സ് അപ്രോച്ച് ടു സിനിമ എന്ന രീതിയൽ നോക്കുകയാണെങ്കിലും ദുൽഖർ കോൺഫിഡന്റായി ഒരു റിസ്‌ക്കിനെ അപ്രോച്ച് ചെയ്ത പോലെയാണ് എനിക്ക് കിങ് ഓഫ് കൊത്ത തോന്നിയത്.

ഏറ്റവും മികച്ച സെറ്റ്, എങ്ങനെ നോക്കിയാലും പോസിറ്റീവ്

ഞാൻ ഇതുവരെ വർക്ക് ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും മികവേറിയ ഒരു സെറ്റായിരുന്നു കൊത്തയിലേത്. അതിപ്പോൾ ആർട്ടിസ്റ്റിനെ ട്രീറ്റ് ചെയ്യുന്ന രീതിയിലായാലും മൊത്തത്തിലുള്ള പ്രൊഡക്ഷന്റെ കാര്യത്തിലായാലും ഷൂട്ടിങ്ങ് ഷെഡ്യൂളിന്റെ കാര്യത്തിലാണെങ്കിലും അവിടുത്തെ സെറ്റും ആർട്ട് വർക്കും എങ്ങനെ നോക്കിയാലും ഒരു പോസിറ്റീവ് ആയിരുന്നു. ഒരുപാട് സ്‌ട്രെസ്സുള്ള വർക്കായിരുന്നു കൊത്തയുടേത്. നൂറ് ദിവസത്തിന് മുകളിൽ വർക്ക്. യാത്രയടക്കം എൺപത്തിമൂന്ന് ദിവസം എനിക്ക് വർക്കുണ്ടായിരുന്നു. ഇരുപത്തിരണ്ട് ട്രിപ്പാണ് ഞാൻ കൊച്ചിയിൽ നിന്നും കാരിക്കുടിയിലേയ്ക്കും തിരുവന്തപുരത്ത് നിന്നും കാരിക്കുടിയിലേക്കും പോയത്. എന്നാൽ അതൊന്നും ഒരു തവണ പോലും എനിക്ക് ഒരു മുഷിച്ചിൽ ഉണ്ടാക്കിയിട്ടില്ല. എപ്പോഴാണ് തിരിച്ച് കൊത്തയിലേക്ക് വരുന്നത് എന്ന എക്‌സൈറ്റ്‌മെന്റായിരുന്നു മുഴുവനും. എനിക്ക് അങ്ങനെയുള്ള ഒരു ഫീൽ ആദ്യമായിട്ട് ഉണ്ടാകുന്നത് കൊത്തയിൽ വച്ചിട്ടാണ്.

എനിക്ക് വാല്യു തന്ന സിനിമ..

എല്ലാവർക്കും അവരെപ്പറ്റി സ്വന്തമായിട്ട് ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കുമല്ലോ, ഞാൻ ഇതുവരെ ചെയ്തതിൽ വച്ച് എന്റെ ഒരു കഴിവ് ഉപയോഗിക്കുന്ന തരത്തിൽ ഒരു സിനിമയും ഇതുവരെ വന്നിട്ടില്ല. ആരും അതിനായി ശ്രമിച്ചിട്ടുമില്ല. പക്ഷേ കിങ് ഓഫ് കൊത്ത ഇത്രയും വലിയ ഒരു സ്റ്റാറായ ദുൽഖർ ഉള്ളപ്പോൾ തന്നെ എനിക്ക് വാല്യുവുള്ള ഒരു കഥാപാത്രം നൽകിയ ചിത്രമായിരുന്നു. ദുൽഖറിനെ പോലെ വലിയൊരു സ്റ്റാറുള്ള ചിത്രത്തിൽ എനിക്ക് കുറച്ചു കൂടി വില കുറവ് തന്നാലും കുഴപ്പമൊന്നുമില്ല എന്ന് അവർക്ക് ചിന്തിക്കാം. പക്ഷേ ഇത്രയും നല്ല താര നിരയുള്ള ചിത്രമായിരുന്നിട്ടു കൂടിയും എനിക്ക് ഒരു വില തന്നത് പോലെ തോന്നി. അത് തന്നെ കാണുന്ന ഓഡിയൻസിനും ഫീൽ ചെയ്യും എന്നാണ് തോന്നുന്നത്. അതുപോലെ തന്നെ ഞാൻ ഇതുവരെയും ഒരു സിനിമയിലും വന്നിട്ടില്ലാത്ത ചെറിയൊരു രൂപമാറ്റത്തിലൊക്കെയാണ് കൊത്തയിൽ എത്തുന്നത്. പ്രേക്ഷകർ അത് കണ്ടറിയണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

ചാലഞ്ചിങ്ങായ സിനിമ..

എല്ലാ സിനിമയിലും അതിന്റേതായ ചലഞ്ചിങ്ങുണ്ട്. പാപ്പൻ എന്ന സിനിമയിൽ എന്റെ അച്ഛനും ഷമ്മിച്ചേട്ടനും തമ്മിലൊരു ഇമോഷണൽ സീനുണ്ട്. ഞാൻ ആ സീനിൽ വെറുതെ നിൽക്കുകയാണ്. പക്ഷേ ഈ സീനിൽ ഞാൻ കുന്തം വിഴുങ്ങിയ പോലെ നിന്നാൽ കാര്യമില്ല. അത് പ്രേക്ഷകർക്കും ഇഷ്ടപ്പെടില്ല, അങ്ങനെ കുന്തം വിഴുങ്ങതെ നിൽക്കുക എന്നത് തന്നെ ചാലഞ്ചിങ്ങാണ്. സിനിമയിൽ കാണാപ്പാഠം പഠിച്ച് അത് പ്രസന്റ് ചെയ്യുന്നത്, ക്യാമറയ്ക്ക് വേണ്ടി ആക്ട് ചെയ്യുന്നത് ഇതൊക്കെ ഒരു വലിയ പണിയാണെന്ന് പറയുന്നത് പോലെ തന്നെ പാടുള്ള പണിയാണ് ഒരു സീനിൽ ഡയലോഗ് ഒന്നും പറയാതെ അപാകത കൂടാതെ നിൽക്കുക എന്നതും. ചാലഞ്ചിങ്ങായിട്ടുള്ള ഒരു പണി പൂർത്തിയാക്കുന്നത് പോലെയാണ് അത്. ഒരു സംഭാഷണം നടക്കുന്ന സമയത്ത് അവർ പറയുന്ന കാര്യത്തിന് ഒരു അർത്ഥം ഉണ്ടെന്ന് തോന്നിപ്പിക്കുന്നത് നമ്മൾ നിൽക്കുന്ന നിൽപ്പിൽ അവർ ആ പറയുന്ന സംഭാഷണത്തിന് അർത്ഥം ഉണ്ടെന്ന് നമ്മൾ തോന്നിപ്പിക്കുമ്പോൾ കൂടിയാണ്. പക്ഷേ അത് അങ്ങനെയല്ലെങ്കിൽ ഇവർ ഇത്രയും നന്നായി സംഭാഷണം പറയുമ്പോൾ അയാളെന്താ അവിടെ അങ്ങനെ നിൽക്കുന്നത് എന്ന് ചോദിക്കും പ്രേക്ഷകർ.

ജോഷി-മമ്മൂട്ടി-സുരേഷ് ഗോപി എന്നത് പോലെ അഭിലാഷ് ജോഷി, ദുൽഖർ സൽമാൻ, ഗോകുൽ സുരേഷ്...

ജോഷി-മമ്മൂട്ടി-സുരേഷ് ഗോപി എന്നത് മലയാളത്തിലെ ഹിറ്റ് കോംമ്പോ ആയിരുന്നു. ആ കോംമ്പോ വന്ന സമയത്ത് മമ്മൂക്ക ആയാലും ജോഷി സാറായാലും എല്ലാവരും വലിയ ആൾക്കാരായിരുന്നു. എന്നാൽ ഇതിലേക്ക് വരുമ്പോൾ അഭിലാഷ് ചേട്ടന്റെ ആദ്യത്തെ ഇൻഡിപെൻഡന്റ് ആയിട്ടുള്ള വർക്കാണ് കൊത്ത. പിന്നെ ഞാൻ ഒരു മെഗാ താരമോ സൂപ്പർ താരമോ അല്ല. എന്നാൽ ദുൽഖർ ഒരു മെഗാ താരത്തിനെപ്പോലെയാണ്. ആ ഒരു വ്യത്യാസം ഉണ്ട് ഇതിന്. എന്റെ താരമുല്യം കുറച്ചുകൂടി വലുതായിരുന്നുവെങ്കിൽ ഈ കഥാപാത്രം തന്നെ കുറച്ചു കൂടി വലുതായിരുന്നേനെ. അനാവശ്യ പൊളിറ്റിക്ക്‌സും കാര്യങ്ങളും ബാധിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ഞാൻ എന്ന നടന് തീർച്ചയായും ഗുണം ചെയ്യേണ്ട സിനിമയാണ് കൊത്ത. അതിനുള്ള സാധ്യത കണ്ടുകൊണ്ട് തന്നെയാണ് ഒരു പടം കമ്മിറ്റ് ചെയ്യുന്നത്. എങ്കിൽപ്പോലും അനാവശ്യ പ്രതീക്ഷകൾ ഞാൻ വയ്ക്കാറില്ല. നന്നായാൽ സന്തോഷം നന്നായില്ലെങ്കിൽ കൂടുതൽ നന്നാക്കാൻ ശ്രമിക്കും അത്രേയുളളു.

അഭിലാഷും ദുൽഖറും ജ്യേഷ്ഠനെ പോലെ

അഭിലാഷ് എന്ന മേക്കർ ജോഷി സാർ ഇന്ന് എങ്ങനെ അറിയപ്പെടുന്നോ അടുത്ത നാൽപത് അമ്പത് കൊല്ലങ്ങൾക്കുള്ളിൽ അതുപോലെയുള്ളൊരു തലതൊട്ടപ്പനായി നിൽക്കണം എന്ന് എനിക്ക് പേഴ്‌സണലി ആഗ്രഹമുണ്ട്. എനിക്ക് ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് അദ്ദേഹം. അതുപോലെ തന്നെയാണ് ദുൽഖർ. ഇപ്പോ എത്തി നിൽക്കുന്ന നാഷ്ണൽ തലത്തിൽ നിന്നും ഇന്റർ നാഷ്ണൽ തലത്തിലേക്ക് ദുൽഖർ വളരണം എന്നാണ് എന്റെ ആഗ്രഹം. കാരണം ദുൽഖർ സൽമാൻ എന്ന വ്യക്തി അല്ലെങ്കിൽ ദുൽഖർ എന്ന താരം വളരെ നല്ലൊരു മനുഷ്യനാണ്.

മലയാളത്തിലെ അടുത്ത 100 കോടി ചിത്രം എന്ന പ്രതീക്ഷ..

നൂറ് കോടി എന്നതിൽ നിൽക്കരുത് എന്നാണ് എനിക്ക് ആഗ്രഹം. നേരിട്ട് അനുഭവിച്ച ഒരു ഇൻസിഡന്റാണ് 2018 എന്ന സിനിമയിലൂടെ നമ്മൾ ഒരു റൂമിനുള്ളിൽ എ.സി കൊണ്ടിരുന്ന് കാണുന്നത്. അതിന്റെ ഒരു പ്ലസ് പോയിന്റ് ആ പടം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ അതിന് ഉണ്ടായിരുന്നു. അതിലെ നടന്മാരെല്ലാവരും അതിനോട് നീതി പുലർത്തിയത് കൊണ്ടും ആ സിനിമ നാച്യുറലി വളരെ വലിയ വിജയമായി. പ്രത്യേകിച്ച് നമ്മൾ മലയാളിക്ക് നൊസ്റ്റാൾജിയ എന്നത് വളരെ കൊള്ളുന്ന ഒരു സാധനമാണ്. എന്നാൽ കിങ് ഓഫ് കൊത്ത എന്നത് ആർട്ടിഫിഷ്യലായിട്ടുള്ള അല്ലെങ്കിൽ ഒരു സാങ്കൽപ്പികമായിട്ടുള്ള ഒരു ഗ്രാമവും അതിലെ നാട്ടുകാരും അതും എൺപത് തൊണ്ണൂറ് കാലഘട്ടങ്ങൾ കാണിക്കുകയും ഒക്കെ ചെയ്യുന്നൊരു പടമാണ്. അതിന്റേതായ വ്യത്യാസം ഈ സിനിമയ്ക്ക് ഉണ്ട്. ഈ പടത്തിന്റേതായ വ്യത്യാസം ജനങ്ങൾ അംഗീകരിക്കുകയാണെങ്കിൽ നൂറ്റമ്പതോ ഇരുന്നൂറോ ഒക്കെ ക്രോസ് ചെയ്യാനുള്ള പൊട്ടൻഷ്യൽ ഈ സിനിമയ്ക്ക് ഉണ്ട്. തുറന്ന് പറയുകയാണെങ്കിൽ അത്ര അതീ ഭീകരമായ മികവൊന്നും ഇല്ലാത്ത പടങ്ങൾ തെലുങ്കിലും വെറേ ഭാഷകളിലും ഒക്കെ ഇരുന്നൂറ് കോടി ഒക്കെ കളക്ട് ചെയ്യുന്നുണ്ട്. മാത്രമല്ല ദുൽഖർ ഒരു പാൻ ഇന്ത്യൻ സ്റ്റാർ കൂടി ആയതു കൊണ്ട് അങ്ങനെ തന്നെ സംഭവിക്കേണ്ടതാണ്. പിന്നെ ഈ പറഞ്ഞതു പോലെ വിരോധികൾ ഒരുമിച്ചിരുന്ന് പരിശ്രമിച്ച് വേണമെങ്കിൽ തകർക്കാനും സാധിക്കും. എത്രയോ വലിയ ഹിന്ദി സിനിമകളും, മലയാള സിനിമകളും ഒക്കെ വലിച്ച് തകർക്കുകയും നല്ല സിനിമകളായിട്ട് കൂടെ നന്നാവാതെ പോകുന്നുമുണ്ട് ഇവിടെ. നല്ല സിനിമയാണെന്ന് ആർക്കും തോന്നുന്ന ഒരു പടം ചിലപ്പോൾ തിയറ്ററിൽ വന്നത് നമ്മൾ അറിഞ്ഞിട്ട് കൂടി ഉണ്ടാവില്ല. വളരെയധികം എനിക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമാണ് കൊത്ത.

Related Stories

No stories found.
logo
The Cue
www.thecue.in