കണ്ടം ക്രിക്കറ്റ് കളിയും അതിനെ ചുറ്റിപ്പറ്റിയുള്ള കഥയുമായി സക്കരിയ നായകനായെത്തുന്ന ചിത്രമാണ് കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ. നാട്ടിൻ പുറത്തെ കണ്ടം ക്രിക്കറ്റ് കളി എങ്ങനെ ഒരു കുടുംബത്തിനകത്ത് പ്രശ്നങ്ങളും പ്രതിസന്ധിയും സൃഷ്ടിക്കുന്നുവെന്ന് രസകരമായി പറയുകയാണ് ചിത്രത്തിൽ. മിഡിൽ ക്ലാസ് മനുഷ്യരുടെ കായിക രംഗത്തേക്ക് കടന്നു വരാനുള്ള ആഗ്രഹങ്ങൾ അവർ പൂർത്തികരിച്ചിരുന്നത് കണ്ടം ക്രിക്കറ്റ് കളിയിലൂടെയായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് പച്ചയിൽ അത്തരത്തിൽ കളിക്കാനെത്തുന്ന ഒരാൾക്ക് പിന്നീട് സംഭവിക്കുന്ന മാറ്റമാണ് പറയുന്നത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സക്കരിയ പറഞ്ഞത്:
മിഡിൽ ക്ലാസ് മനുഷ്യർക്ക് എത്തിപ്പെടാൻ ആഗ്രഹമുള്ള മേഖലകളിളും അതിലേക്ക് എത്താനുള്ള ആഗ്രഹങ്ങളും അവർ നിറവേറ്റിയിരുന്നത് ഇത്തരം ഗ്രൗണ്ടുകളിലൂടെയായിരുന്നു. ലബ്ബർ പന്തിലും അത് കാണാൻ സാധിക്കും. കമ്മ്യൂണിസ്റ്റ് പച്ചയിലേക്ക് വരുമ്പോൾ കളിക്കാൻ വന്നതുപോലെയല്ല ആരും തിരിച്ചു പോകുന്നത്. അയാളിലൊരു മാറ്റം സംഭവിക്കുന്നുണ്ട്. അതാണ് ഞങ്ങളുടെ സിനിമ.
സക്കരിയ ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ. വൈറസ്, തമാശ എന്നീ സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങൾക്ക് ശേഷം സക്കരിയ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ. . നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സക്കരിയക്കൊപ്പം അഭിനേതാക്കളുടെ വലിയ നിര തന്നെയുണ്ട്. കണ്ടം ക്രിക്കറ്റ് കളിക്കിടെയിലെ തർക്കവും അപ്പയുടെ ക്രിക്കറ്റ് കമ്പത്തെക്കുറിച്ചുള്ള മക്കളുടെ സംസാരവും രസകരവും വിചിത്രവുമായ കളി നിയമങ്ങളെക്കുറിച്ചുമെല്ലാം മുമ്പ് പുറത്തു വിട്ട് ചിത്രത്തിന്റെ ട്രെയ്ലറിൽ കാണാൻ സാധിക്കും. ഹരിത പ്രൊഡക്ഷൻസിന്റെ ബാനറിൽ സൽവാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സക്കറിയയ്ക്ക് പുറമേ അൽത്താഫ് സലിം, നസ്ലിൻ ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ സറ്റയറിലൂടെ കൈകാര്യം ചെയ്യുന്ന ചിത്രമായ ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ ജനുവരി മൂന്നിന് റീലീസ് ചെയ്യും.