
'രേഖാചിത്രം' എന്ന സിനിമയ്ക്ക് വേണ്ടി മരിച്ച ആളുകളുടെയും ജീവിച്ചിരിക്കുന്നവരുടെയും എൻഒസി വേണ്ടിയിരുന്നു എന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ. പെട്ടെന്ന് ചെയ്യാൻ കഴിയുന്ന പ്രൊജക്റ്റ് ആയിരുന്നില്ല 'രേഖാചിത്രം'. പ്രീസ്റ്റിന് ശേഷം 4 വർഷം കഴിഞ്ഞാണ് രേഖാചിത്രവുമായി എത്തുന്നത്. ഓൾട്ടർനേറ്റിവ് ഹിസ്റ്ററി പറയുന്ന സിനിമയായതുകൊണ്ട് ആളുകളുടെ അനുവാദം വേണ്ടി വന്നു. മരിച്ച ആളുകളുടെ കുടുംബത്തോടും ജീവിച്ചിരിക്കുന്നവരോടും കഥ പറയണം. അവർ ഇതിന് സമ്മതിക്കണം. അതൊരു വലിയ ടാസ്‌ക്കായിരുന്നു എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോഫിൻ ടി ചാക്കോ പറഞ്ഞു.
ജോഫിൻ ടി ചാക്കോ പറഞ്ഞത്:
പെട്ടെന്ന് കേറി ഓണാക്കാൻ പറ്റുന്ന ഒരു പ്രൊജക്റ്റ് ആയിരുന്നില്ല 'രേഖാചിത്രം'. ഈ സിനിമയിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള ഒരുപാട് പേരുടെ എൻഒസി വേണമായിരുന്നു. പ്രീസ്റ്റിന് ശേഷമാണ് ഈ സിനിമയുടെ മുഴുവൻ കഥയും ഞാനും രാമുവും ചേർന്ന് എഴുതിയത്. അപ്പോൾ ഒരു എഴുത്തുകാരന്റെ സഹായം കൂടി വേണമെന്ന് ഞങ്ങൾക്ക് മനസ്സിലായി. അങ്ങനെയാണ് ജോൺ മന്ത്രിക്കൽ വരുന്നത്. 'ആൻമരിയ കലിപ്പിലാണ്' ആണ് ജോണിന്റെ ആദ്യ ചിത്രം. അതിന് ശേഷം ജനമൈത്രി എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ അവസാനം ചെയ്തത് അണലി എന്ന ഷോർട് ഫിലിമാണ്. ഒരാളുടെ കൂടെ സഹായം ആവശ്യമായപ്പോൾ ജോണിനെ സ്ക്രിപ്റ്റിങ്ങിൽ ചേർത്തു.
അതിന് ശേഷം ഏറ്റവും ബുദ്ധിമുട്ടുണ്ടായ കാര്യം ജീവിച്ചിരിക്കുന്നതും മരിച്ചവരുടേതുമായ ആളുകളുടെ എൻഒസി വാങ്ങുക എന്നതായിരുന്നു. മരിച്ച ആളുകളുടെ കുടുംബത്തോടും ജീവിച്ചിരിക്കുന്നവരോടും കഥ പറയണം. അവർ ഇതിന് സമ്മതിക്കണം. അതൊരു വലിയ ടാസ്‌ക്കായിരുന്നു. ഇവരോടൊക്കെ കഥ പറഞ്ഞ് ഓക്കേ ആയപ്പോഴാണ് സ്ക്രിപ്റ്റ് എഴുതി തുടങ്ങിയത്. ആ സ്ക്രിപ്റ്റ് എഴുതാനും സമയം എടുത്തു. കുറെയധികം ആളുകളെ ബന്ധപ്പെട്ട് പോകുന്നതുകൊണ്ട് അവരെയൊന്നും ദോഷമായി ബാധിക്കാനും പാടില്ല. കുറച്ചു ട്രിക്കിയായിരുന്നു സിനിമയുടെ എഴുത്ത്.
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് രേഖാചിത്രം. ആസിഫ് അലി നായകനായി എത്തുന്ന 'രേഖാചിത്രം' 2025 ജനുവരി 9 ന് തീയേറ്ററുകളിലെത്തും. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. 2018, മാളികപ്പുറം പോലെയുള്ള ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഈ ബാനറുകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നു. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്.