ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ മുതല്‍ കെ കെ രമ വരെ; നിയമസഭ തിരഞ്ഞെടുപ്പിലെ വനിതാ മുന്നേറ്റത്തെ അഭിനന്ദിച്ച് ഡബ്ല്യുസിസി

ആരോഗ്യ വകുപ്പ്  മന്ത്രി കെ.കെ.ശൈലജ മുതല്‍ കെ കെ രമ വരെ; നിയമസഭ തിരഞ്ഞെടുപ്പിലെ വനിതാ മുന്നേറ്റത്തെ അഭിനന്ദിച്ച് ഡബ്ല്യുസിസി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ചെയ്ത വനിതകളെ അഭിനന്ദിച്ച് ഡബ്ല്യുസിസി. വനിതാ സ്ഥാനാർഥികളെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമായിരുന്നു. ഓരോ പൗരനും ഭരണഘടന നല്‍കുന്ന തുല്യതയിലേക്കുള്ള പോരാട്ടത്തില്‍ പുതിയ മാനങ്ങള്‍ തീര്‍ക്കാന്‍ നേതൃത്വനിരയിലെ വനിതകളുടെ സാന്നിധ്യം സഹായകരമാകുമെന്നതില്‍ അഭിമാനിക്കുന്നതായി ഡബ്ല്യുസിസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ആരോഗ്യപരിപാലനത്തില്‍ പുതിയ അന്താരാഷ്ട്ര നിലവാരം സൃഷ്ടിച്ച, പ്രതിബദ്ധതയുടെയും കഠിനാദ്ധ്വാനത്തിന്റെയും പ്രതിബിംബമായ, ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചറടക്കമുള്ള, 15 മത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ വനിതാ എം.എല്‍.എ.മാരെയും പ്രതികൂല സാഹചര്യത്തിലും വിജയം കൈവരിച്ച കെ.കെ.രമ ഉള്‍പ്പെടെയുള്ള പുതുമുഖങ്ങളേയും അഭിനന്ദിക്കുന്നതായി ഡബ്ല്യുസിസി അറിയിച്ചു.

ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും വിജയം കൈവരിക്കുകയും ചെയ്ത വനിതകളെ WCC ഹൃദ്യമായി അഭിനന്ദിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവന്മരണ പോരാട്ടമായിരുന്നുവെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.. ഓരോ പൗരനും ഭരണഘടന നല്‍കുന്ന തുല്യതയിലേക്കുള്ള പോരാട്ടത്തില്‍ പുതിയ മാനങ്ങള്‍ തീര്‍ക്കാന്‍ നേതൃത്വനിരയിലെ നിങ്ങളുടെ സാന്നിദ്ധ്യം സഹായകരമാകുമെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.

ആരോഗ്യപരിപാലനത്തില്‍ പുതിയ അന്താരാഷ്ട്ര നിലവാരം സൃഷ്ടിച്ച, പ്രതിബദ്ധതയുടെയും കഠിനാദ്ധ്വാനത്തിന്റെയും പ്രതിബിംബമായ, ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചറടക്കമുള്ള, 15 മത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ വനിതാ എം.എല്‍.എ.മാരെയും പ്രതികൂല സാഹചര്യത്തിലും വിജയം കൈവരിച്ച കെ.കെ.രമ ഉള്‍പ്പെടെയുള്ള പുതുമുഖങ്ങളേയും wcc ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു.

തുടര്‍ഭരണം കൈവരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അഭിനന്ദനങ്ങള്‍. ഭരണപക്ഷത്തില്‍ ജനങ്ങള്‍ ഒരിക്കല്‍കൂടി അര്‍പ്പിച്ച വിശ്വാസം കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലേക്ക് പ്രവര്‍ത്തി മേഖലയെ വ്യാപിപ്പിച്ച് കൊണ്ട് ജനങ്ങളെ സേവിക്കുവാന്‍ കഴിയട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു. സ്ത്രീകളുടെ, വിശിഷ്യാ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ wcc ആകാംക്ഷയോടെ കാത്തിരിക്കുന്നു.

സ്ത്രീകളുടെ പ്രശ്‌നങ്ങളോട് സമാനുഭാവത്തോടും തുറന്ന മനസ്സോടുമുള്ള സമീപനം തുടരുമെന്നും ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നുമാരംഭിച്ച, തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള യാത്ര പൂര്‍ണ്ണതയില്‍ എത്തിക്കുമെന്നുള്ള വിശ്വാസത്തിലാണ് ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. ആദ്യപടിയായി പുതിയ ഗവണ്മെന്റ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് അതിന്മേല്‍ മേല്‍ നടപടികള്‍ കൈക്കൊള്ളുമെന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു. മലാല യൂസഫ്സായിയുടെ ഈ വാചകത്തോടെ ഞങ്ങള്‍ അവസാനിപ്പിക്കട്ടെ.

”ഞങ്ങള്‍ ശബ്ദമുയര്‍ത്തുന്നത് ഞങ്ങള്‍ക്കതിന് കഴിവുണ്ടെന്ന് കാണിക്കാനല്ല, മറിച്ച് അതിനു കഴിയാത്തവരുടെ ശബ്ദം ലോകം കേള്‍ക്കാനായാണ്. ഞങ്ങളില്‍ പകുതിയെ മുന്നേറുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തിയാല്‍ ഞങ്ങള്‍ക്ക് വിജയിക്കാനാവില്ല.’

Related Stories

No stories found.
logo
The Cue
www.thecue.in