കമല്‍ഹാസന്റെ മലയാളം വേര്‍ഷനാണ് പൃഥ്വിരാജ് : വിവേക് ഒബ്റോയ്

കമല്‍ഹാസന്റെ മലയാളം വേര്‍ഷനാണ് പൃഥ്വിരാജ് : വിവേക് ഒബ്റോയ്

യംഗ് കമല്‍ഹാസന്റെ മലയാളം വേര്‍ഷനാണ് പൃഥ്വിരാജ് സുകുമാരനെന്ന് വിവേക് ഒബ്റോയ്. സിനിമയെ സമഗ്രതലത്തില്‍ മനസിലാക്കിയിട്ടുള്ള ആളാണ് പൃഥ്വിരാജ്. അഭിനയവും സംവിധാനവും ഒരു പോലെ വഴങ്ങും. കടുവ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

വിവേക് ഒബ്റോയ് പറഞ്ഞത്

മൂന്നാം പിറ ചെയ്ത അതേ കമല്‍ഹാസനാണ് സകലകലാവല്ലഭനും ചെയ്യുന്നത്. രണ്ട് ധ്രുവങ്ങളിലുള്ള സിനിമകളാണ്. ഇത് പോലെയാണ് പൃഥ്വിരാജ്. ലാര്‍ജര്‍ ദാന്‍ ലൈഫ് സ്വഭാവമുള്ള കടുവയില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് പൃഥ്വിയുടേത്. അതേ സമയം തന്നെ ജനഗണനമനയില്‍ മറ്റൊരു ശൈലിയിലുള്ള പ്രകടനം പൃഥ്വിരാജ് കാഴ്ച വച്ചിരിക്കുന്നു. റിയലിസ്റ്റിക് പെര്‍ഫോര്‍മന്‍സും ലാര്‍ജര്‍ ദാന്‍ ലൈഫ് സിനിമയിലെ പ്രകടനവും ഒരേ പോലെ പൃഥ്വിക്കും സാധ്യമാണ്.

പൃഥ്വിരാജ് സൂപ്പര്‍സ്റ്റാര്‍ഡത്തിന്റെ വഴിയില്‍ തുടങ്ങിയിട്ടേയുള്ളൂ, അദ്ദേഹമൊരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമാകുമെന്നും വിവേക് ഒബ്റോയ്. ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയില്‍ വില്ലന്‍ റോളിലെത്തുന്നത് വിവേക് ഒബ്റോയ് ആണ്. ജിനു വി എബ്രഹാമാണ് തിരക്കഥ. ലൂസിഫര്‍ എന്ന സിനിമക്ക് ശേഷം പൃഥ്വിരാജിനൊപ്പം വിവേക് ഒബ്റോയ് എത്തുന്ന മലയാള ചിത്രവുമാണ് കടുവ.

Related Stories

No stories found.
logo
The Cue
www.thecue.in