'വളരെ നേരത്തെ മനസ്സിലുണ്ടായിരുന്ന സ്റ്റോറിയായിരുന്നു ഇത്'; ഹൃദയമാണ് വർഷങ്ങൾക്ക് ശേഷം ചെയ്യാൻ കോൺഫിഡൻസ് തന്നതെന്ന് വിനീത് ശ്രീനിവാസൻ

'വളരെ നേരത്തെ മനസ്സിലുണ്ടായിരുന്ന സ്റ്റോറിയായിരുന്നു ഇത്'; ഹൃദയമാണ് വർഷങ്ങൾക്ക് ശേഷം ചെയ്യാൻ കോൺഫിഡൻസ് തന്നതെന്ന് വിനീത് ശ്രീനിവാസൻ

ഹൃദയത്തിന്റെ സ്ക്രിപ്റ്റിൽ വർക്ക് ചെയ്തതിൽ നിന്നാണ് വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം ചെയ്യാൻ കോൺഫിഡൻസ് വന്നത് എന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ. വായിച്ചതും കേട്ടറിഞ്ഞതുമായ എഴുപത് കാലഘട്ടങ്ങളിലെ കഥകളിൽ നിന്ന് ആ കാലഘട്ടം ഫാന്റസിയായി ഉള്ളിലുണ്ടായിരുന്നുവെന്ന് വിനീത് പറയുന്നു. ഇത് വളരെ നേരത്തെ എന്റെ മെെന്റിൽ ഉണ്ടായിരുന്ന സ്റ്റോറിയാണ്. ഇതിന് നല്ല ചെലവ് വരും ഇതിൽ കുറേ കഥാപാത്രങ്ങൾ വരും. ഇത്രയും ആൾക്കാരെ വച്ച് സ്റ്റോറി എഴുതാൻ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല എനിക്ക്. പക്ഷേ ഹൃദയം പോലെ ഒരു സ്ക്രിപ്റ്റിൽ വർക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ഓക്കെ, ഇനി ഇതൊന്ന് ട്രെെ ചെയ്ത് നോക്കാം എന്ന ചെറിയൊരു കോൺഫിഡൻസ് വന്നു. അങ്ങനെയാണ് ഞാൻ ഇത് എഴുതാൻ തുടങ്ങുന്നത്. സിനിമയുടെ ആദ്യ പകുതി വരെ മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ എന്നും രണ്ടാം പകുതി 2022 മുതലാണ് തോന്നി തുടങ്ങിയതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞു.

വിനീത് ശ്രീനിവാസൻ പറഞ്ഞത്:

ഈ സിനിമ ശരിക്കും പറഞ്ഞാൽ നമ്മൾ വളർന്ന ഒരു അന്തരീക്ഷമുണ്ടല്ലോ അച്ഛൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോയിൻ ചെയ്തതും അത് കഴിഞ്ഞ് നാട്ടിൽ തിരിച്ചു വന്ന് നാടകം ചെയ്യാൻ നിൽക്കുന്ന സമയത്ത് ഒരു ടെലി​ഗ്രാം വന്നിട്ട് മദിരാശിയിലേക്ക് തിരിച്ച് പോകുന്നതും. ആ സമയത്തൊക്കെയുള്ള കുറേ കഥകൾ വീട്ടിൽ സ്ഥിരമായിട്ട് ഇങ്ങനെ കേൾക്കാറുണ്ടായിരുന്നു. പിന്നീട് ഞാൻ സ്റ്റേജ് ഷോ ചെയ്യുന്ന സമയത്തും അച്ഛന്റെ അതേ ടെെമിലുള്ള ആർട്ടിസ്റ്റുകളായ ഇന്നസെന്റ അങ്കിൾ, വേണു അങ്കിൾ, മുകേഷ് അങ്കിൾ, ഇവരൊടൊക്കെ സംസാരിക്കുമ്പോൾ ഇവർ പറഞ്ഞ് കേട്ടിട്ടുള്ള നിറയെ കഥകളുണ്ട്. അതുകൂടാതെ പണ്ടത്തെ മാ​ഗസീനിലെല്ലാം കോടമ്പാക്കത്തെ കഥകളുണ്ടാവും. ഉള്ള കഥകൾ ഇല്ലാത്ത കഥകൾ പൊടിപ്പും തൊങ്ങലും വെച്ച കഥകൾ ഇതിൽ നിന്നെല്ലാം വായിച്ചതും കേട്ടതും ഒക്കെയായി സെവന്റീസ് എന്ന് പറയുന്നത് ഒരു ഭയങ്കര ഫാസിനേറ്റി​ഗ് പീരിയിഡ് ആയിട്ട് എന്റെ മെെന്റിൽ ഉണ്ടായിരുന്നു. ഇത് വളരെ നേരത്തെ എന്റെ മെെന്റിൽ ഉണ്ടായിരുന്ന സ്റ്റോറിയാണ്. ഇതിന് നല്ല ചെലവ് വരും ഇതിൽ കുറേ കഥാപാത്രങ്ങൾ വരും. ഇത്രയും ആൾക്കാരെ വച്ച് സ്റ്റോറി എഴുതാൻ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല എനിക്ക്. പക്ഷേ ഹൃദയം പോലെ ഒരു സ്ക്രിപ്റ്റിൽ വർക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ഓക്കെ, ഇനി ഇതൊന്ന് ട്രെെ ചെയ്ത് നോക്കാം എന്ന ചെറിയൊരു കോൺഫിഡൻസ് വന്നു. അങ്ങനെയാണ് ഞാൻ ഇത് എഴുതാൻ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ട് തൊട്ട് ഈ സിനിമയുടെ ഐഡിയകളെല്ലാം വരാൻ തുടങ്ങി. എന്റെ കയ്യിൽ നേരത്തെ ഉണ്ടായിരുന്ന ഐഡിയ ഫസ്റ്റ് ഹാഫിന്റേത് മാത്രമായിരുന്നു. എഴുപതുകളിലെയും എൺപതുകളുടെ തുടക്കത്തിലെയും കഥ മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. ഈ സിനിമ പ്രസന്റ് വരെ ട്രാവൽ ചെയ്യുന്നുണ്ട്. അപ്പോൾ പ്രസന്റിലേക്കുള്ള കഥ 2022 മുതലാണ് കിട്ടുന്നത്. ഞാൻ ആദ്യം ദിവ്യയുടെ അടുത്ത് കഥ പറഞ്ഞു. പിന്നീട് വിശാഖിനോട് പറ‍ഞ്ഞു. കേട്ട ആൾക്കാർക്കൊക്കെ കഥയിൽ എക്സെെറ്റ്മെന്റുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് എഴുതി തുടങ്ങുന്നത്.

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം' . കോടമ്പാക്കത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സിനിമാമോഹിയായ ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ നിർമാണം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in