'കഥാപാത്രത്തിന് വേണ്ടി മുടി ഷേവ് ചെയ്‌താൽ മലയാള സിനിമ നിന്ന് പോകുമെന്നാണ് ധ്യാൻ പറഞ്ഞത്'; വിനീത് ശ്രീനിവാസൻ

'കഥാപാത്രത്തിന് വേണ്ടി മുടി ഷേവ് ചെയ്‌താൽ മലയാള സിനിമ നിന്ന് പോകുമെന്നാണ് ധ്യാൻ പറഞ്ഞത്'; വിനീത് ശ്രീനിവാസൻ

'ഹൃദയം' എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. പ്രണവ് മോഹൻലാൽ ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ രണ്ടാം പകുതിയിൽ അറുപത്തിയഞ്ച് വയസ്സ് പ്രായമുള്ള കഥാപാത്രമായാണ് ധ്യാൻ എത്തുന്നത്. ഈ സിനിമ ചെയ്യും വരെ 65 വയസ്സുള്ള ഒരാളുടെ കഥാപാത്രം തന്നെക്കൊണ്ട് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും എന്ന് കരുതിയിരുന്നില്ല എന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു. ഏട്ടനാണ് എന്നോട് പറഞ്ഞത് അത് പറ്റും എന്നത്. എന്ത് ധെെര്യത്തിലാണ് അത് പറഞ്ഞത് എന്നറിയില്ല. സെക്കന്റ് ഹാഫിന്റെ കഥയും എനിക്ക് അറിയുമായിരുന്നില്ല. നമ്മളെ പോലെയുള്ള ഒരാൾ ഇത്തരത്തിൽ അറുപത് വയസ്സോളം പോന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ കളിയാക്കുന്നതായിട്ടോ ഫാൻസി ഡ്രസ്സായിട്ടോ ആൾക്കാർക്ക് തോന്നാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ തനിക്ക് കോൺഫിഡൻസുണ്ടായിരുന്നില്ലെന്നും പക്ഷേ കഥാപാത്രത്തിന്റെ കൃത്യമായ ലുക്ക് കിട്ടിയപ്പോൾ എല്ലാം ശരിയായി എന്നും ധ്യാൻ പറയുന്നു. എന്നാൽ 65 വയസ്സുള്ള ഒരാളുടെ കഥാപാത്രം ചെയ്യുന്നതിനായി തല ഷേവ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ താൻ മുടി ഷേവ് ചെയ്താൽ മലയാള സിനിമ നിന്നു പോകും എന്നാണ് ധ്യാൻ മറുപടി പറഞ്ഞതെന്ന് വിനീത് ശ്രീനിവാസൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ധ്യാൻ പറഞ്ഞത്:

സെക്കന്റ് ഹാഫിലാണ് ട്രെയ്ലറിൽ കാണുന്ന ഈ ചേഞ്ച് ഓവർ ലുക്കുള്ളത്. ഒരു 65 വയസ്സുള്ള ഒരാളുടെ ക്യാരക്ടർ എന്നെക്കൊണ്ട് പുള്ള് ഓഫ് ചെയ്യാൻ കഴിയും എന്ന് എനിക്ക് പോലും അറിയുമായിരുന്നില്ല. ഏട്ടനാണ് എന്നോട് പറഞ്ഞത് അത് പറ്റും എന്നത്. എന്ത് ധെെര്യത്തിലാണ് അത് പറഞ്ഞത് എന്നറിയില്ല. സെക്കന്റ് ഹാഫിന്റെ കഥയും എനിക്ക് അറിയുമായിരുന്നില്ല. വിശാഖാണ് എന്നോട് ഫ്ലെെറ്റിൽ ഇരുന്ന് സെക്കന്റ് ഹാഫിന്റെ കഥ പറയുന്നത്. പക്ഷേ ആ കഥയായിരുന്നില്ല സിനിമ ഷൂട്ട് ചെയ്തപ്പോൾ. പിന്നെ ആ ലുക്കിലേക്ക് എത്തിയപ്പോൾ എല്ലാം ശരിയായി. നമ്മളെ പോലെയുള്ള ഒരാൾ ഇങ്ങനെയൊരു അറുപത് വയസ്സോളം പോന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ കളിയാക്കുന്നതായിട്ടോ ഫാൻസി ഡ്രസ്സായിട്ടോ ആൾക്കാർക്ക് തോന്നാൻ സാധ്യതയുണ്ട്. ഏട്ടൻ എന്റെ മുടി സെെഡിൽ നിന്ന് ഷേവ് ചെയ്യിപ്പിച്ചു ആ ലുക്ക് കിട്ടാൻ വേണ്ടി.

എനിക്ക് ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. എന്റെ പേടി ഇതൊക്കെ ചെയ്ത് വന്ന് നിന്നിട്ട് ഏതെങ്കിലും തരത്തിൽ ഇതൊരു ഫാൻസി ഡ്രസ്സായിട്ട് ആർക്കെങ്കിലും തോന്നുമോ എന്നതായിരുന്നു. ലുക്കിൽ കൺവീൻസിം​ഗ് ആയില്ലെങ്കിൽ മൊത്തം പാളും എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ആ ലുക്ക് കറക്ട് കിട്ടി.

വിനീത് പറഞ്ഞത്:

ഞാൻ തലേന്ന് തന്നെ റോണക്സിനോട് പറഞ്ഞിരുന്നു തല ഷേവ് ചെയ്യാതെ പറ്റില്ല എന്ന്. പക്ഷേ ധ്യാനിന് അഞ്ച് പടം വേറെ കണ്ടിന്യുവിറ്റിയുണ്ട്. റോണക്സ് എന്നോട് പറഞ്ഞു ഇല്ല ഷേവ് ചെയ്യാൻ സമ്മതിക്കില്ല. കാരണം അഞ്ച് പടം കണ്ടിന്യുവിറ്റിയുണ്ട്. മലയാള സിനിമ നിന്നു പോകും എന്നാ പറയുന്നത് എന്ന്. അപ്പോൾ ഞാൻ പറഞ്ഞു അവനോട് മിണ്ടാണ്ടിരിക്കാൻ പറ. മലയാള സിനിമ ഒന്നും നിന്നു പോകില്ല. ഇപ്പുറത്തെ സെെഡിലേക്ക് മുടി ചീകി വച്ചാൽ മതി അവന്. നമ്മുടെ സിനിമ എടുക്കുമ്പോൾ പാർട്ടീഷൻ ഒന്ന് മാറ്റിയാൽ മതി. അവസാനം ധ്യാനിന്റെ റൂമിലേക്ക് ഞാൻ ചെന്നു. ഈ മലയാള സിനിമ നിന്നു പോകാതെയിരിക്കാൻ ഒന്ന് ചെയ്യുമോ എന്ന് ചോദിച്ചു.

കോടമ്പാക്കത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സിനിമാമോഹിയായ ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ നിർമാണം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in