'രേഖ' എന്ന ചിത്രത്തിൽ അച്ഛൻ മരിച്ചതറിഞ്ഞിട്ടും എന്തുകൊണ്ട് ആ കഥാപാത്രം കരയുന്നില്ല എന്നത് തനിക്ക് ഒരുപാട് ആശയക്കുഴപ്പമുണ്ടാക്കിയ കാര്യമായിരുന്നുവെന്ന് നടി വിൻസി. ജിതിന്‍ ഐസക് തോമസിന്റെ സംവിധാനത്തിൽ വിൻസി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു രേഖ. ചിത്രത്തിലെ വിൻസിയുടെ പ്രകടനത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം താരത്തെ തേടിയെത്തിയത്. എന്നാൽ ചിത്രത്തിൽ രേഖ എന്ന കഥാപാത്രം എന്തുകൊണ്ട് കരയുന്നില്ലെന്നത് തനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ലെന്നും സംവിധായകൻ ജിതിനാണ് തന്നെ അതിന് വേണ്ടി സാഹായിച്ചിരുന്നതെന്നും വിൻസി പറയുന്നു. രേഖയുടെ ചിത്രീകരണ സമയത്ത് മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും വിൻസി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
വിൻസി അലോഷ്യസ് പറഞ്ഞത്:
എനിക്ക് തുടക്ക കാലത്ത് തന്നെ ഉണ്ടായിരുന്ന ഒരു കൺഫ്യൂഷനാണ് അച്ഛൻ മരിച്ചിട്ട് രേഖ എന്തുകൊണ്ട് കരയുന്നില്ല എന്നത്. ഞാൻ അത് ചോദിച്ചിട്ടുമുണ്ട്. എന്തുകൊണ്ടാണ് ഈ കഥാപാത്രം കരയാത്തത് എന്ന്. ഞാനൊക്കെയാണെങ്കിൽ ഇത്തരമൊരു സാഹചര്യത്തിൽ എങ്കിൽ കരഞ്ഞ് അലമ്പാക്കിയിട്ടുണ്ടാവും. പക്ഷേ സംവിധായകൻ ജിതിൻ പറഞ്ഞു എന്റെ കഥാപാത്രം കരയണ്ട എന്ന്. എനിക്ക് ഒരു തരത്തിലും എന്തുകൊണ്ട് ആ കഥാപാത്രം കരയണ്ട എന്നുള്ളത് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അത് തീരെ മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടായിരുന്നില്ല എനിക്ക്. രേഖയുടെ ഉള്ളിൽ എന്തൊക്കെയോ ഉണ്ട് എന്നുള്ളത് മനസ്സിലാക്കിയെടുക്കാൻ എനിക്ക് ജിതിൻ വേണ്ടി വന്നു. അത്രമാത്രം ജിതിൻ എന്നോട് ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കി തരേണ്ടി വന്നു. മാനസികമായും ശാരീരികമായും ബുദ്ധിമുട്ടായിരുന്നു എനിക്ക് രേഖയുടെ ഷൂട്ട്. കുറേ കരഞ്ഞിട്ടുണ്ട് ഞാൻ. ജിതിനോട് എനിക്ക് ഇത്രയും പ്രഷർ തരരുതേ എന്നു ഞാൻ പറഞ്ഞിട്ടുണ്ട്. കാരണം, എനിക്ക് ആ കഥാപാത്രത്തെ മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കഥാപാത്രത്തെ മനസ്സിലായാൽ മാത്രമല്ലേ അഭിനയം കുറച്ചു കൂടി എളുപ്പമാവുകയുള്ളൂ. ഞാൻ മനസ്സിലാക്കുന്നത് മറ്റേതോ രീതിയിലാണ്. പക്ഷേ കൃത്യമായി എന്നെ ഡയറക്ട് ചെയ്യാൻ ഒരു സംവിധായകൻ ഉണ്ടായി എന്നുള്ളത് കൊണ്ട് മാത്രമാണ് എനിക്ക് എനിക്ക് അത് നല്ല രീതിയിൽ അഭിനയിക്കാൻ സാധിച്ചത്. എന്റെ കയ്യിലേക്ക് ആ കഥാപാത്രത്തെ ഏൽപ്പിച്ചിരുന്നെങ്കിൽ ഞാൻ അത് ഓവർ ആക്കി ചളമാക്കിയേനെ.