നെപ്പോട്ടിസം സിനിമയിൽ ഉണ്ടായിക്കൊണ്ടിരിക്കും, അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമെന്ന്‌ വിനയ് ഫോർട്ട്

Vinay Forrt
Vinay ForrtVinay Forrt

നെപ്പോട്ടിസം എല്ലാ കാലത്തും സിനിമയിൽ ഉണ്ടായിക്കൊണ്ടിരിക്കുമെന്ന് നടൻ വിനയ് ഫോർട്ട്. ഇന്ത്യൻ സിനിമ പരിശോധിച്ചാൽ നെപ്പോട്ടിസത്തിന്റെ നീണ്ട ലിസ്റ്റ് തന്നെ കിട്ടും. അവർക്ക് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാണെന്നും അല്ലാത്തവർക്ക് കൂടുതൽ അദ്ധ്വാനിക്കേണ്ടി വരുമെന്നും വിനയ് ഫോർട്ട് പറഞ്ഞു. സിനിമയോടും അഭിനയത്തോടുമുള്ള ആത്മാർഥതകൊണ്ടാണ് പന്ത്രണ്ട് വർഷം ഈ ഇൻഡസ്ട്രിയിൽ സർവൈവ് ചെയ്തതെന്നും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ ഏതു രീതിയിലുള്ള പ്രതിസന്ധികളെയും തരണം ചെയ്യുവാൻ സാധിക്കുമെന്നും വിനയ് ഫോർട്ട് പറഞ്ഞു. ബാക്സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനയ് ഫോർട്ട് അഭിമുഖത്തിൽ

നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ നാടകപ്രവർത്തനം ചെയ്യുന്ന ആളാണ്. അന്ന് മുതലേ ഞാൻ ഫോക്കസ്ഡ് ആയിരുന്നു. അഭിനയമല്ലാത്ത മറ്റെല്ലാ കാര്യങ്ങളിലും ഞാനൊരു ദുരന്തമാണ്. നെപോട്ടിസം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും. ഇന്ത്യൻ സിനിമ പരിശോധിച്ചാൽ നെപ്പോട്ടിസത്തിന്റെ നീണ്ട ലിസ്റ്റ് തന്നെ കിട്ടും. അവർക്ക് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാണ്. നമ്മളെപ്പോലുള്ള ആളുകൾക്ക് അത്ര എളുപ്പമാകണമെന്നില്ല. പക്ഷെ ജീവിതത്തിന് ഒരു പ്രിൻസിപ്പൽ ഉണ്ട്. തീവ്രമായി ആഗ്രഹിക്കുന്ന മനുഷ്യ സാധ്യമായ കാര്യങ്ങൾക്കായി ഏതറ്റം വരെയും ഞാൻ പോകും. കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ നമ്മുടെ മുന്നിലുള്ള അതിർ വരമ്പുകളെയൊക്കെ ബ്രേക്ക് ചെയ്യുവാൻ സാധിക്കും. അതിനുവേണ്ടി ഒരുപാട് സമയമെടുക്കുമായിരിക്കാം. ഞാൻ പന്ത്രണ്ട് വർഷം ഈ ഇൻഡസ്ട്രിയിൽ സർവൈവ് ചെയ്തിട്ടുണ്ടെങ്കിൽ അത് സിനിമയോടും അഭിനയത്തോടുമുള്ള എന്റെ ആത്മാർഥതകൊണ്ടാണ്. ഞാൻ വലിയ കഴിവുള്ള നടനാണ് എന്നൊന്നും അവകാശപ്പെടുന്നില്ല. അൻപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചു. അവസാനം മാലിക് പോലുള്ള സിനിമയിൽ നല്ലൊരു കഥാപാത്രം കിട്ടി. അതൊക്കെ നാലാം ക്ലാസ് മുതലേ തുടങ്ങിയ അദ്ധ്വാനത്തിന്റെ ഫലമാണ്.

മലയാള സിനിമയില്‍ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണവുമായി നേരത്തെ നീരജ് മാധവ് രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. സുഷാന്ത് സിംഗ് രജപുതിന്റെ ആത്മഹത്യ വിരല്‍ചൂണ്ടുന്നത് ബോളിവുഡിലെ അധികാരലോബിയിലേക്കും കുടുംബവാഴ്ചയിലേക്കുമായിരുന്നു. ബോളിവുഡില്‍ മാത്മ്രല്ല മലയാളത്തിലും വളര്‍ന്നുവരുന്നവരെ ഒതുക്കാന്‍ ശ്രമിക്കുന്ന സംഘമുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ നീരജ് മാധവ്. വളര്‍ന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിന്‍ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങള്‍ അളക്കലാണെന്ന് നീരജ് മാധവ് എഴുതിയിരുന്നു. സംവരണം വേണ്ട, തുല്യ അവസരങ്ങള്‍ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്നവും ഉള്ളവര്‍ നിലനില്‍ക്കും എന്ന ശുഭാപ്തിയുണ്ട് എന്ന് പറഞ്ഞാണ് നീരജ് മാധവ് സുഷാന്ത് സിംഗിനെ അനുസ്മരിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയില്‍ ഡേവിഡ് ക്രിസ്തുദാസ് എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി വിനയ് ഫോര്‍ട്ട് നടത്തിയ പ്രകടനം ചര്‍ച്ചയായിരുന്നു. ബോളിവുഡ് താരം രാജ്കുമാര്‍ ഉള്‍പ്പെടെ വിനയ് ഫോര്‍ട്ടിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in