
റിവ്യൂ പറഞ്ഞ് സിനിമയെ തകർക്കാൻ കഴിയില്ലെന്ന് നടൻ വിജയരാഘവൻ. 42 വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ഒരാളാണ് താൻ. ബോറായി അഭിനയിച്ചാൽ അങ്ങനെ തന്നെ പറഞ്ഞോളൂ. പക്ഷെ നന്നായി അഭിനയിച്ചിട്ട് ബോറായി എന്ന് ആരെങ്കിലും പറഞ്ഞാൽ പ്രേക്ഷകർ അത് സമ്മതിച്ചു തരില്ല. സിനിമ എങ്ങനെയുണ്ട് എന്നത് പ്രേക്ഷകനാണ് തീരുമാനിക്കുന്നത്. പ്രേക്ഷർക്ക് ഇഷ്ടമുള്ളത് കൊണ്ടാണ് ഇത്രയും കാലം സിനിമയിൽ നിന്നത്. അല്ലാതെ അല്ലാതെ ഒരാൾ വേഷം കെട്ടി നിന്ന് പറഞ്ഞതുകൊണ്ട് താൻ മോശമാകില്ലന്ന് റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിന്റെ പ്രസ്മീറ്റിൽ വിജയരാഘവൻ പറഞ്ഞു.
‘മായാനദി'ക്ക് ശേഷം ആഷിഖ് അബുവും ശ്യാം പുഷ്കരനും ദിലീഷ് കരുണാകരനും റെക്സ് വിജയനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റൈഫിൾ ക്ലബ്. ഒരു റൈഫിൾ ക്ലബിൽ നടക്കുന്ന ത്രസിപ്പിക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, വിനീത് കുമാർ, ഹനുമാൻകൈൻഡ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജയരാഘവൻ പറഞ്ഞത് :
ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ അനാവശ്യമാണെന്ന് തോന്നാം. അഹങ്കാരമായി ചിലപ്പോൾ തോന്നും. പക്ഷെ പറയണമെന്ന് തോന്നിയ സത്യമായ ചില കാര്യങ്ങളുണ്ട്. 42 വർഷത്തോളമായി ഞാൻ സിനിമയിലുണ്ട്. പണ്ട് ഈ റിവ്യൂ പരിപാടികൾ ഇല്ല. സിനിമ റിലീസാകുന്നു. നാനാ, വെള്ളിനക്ഷത്രം, ചിത്രകാർത്തിക പോലെയുള്ള മാഗസിനുകളിൽ അതിനെക്കുറിച്ചുള്ള അഭിപ്രായം വരുന്നു. സിനിമ നല്ലതാണെങ്കിൽ അത് ഓടും. ഇപ്പോഴും അതാണ് അവസ്ഥ. അല്ലാതെ ഈ റിവ്യൂ കൊണ്ട് നടനായ ആളല്ല ഞാൻ. ഇനി നിക്കാൻ പോകുന്നതും റിവ്യൂ കൊണ്ടല്ല. ഞാൻ ബോറായി അഭിനയിച്ചാൽ അങ്ങനെ പറഞ്ഞോളൂ. ഞാൻ നന്നായി അഭിനയിച്ചിട്ട് ബോറായി എന്ന് ആരെങ്കിലും പറഞ്ഞാൽ പ്രേക്ഷകർ അത് സമ്മതിച്ചു തരില്ല. പ്രേക്ഷകന് ഇഷ്ടമുള്ളത് കൊണ്ടാണ് ഞാൻ ഇത്രയും കാലം ഈ മേഖലയിൽ നിൽക്കുന്നത്. അല്ലാതെ ഒരാൾ വേഷം കെട്ടി നിന്ന് പറഞ്ഞതുകൊണ്ട് ഞാൻ മോശമാകില്ല. അതാണ് സത്യം.
സിനിമ എങ്ങനെയുണ്ട് എന്നത് പ്രേക്ഷകനാണ് തീരുമാനിക്കുന്നത്. ഒരാളെക്കൊണ്ട് റിവ്യൂ പറഞ്ഞ് സിനിമയെ പരാജയപ്പെടുത്താൻ കഴിയും എന്നത് ബാലിശമായ ചിന്തയാണ്. ഒരിക്കലും നടക്കില്ല. സിനിമയെക്കുറിച്ച് നല്ല വിമർശനങ്ങൾ ഉണ്ടാകുന്നതാണ് പറയുന്ന ആളിനും പ്രേക്ഷകനും സമൂഹത്തിനും നല്ലത്.