'രേഖാചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ ചെയ്യാമെന്ന് സമ്മതിച്ചു, കഥ കേൾക്കുമ്പോൾ ആലോചിക്കുന്ന കുറെ കാര്യങ്ങളുണ്ട്': വേണു കുന്നപ്പിള്ളി

'രേഖാചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ ചെയ്യാമെന്ന് സമ്മതിച്ചു, കഥ കേൾക്കുമ്പോൾ ആലോചിക്കുന്ന കുറെ കാര്യങ്ങളുണ്ട്': വേണു കുന്നപ്പിള്ളി
Published on

രേഖാചിത്രത്തിന്റെ കഥ സംവിധായകൻ ജോഫിൻ പറഞ്ഞപ്പോൾ തന്നെ അതിനു സമ്മതിച്ചുവെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി. നിർമ്മാതാവ് എന്ന നിലയിൽ ധാരാളം കഥകൾ കേൾക്കുന്ന ആളാണ് താൻ. അപ്പോഴെല്ലാം ആലോചിക്കുന്ന കുറെ കാര്യങ്ങളുണ്ട്. എല്ലാ കഥകളും മോശമായതുകൊണ്ടല്ല വിട്ടുകളയുന്നത്. കൊമേഷ്യലായി ചിന്തിക്കുന്ന ഒരാളാണ് താൻ. കേട്ടപ്പോൾ തന്നെ അതിൽ ഒരു സിനിമയുണ്ട് എന്ന് തോന്നിയ കഥയാണ് രേഖാചിത്രത്തിന്റേത്. തലവേദനകളില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞ സിനിമയാണ് രേഖാചിത്രമെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വേണു കുന്നപ്പിള്ളി പറഞ്ഞു.

പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് രേഖാചിത്രം. ആസിഫ് അലി നായകനായി എത്തുന്ന 'രേഖാചിത്രം' 2025 ജനുവരി 9 ന് തീയേറ്ററുകളിലെത്തും. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.

വേണു കുന്നപ്പിള്ളി പറഞ്ഞത്:

സ്ഥിരമായി സിനിമകൾ ചെയ്യുന്ന ആളെന്ന നിലയിൽ ആളുകൾ സ്ഥിരമായി കഥപറയാനും വരാറുണ്ട്. പ്രത്യേകിച്ച് ഞാൻ നാട്ടിൽ വരുന്ന സമയത്ത് എങ്ങനെയെങ്കിലും വരും. ദുബായിൽ ആണെങ്കിലും ചിലർ അവിടെയും വന്ന് കഥ പറയാറുണ്ട്. കേൾക്കുന്ന കഥകളിൽ 95% ചെയ്യാൻ കഴിയാത്തതായിരിക്കും. അതായത് സിനിമയാക്കാൻ കഴിയാത്തതായിരിക്കും. ചില കഥകൾ നമുക്കിഷ്ടമാകില്ല. ചിലപ്പോൾ വലിയ ബഡ്ജറ്റായിരിക്കും ഉണ്ടാകുക. ചിലപ്പോൾ നല്ല കഥയായിരിക്കും പക്ഷെ ഈ കാലഘട്ടത്തിൽ പ്രസക്തിയുണ്ടാകില്ല. ചില കഥകൾ കേൾക്കുമ്പോൾ വലിയ ഇഷ്ടം തോന്നും. അപ്പോൾ നമുക്ക് തോന്നും അതൊരു പുസ്തകം ആക്കിയാൽ നന്നാകുമെന്ന്. ചില കഥകൾ സിനിമ ആക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും.

എല്ലാ കഥകളും മോശമായതുകൊണ്ടല്ല വിട്ടു കളയുന്നത്. വികലമായ ചിന്തകളുള്ള കഥകളുമുണ്ട്. കൊമേഷ്യലായി ചിന്തിക്കുന്ന ഒരാളാണ് ഞാൻ. സിനിമയോട് തീർച്ചയായും പാഷനുണ്ട്. അതിനോടൊപ്പം മുടക്കിയ തുക തിരിച്ചുവരണമെന്നും ഉണ്ട്. രേഖാചിത്രത്തിന്റെ കഥ ജോഫിൻ വന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ സമ്മതിച്ചതാണ്. അതിൽ ഒരു സിനിമയുണ്ട്. അത് ശ്രദ്ധിക്കപ്പെടും. നാളെ അത് 100 കോടി നേടും എന്നൊന്നും അവകാശപ്പെടുന്നില്ല. പക്ഷെ അതൊരു വ്യത്യസ്തമായ കഥയാണ്. ബഡ്ജറ്റിൽ ഉൾപ്പെടെ യാതൊരു വിധ തലവേദനകളുമില്ലാതെ തീർന്നിരിക്കുന്ന ഒരു സിനിമയാണത്.

Related Stories

No stories found.
logo
The Cue
www.thecue.in