
'രേഖാചിത്രം' എന്ന സിനിമയ്ക്ക് മാർഗ്ഗനിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി. 'കാതോട് കാതോരം' എന്ന സിനിമയുമായി രേഖാചിത്രത്തിന് ബന്ധമുണ്ടെന്ന് ട്രെയ്‌ലർ കാണുമ്പോൾ തന്നെ എല്ലാവർക്കും മനസ്സിലാകും. എന്നാൽ അതിലും ചില സസ്പെൻസുകളുണ്ടാകും. തിയറ്ററിൽ തന്നെ അനുഭവിക്കേണ്ട മാജിക്കുകളാണ് അത്. കാതോട് കാതോരത്തിലെ നായകൻ കൂടിയായ മമ്മൂട്ടിയുടെ അഭിപ്രായങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്ങനെ ചെയ്യാം എന്നുള്ള ഇൻപുട്ടുകൾ മമ്മൂട്ടി സിനിമയ്ക്കായി പറഞ്ഞു തന്നിട്ടുണ്ടെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വേണു കുന്നപ്പിള്ളി പറഞ്ഞു.
ആസിഫ് അലി, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'രേഖാചിത്ര'ത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടിയുടെ 'കാതോട് കാതോരം' എന്ന സിനിമയുടെ റെഫെറെൻസുകൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ കണ്ടെത്തിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ കാമിയോ ഉണ്ടാകുമോ എന്നതായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന ചോദ്യം.
വേണു കുന്നപ്പിള്ളി പറഞ്ഞത്:
കാതോട് കാതോരം സിനിമയുടെ റെഫെറെൻസ് രേഖാചിത്രത്തിൽ ഉണ്ടെന്നുള്ളത് നേരത്തെ തന്നെ പുറത്തുവന്ന കാര്യമാണ്. റിലീസ് ചെയ്ത ട്രെയ്‌ലർ കണ്ടാൽ അറിയാം ആ സിനിമയിലെ ആളുകളെ രേഖാചിത്രത്തിൽ കാണിക്കുന്നുണ്ടെന്ന്. എന്നാൽ അതിൽ തന്നെ കുറച്ചു സസ്പെൻസുകളും ഉണ്ട്. അതിൽ സംശയം ഇല്ല. നമ്മൾ അത് തിയറ്ററിൽ കാണുമ്പോൾ തന്നെയായിരിക്കും അതിന്റെ മാജിക്ക് അറിയാൻ പോകുന്നത്. ഇപ്പോഴേ അതിനെക്കുറിച്ച് പറഞ്ഞ് അതിന്റെ രസം കളയണ്ട എന്ന് തോന്നുന്നു.
മമ്മൂക്കയോട് സിനിമയുടെ കഥ പറയുന്ന സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നില്ല. മമ്മൂക്കയുടെ ചില ഇൻപുട്ടുകൾ രേഖാചിത്രം സിനിമയിലുണ്ട്. ഏത് രീതിയിൽ വേണം എന്നുള്ള തരത്തിൽ മമ്മൂക്ക അഭിപ്രായം പറഞ്ഞിട്ടുണ്ട്. ചില കാര്യങ്ങൾ ആ രീതിയിൽ വേണ്ട എന്ന തരത്തിൽ തിരുത്തിയിട്ടുണ്ട്. അതെല്ലാം സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. എന്തായിരിക്കും മമ്മൂക്ക പറഞ്ഞിട്ടുണ്ടാകുക എന്ന് സിനിമ കണ്ടാൽ നിങ്ങൾക്ക് അറിയാൻ കഴിയും.
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് രേഖാചിത്രം. ആസിഫ് അലി നായകനായി എത്തുന്ന 'രേഖാചിത്രം' 2025 ജനുവരി 9 ന് തീയേറ്ററുകളിലെത്തും. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.