വലിയ പൊട്ടിലൂടെയല്ല സ്ത്രീ ശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദൻ; സ്ത്രീ വിരുദ്ധമായ അഭിപ്രായമെന്ന് വിമർശനം

വലിയ പൊട്ടിലൂടെയല്ല സ്ത്രീ ശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദൻ; സ്ത്രീ വിരുദ്ധമായ അഭിപ്രായമെന്ന് വിമർശനം

പ്രതിസന്ധികളെ നേരിട്ട്​ എസ്.ഐ ആവുകയെന്ന സ്വപ്നം യാഥാർഥ്യമാക്കിയ ആനി ശിവയെ അഭിനന്ദിച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് ആനി ശിവയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരുന്നു. ആനി ശിവ യഥാർഥ പോരാളിയും എല്ലാവർക്കും പ്രചോദനവുമാണെന്നും താരം പറഞ്ഞു.

എന്നാൽ ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് കമന്റുകളിലൂടെ വന്നുകൊണ്ടിരിക്കുന്നത്. പൊട്ടു തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്ത്രീ ശാക്തീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും കമന്റുകളിൽ പറയുന്നു. സ്ത്രീ വിരുദ്ധത പറഞ്ഞ് കൊണ്ടാണോ സ്ത്രീകളെ പുകഴ്ത്തേണ്ടതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഇതൊരു മോശം പോസ്റ്റാണെന്ന് സംവിധായകൻ ജിയോ ബേബിയും കമന്റ്‌ ചെയ്തു.

പത്ത് വർഷങ്ങൾക്ക് മുമ്പ് വർക്കല ശിവഗിരി തീർഥാടനത്തിന് ഐസ്ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച ആനി ശിവ അതേ സ്ഥലം ഉൾക്കൊള്ളുന്ന വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായതിന് പിന്നിലെ കഠിനാദ്ധ്വാനത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ആനി തന്നേയായിരുന്നു തന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സബ് ഇൻസ്പെക്ടറായി ചുമതലയേറ്റപ്പോൾ ഇതിലും വലുതായി എനിക്ക് എങ്ങനെയായാണ് ഇന്നലെകളോട് റിവഞ്ച് ചെയ്യാനാവുക എന്നായിരുന്നു ആനി ഫേസ്ബുക്കിൽ കുറിച്ചത്. എസ്.ഐ എന്ന സ്വപ്നത്തെ കുറിച്ചും പി.എസ്.സി പഠനകാലത്തെ അനുഭവങ്ങളും മകനോടൊപ്പമുള്ള ജീവിതവും വിവരിക്കുന്നതായിരുന്നു ആ പോസ്റ്റ്. സ്ത്രീധന പീഡനത്തിന്റെ പേരിൽ ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുന്ന സാഹചര്യത്തിൽ കണ്ണുതുറപ്പിക്കുന്നതായിരുന്നു ആനിയുടെ അതിജീവന കഥ.

Related Stories

No stories found.
logo
The Cue
www.thecue.in