'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ എന്നിവർ ചേർന്ന് ഒരുക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. ഇതൊരു റീമേക്ക് ചിത്രം അല്ലെന്നും ഫോറൻസിക്കിലെ 2 DNA പോലെയുള്ള സർപ്രൈസുകൾ ഐഡന്റിറ്റിയിലുമുണ്ടെന്നും ടൊവിനോ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടൊവിനോ.
ടൊവിനോ തോമസ് പറഞ്ഞത്:
ഐഡന്റിറ്റി റീമേക്ക് അല്ല. കുറെ റിസെർച്ച് ആവശ്യമുള്ള തരത്തിലുള്ള സിനിമകളാണ് അഖിലും അനസും ചെയ്യുന്ന സിനിമകൾ.ഐഡന്റിറ്റിയിൽ ഒരു ക്രൈം ഇൻവസ്റ്റിഗേഷൻ നടക്കുന്നുണ്ട്. അതേ സമയം ആക്ഷനും ഇമോഷനും ഈ സിനിമയിലുണ്ട്. ഫോറൻസിക്കിൽ ഒരാളുടെ ശരീരത്തിൽ 2 DNA വരുന്നതൊക്കെ തിയറ്ററിലിരുന്ന് തന്നെ ആളുകൾ ഇങ്ങനെ സംഭവിക്കുമോ എന്ന് ഗുഗിൾ ചെയ്തു നോക്കിയിട്ടുണ്ടാവും. കാരണം അത് കേട്ടൽ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ ലോജിക്കാണോ എന്നൊക്കെ നമുക്ക് തോന്നും. ഫോറൻസിക്കിലെ 2 DNA പോലെയുള്ള സർപ്രൈസുകൾ ഐഡന്റിറ്റിയിലുമുണ്ട്. കഥ കേട്ടപ്പോൾ എനിക്കും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. കഥ കേട്ടു കൊണ്ടിരിക്കുമ്പോൾ ഞാൻ ഈ കാര്യം ഗൂഗിളിൽ ചെയ്ത് ശരിയാണോ എന്ന് നോക്കിയിട്ടുണ്ട്. എന്നിട്ട് ഈ കാര്യം നിനക്ക് എങ്ങനെ അറിയാം എന്നാണ് ഞാൻ ഇവനോട് ചോദിച്ചത്.
തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. പെന്റഗൺ ഷേപ്പ് മുഖമുള്ള ആരെയോ തിരയുന്ന തൃഷയുടെ കഥാപാത്രവും ആ കഥാപാത്രത്തെ സഹായിക്കാനായി എത്തുന്ന ടൊവിനോയുടെ കഥാപാത്രത്തെയുമാണ് മുമ്പ് പുറത്തു വിട്ട് ട്രെയ്ലറിൽ കാണാൻ സാധിച്ചത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നടൻ വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയിൽ തീയേറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.