ഒരേ കഥാപാത്രങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരുന്നപ്പോള്‍ മടുപ്പ് തോന്നിയിട്ടുണ്ട്: സുരാജ് വെഞ്ഞാറമ്മൂട്

ഒരേ കഥാപാത്രങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരുന്നപ്പോള്‍ മടുപ്പ് തോന്നിയിട്ടുണ്ട്: സുരാജ് വെഞ്ഞാറമ്മൂട്
User

ഒരേ പോലുള്ള കഥാപാത്രങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരുന്നപ്പോള്‍ മടുപ്പ് തോന്നിയിരുന്നതായി നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. സുഹൃത്തും പോലീസുമെല്ലാം മാറി മാറി വന്നപ്പോള്‍ പേടിച്ചിരുന്നു. പിന്നീട് നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്ന കണക്കുകൂട്ടലില്‍ പരിചയമുള്ള സംവിധായകരെ വിളിച്ച് അവസരം ചോദിക്കുമെന്നും സുരാജ് വെഞ്ഞാറമ്മൂട് ദ ക്യുവിനോട് പറഞ്ഞു.

സുരാജ് വെഞ്ഞാറമ്മൂടിന്റെ വാക്കുകള്‍:

ഒരേ കഥാപാത്രങ്ങള്‍ നിരന്തരം ചെയ്ത് ചെയ്ത് അവസാനം ആയപ്പോള്‍ ചെറിയ മടുപ്പൊക്കെ വന്നിരുന്നു. അതിന് ശേഷം നല്ല കഥാപാത്രങ്ങള്‍ ചെയ്യണല്ലോ എന്ന് ആലോചിച്ചു. അങ്ങനെ നമുക്ക് ഇഷ്ടമുള്ള സംവിധായകരോട് അവസരം ചോദിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി എല്ലാം സംഭവിക്കുകയായിരുന്നു.

മായാവി എന്ന സിനിമയും അങ്ങനെ സംഭവിച്ചതാണ്. വേറൊരാള്‍ക്ക് വച്ച റോളാണ് എനിക്ക് കിട്ടിയിരുന്നത്. അന്ന് റാഫി മെക്കാര്‍ട്ടിന്‍ പറഞ്ഞിരുന്നു, സുരാജേ ഇനി നിനക്ക് ഒരു പടവും കൂടി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞുനോക്കണ്ട, കുറച്ച് നാളത്തേക്ക് നിനക്ക് ഓടാം എന്ന്. പക്ഷെ അടുത്തൊരു സിനിമ വന്നില്ല.

ഒരാഴ്ച്ച കഴിഞ്ഞതും ഹലോ എന്ന സിനിമയുടെ ഷൂട്ടിങ് വരുന്നു. അതില്‍ വിളിക്കുമ്പോള്‍ തന്നെ ചെറിയ വേഷമാണെന്ന് നേരത്തെ പറഞ്ഞിരുന്നു. പിന്നീട് പാലക്കാട് ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നത് നിര്‍ത്തി തിരുവനന്തപുരത്തേക്കാക്കി. അങ്ങനെ ലൊക്കേഷനില്‍ പോയി അവരോടൊപ്പം നിന്ന് ആ സിനിമയിലെ വേഷം കൂടുകയായിരുന്നു.

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവാണ് സുരാജിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ സുരാജിനൊപ്പം ഇന്ദ്രജിത്തും പ്രധാന കഥാപാത്രമായെത്തുന്നു. സുരാജും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തിയ ജനഗണമന തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in