കുട്ടന്റെ ഷിനിഗാമി എന്ന ചിത്രത്തിന്റെ വിശേഷണങ്ങൾ പങ്കുവെച്ച് നടൻ സുനിൽ സുഖദ. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കാലനെക്കുറിച്ചും സിനിമയുടെ സ്വഭാവത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു നടൻ. സിനിമയിലെ കാലന് കൊമ്പില്ല. ടൈയും കെട്ടി കോട്ടുമിട്ട് പെട്ടിപിടിച്ചുവരുന്ന ജെയിംസ് ബോണ്ടിനെപ്പോലെയാണ് ചിത്രത്തിലെ കാലൻ. ഹൃദയത്തിൽ അലിവുള്ള ഒരു കഥാപാത്രമാണ് സിനിമയിലെ കാലൻ. ഇന്ദ്രൻസ് ചേട്ടനാണ് ചിത്രത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ മരണത്തിന്റെ കാരണം അന്വേഷിക്കുന്ന കുട്ടൻ എന്ന കഥാപാത്രവും ഈ അന്വേഷണത്തിൽ ഒത്തുചേരുന്ന കാലനുമാണ് സിനിമയുടെ ഇതിവൃത്തം. ഫാന്റസി എലെമെന്റുകൾ ചേർന്ന സിനിമയാണ് കുട്ടന്റെ ഷിനിഗാമി എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുനിൽ സുഖദ പറഞ്ഞു. സെപ്റ്റംബർ 20 ന് ചിത്രം തിയറ്ററുകളിലെത്തി. വിഷ്ണു ജെ ബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായ കുട്ടനെ അവതരിപ്പിക്കുന്നത് ജാഫർ ഇടുക്കിയാണ്. അനീഷ്. ജി. മേനോൻ, ശ്രീജിത്ത് രവി, സുനിൽ സുഗത, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
സുനിൽ സുഖദ പറഞ്ഞത്:
ഫാന്റസി നിറഞ്ഞ സിനിമയാണ് കുട്ടന്റെ ഷിനിഗാമി. കാലൻ എന്നൊക്കെ പറയുമ്പോൾ തന്നെ അതിൽ കുറച്ച് ഫാന്റസി ഉണ്ടല്ലോ. ജപ്പാനിലെ കാലൻ ഒരു പ്രത്യേക സാഹചര്യത്തിൽ ഇങ്ങോട്ടു വരുന്നതാണ് കഥ. നമ്മളുടെ ഇവിടത്തെ കാലൻ താൽക്കാലികമായി ഒരു ലീവ് എടുത്തതുകൊണ്ടാണ് അങ്ങനെ. ആ സാഹചര്യത്തിൽ ജപ്പാനിലെ കാലൻ വരുന്നു. ഇന്ദ്രൻസ് ചേട്ടനാണ് സിനിമയിൽ കാലനെ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ നമ്മൾ കാണുന്നത് കൊമ്പൊക്കെ ഉള്ള കാലനെയാണ്. കൊമ്പൊന്നും ഇല്ലാതെ, ടൈ ഒക്കെ കെട്ടി, കോട്ടൊക്കെ ഇട്ടു, പെട്ടി ഒക്കെ പിടിച്ചു ജെയിംസ് ബോണ്ടിനെ പോലെ വരുന്ന ഒരു കാലനാണ് സിനിമയിൽ ഉള്ളത്. അങ്ങനെയൊരു ആശയത്തിലാണ് സിനിമ പോകുന്നത്. അതാണ് കുട്ടന്റെ ഷിനിഗാമി. ഹൃദയത്തിൽ അലിവുള്ള ഒരു കാലനാണിത്. ഭീകരനല്ല.
എങ്ങനെയാണ് മരിച്ചതെന്ന് കുട്ടൻ എന്ന കഥാപാത്രത്തിന് അറിയില്ല. മരണത്തിന്റെ കാരണം തേടിയുള്ള ഒരു യാത്രയാണ് സിനിമ. എങ്ങനെ കുട്ടൻ മരിച്ചു എന്നുള്ള അന്വേഷണമാണ് ചിത്രം. കാലനും കുട്ടനും നടത്തുന്ന ഒരു ഇൻവെസ്റ്റിഗേഷനാണ് സിനിമ.