'ഹോമോസെക്ഷ്വാലിറ്റി ഒരു ​രോ​ഗമാണെന്ന് ഞാനും കരുതിയിരുന്നു'; കാതലിലെ തങ്കനെ ജനങ്ങൾ അം​ഗീകരിക്കുന്നത് നല്ല സൂചനയാണെന്ന് സുധി കോഴിക്കോട്

'ഹോമോസെക്ഷ്വാലിറ്റി ഒരു ​രോ​ഗമാണെന്ന് ഞാനും കരുതിയിരുന്നു'; കാതലിലെ തങ്കനെ ജനങ്ങൾ അം​ഗീകരിക്കുന്നത് നല്ല സൂചനയാണെന്ന് സുധി കോഴിക്കോട്

ഹോമോസെക്ഷ്വാലിറ്റി ഒരു രോഗാവസ്ഥയാണ് എന്ന് താനും പണ്ട് കരുതിയിരുന്നു എന്ന് നടൻ സുധി കോഴിക്കോട്. കിഷോർ കുമാറിന്റെ 'രണ്ട് പുരുഷന്മാർ ചുംമ്പിക്കുമ്പോൾ' എന്ന പുസ്തകം വായിക്കുമ്പോഴാണ് ഇതൊരു രോ​ഗമല്ലെന്ന് തനിക്ക് മനസ്സിലായത് എന്നും 'കാതൽ' എന്ന ചിത്രം മൂലം തന്നിലുണ്ടായ ഏറ്റവും വലിയ ഒരു മാറ്റവും അത് തന്നെയായിരുന്നു എന്നും സുധി പറയുന്നു. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ എന്ന ചിത്രത്തിൽ തങ്കൻ എന്ന കഥാപാത്രത്തെയാണ് സുധി അവതരിപ്പിച്ചത്. സിനിമ കണ്ട എല്ലാവരും തങ്കന്റെ ജീവിതം കുറച്ചുകൂടി കാണിക്കാമായിരുന്നു എന്ന് തന്നോട് പറഞ്ഞിരുന്നെന്നും എന്നാൽ തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും സുധി പറയുന്നു. ഇത് ഓമനയുടെയും മാത്യുവിന്റെയും ജീവിതമാണ്. ഈ സിനിമ കണ്ടിട്ട് തങ്കൻ എന്ന കഥാപാത്രത്തെ ആരെങ്കിലും അം​ഗീകരിക്കുന്നുണ്ടെങ്കിൽ അത് ഒരു പോസിറ്റീവായ കാര്യമായി കരുതുന്നു എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുധി കോഴിക്കോട് പറ‍ഞ്ഞു.

സുധി പറഞ്ഞത്:

എന്നിൽ ഏറ്റവും ഉണ്ടായ മാറ്റം ഇതൊരു രോ​ഗാവസ്ഥയല്ല എന്ന തിരിച്ചറിവായിരുന്നു. അതൊരു ചെറിയ തെറ്റിദ്ധാരണയായിരുന്നു. എന്നിലും ഇതൊരു ​രോ​ഗാവസ്ഥയാണെന്നും ഇവർ മാറാൻ പറ്റുന്ന സമൂഹമാണെന്നും പിന്നെന്തിനാണ് ഇവർ ഇങ്ങനെ നടക്കുന്നത് എന്നുമായിരുന്നു ചിന്ത. ഇത് ​രോ​ഗാവസ്ഥയല്ല എന്നുള്ള തിരിച്ചറിവ് എനിക്ക് ബുക്ക് വായിക്കുമ്പോഴാണ് മനസ്സിലായത്. കിഷോർ കുമാറിന്റെ ആത്മകഥയാണ് അതെന്ന് തോന്നുന്നു, രണ്ട് പുരുഷന്മാർ ചുംബിക്കുമ്പോൾ‌ എന്ന പുസ്തകം. അത് വായിക്കുമ്പോഴാണ് ഇത് രോ​ഗാവസ്ഥയല്ല എന്ന് എനിക്ക് മനസ്സിലായത്. അതിൽ വളരെ കൃത്യമായിട്ട് പല സ്ഥലത്തും ഇത് പറയുന്നുണ്ട്. അതാണ് നമ്മുടെ കഥയിലും മമ്മൂക്കയുടെ കഥാപാത്രം അച്ഛനോട് ഡോക്ടർ അന്നേ അച്ഛന്റെ അടുത്ത് പറഞ്ഞതല്ലേ എന്ന് ചോദിക്കുന്നത്. കല്യാണം കഴിച്ചാൽ ഇത് നേരെയാവും എന്നാണ് പലരും വിശ്വസിക്കുന്നത്. ആ ബുക്കിൽ അതിനെക്കുറിച്ച് പറയുന്നുണ്ട്. കല്യാണം കഴിച്ചു കഴിഞ്ഞാൽ‌ ഇത് ശരിയാവും എന്ന വിശ്വാസത്താൽ അബദ്ധ ധാരണയാൽ കല്യാണം കഴിപ്പിക്കുന്നു, ഒരു ജീവിതം നശിപ്പിക്കുന്നു, ശരിക്കും പറഞ്ഞാൽ രണ്ട് പേരുടെയും ജീവിതം നശിപ്പിക്കുകയാണ്. അയാളുടെയും ആ പർട്ണറുടെയു ജീവിതം പോവുകയാണ്. അതാണ് ആ സിനിമ മുന്നോട്ട് വയ്ക്കുന്നതും. ആ ഏരിയയിൽ കോൺസൻട്രേറ്റ് ചെയ്തിട്ടാണ് സിനിമ പോയതും. എല്ലാരും എന്നോട് ചോ​ദിച്ചു തങ്കന്റെ ലെെഫ് എന്തായിരുന്നു എന്ന് കുറച്ചു കൂടി കാണിക്കാമായിരുന്നു എന്ന്. ഇവർ തമ്മിലുള്ള സീൻസ് ആവാമായിരുന്നു എന്ന്. അത് ആവശ്യമുണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം മാത്യുവിന്റെയും ഓമനയുടെയും ജീവിതത്തിലൂടെയാണ് ഈ സിനിമ പോയ്ക്കൊണ്ടിരിക്കുന്നത്. അതിന് ഹേതുവായിട്ട് തങ്കൻ ഉണ്ട് എന്നതാണ്. തങ്കനോട് ആൾക്കാർക്ക് സഹതാപം തോന്നുന്നുണ്ടെങ്കിൽ, തങ്കൻ ഒരു ​ഗേ ആയിരുന്നിട്ടും തങ്കനെ അങ്ങനെ അം​ഗീകരിക്കാൻ ആളുകളുണ്ടെങ്കിൽ അത് നല്ലൊരു സൂചനയായിട്ട് എനിക്ക് തോന്നുന്നു. അങ്ങനെ ഒരു ഫാക്ടർ അതിൽ ഉണ്ടെങ്കിൽ അത് പോസ്റ്റീവ് ആയിട്ടുള്ള കാര്യമാണ്.

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ. ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു കാതൽ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. ചിത്രത്തിനും മമ്മൂട്ടിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മുത്തുമണി, ജോജി ജോൺ, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ , ജോസി സിജോ, ആദര്‍ശ് സുകുമാരന്‍, അലക്സ് അലിസ്റ്റർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in