
മമ്മൂട്ടിയും ശ്രീനിവാസനും ഇരുവരുടെയും അഭിനയജീവിതത്തിന്റെ തുടക്കം മുതല്‍ സുഹൃത്തുക്കളാണ്. 34 വര്‍ഷം മുന്‍പ് ഇരുവര്‍ക്കുമിടയിലുള്ള രസകരമായ വാദപ്രതിവാദത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. 1987 ല്‍ ഖത്തറില്‍ വെച്ച് നടന്ന മലയാളം സൂപ്പര്‍ സ്റ്റാര്‍ നൈറ്റ് എന്ന സ്റ്റേജ് ഷോയുടെ സമാപന വീഡിയോയിലാണ് ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണം ഉള്ളത് . എ.വി.എം ഉണ്ണിയാണ് ഈ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.
സിനിമയില്‍ ഒരു നടന്റെ സൃഷ്ടിപരമായ സംഭാവന എന്താണ് എന്നായിരുന്നു ശ്രീനിവാസന്റെ ചോദ്യം?
മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ
മറ്റ് മാധ്യമങ്ങള്‍ പോലെയല്ല സിനിമ. സിനിമയില്‍ തുടര്‍ച്ചയുടെ ആവശ്യമില്ല. നാടകത്തില്‍ ആണെങ്കില്‍ തുടര്‍ച്ചയായി അഭിനയിച്ച് കൊണ്ടിരിക്കണം. ഒരു സീനില്‍ രണ്ട് നടന്മാര്‍ അഭിനയിക്കുമ്പോള്‍ അവര്‍ തമ്മില്‍ പരസ്പരം ഒരു ധാരണ ഉണ്ടായിരിക്കണം. ഒരു നടന്റെ അഭിനയം കണ്ട് അഭിനയിക്കുവാനുള്ള പ്രചോദനം ഉണ്ടാകണം. അങ്ങനെയുണ്ടാകുമ്പോള്‍ അഭിനയം കൂടുതല്‍ ആയാസരഹിതമാകും.
എന്നാല്‍ നാടകത്തിലായിരിക്കും അത് കൂടുതല്‍ വര്‍ക്ക് ആവുകയെന്ന് ശ്രീനിവാസന്‍ പറഞ്ഞു. അപ്പോള്‍ മമ്മൂട്ടി ഇടപെട്ട് കൊണ്ട് താന്‍ പറഞ്ഞത് കൂടുതലായി വിശദീകരിക്കുവാന്‍ ആരംഭിച്ചു. അപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞു' ഞാന്‍ വേറൊരു കാര്യം പറയാനാ ഉദേശിച്ചത്'? എന്നിട്ട് അദ്ദേഹം മറ്റൊരു ചോദ്യത്തിലേയ്ക്ക് കടന്നു. സിനിമ സംവിധായകന്റെ കലയാണെന്നാണ് പറയപ്പെടുന്നത്. അങ്ങനെവരുമ്പോള്‍ നടനും നടിയും താരങ്ങളും എല്ലാം സംവിധായകന്റെ കൈയ്യിലെ കളിപ്പാവയല്ലേ? ശ്രീനിവാസന്‍ ചോദിച്ചു.
മമ്മൂട്ടി ഈ ചോദ്യത്തിന് നല്‍കിയ മറുപടി
അഭിനേതാവിന് അത്യാവശ്യം കോമണ്‍ സെന്‍സ് വേണമെന്നും മരത്തെയും മണ്ണിനെയും കൊണ്ടൊന്നും അഭിനയിപ്പിക്കുവാന്‍ സാധിക്കില്ലലോ എന്നും മമ്മൂട്ടിയുടെ മറുചോദ്യം. എത്രയോ ആളുകളെ ബസ് സ്റ്റോപ്പില്‍ നിന്നും വിളിച്ചു കൊണ്ടുപോയി അഭിനയിപ്പിച്ചിട്ടുണ്ട് എന്ന് ശ്രീനിവാസന്‍ മറുപടി പറഞ്ഞപ്പോള്‍ അങ്ങനെയുള്ളവരൊന്നും താരങ്ങള്‍ ആയിട്ടില്ലെന്ന് മമ്മൂട്ടി ചിരിച്ചു കൊണ്ട് മറുപടി നല്‍കി. ഞാന്‍ അതുപോലെ വന്നൊരു നടനാണെന്ന് ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരിയായി. പിന്നീട് ഇന്നസെന്റ് ഇടപെട്ട് ഇരുവരുടെയും സംവാദം അവസാനിപ്പിച്ചു.
മമ്മൂട്ടിക്കും ശ്രീനിവാസനും പുറമെ കൊച്ചിന്‍ ഹനീഫ, കാര്‍ത്തിക, കല്‍പ്പന, കലാരഞ്ജിനി, ഇന്നസെന്റ്, ഏലൂര്‍ ജോര്‍ജ്, അശോകന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുത്ത താരങ്ങളെ ഒരോരുത്തരെയായി മമ്മൂട്ടി പരിചയപ്പെടുത്തുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ശ്രീനിവാസനോടും സംസാരിക്കുവാന്‍ ആരംഭിച്ചത്. എന്നാല്‍ ശ്രീനിവാസനാണ് മമ്മൂട്ടിയോട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ആരംഭിച്ചത്.