'സിനിമയില്‍ സ്ത്രീ സംവിധായകര്‍ വന്നാല്‍ പ്രശ്‌നം കൂടും' ; സ്ത്രീ-പുരുഷ വ്യത്യാസം സംസാരിച്ച് സമയം കളയുന്നതെന്തിനാണെന്ന് ഷൈന്‍ ടോം ചാക്കോ

'സിനിമയില്‍ സ്ത്രീ സംവിധായകര്‍ വന്നാല്‍ പ്രശ്‌നം കൂടും' ; സ്ത്രീ-പുരുഷ വ്യത്യാസം സംസാരിച്ച് സമയം കളയുന്നതെന്തിനാണെന്ന് ഷൈന്‍ ടോം ചാക്കോ

സിനിമയില്‍ സ്ത്രീ സംവിധായകര്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുകയേയുള്ളൂവെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. താന്‍ കണ്ടിട്ടുള്ള കൂട്ടുകാരികളോട് ചോദിച്ചാല്‍ അവര്‍ പറയും കൂട്ടുകാരികളെ ഒന്നും എനിക്കിഷ്ടമില്ല കൂട്ടുകാരന്മാരെ മാത്രമേ ഇഷ്ടമുള്ളൂ എന്ന്. സ്ത്രീസാന്നിദ്ധ്യം കൂടുമ്പോള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കുറയുമെങ്കില്‍ അമ്മായിയമ്മ-മരുമകള്‍ പ്രശ്‌നങ്ങളല്ലേ ആദ്യം ഇല്ലാതാകേണ്ടതെന്നും ഷൈന്‍ പറഞ്ഞു. വിചിത്രം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് ഷൈനിന്റെ വിവാദപ്രസ്താവന.

സിനിമയിലെ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ജോളി ചിറയത്തിനോട് മാധ്യമപ്രവര്‍ത്തക ചോദ്യം ചോദിക്കുന്നതിനിടയിലായിരുന്നു ഷൈന്റെ പ്രസ്താവന. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിക്കവേ ആദ്യം ഷൈന്‍ ടോം മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമാണോ പ്രശ്‌നമെന്നായിരുന്നു തിരിച്ച് ചോദിച്ചത്. പുരുഷന്മാര്‍ക്ക് പ്രശ്‌നമില്ലേ? എത്രയോ പുരുഷന്മാരാണ് നടന്‍മാരാകാന്‍ വരുന്നത്. അതില്‍ വളരെ കുറച്ചുപേരല്ലേ ആകുന്നുള്ളൂ. എന്തിനാണ് സിനിമയില്‍ സ്ത്രീപുരുഷ വ്യത്യാസം കൊണ്ടുവരുന്നത്. അങ്ങനെ സംസാരിച്ച് സമയം കളയാനാണോ? അതില്‍ തര്‍ക്കിക്കാം നമുക്ക് എത്ര വേണമെങ്കിലും. എന്തായാലും സ്ത്രീയും പുരുഷനും ഒരുപോലെ ആകില്ലെന്നും ആ വ്യത്യാസം ഉള്ളത് തന്നെയാണ് നല്ലതെന്നും ഷൈന്‍ പറഞ്ഞു.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സ്ത്രീ സംവിധായകര്‍ വന്നാല്‍ മാറില്ലേ എന്ന് ജോളി ചിറയത്തിനോട് ചോദിച്ചപ്പോഴാണ് ഷൈന്‍ സിനിമയില്‍ സ്ത്രീ സംവിധായകര്‍ വന്നാല്‍ കൂടുതല്‍ പ്രശ്‌നമാവുകയെ ഉള്ളുവെന്ന് പറഞ്ഞത്. സ്ത്രീ സാന്നിധ്യം കൂടിയാല്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മാറുമെങ്കില്‍ അമ്മായിയമ്മ മരുമകള്‍ പ്രശ്‌നം ഉണ്ടാകില്ലല്ലോയെന്ന് ഷൈന്‍ പറഞ്ഞു..

കാരക്ടര്‍ രോളുകള്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേതനത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്ന് ജോളി ചിറയത്ത് പറഞ്ഞു. സ്ത്രീ ആയതുകൊണ്ടല്ല അത് സംഭവിക്കുന്നത്. സ്ത്രീകളേക്കാള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാരക്ടര്‍ റോളുകള്‍ ചെയ്യുന്ന പുരുഷന്മാര്‍ സിനിമയിലുണ്ട്. അത് സ്ട്രക്ചറിന്റെ പ്രശ്‌നമാണെന്ന് ജോളി ചിറയത്ത് പറഞ്ഞു. അങ്ങനെ സ്ട്രക്ചര്‍ ഉണ്ടെങ്കിലേ അതിനകത്ത് നിന്ന് എന്തെങ്കിലും ആവശ്യപ്പെടാന്‍ പറ്റൂ. ഒരു തൊഴില്‍ ഘടനയില്ലാത്ത പല സ്ഥലത്തും പല കാര്യങ്ങള്‍ ഉന്നയിക്കാന്‍ പറ്റില്ലെന്നും അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാണമെന്നും ജോളി ചിറയത്ത് കൂട്ടിച്ചേര്‍ത്തു.

ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വിചിത്രം. അച്ചു വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കേരളത്തിലെ തന്നെ ആദ്യത്തെ ന്യൂക്ലിയര്‍ മെഡിസിന്‍ സെന്ററായ തിരുവന്തപുരത്തുള്ള ഡി.ഡി.എന്‍.എം.ആര്‍.സി യുടെ സ്ഥാപകനായ ഡോ അജിത് അജിത് ജോയിയാണ്. ഒക്ടോബര്‍ പതിനാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഒരു കുടുംബത്തില്‍ നിന്ന് തുടങ്ങി ചെറിയ നിഗൂഢതകളും ഹൊറര്‍ എലമെന്റ്സും ഉള്‍പ്പെടുന്നതാണ് വിചിത്രത്തിന്റെ ട്രെയ്‌ലര്‍. അര്‍ജുന്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംവിധായകന്‍ അച്ചു വിജയന്‍ തന്നെയാണ് എഡിറ്റിംഗും നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം - ജുബൈര്‍ മുഹമ്മദ് (സ്ട്രീറ്റ് അക്കാഡമിക്‌സ്), പശ്ചാത്തല സംഗീതം -ജുബൈര്‍ മുഹമ്മദ് , സൗണ്ട് ഡിസൈന്‍ ആന്റ് ഫൈന്‍ മിക്‌സ് - വിഷ്ണു ഗോവിന്ദ് , കലാ സംവിധാനം -സുബാഷ് കരുണ്‍ , പി .ആര്‍ .ഓ - ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് -രോഹിത് കെ സുരേഷ് , വസ്ത്രാലങ്കാരം - ദിവ്യ ജോബി. വിതരണം- ജോയ് മൂവി പ്രൊഡക്ഷന്‍സ്.

Related Stories

No stories found.
logo
The Cue
www.thecue.in