
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ റോഷാക്കിനെ കുറിച്ച് നടന് ഷറഫുദ്ദീന്. മമ്മൂക്കയ്ക്കൊപ്പം ആദ്യമായാണ് സിനിമ ചെയ്യുന്നത്. ആ അവസ്ഥയിലേക്ക് താന്‍ എത്തുന്നു എന്നത് വേറെയൊരു സത്യമാണ്. പിന്നെ റോഷാക്ക് മറ്റൊരു തരത്തിലുള്ള സിനിമയാണെന്ന് ഷറഫുദ്ദീന് ദ ക്യുവിനോട് പറഞ്ഞു.
'റോഷാക്ക് ഒരു വേറെ തരത്തിലുള്ള സിനിമയാണ്. പിന്നെ കെട്ട്യോളാണെന്റെ മാലാഖ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. അതുകൊണ്ട് തന്നെ നിഷാം ബഷീറിന്റെ കൂടെയൊരു സിനിമ എന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. പിന്നെ എന്നെ സംബന്ധിച്ചെടുത്തോളം മമ്മൂക്കയുടെ കൂടെ സിനിമ ഞാന്‍ ചെയ്തിട്ടില്ല. അപ്പോള്‍ അങ്ങനെയൊരു അവസ്ഥയിലേക്ക് ഞാന്‍ എത്തുന്നു എന്നത് വേറെയൊരു സത്യമാണ്. അപ്പോള്‍ മമ്മൂക്കയുടെ കൂടെ ഒരു സിനിമ അഭിനയിക്കാന്‍ സാധിച്ചതും വലിയൊരു കാര്യമാണ്. പിന്നെ എനിക്ക് റോഷാക്കിനെ കുറിച്ച് എനിക്ക് അധികം പറയാന്‍ സാധിക്കില്ല', എന്നാണ് ഷറഫുദ്ദീന് പറഞ്ഞത്.
കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിഷാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സാമൂഹ്യമാധ്യമത്തില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. സൈക്കോ ത്രില്ലര്‍ സ്വഭാവമെന്ന് തോന്നിക്കുന്ന ഫസ്റ്റ് ലുക്കായിരുന്നു റോഷാക്കിന്റേത്. എന്നാല്‍ സിനിമയില്‍ തന്റേത് സൈക്കോ കഥാപാത്രമല്ലെന്ന് മമ്മൂട്ടി ദ ക്യു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
''സൈക്കോ ട്രീറ്റ്മെന്റ് ആണ്. അത്രേയുള്ളു. സിനിമയിലെ കഥ വേറെ വേറെയാണ്. ഇതുമായിട്ട് കണക്ട് ചെയ്തു നോക്കേണ്ടതുണ്ട്, സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് ഈ ഘട്ടത്തില്‍ കൂടുതല്‍ പറയാനാകില്ലെ'ന്നുമാണ് മമ്മൂട്ടി പറഞ്ഞത്.
മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബിലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുളാണ് 'റോഷാക്കി'ന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. കുറുപ്പിന് ശേഷം നിമിഷ് രവി ഛായാഗ്രഹണം ചെയ്യുന്ന ചിത്രം കൂടിയാണ് 'റോഷാക്ക്'. എഡിറ്റിംഗ് കിരണ്‍ ദാസും, സംഗീതം മിഥുന് മുകുന്ദനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.