'മമ്പറം ബാവയെ ശബ്ദം കൊണ്ടും പ്രകടനം കൊണ്ടും എൻ എഫ് വർഗീസ് ഗംഭീരമാക്കി, എന്റെ വില്ലന്മാർ ട്രോങ്ങായിരിക്കും': ഷാജി കൈലാസ്

'മമ്പറം ബാവയെ ശബ്ദം കൊണ്ടും പ്രകടനം കൊണ്ടും എൻ എഫ് വർഗീസ് ഗംഭീരമാക്കി, എന്റെ വില്ലന്മാർ ട്രോങ്ങായിരിക്കും': ഷാജി കൈലാസ്
Published on

മമ്പറം ബാവ എന്ന വല്യേട്ടനിലെ കഥാപാത്രത്തെ എൻ എഫ് വർഗീസ് ഗംഭീരമായി അവതരിപ്പിച്ചു എന്ന് സംവിധായകൻ ഷാജി കൈലാസ്. ശബ്ദം കൊണ്ടും പ്രകടനം കൊണ്ടും അസാധ്യമായാണ് കഥാപാത്രത്തെ എൻ എഫ് വർഗീസ് അവതരിപ്പിച്ചത്. മമ്പറം ബാവ ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്യും എന്ന് നമുക്കും തോന്നുന്ന രീതിയിലായിരുന്നു അഭിനയം. വില്ലന്മാർ സ്കോർ ചെയ്താലാണ് നായകന്മാർക്കും മുന്നോട്ടു വരാൻ കഴിയുന്നതെന്നും തന്റെ സിനിമകളിലെ വില്ലന്മാർ ശക്തരായിരിക്കുമെന്നും എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷാജി കൈലാസ് പറഞ്ഞു.

ഷാജി കൈലാസ് പറഞ്ഞത്:

കോമ്പാക്റ്റായിട്ടാണ് എൻ എഫ് വർഗീസിന്റെ സീൻ ഷൂട്ട് ചെയ്തത്. പക്ഷെ അദ്ദേഹത്തിന്റെ പ്രകടനവും ശബ്ദവുമെല്ലാം അസാധ്യമായിരുന്നു. മമ്മറം ബാവ ചെയ്യുമെന്ന് പറഞ്ഞാൽ അത് ചെയ്തിരിക്കും എന്ന് തോന്നിപ്പോകും. വില്ലൻ സ്‌കോർ ചെയ്‌താൽ ആണല്ലോ ഹീറോയ്ക്കും കേറി വരാനാകൂ. എന്റെ മിക്ക സിനിമകളിലും വില്ലന്മാർ ശക്തരായിരിക്കും.

ഒറ്റപ്പാലത്ത് തൂവാനത്തുമ്പികൾ എന്ന സിനിമ ഷൂട്ട് ചെയ്ത ലൊക്കേഷനിലാണ് മമ്പറം ബാവയുടെ ഇൻട്രോ സീൻ ഷൂട്ട് ചെയ്തത്. സ്ക്രിപ്റ്റിങ്ങിൽ തന്നെ ഉറപ്പിച്ച ഒരു രംഗമായിരുന്നു തിളച്ച പാൽ ഒഴിക്കുന്ന സീൻ. ഇവരെല്ലാം നല്ല ആർട്ടിസ്റ്റുകൾ ആയതുകൊണ്ട് ഒറ്റ ടേക്കിൽ തന്നെ മിക്കവാറും കാര്യങ്ങൾ ok ആകുമായിരുന്നു.

നവംബർ 29 ന് ഷാജി കൈലാസ്- മമ്മൂട്ടി ചിത്രം വല്ല്യേട്ടൻ വീണ്ടും തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ റീ റിലീസിനും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 24 വർഷങ്ങൾക്ക് മുൻപ് കേരളാ ബോക്സ് ഓഫീസിൽ ആരവം തീർത്ത മമ്മൂട്ടി ചിത്രം വല്യേട്ടൻ വീണ്ടും സ്ക്രീനിലെത്തുന്നത് കാലത്തിനൊപ്പം മുന്നേറ്റി സിനിമയുടെ ശബ്ദ സാങ്കേതിക മികവിനെ കൂടി ഉൾക്കൊണ്ടാണ്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര നിർമ്മിച്ച ചിത്രം 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് അമ്പലക്കര ഫിലിംസ് വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ആണ് സിനിമ സംവിധാനം ചെയ്തത്. ‌ വല്യേട്ടൻ ഡിജിറ്റൽ മാസ്റ്റർ ചെയ്ത ശേഷം തിയറ്ററിലിട്ട് കണ്ടിരുന്നു, മമ്മൂക്ക എന്ന താരത്തിന്റെ ​ഗ്ലാമറും പവറും അമ്പരപ്പിച്ച പടമാണ് വല്യേട്ടൻ എന്നാണ് ഷാജി കൈലാസ് റി റിലീസിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in