
വല്യേട്ടനിലെ ആക്ഷൻ സീനിൽ കലാഭവൻ മണി ഇമ്പ്രോവൈസ് ചെയ്ത അനുഭവം പറഞ്ഞ് സംവിധായകൻ ഷാജി കൈലാസ്. ആക്ഷൻ സീൻ ഷൂട്ട് ചെയ്യുന്ന ദിവസം ഷൂട്ടിങ് സെറ്റിൽ പാടത്ത് കെട്ടിയിരുന്ന ഒരു പശു കാരണം ഷോട്ടെടുക്കാൻ ബുദ്ധിമുട്ടുണ്ടായി. യൂണിറ്റിൽ ഉണ്ടായിരുന്ന ഒരാൾ അതിനെ മാറ്റി കെട്ടാൻ ശ്രമിച്ചപ്പോൾ പശു ഓടി. ഇതിനിടയിൽ അയാൾക്ക് കുറച്ചു ദൂരം തെന്നിപ്പോയി. ഇത് കണ്ടുകൊണ്ട് വന്ന കലാഭവൻ മണി ആ രീതിയിൽ തെന്നിപ്പോകുന്ന ഒരു ഷോട്ട് അപ്പോൾ തന്നെ ഇമ്പ്രോവൈസ് ചെയ്തു. അത് സിനിമയിൽ നന്നായി വരികയും ചെയ്തു. പെർഫോം ചെയ്യാൻ വിട്ടുകൊടുത്താൽ മനോഹരമായി അത് ചെയ്യുന്ന ആളാണ് മണി എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷാജി കൈലാസ് പറഞ്ഞു.
ഷാജി കൈലാസ് പറഞ്ഞത്:
മണി നിലത്ത് തെന്നിപ്പോകുന്ന ഒരു ഷോട്ടുണ്ട് വല്യേട്ടനിൽ. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് ലൊക്കേഷനിൽ പാടത്ത് ഒരു പശുവിനെ കെട്ടിയിട്ടുണ്ടായിരുന്നു. ഷോട്ടിന്റെ സമയത്ത് ആ പശു അവിടെ നിന്ന് മാറുന്നുണ്ടായില്ല. ഇതിനെ കെട്ടിയ ആളും അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. ഇതിനെ എങ്ങനെയെങ്കിലും മാറ്റണമല്ലോ. നമ്മൾ പിടിച്ചു മാറ്റിയാൽ പശുവിന്റെ ഉടമ വരുമ്പോൾ പ്രശ്നമാകും. യൂണിറ്റിൽ ഉണ്ടായിരുന്ന ആരോ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മാറ്റിത്തരാം എന്ന് പറഞ്ഞു. പക്ഷെ കെട്ടഴിച്ചപ്പോൾ തന്നെ പശു ഓടി. അതിന്റെ കയറ് പിടിച്ചിരുന്ന ആൾ തെന്നി കുറച്ചു ദൂരം പോയി. മണി ഇറങ്ങി വരുമ്പോൾ കാണുന്ന സംഭവം ഇങ്ങനെ തെന്നി പോകുന്നതാണ്. അപ്പോൾ തന്നെ എന്നോട് പറഞ്ഞു എന്തെങ്കിലും കിട്ടിയാൽ അതിൽ ചവിട്ടി ഞാൻ തെന്നിപ്പോക്കോളാം എന്ന്. അത് നല്ലൊരു സംഭവമായി തോന്നി. പിന്നീട് അവിടെ നിന്ന് വയലന്റായി എണീക്കുന്ന രീതിയിലാണ് മണി പെർഫോം ചെയ്തത്.
ഞാൻ അവിടെ വിട്ടു കൊടുത്തു. കാരണം പെർഫോം ചെയ്യാൻ വിട്ടുകൊടുത്താൽ മനോഹരമായി അത് ചെയ്യുന്ന ആളാണ് മണി എന്നെനിക്ക് അറിയാം. ഈ സീനിൽ മണിക്ക് പ്രത്യേകിച്ചൊന്നും ഞാൻ പറഞ്ഞു കൊടുത്തിട്ടില്ല. പശുവിന്റെ ആ ഒരു സംഭവം ലൈവിൽ കണ്ടതുകൊണ്ട് ചെയ്യാം എന്ന് തീരുമാനിച്ചതാണ്.