ലിയോയിലെ കഥാപാത്രം ഇത്ര മനോഹരമായി ചെയ്യാൻ സാധിച്ചതിന്റെ പ്രധാന ക്രെഡിറ്റ് സംവിധായകൻ ലോകേഷിനുള്ളതാണെന്ന് നടനും കൊറിയോഗ്രാഫറുമായ സാൻഡി മാസ്റ്റർ. ലിയോയിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ തന്നെ ഭയം തോന്നിയിരുന്നുവെന്നും ഇത് ചെയ്യരുതെന്നാണ് അമ്മയും ഭാര്യയും തന്നോട് പറഞ്ഞിരുന്നതെന്നും സാൻഡി മാസ്റ്റർ പറയുന്നു. എന്നാൽ ആ കഥാപാത്രം ചെയ്യാനുള്ള ധൈര്യം തനിക്ക് തന്നത് ലോകേഷ് ആണെന്നും ആ കഥാപാത്രത്തിന്റെ മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിനുള്ളതാണെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സാൻഡി മാസ്റ്റർ പറഞ്ഞു.
സാൻഡി മാസ്റ്ററുടെ വാക്കുകൾ:
ഈ കഥാപാത്രം ഒരു സൈക്കിക്ക് ആണ്. നീ ആരോടും സംസാരിക്കരുത്. വളരെ നിശ്ശബദ്ധനായി കാരവനിൽ പോയി ഇരിക്ക്. സെറ്റിൽ വന്നാൽ പോലും നീ ആരോടും സംസാരിക്കേണ്ടതില്ല. നിന്നോട് ഇങ്ങോട്ട് വന്നു സംസാരിച്ചാൽ പോലും നീ ആരോടും മിണ്ടരുത്. അത് മനസ്സിൽ വച്ചോളു. നിനക്കു ഇവിടെ ആരെയും ഇഷ്ടമല്ല. നിന്റെ കഥാപാത്രത്തിന്റെ സവിശേഷതകൾ മനസിലാക്കി അത് മാത്രം മനസ്സിൽ വെക്കുമ്പോൾ മാത്രമേ നിനക്കു ഡയലോഗുകൾ നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധിക്കൂ. പിന്നെ നിനക്കു വീട്ടിൽ പോകണമെങ്കിൽ പൊയ്ക്കോളൂ. പക്ഷെ നീ ഒറ്റയ്ക്ക് ഒരു മുറിയിൽ ചിലവഴിക്കാൻ ശ്രമിക്കണം. അല്ലാതെ നിന്റെ മക്കളുമായി സമയം ചിലവഴിക്കുകയോ അവരുമായുള്ള സന്തോഷങ്ങളിൽ പങ്കുചേരുകയോ ചെയ്യരുത്. വീട്ടിലേക്ക് ഒറ്റക്ക് പോയി ഒറ്റക്ക് തന്നെ തിരിച്ചു വരണം എന്ന് ലോകേഷ് കനകരാജ് എന്നോട് പറഞ്ഞു. ഈ കഥാപാത്രം എനിക്ക് ഇത്രയും മനോഹരമായി ചെയ്യാൻ കഴിഞ്ഞതിലുള്ള പ്രധാന ക്രെഡിറ്റ് ലോകേഷിനു തന്നെയാണ്.
രാത്രി ഉറങ്ങാൻ പോകുമ്പോൾ പോലും കഥാപാത്രത്തിൽ നിന്നും വ്യതിചലിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ആ കഥാപാത്രത്തിലേക്ക് ആഴത്തിൽ കടന്നു ചെന്നാൽ പിന്നെ നമ്മൾ ആ കഥാപാത്രത്തിന്റെ വീക്ഷണത്തിൽ ആയിരിക്കും ഓരോ സംഭവത്തെയും നോക്കി കാണുന്നത്. വിക്രമിന്റെ കൊറിയോഗ്രാഫി ചെയ്തു തീരുമ്പോഴാണ് ലോകേഷ് എന്നോട് ഇതുപോലൊരു വേഷം ചെയ്യുന്നതിനെ പറ്റി പറയുന്നത്. എന്നാൽ ആ കഥാപാത്രത്തെ പറ്റി പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഭയം തോന്നി. ഒരു കുടുംബമൊക്കെയുള്ള മനുഷ്യനാണ് ഞാൻ. എന്റെ കുട്ടികൾക്കും ചിലപ്പോൾ അത് കണ്ടാൽ ഭയം തോന്നാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് കഥാപാത്രത്തെ പറ്റി വീട്ടിൽ സംസാരിച്ചു. അപ്പോൾ നീ ഈ സിനിമയിൽ അഭിനയിക്കരുതെന്ന് എന്റെ ഭാര്യയും അമ്മയുമൊക്കെ പറഞ്ഞു. നമ്മെ ഭയപ്പെടുത്തുന്ന ഒരുപാടു സീനുകൾ അതിലുണ്ട്. അതിനു ശേഷം ഞാൻ ലോകേഷ് സാറുമായിട്ട് സംസാരിച്ചപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചിരുന്നത് നിനക്കു എന്നെ വിശ്വാസമുണ്ടോ ഇല്ലയോ എന്ന് മാത്രമായിരുന്നു. അപ്പോൾ നിങ്ങളെ വിശ്വസിക്കുന്നുണ്ട് എന്ന് ലോകേഷിനോട് ഞാൻ പറഞ്ഞു. ഒടുവിൽ ഉമാവതി എന്ന ഞങ്ങളുടെ ഒരു സുഹൃത്ത് എന്റെ വീട്ടിൽ വന്ന് ഇതിനെ കുറിച്ച് സംസാരിച്ചു. ലോകേഷ് വളരെ കൃത്യമായി തന്നെ ഈ കഥാപാത്രത്തെ സ്ക്രീനിനു മുന്നിൽ അവതരിപ്പിക്കും. ഒരുപാട് സാധ്യതകൾ ഉള്ള ഒരു കഥാപാത്രമാണിത് എന്നെല്ലാം പറഞ്ഞു അവർ വീട്ടുകാരെ ബോധ്യപ്പെടുത്തിയെന്നും സാൻഡി മാസ്റ്റർ പറഞ്ഞു.