'ബാബുച്ചേട്ടന്‍ ചോദിക്കും, ഈ പടത്തില്‍ ഞാനില്ലേന്ന്, പിന്നെ കഥ ചെറുതായി മാറ്റി'; നല്ല നിലാവുള്ള രാത്രിയെക്കുറിച്ച് സാന്ദ്ര തോമസ്

'ബാബുച്ചേട്ടന്‍ ചോദിക്കും, ഈ പടത്തില്‍ ഞാനില്ലേന്ന്, പിന്നെ കഥ ചെറുതായി മാറ്റി'; നല്ല നിലാവുള്ള രാത്രിയെക്കുറിച്ച് സാന്ദ്ര തോമസ്

നവാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്ത് ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി'. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ സാന്ദ്ര തോമസും, വില്‍സന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സാന്ദ്ര തോമസ് സിനിമ നിര്‍മാണ രംഗത്തേക്ക് വീണ്ടുമെത്തുന്ന ചിത്രത്തില്‍ ബാബുരാജാണ് ഒരു പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ആദ്യം ബാബുരാജ് ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തെ ഉള്‍പ്പെടുത്താനായി കഥയില്‍ ചെറിയ മാറ്റം വരുത്തുകയുമായിരുന്നുവെന്ന് സാന്ദ്ര തോമസ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സാന്ദ്ര പറഞ്ഞത്

ഞാനും ബാബു ചേട്ടനും എല്ലാ ദിവസവും സംസാരിക്കുന്ന ആളുകളാണ്, അപ്പോള്‍ ബാബുചേട്ടന്‍ എല്ലാ ദിവസവും എന്നോട് ചോദിക്കും ഈ പടത്തില്‍ ഞാനില്ലേ എന്ന്, ഇത് ബാബുച്ചേട്ടന്റെ പ്രായവുമായി ചേരില്ല എന്നാദ്യം പറഞ്ഞിരുന്നു. പക്ഷേ പിന്നീട് ബാബുചേട്ടന്‍ കൂടെ വന്നാല്‍ രസമുണ്ടാകുമെന്ന് തോന്നി. അദ്ദേഹത്തെ ഉള്‍പ്പെടുത്തണമെന്ന് എനിക്കുണ്ടായിരുന്നു. അത് ഞാന്‍ മര്‍ഫിയോട് പറഞ്ഞു. അങ്ങനെയാണ് എല്ലാവരും കോളേജ് സുഹൃത്തുക്കളാണെങ്കിലും അതിലൊരാളെ മാത്രം സീനിയറാക്കിയത്. കഥയില്‍ അതനുസരിച്ച് ചെറിയ വ്യത്യാസം വരുത്തി. ബാബു ചേട്ടന്‍ കഥ കേട്ടതും ബാക്കിയുള്ളവരേക്കാള്‍ എല്ലാം ഓണാവുകയും ചെയ്തു.

റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ - ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് - ഗോപികാ റാണി, സംഗീതം -കൈലാസ് മേനോൻ, സ്റ്റണ്ട് - രാജശേഖരൻ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, ആർട്ട് - ത്യാഗു തവനൂർ, വസ്ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അമൽ, ചീഫ് അസ്സോസിയേറ്റ് - ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ - യെല്ലോടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പറ്റ് മീഡിയ. ചിത്രം ജൂൺ 30 ന് തിയറ്ററുകളിലെത്തും. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സാണ് തിയറ്ററുകളിൽ ചിത്രം എത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in