ചാര്‍ളി അഭിനയിച്ചത് ഭക്ഷണത്തിന് വേണ്ടി, 60 ടേക്ക് വരെ ചില സീനുകള്‍ പോയിട്ടുണ്ട്: രക്ഷിത് ഷെട്ടി

ചാര്‍ളി അഭിനയിച്ചത് ഭക്ഷണത്തിന് വേണ്ടി, 60 ടേക്ക് വരെ ചില സീനുകള്‍ പോയിട്ടുണ്ട്: രക്ഷിത് ഷെട്ടി

കിരണ്‍ രാജ് സംവിധാനം ചെയ്ത് കന്നഡ താരം രക്ഷിത് ഷെട്ടി കേന്ദ്ര കഥാപാത്രമായ '777 ചാര്‍ളി' റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 10ന് തിയേറ്ററില്‍ എത്തുന്ന ചിത്രത്തില്‍ ചാര്‍ളി എന്ന നായയും പ്രധാന കഥാപാത്രമാണ്. ചാര്‍ളിക്കൊപ്പം അഭിനയിച്ചത് തനിക്ക് പുതുമയുള്ളൊരു അനുഭവമായിരുന്നുവെന്ന് ദ ക്യുവിനോട് രക്ഷിത് ഷെട്ടി പറഞ്ഞു.

'അവനെ ശ്രീമന്‍നാരായണ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇതിന് മുന്‍പ് 200 ദിവസത്തോളം ഷൂട്ടിംഗ് ചെയ്തത്. ചാര്‍ളിയും 198 ദിവസം ഷൂട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ആ 200 ദിവസവും ഈ 200 ദിവസവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടായിരുന്നുവെന്നും രക്ഷിത്.

'അവനെ ശ്രീമന്‍നാരായണയ്ക്ക് വേണ്ടി എല്ലാ സമയത്തും ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ചാര്‍ളിയില്‍ ഞാന്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. കിരണ്‍ രാജും ബാക്കി ടീമും ജോലി ചെയ്യുന്നുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ ഒരു സിനിമയിലും 5 അല്ലെങ്കില്‍ 6 ടേക്കിന് അപ്പുറം പോയിട്ടില്ല. സാങ്കേതിക പ്രശ്നങ്ങല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ അതിനും കൂടുതല്‍ ടേക്ക് പോകാറുള്ളു. പക്ഷെ ചാര്‍ളിയില്‍ എല്ല സീനിനും ചുരുങ്ങിയത് 20 ടേക്ക് പോയിട്ടുണ്ട്. ചിലപ്പോള്‍ അത് 40, 60 വരെയും പോയിട്ടുണ്ട്. ചാര്‍ളി എപ്പോള്‍ പെര്‍ഫോം ചെയ്യുമെന്ന് പറയാന്‍ പറ്റുകയില്ലെ'ന്നും രക്ഷിത്ത് കൂട്ടിച്ചേര്‍ത്തു.

'ചാര്‍ളി ഭക്ഷണത്തിന് വേണ്ടിയാണ് അഭിനയിക്കുന്നത്. അതുകൊണ്ട് ഞാന്‍ ഭക്ഷണ സാധനങ്ങള്‍ എപ്പോഴും പോക്കറ്റിലും കൈയിലുമൊക്കെയായി കരുതാറുണ്ട്. അവള്‍ക്ക് അറിയില്ല എവിടെയാണ് ഇത് ഇരിക്കുന്നത് എന്ന്. അറിഞ്ഞാല്‍ അവളുടെ ശ്രദ്ധ അതിലേക്ക് മാറും. പക്ഷെ അവള്‍ക്ക് അറിയാം നമ്മള്‍ പറയുന്നത് ചെയ്താല്‍ ഭക്ഷണം കിട്ടുമെന്ന്. ചില ടേക്കുകള്‍ എടുക്കുമ്പോള്‍ അവള്‍ മുഖത്ത് നോക്കുന്നതിനു പകരം കയ്യില്‍ നോക്കും. കാരണം ഭക്ഷണം കൈയില്‍ നിന്നാണ് വരുന്നത് എന്ന് അവള്‍ക്ക് മനസിലായിട്ടുണ്ടാകും. അതുകൊണ്ട് ഞാന്‍ ഭക്ഷണം വായില്‍ വെക്കുവാന്‍ തുടങ്ങി. അങ്ങനെ വെച്ച് പെര്‍ഫോം ചെയ്യേണ്ടി വന്നിട്ടുണ്ടെ'ന്നും രക്ഷിത് ഷെട്ടി പറഞ്ഞു.

തന്റെ എല്ലാ ടേക്കും ബെസ്റ്റായിരിക്കണം. കാരണം ചാര്‍ളി എപ്പോള്‍ പെര്‍ഫോം ചെയ്യുമെന്ന് പറയാന്‍ കഴിയില്ല. ചാര്‍ളി പെര്‍ഫോം ചെയ്താല്‍ ടേക്ക് ഓക്കെയാണ്. അതുകൊണ്ട് തന്നെ തനിക്ക് എപ്പോഴും പേടിയായിരുന്നു. തന്റെ ഭാഗത്ത് തെറ്റ് സംഭവിക്കുമ്പോള്‍ ചാര്‍ളി ടേക്ക് ഓക്കെയാക്കിയാലോ എന്ന പേടി. പിന്നെ ഭക്ഷണം വായിലും കൈയിലും വെച്ച് അഭിനയിക്കുക എന്ന് പറയുന്നത് അത്ര എള്ളുപ്പമുള്ള കാര്യമല്ല, കാരണം അഭിനയിക്കുന്നതിനൊപ്പം അതും ശ്രദ്ധിക്കണമെന്നും രക്ഷിത് വ്യക്തമാക്കി.

കിരണ്‍ രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് '777 ചാര്‍ളി'. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാജ് ബി ഷെട്ടിയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്. തമിഴില്‍ കാര്‍ത്തിക് സുബ്ബരാജും തെലുങ്കില്‍ റാണ ദഗുബാട്ടിയുമാണ് ചിത്രം വിതരണം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in