'രണ്ടാം സ്ഥാനക്കാരായി മടുത്തു, സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു ഏജന്‍സി വേണം'; പ്രിയങ്ക ചോപ്ര

'രണ്ടാം സ്ഥാനക്കാരായി മടുത്തു, സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു ഏജന്‍സി വേണം'; പ്രിയങ്ക ചോപ്ര

രണ്ട് പതിറ്റാണ്ടുകളായി സിനിമയില്‍ നായകന്മാര്‍ക്ക് കീഴില്‍ രണ്ടാം സ്ഥാനക്കാരായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ടെന്ന് നടി പ്രിയങ്ക ചോപ്ര. സിനിമയില്‍ എന്തൊക്കെ ചെയ്യണമെന്ന് നായകന്‍മാര്‍ മാത്രം തീരുമാനിക്കുന്ന പരിപാടി മടുത്തു. സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു ഏജന്‍സി വേണ്ട കാലം അതിക്രമിച്ചുവെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

പ്രിയങ്ക ചോപ്ര പറഞ്ഞത് :

എന്റെ കരിയറില്‍ പുരുഷന്മാര്‍ക്ക് കീഴില്‍ രണ്ടാം സ്ഥാനക്കാരിയായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. നായകന്മാര്‍ തീരുമാനിക്കും സിനിമ എവിടെ ഷൂട്ട് ചെയ്യണം, ആര് അഭിനയിക്കണം, എന്ത് സംഭവിക്കണം എന്നൊക്കെ. അത് മടുത്തു. സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു ഏജന്‍സി വേണ്ട കാലത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്.

'നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന 'ജീ ലി സാറ' എന്ന സിനിമ എന്റെ മനസില്‍ വേരൂന്നിയതാണ്. ഞാന്‍ ഫോണെടുത്ത് ആലിയയേയും കത്രീനയേയും വിളിച്ചു. ഫര്‍ഹാന്‍ വരുന്നതിന് മുന്‍പാണിത്. ഞാന്‍ വീട്ടില്‍ ഇരിക്കുകയായിരുന്നു. എനിക്ക് ഒരു ഹിന്ദി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അത് സ്ത്രീകളുടെ നിബന്ധനകള്‍ക്ക് അനുസരിച്ചാകണം എന്നതായിരുന്നു തന്റെ ആഗ്രഹ'മെന്നും പ്രിയങ്ക പറഞ്ഞു.

'എന്റെ തലമുറയിലെ സ്ത്രീകളായ കലാകാരികള്‍ വരുംകാല സ്ത്രീ കലാകാരികള്‍ക്ക് ശക്തമായ കഥയും കഥാപാത്രങ്ങളും ചെയ്യാന്‍ അവസരം ഒരുക്കിക്കൊടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ തലമുറയിലെ നടിമാര്‍ അടുത്ത തലമുറയിലെ നടിമാര്‍ക്ക് പോസ്റ്ററുകളിലെ മുഖങ്ങളാകാനും സിനിമകള്‍ വില്‍ക്കാനുമുള്ള വാതില്‍ തുറന്നു. അതിനാല്‍ എന്റെ സുഹൃത്തുക്കളെ ഒരുമിച്ച് കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിച്ചു. ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന ഒരു സിനിമ ഞങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചു. അത് ഞങ്ങളുടേതായിരിക്കും. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'വെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാനിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം അടുത്ത വര്‍ഷമാണ് ചിത്രീകരണം ആരംഭിക്കുക. സോയ അക്തര്‍, ഫര്‍ഹാന്‍ അക്തര്‍, റീമ കഗ്തി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. മൂന്നു സുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമയാണ് 'ജീ ലി സറ'.

Related Stories

No stories found.
logo
The Cue
www.thecue.in