ആ സീനിൽ ഞാൻ അടി കൊണ്ട് വീണത് ഏഴ് ദിവസത്തോളം കെട്ടി നിർത്തിയ അഴുക്ക് നിറഞ്ഞ വെള്ളത്തിലേക്ക്: പ്രിയ മണി

ആ സീനിൽ ഞാൻ അടി കൊണ്ട് വീണത് ഏഴ് ദിവസത്തോളം കെട്ടി നിർത്തിയ അഴുക്ക് നിറഞ്ഞ വെള്ളത്തിലേക്ക്: പ്രിയ മണി
Published on

പരുത്തിവീരനിലെ എല്ലാ സീനുകളും വളരെ റോ ആയിരുന്നു എന്ന് നടി പ്രിയ മണി. അമീർ സുൽത്താന്റെ സംവിധാനത്തിൽ കാർത്തി പ്രിയ മണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു പരുത്തിവീരൻ. ചിത്രത്തിൽ മുത്തഴകി എന്ന കഥാപാത്രത്തെയാണ് പ്രിയ മണി അവതരിപ്പിച്ചത്. ചിത്രത്തിൽ കാർത്തിയും അച്ഛനും തന്നെ അടിക്കുന്ന സീനി‍ൽ ശരിക്കും തനിക്ക് അടികൊണ്ടിരുന്നുവെന്ന് പ്രിയ മണി പറയുന്നു. അടി കൊണ്ട് താൻ വീഴുന്ന ചെളി നിറഞ്ഞ കുഴി ആ സീനിന് വേണ്ടി ഉണ്ടാക്കിയതാണെന്നും ഏഴ് ദിവസത്തോളം കെട്ടി നിർത്തിയ അഴുക്ക് നിറഞ്ഞ വെള്ളത്തിൽ ആയിരുന്നു ആ സീൻ ഷൂട്ട് ചെയ്തത് എന്നും പ്രിയ മണി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രിയ മണി പറഞ്ഞത്:

പരുത്തിവീരനിലെ എല്ലാ സീൻസും വളരെ റോ ആണ്. ആ സിനിമയിലെ എനിക്ക് അടി കിട്ടുന്ന സീനിൽ എന്നെ ശരിക്കും അടിച്ചതാണ്. പിന്നെ അച്ഛൻ വന്ന് അടിക്കുന്ന സീൻ അതും ശരിക്കും അടിച്ചതാണ്. ചെളിയിൽ വീഴുന്ന സീനും അങ്ങനെ തന്നെയായിരുന്നു. ഞാൻ ചെളിയിൽ വീണ ആ ലൊക്കേഷനിൽ ഞങ്ങൾ കാർത്തിയുടെ കുറേ സീൻസ് ഷൂട്ട് ചെയ്തിരുന്നു. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് ഷൂട്ട് ഉണ്ടായിരുന്നില്ല. പക്ഷേ ഞാൻ സെറ്റിൽ ഉണ്ടായിരുന്നു. അന്ന് അമീർ സാറിന് പെട്ടെന്ന് ഒരു സീൻ എടുക്കണം എന്ന് വല്ലതും തോന്നിയാലോ എന്നു കരുതി ഞങ്ങൾ ആർട്ടിസ്റ്റുകൾ എല്ലാവരും ഇരുപത്തിനാല് മണിക്കൂറും സെറ്റിലുണ്ടാവാറുണ്ടായിരുന്നു. പെട്ടെന്ന് ആ ലൊക്കേഷൻ കണ്ടിട്ട് അമീർ സാർ പറഞ്ഞു ഇവിടെ ഒരു കുഴി എടുക്കൂ, എന്നിട്ട് വെള്ളമൊഴിച്ച് തയ്യറാക്കി വയ്ക്കൂ എന്ന്. അത് ചെയ്ത് കഴിഞ്ഞപ്പോൾ ഷൂട്ട് ചെയ്യാം എന്നു പറഞ്ഞ് ഏഴ് ദിവസത്തോളം ആ വെള്ളം അങ്ങനെ തന്നെ നിർത്തി. എട്ടാം ദിവസം വന്ന് വെള്ളം മാറ്റി ഒഴിക്കണോ എന്ന് ചോദിക്കുമ്പോഴാണ് വേണ്ട എനിക്ക് ഇങ്ങനെ തന്നെ വേണം എന്ന് അദ്ദേഹം പറഞ്ഞ്. അപ്പോഴേക്കും അതിലെ വെള്ളത്തിൽ മുഴുവൻ ചെളിയും അഴുക്കും നിറഞ്ഞിരുന്നു. അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, ഇതാണ് സീൻ, പ്രിയ ആ വെള്ളത്തിൽ വീഴണം എന്ന്. ആ സിനിമയിൽ എനിക്ക് ആകെ രണ്ട് കോസ്റ്റ്യൂം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡ്യൂപ്പ് ഇല്ല, ഞാൻ തന്നെ ചെയ്യണം. അന്ന് കാരവാൻ ഇല്ല. ഈ കോസ്റ്റ്യൂം പോയാൽ ഏതോ ഒരു വീട്ടിൽ പോയിട്ട് വസ്ത്രം മാറി വീണ്ടും ഷൂട്ട് ചെയ്യണം. ആ സീനിന് വേണ്ടി ഞാൻ രണ്ട് തവണ വീണു എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ ചെളിയിൽ വീണപ്പോൾ ഇട്ടിരുന്ന ഡ്രസ്സ് ഏഴ് ദിവസത്തോളം കഴുകാതെ വച്ചാണ് പിന്നീട് ഷൂട്ട് ചെയ്തത്.

കാർത്തിയെ തമിഴ് സിനിമയിൽ ആദ്യമായി അവതരിപ്പിച്ച ചിത്രമാണ് 2007 ൽ പുറത്തിറങ്ങിയ പരുത്തിവീരൻ. സംവിധായകൻ അമീർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ടീം വർക്കിന്റെ ബാനറിൽ അമീർ നിർമിച്ച ചിത്രം അന്ന് മികച്ച വിജയമാണ് നേടിയത്. ചിത്രത്തിലൂടെ 2007-ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പ്രിയാമണിക്കും എഡിറ്റർക്കുള്ള ദേശീയ പുരസ്കാരം രാജാ മൊഹമ്മദിനും ലഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in